2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

റൗഖ്: ഓര്‍മക്കുറിപ്പിലെ വേറിട്ട സഞ്ചാരം

   

മുഹമ്മദ് റഹ്മാനി മഞ്ചേരി

ചെറുതും വലുതുമായ സ്മരണികകള്‍ ധാരാളം ഇറങ്ങുന്നകാലമാണിതെങ്കിലും കുടുംബ/സമൂഹ ഉത്ഭവ, വികാസത്തിന്റെ അടിവേരുകള്‍ സൂക്ഷ്മാന്വേഷണ വിധേയമാക്കുന്നതിലൂടെ ഓര്‍മപുസ്തക രംഗത്ത് ‘റൗഖ്’ പുതിയ വാതായനം തുറക്കുകയാണ്. അത്യപൂര്‍വങ്ങളില്‍ സംഭവിക്കുന്ന ആശ്ചര്യകരമായ സകലകലാ പ്രതിഭയായി കാവനൂര്‍ മജ്മഅ് വാഫി കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയെങ്കിലും വിടരും മുമ്പ് അസ്തമിക്കേണ്ടി വന്ന യുവ പണ്ഡിതനായിരുന്ന ഉബൈദുല്ല വാഫിയുടെ സ്മരണാര്‍ഥം ഇറക്കിയ ഓര്‍മപുസ്തകമാണ് വേറിട്ട അധ്യായം കേരളക്കരക്ക് പരിചയപ്പെടുത്തുന്നത്.

ഉബൈദുല്ല വാഫിയുടെ കുടുംബമായ മഖ്ദൂമീങ്ങളുടെ വേരും കേരളത്തിലേക്കുള്ള ആഗമനവും കേരത്തിലെ ദര്‍സ് ആരംഭ ചരിത്രവും കേരളീയരുടെ തിരുനബിയിലേക്ക് എത്തുന്ന ഗുരുപരമ്പര പഠനവുമാണ് ഓര്‍മപുസ്തകത്തിന്റെ അകത്ത് പുതിയതായി സമാഹരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. കൃത്യമായ അവലംബങ്ങള്‍ രേഖപ്പെടുത്തി നടത്തിയ അന്വഷണ പഠനം പുസ്തകത്തെ ആധികാരിക റഫറന്‍സായി മികവുറ്റതാക്കുന്നു.
വാഫി കലോത്സവങ്ങളില്‍ തിമര്‍ത്താടിയ ഉബൈദുല്ലയുടെ കലാ പ്രകടനങ്ങളിലെ ചിലതുകൂടി കൂടുന്നതോടെ പുസ്തകത്തിന്റെ മേന്മ വര്‍ധിപ്പിക്കുന്നു. കേവല ഓര്‍മകളേക്കാളും വര്‍ണനകളേക്കാളും കാമ്പുറ്റ ഇത്തരം സൃഷ്ടികളാല്‍ കൃതിയെ ധന്യമാക്കിയിട്ടുള്ളത് സി.എം കുട്ടി സഖാഫി വെള്ളേരി ചീഫ് എഡിറ്ററും എന്‍.വി മുഹമ്മദ് ശഫീഖ് വാഫി മേല്‍മുറി കോഡിനേറ്ററുമായ എഡിറ്റോറിയല്‍ ബോഡിലെ ഇരുപത്തൊമ്പതോളം പേരുടെ കഠിയ പരിശ്രമത്തിലൂടെയാണ്. കാവനൂര്‍ മജ്മഅ് വാഫികോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ പതിമൂന്നാം ബാച്ചാണ് ഗ്രന്ഥത്തിന്റെ പ്രസാധകര്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.