2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ആശങ്കാജനകം: യു.എസ് കമ്മിഷന്‍

 

ബോസ്റ്റണ്‍ (യു.എസ്): ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ആശങ്കാജനകമായ അവസ്ഥയിലാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുള്ള യു.എസ് കമ്മിഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) ചെയര്‍പേഴ്‌സന്‍ നദൈന്‍ മയിന്‍സ.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ഹിന്ദുത്വ നയങ്ങളെ പിന്തുണയ്ക്കുകയാണെന്ന് അവര്‍ അല്‍ജസീറയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഇന്ത്യന്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നു. പൗരത്വം തെളിയിക്കാന്‍ കഴിയാത്തവര്‍ നാടുകടത്തലിനും തടങ്കലിനും വിധേയരാകുന്നു.
ഇന്ത്യയിലെ യു.എ.പി.എ, വിദേശ സംഭാവനകള്‍ നിയന്ത്രിക്കുന്ന എഫ്.സി.ആര്‍.എ തുടങ്ങിയ നിയമങ്ങളില്‍ യു.എസ് മതസ്വാതന്ത്ര്യ കമ്മിഷന് കടുത്ത ആശങ്കയുണ്ട്. രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നതായും മയിന്‍സ കുറ്റപ്പെടുത്തി.

യു.എസ് സര്‍ക്കാരിനു കീഴിലെ സ്വതന്ത്ര കമ്മിഷനായ യു.എസ്.സി.ഐ.ആര്‍.എഫ് മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഈ വര്‍ഷവും ഇന്ത്യയെ ഉള്‍പ്പെടുത്തണമെന്ന് ഏപ്രിലില്‍ യു.എസ് ഭരണകൂടത്തോട് ശുപാര്‍ശ ചെയ്തിരുന്നു. യു.എസ് പ്രസിഡന്റിനും കോണ്‍ഗ്രസിനും വിദേശകാര്യ വകുപ്പിനും മതസ്വാതന്ത്ര്യ-വിദേശനയ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന കമ്മിഷനാണിത്.
കമ്മിഷന്റെ ഈവര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മതസ്വാതന്ത്ര്യം വന്‍തോതില്‍ ലംഘിക്കപ്പെടുന്ന രാജ്യമെന്ന നിലയില്‍ പ്രത്യേക ആശങ്ക വേണ്ട രാജ്യങ്ങളുടെ (സി.പി.സി) പട്ടികയില്‍ ഇന്ത്യയെ പെടുത്താന്‍ യു.എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയെ കൂടാതെ സഊദി, ചൈന, റഷ്യ, ഇറാന്‍, പാകിസ്താന്‍ തുടങ്ങി 14 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ഇന്ത്യയിലെ മതസ്വാതന്ത്ര്യം ലംഘിക്കുന്നതിന് ഉത്തരവാദികളായ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ ഭാഗമായി ഈ ഉദ്യോഗസ്ഥരുടെ യു.എസിലെ ആസ്തികള്‍ മരവിപ്പിക്കുകയും യു.എസില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.