ഹാറൂൻ റഷീദ്
ഏതാനും ദിവസം മുൻപായിരുന്നു ഗോകുലം കേരളയുടെ വനിതാ ടീം ഇന്ത്യൻ വനിതാ ലീഗ് കിരീടം നിലനിർത്തി ചരിത്രത്തിന്റെ ഭാഗമായത്. കേരള വനിതാ ലീഗിൽ ഒരു മത്സരം പോലും തോൽക്കാതെ 99 ഗോളുകൾ എതിർ ടീമുകളുടെ വലകളിൽ നിക്ഷേപിച്ച ഗോകുലം ദേശീയ ലീഗിലും മിന്നുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. 11 മത്സരത്തിൽ നിന്ന് 66 ഗോളുകളാണ് ഗോകുലം അടിച്ചുകൂട്ടിയത്. എന്നാൽ വഴങ്ങിയത് നാലു ഗോളുകൾ മാത്രം. അത്രമേൽ ശക്തമായ രീതിയിലായിരുന്നു പരിശീലകൻ ആന്റണി ആൻഡ്രൂസ് പ്രതിരോധ നിരയെ ഒരുക്കി നിർത്തിയിരുന്നത്. പൂർണമായും പ്രതിരോധത്തിന്റെ ചുമതല മാത്രമുണ്ടായിരുന്ന ഡാലിമ ചിബ്ബർ, രഞ്ജന ചാനു, ആശലത ദേവി, റിതു റാണി എന്നിവർ ഉത്തരവാദിത്തം പൂർണമായും നിറവേറ്റി. എന്നാൽ അതിനോടൊപ്പം എടുത്ത് പറയേണ്ട രണ്ട് പേരുകളാണ് രതൻ ബാല ദേവിയുടെയും കഷ്മീനയുടേയും. മധ്യനിരയിൽ മുന്നേറ്റതിന് പിന്തുണ നൽകുന്നതോടൊപ്പം പ്രതിരോധത്തിന്റെ ജോലി കൃത്യമായി ചെയ്യുന്നതിൽ രണ്ട് താരങ്ങൾക്കും നൂറിൽ നൂറുമാർക്കും നൽകാനാകും. സാധാരണ ഏറ്റവും കഠിനമായ പൊസിഷൻ ആയത് കൊണ്ട് ടാക്ലിങ്ങിനും കാർഡിനും കൂടുതൽ സാധ്യതയുള്ള പൊസിഷനാണ്. സാധാരണ മധ്യനിര താരങ്ങൾ 50 ശതമാനം അറ്റാക്കിങ്ങിലും 50 ശതമാനം പ്രതിരോധത്തിലുമാണ് കളിക്കേണ്ടത്. എന്നാൽ രത്തനും കശ്മീനയും ഇവ രണ്ടിലും 100 ശതമാനം സമർപ്പിച്ചിട്ടുണ്ടെന്ന് പറയാം. ഒറ്റ കാർഡ് പോലും വാങ്ങാതെയായിരുന്നു രണ്ട് താരങ്ങളും മധ്യനിരയിൽ നിറഞ്ഞാടിയത്. വളരെ സൈലന്റായി മിഷൻ പൂർത്തിയാക്കിയ കഷ്മീനയുടെയും രത്തന്റെയും മിടുക്കായിരുന്നു ഗോകുലത്തെ കൂടുതൽ ഗോളുകളിൽ നിന്ന് അകറ്റിയത്. എന്നാൽ ഈ പൊസിഷനിൽ നിന്ന് എതിർ ടീമുകളുടെ എല്ലാമുന്നേറ്റങ്ങളേയും പരാജയപ്പെടുത്തുന്നതിൽ മുന്നിലായിരുന്നു കഷ്മീനയും രത്തൻ ബാലദേവിയും. ഇരുവരും ഏപിക്കപ്പെട്ട ദൗത്യം കൃത്യമായി നിർവഹിച്ചു. പന്ത് റാഞ്ചിയെടുക്കുന്നതോടൊപ്പം കൃത്യമായി മുന്നേറ്റത്തിലോ അല്ലെങ്കിൽ മൈനസ് കളിച്ചോ പന്തിനെ സേഫാക്കുന്നതിൽ കൃത്യത പുലർത്തിയ താരമായിരുന്നു രത്തൻ. അതിനാൽ ഈ സീസണിലെ പ്രരിതരോധത്തിന്റെ വിജയത്തിലെ നിർണായ പങ്കാളിത്തമുള്ള രണ്ട് താരങ്ങളാണ് രത്തനും കഷ്മീനയും. കേരള വനിതാ ലീഗിലും കഷ്മീന ഇതേപോലുള്ള പ്രകടനം പുറത്തെടുത്തിരുന്നു. കേരള വനിതാ ലീഗിലും ദേശീയ വനിതാ ലീഗിലും ഗോകുലത്തിന്റെ എല്ലാ മത്സരത്തിലും ആദ്യ ഇലവനിൽ ഇറങ്ങിയ കഷ്മീന ഒട്ടുമിക്ക മത്സരങ്ങളിലും 90 മിനുട്ടും മലബാറിയൻസിന്റെ മധ്യനിരയിൽ നിറഞ്ഞാടിയ ശേഷമായിരുന്നു മൈതാനം വിട്ടത്. എതിർ ബോക്‌സിൽ നിന്ന് വരുന്ന എല്ലാ പന്തിനെയും ഇന്റർസെപ്റ്റ് ചെയ്യുന്നതിൽ രത്തനും കഷ്മീനയും വിജയിച്ചിട്ടുണ്ട്. അതുതന്നെയായിരുന്നു മലബാറിയൻസിന്റെ പ്രതിരോധത്തിലെ വിജയവും.
Comments are closed for this post.