2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

ഹാപ്പി ന്യൂ ഇയർ


ചോരച്ചാലുകൾ നീന്തിക്കയറിയ ഇടതുപക്ഷ പ്രസ്ഥാനം എന്നത് കണ്ണൂരിലെ സി.പി.എമ്മിൽ വെറും മുദ്രാവാക്യമല്ല. ഇരകളായവരിൽ എല്ലാ പാർട്ടിക്കാരുമുണ്ടെങ്കിലും ബി.ജെ.പിയുമായുണ്ടായത് അങ്കക്കലി തന്നെയായിരുന്നു. പല വെടിനിർത്തലുകളുണ്ടായി. ശ്രീ എം മധ്യസ്ഥനായി നടത്തിയ ചർച്ചയോടെ ചോര ചീറ്റിയ പോരിന് അറുതിയായെന്ന് കരുതണം. ശ്രീ എമ്മിന് നാലേക്കർ ഭൂമിയും സർവകലാശാല ചാൻസലർ പദവിയും.
എം.വി രാഘവനെ ചെവിയിൽ തൂക്കിപ്പിടിച്ച് പുറത്തു കളഞ്ഞപ്പോൾ പിണറായി വിജയൻ, കോടിയേരി, പിന്നാലെ ജയരാജൻമാർ എന്നിവരിലേക്ക് ജില്ലയിലെ സി.പി.എം വിശാലമായി. കോടിയേരി പിൻവാങ്ങുകയും പിണറായി കാരണഭൂതനിലേക്ക് വളരുകയും ചെയ്തപ്പോൾ ജയരാജൻമാർക്കിടയിൽ ചില മൂപ്പിളമ തർക്കങ്ങൾ ഉടലെടുക്കുകയാണ്. മറ്റു നേതാക്കന്മാരിൽനിന്ന് ചിലത് മാറ്റിവയ്ക്കുന്നുണ്ട് പി.ജെ. കട്ടൻചായയുടെയും പരിപ്പ് വടയുടെയും രാഷ്ട്രീയം പോയെന്ന് ഇ.പി പറയുമ്പോൾ സമ്മതിച്ചുകൊടുക്കാൻ പി. ജയരാജൻ ഒരുക്കമല്ല. ഈ നേതാക്കന്മാരുടെ കുടുംബാംഗങ്ങളിലൂടെയാണ് പരിപ്പുവട വീണ്ടും ചട്ടിയിൽ പൊരിയുന്നത്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലെ തെറ്റുതിരുത്തൽ രേഖയിലേക്ക് ഇ.പിയെ എറിഞ്ഞുകൊടുത്തത് യാദൃച്ഛികമല്ല. മാധ്യമങ്ങളിലൂടെ അതു പുറത്തുവന്നപ്പോൾ തെറ്റുകാർ പുറത്തുപോകുക തന്നെ ചെയ്യുമെന്ന് ഉറപ്പിച്ചുപറഞ്ഞത് പി. തന്നെ.

1999ലെ ഓണത്തലേന്ന് കതിരൂരിലെ വീട്ടിലേക്ക് ബോംബും വാളുമായി ഓടിക്കയറിയ ആർ.എസ്.എസുകാർ പി.ജെ മരിച്ചുവെന്ന് ഉറപ്പുവരുത്തിപ്പോയതാണ്. കൈയിന് അതിന്റെ ശേഷിപ്പുണ്ടെന്നതൊഴിച്ചാൽ പൂർണമായും ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചുവന്നു. 1968ൽ വാടിക്കൽ രാമകൃഷ്ണൻ എന്ന ആർ.എസ്.എസ് നേതാവിൽ തുടങ്ങിയ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ രണ്ടെണ്ണത്തിൽ പ്രതിയാണ് പി. ജയരാജൻ. കതിരൂർ മനോജ് എന്ന ആർ.എസ്.എസ് നേതാവിനെയും അരിയിൽ ഷുക്കൂർ എന്ന എം.എസ്.എഫ് നേതാവിനെയും വധിച്ച കേസുകളിൽ. ടി.പി ചന്ദ്രശേഖരൻ കേസിൽ പി.ജെ ഉൾപ്പെട്ടേക്കുമെന്ന് വാർത്തകൾ വന്നെങ്കിലും മോഹനനിൽ ഒതുങ്ങി. കണ്ണൂരിലെ പാർട്ടിയുടെ സ്വന്തം കൊലയാളി ഇന്നോവ ‘മാഷാ അല്ലാഹ്’ സ്റ്റിക്കറുമായി മുടക്കോഴി മല ഇറങ്ങണമെങ്കിൽ പി.ജെയെന്നല്ല പി.ബിവരെ അറിഞ്ഞിരിക്കും എന്ന ന്യായത്തിലായിരുന്നു ഈ വാർത്ത.
എസ്.എഫ്.ഐയിലൂടെയാണ് പി. ജയരാജന്റെ രാഷ്ട്രീയ പ്രവേശം. 1972ൽ പാർട്ടിയിൽ അംഗമായി ഇരുപതാമത്തെ വയസിൽ. കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി സെക്രട്ടറിയായി ഏതാണ്ട് പത്തു വർഷം. 2001 മുതൽ 2011 വരെ കൂത്തുപറമ്പിനെ നിയമസഭയിൽ പ്രതിനിധീകരിച്ചു. ഒരു കേസിൽ ശിക്ഷിച്ചതുമായി ബന്ധപ്പെട്ട് നൽകിയ കേസിൽ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയതിനെ തുടർന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ ജയരാജന്റെ ഭൂരിപക്ഷം പതിന്മടങ്ങ് ഉയരുകയാണുണ്ടായത്. 1998 മുതൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്.

2010ൽ പി. ശശി കേസിൽ പെട്ട് ഒഴിഞ്ഞപ്പോഴാണ് പി. ജയരാജൻ കണ്ണൂരിൽ പാർട്ടിയുടെ സെക്രട്ടറിയാവുന്നത്. 2019ൽ വടകര ലോക്‌സഭാ സ്ഥാനാർഥിയാവുന്നതിനായെന്നോണം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോൾ പി. ശശി ജില്ലാ കമ്മിറ്റിയിൽ തിരിച്ചുവന്നുവെന്നത് യാദൃച്ഛികമാവണം. മൂന്നു തവണ സെക്രട്ടറിയായവർ തുടരേണ്ടതില്ലെന്ന വ്യവസ്ഥ രണ്ടര തവണയായവർക്ക് ബാധകമല്ലെന്ന് വരുത്തിയത് പി.ജെക്ക് വേണ്ടി മാത്രമായിരുന്നു. സെക്രട്ടറി സ്ഥാനത്ത് കാലാവധി തീരാൻ ഒന്നര വർഷം ബാക്കിനിൽക്കെ സ്ഥാനാർഥിയായെന്നതിന്റെ പേരിൽ പുതിയ സെക്രട്ടറിയെ വെച്ചു. കോട്ടയത്ത് ഇതേ സാഹചര്യത്തിൽ മറ്റൊരാൾക്ക് ചുമതല കൊടുക്കുക മാത്രമാണുണ്ടായത്. തലശ്ശേരി കൂടി ഉൾപ്പെട്ട വടകരയിൽ കെ. മുരളീധരനോട് 85000 വോട്ടിന് തോറ്റത് പി. ജയരാജന്റെ രാഷ്ട്രീയ ഗ്രാഫിനെ പ്രതികൂലമായി ബാധിച്ചു. അതിന് മുന്നെതന്നെ പാർട്ടിയേക്കാൾ വളരാൻ ശ്രമിക്കുന്നുവെന്ന പരാതി പി.ജെക്കെതിരേയുണ്ട്. പി.ജെ ആർമി എന്ന പേരിൽ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെടുക പതിവായിരുന്നു. ഇതിന്റെ പേരിൽ പാർട്ടി പി.യെ ശാസിക്കുകയും തെറ്റുതിരുത്താൻ നിർദേശിക്കുകയും ചെയ്തു. അത് സ്വീകരിക്കുന്നതായി പി.ജെ പറയുകയും ചെയ്തു. ‘ലോകത്തെങ്ങും കമ്യൂണിസം പടരാൻ കാരണഭൂതൻ പിണറായി’യെന്ന് പാടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മെഗാ തിരുവാതിര കളിച്ചിട്ടും ആരും തിരുവാ തുറക്കാത്ത കാലത്താണ് പി.ജെക്ക് ശാസനയും തെറ്റു തിരുത്തലും.

ഇപ്പോൾ ഉയർന്നുവന്ന ചർച്ച തൽക്കാലം മാധ്യമ സൃഷ്ടിയെന്ന് പറയാം. പക്ഷേ ഇടിച്ചുനിരത്തിയ മൊറാഴക്കുന്നിൽ നിന്ന് ഉയർന്ന പക്ഷിയുടെ ചിറകടിയെ കേൾക്കാതിരിക്കാനാവില്ല. ഇ.പി ജയരാജൻ സംസാരിക്കുന്നത് കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചാണ്. കടമ്മനിട്ട എഴുതി:
ആയതിനാൽ നമുക്ക് മത്തങ്ങയെ കുറിച്ച് സംസാരിക്കാം
ഈ പിഴച്ച ഭൂമിയെ പറ്റി ഓർത്തും പറഞ്ഞും
മുടിയരായ പുത്രൻമാരുടെ തിരിച്ചുവരവ് കാണാൻ
കാത്തിരുന്ന കണ്ണുകളിൽ പീളയടിഞ്ഞു പാട കെട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.