2021 June 23 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സെമി ഹൈസ്പീഡ് റെയില്‍ സാമൂഹികാഘാത പഠനത്തിനുള്ള നടപടികള്‍ ഉടന്‍

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി കിഫ്ബിയില്‍നിന്ന് വായ്പയെടുക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതോടെ നാലു മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടെത്താവുന്ന സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് വേഗമേറുന്നു.

ആദ്യഘട്ടമായി സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. ഇതിനായി റവന്യൂ വകുപ്പ് ജില്ലാ കലക്ടര്‍മാര്‍ വഴി റിപ്പോര്‍ട്ട് തേടും. അതിനു ശേഷമാണ് ഭൂമി ഏറ്റെടുക്കലിലേക്ക് കെ റയില്‍ കടക്കുക. പ്രധാന വെല്ലുവിളിയായ ഭൂമി ഏറ്റെടുക്കല്‍ ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് കെ റെയിലിന്റെ കണക്കുകൂട്ടല്‍. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അനുമതി നല്‍കിയത്. സംസ്ഥാന വിഹിതമായി 2,100 കോടി രൂപ കിഫ്ബിയില്‍ നിന്ന് വായ്പയെടുക്കാനും അനുമതി നല്‍കി. ഭൂമി ഏറ്റെടുക്കലെന്ന ആദ്യ കടമ്പയ്ക്ക് ചെലവ് 13,000 കോടി രൂപയാണ്. ഇതിലേക്ക് നേരത്തേ 3,000 കോടി ഹഡ്‌കോയില്‍നിന്ന് വായ്പ കിട്ടിയിട്ടുണ്ട്. 1,383 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. നിലവിലുള്ള റെയില്‍വേ ലൈനിനു സമാന്തരമായി പുതിയ പാത കടന്നുപോകുന്ന ഭാഗത്ത് റെയില്‍വേയ്ക്കുള്ള അധികഭൂമി ഈ പദ്ധതിക്ക് ഉപയോഗിക്കാമെന്ന് റെയില്‍വേ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. ഇതിലൂടെ 200 ഹെക്ടര്‍ ഭൂമി ലഭിക്കും. ശേഷിക്കുന്ന സ്ഥലം ഏറ്റെടുത്താല്‍ മതിയാകും.

പൈതൃക സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ഒഴിവാക്കാന്‍ സാധ്യതാ രൂപരേഖയില്‍ 10 മുതല്‍ 50 മീറ്റര്‍ വരെ മാറ്റം വരുത്തിയിട്ടുണ്ട്. സ്ഥലമേറ്റെടുക്കല്‍ വേഗം പൂര്‍ത്തിയാക്കണമെന്ന് വായ്പ നല്‍കുന്ന ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി (ജിക്ക) സംസ്ഥാന സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പദ്ധതിക്കാവശ്യമായ സ്ഥലത്തിന്റെ 80 ശതമാനം ഏറ്റെടുത്താല്‍ മാത്രമേ സാമ്പത്തിക സഹായം അനുവദിക്കാനാകൂവെന്നാണ് ജിക്കയുടെ നിലപാട്. ഇന്ത്യന്‍ റെയില്‍വേയ്ക്കും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിയുള്ള കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 63,941 കോടിയുടെ പദ്ധതി അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.