2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരള ധനകാര്യം നിലയില്ലാകയത്തിലേക്കോ?

   

ഡോ. ജോസ് സെബാസ്റ്റ്യൻ

ധനകാര്യ വർഷത്തിലെ ആദ്യപകുതിയിലെ പ്രകടനത്തെക്കുറിച്ച് അക്കൗണ്ടന്റ് ജനറൽ നടത്തിയ അവലോകനം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്. 2020-21ൽ 23,256 കോടി രൂപയുടെ റവന്യൂ കമ്മിയാണുണ്ടായിരുന്നതെങ്കിൽ ഈ ധനകാര്യവർഷം സെപ്റ്റംബർ 30 ആയപ്പോൾ തന്നെ 30,282 കോടി ആയിരിക്കുന്നു. 2020-21ൽ 38,190 കോടി രൂപ കടമെടുത്തെങ്കിൽ 2021-22ൽ ആദ്യത്തെ ആറുമാസത്തിലെ കടമെടുപ്പുതന്നെ 37,784 കോടിയാണ്. കർശനമായ ചെലവ് ചുരുക്കലും അധിക വിഭവ സമാഹരണവുമാണ് അക്കൗണ്ടന്റ് ജനറൽ ശുപാർശ ചെയ്യുന്നത്. തീർച്ചയായും 2022 ഫെബ്രുവരിയിലെ ബജറ്റ് ഏറെ കൈപ്പുള്ള കഷായം തന്നെ ആയിരിക്കും.

പാളിപ്പോയ ധനകാര്യ മാനേജ്‌മെന്റ്

ധന ഉത്തരാവിദിത്വ നിയമപ്രകാരം കടമെടുപ്പിന് കർശന നിയന്ത്രണങ്ങളുണ്ടെന്നിരിക്കെ ചെലവ് ചുരുക്കുകയോ അധിക വിഭവസമാഹരണം നടത്തുകയോ ആണ് സംസ്ഥാനത്തിനുള്ള പോംവഴി. 14-ാം ധനകാര്യ കമ്മിഷൻ 2018-19 വർഷത്തോടെ റവന്യു കമ്മി പൂർണമായും ഇല്ലാതാക്കത്തക്കവിധം റവന്യുകമ്മി ഗ്രാന്റ് കേരളത്തിന് നൽകിയതുമാണ്. തന്റെ രണ്ടാമൂഴത്തിൽ മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് കേരളത്തെ സുസ്ഥിര ധനകാര്യ പാതയിലേക്ക് നയിക്കുമെന്ന് വീമ്പിളക്കിയതുമാണ്. പക്ഷേ, ഇന്നത്തെ പോക്ക് നിലയില്ലാകയത്തിലേക്കാണ്.
ഡോ. ഐസക്കിന് രണ്ടു പ്രളയങ്ങളുടെയും കൊറോണയുടെയും ഒഴിവുകഴിവ് പറയാം. ശരിയാണ്, അപ്രതീക്ഷിത ചെലവുകൾ വന്നു. ഈ വിശദീകരണം കാര്യങ്ങളെ ആഴത്തിൽ പരിശോധിക്കുന്നവരെ തൃപ്തിപ്പെടുത്തുകയില്ല. മുഖ്യകാരണം, ഡോ. ഐസക് ചരക്കു സേവന നികുതി നിലവിൽ വരുമ്പോൾ നികുതി വരുമാനം 20-25 ശതമാനം കണ്ട് വർധിക്കുമെന്ന് പ്രതീക്ഷിച്ചതാണ്. ചരക്കു സേവന നികുതി കേരളത്തെ രക്ഷിക്കുകയില്ലെന്ന് ഇൗ ലേഖകനും സഹപ്രവർത്തക ശ്രീമതി അനിതാകുമാരിയും കൂടി പഠനം നടത്തി 2015ൽ തന്നെ ഡോ. ഐസക്കിന്റെ ശ്രദ്ധയിൽ പെടുത്തിയതാണ്. അദ്ദേഹം അത് പുച്ഛിച്ചുതള്ളി. പക്ഷേ, തനിക്ക് തെറ്റുപറ്റിയെന്ന് പിന്നീട് അദ്ദേഹം നിയമസഭയിൽ സമ്മതിച്ചു. കാരണം, ചരക്കു സേവന നികുതി നിലവിൽവന്ന് രണ്ട് വർഷം കഴിഞ്ഞപ്പോൾ വളർച്ചാ നിരക്ക് 10 ശതമാനം മാത്രം.

മറ്റ് നികുതി- നികുതിയേതര സ്രോതസുകൾ പ്രയോജനപ്പെടുത്തി വിഭവസമാഹരണത്തിന് ശ്രമിക്കുകയായിരുന്നു ഡോ. ഐസക് ചെയ്യേണ്ടിയിരുന്നത്. ചരക്കു സേവന നികുതി അധികാരങ്ങളെല്ലാം കൊണ്ടുപോയെന്ന് വിലപിക്കാൻ എളുപ്പമാണ്. ഭരണഘടന നൽകുന്ന അധികാരങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയായിരുന്നു വേണ്ടത്. വസ്തു നികുതി, ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ ഫീസുകൾ, വൈദ്യുതി തീരുവ, സർക്കാർ ഭൂമിയുടെ പാട്ടം, മൈനുകളിൽനിന്നുള്ള റോയൽറ്റി തുടങ്ങി പല നികുതി നികുതിയേതര സ്രോതസുകളുണ്ടായിരുന്നു. പക്ഷേ, വിഭവ സമാഹരണവും കടമെടുപ്പും ഏറെക്കുറെ ഒരുപോലെയാണെന്ന് ഡോ. ഐസക് തെറ്റിദ്ധരിച്ചു. സാധാരണഗതിയിലുള്ള കടമെടുപ്പിലൂടെ നികത്തേണ്ട മൂലധന ചെലവുകൾ നടത്താനാകില്ലെന്ന് വന്നതോടെ കിഫ്ബി വഴിയിലൂടെ കടമെടുപ്പ് നടത്തി മൂലധന ചെലവുകൾ നടത്താൻ ആരംഭിച്ചു. സംസ്ഥാനത്തിന്റെ കടബാധ്യത വാണംപോലെ കുതിച്ചുയർന്നു എന്നതുമാത്രമല്ല പ്രശ്‌നം. കടമെടുപ്പ് സമൂഹത്തിന് നൽകുന്ന തെറ്റായ സന്ദേശം ദീർഘകാലാടിസ്ഥാനത്തിൽ ദോഷം ചെയ്യും. കടം കൃത്യമായി രേഖപ്പെടുത്തപ്പെടുന്നു. അത് പലിശയടക്കം കൊടുത്തുതീർക്കുകതന്നെ വേണം. നേരേമറിച്ച് പിരിച്ചെടുക്കാൻ കഴിയുമായിരുന്ന, പിരിച്ചെടുക്കാതെ പോകുന്ന നികുതികൾ എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ്. പൊതുവിഭവങ്ങൾ സമാഹരിച്ച് പൊതുകാര്യങ്ങൾ നടത്താൻ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന സർക്കാർ അത് ചെയ്യുകതന്നെ വേണം. അതിനുപകരം കടമെടുത്ത് കാര്യങ്ങൾ നടത്താൻ ആരംഭിച്ചാൽ കുറേവർഷങ്ങൾ കഴിയുമ്പോൾ നികുതി പിരിവ് ഏറെക്കുറെ അസാധ്യമാകും. കുറഞ്ഞ നികുതിഭാരവുമായി തഴക്കം വന്നുപോയ ജനങ്ങൾ നിരക്ക് വർധനവിനെയും പുതിയ നികുതികളെയും എതിർക്കും. കേരളത്തിൽ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതാണ്. കേരളത്തിന്റെ വിഭവഅടിത്തറ പരിശോധിച്ചാൽ ഈ അപകടം വ്യക്തമാകും. മദ്യം, പെട്രോൾ, ലോട്ടറി, മോട്ടോർ വാഹനങ്ങൾ എന്നീ നാല് ഇനങ്ങളിൽനിന്നാണ് സംസ്ഥാനത്തിന്റെ മൊത്തം തനതുവരുമാനത്തിൽ 60 ശതമാനത്തിന് മുകളിൽ കണ്ടെത്തുന്നത്. 1970-71ൽ മദ്യവും ഭാഗ്യക്കുറിയും കൂടി തനതുവരുമാനത്തിന്റെ 14.77 ശതമാനം മാത്രമാണ് സംഭാവന ചെയ്തിരുന്നത്. ഇന്നത് 36 ശതമാനത്തിന് മേലെയാണ്. പാവപ്പെട്ടവരും പുറംപോക്കിൽ കിടക്കുന്നവരും ഇത്രമാത്രം പൊതുവിഭവങ്ങൾ ഖജനാവിൽ എത്തിക്കുന്ന മറ്റൊരു സംസ്ഥാനമില്ല.

പൊതുചെലവുകളുടെ പ്രയോജനം ആർക്ക്?

ശമ്പളത്തിനും പെൻഷനും വേണ്ടി ഇത്രമാത്രം പൊതുവിഭവങ്ങൾ മാറ്റിവയ്ക്കുന്ന മറ്റൊരു സംസ്ഥാനമില്ല. 2018-19 ൽ കേരളം മൊത്തം വരുമാനത്തിന്റെ 56 ശതമാനം ഈ ആവശ്യങ്ങൾക്ക് വേണ്ടി ചെലവഴിച്ചപ്പോൾ കർണാടക 28 ശതമാനം മാത്രമാണ് ചെലവഴിച്ചത് എന്ന് പറഞ്ഞാൽ ചെലവ് കുറച്ചും പൊതുസേവനങ്ങൾ നൽകാൻ പറ്റും എന്നർഥം. ജനസംഖ്യയുടെ വെറും നാല് ശതമാനം മാത്രം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും വിളമ്പിക്കഴിഞ്ഞ് മിച്ചം വരുന്നത് ഓരോ വർഷവും കുറഞ്ഞു കുറഞ്ഞുവരികയാണ്.
വിനാശകാലേ വിപരീത ബുദ്ധി

ധനകാര്യ പ്രതിസന്ധി ഇത്രമാത്രം രൂക്ഷമാക്കിയത് ധനിക- ദരിദ്ര ഭേദമന്യേയുള്ള കിറ്റുകൊടുക്കലും ശമ്പള പരിഷ്‌കരണവുമാണ്. അർഹതയുള്ളവർക്ക് മാത്രമായി കിറ്റുകൊടുത്തിരുന്നെങ്കിൽ എത്ര കോടി രൂപ ലാഭിക്കാമായിരുന്നു? കൊറോണയുടെയും പ്രളയക്കെടുതിയുടെയും ഒക്കെ പശ്ചാത്തലത്തിൽ ശമ്പള പരിഷ്‌കരണം സുഖമമായി മാറ്റിവയ്ക്കാമായിരുന്നു. മുൻ ശമ്പള പരിഷ്‌കരണ കമ്മിഷൻ പത്തുവർഷം കൂടുമ്പോൾ ശമ്പള പരിഷ്‌കരണം മതിയെന്ന് ശുപാർശ ചെയ്തതുമാണ്. പക്ഷേ, എങ്ങനെയും തുടർഭരണം വേണ്ടേ? വാരിക്കോരി കൊടുത്തു. 4850 കോടി രൂപയുടെ അധികച്ചെലവ്. ഇന്നിപ്പോൾ അത് എടുത്താൽ പൊങ്ങാത്ത ചെലവായി മാറിയിരിക്കുന്നു. 2020-21ൽ 28763 കോടി രൂപ ശമ്പളയിനത്തിൽ ചെലവാക്കിയിരുന്നു. ഈ ധനകാര്യ വർഷം സെപ്റ്റംബർ വരെ 28,684 കോടി രൂപ പെൻഷൻ ഇനത്തിൽ ചെലവായപ്പോൾ ഈ വർഷം 14,601 കോടി രൂപ സെപ്റ്റംബർ വരെ ചെലവായിക്കഴിഞ്ഞു.
ശമ്പളവും പെൻഷനും പലിശയും ”ഏറ്റുപോയ” ചെലവുകളാണല്ലോ. അവയ്ക്കുവേണ്ടി കിട്ടാവുന്നിടത്തു നിന്നൊക്കെ കടമെടുത്ത് എത്രകാലം മുന്നോട്ടുപോകും? ചരക്കു സേവന നികുതിയിനത്തിൽ കിട്ടുന്ന നഷ്ടപരിഹാരം 2022 ജൂലൈ മാസത്തോടെ നിലയ്ക്കും. നഷ്ടപരിഹാരം 2025 വരെ നീട്ടണം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടാൽ കുറേക്കൂടി പിടിച്ചുനിക്കാം എന്നേയുള്ളൂ. പക്ഷേ, ഈ സ്ഥിതിയൊന്നും ഒരുലക്ഷം കോടി മുതൽ മുടക്ക് വരുന്ന കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിനെ നിരുത്സാഹപ്പെടുത്തുന്നില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്ന, ഒട്ടും ആത്മവിശ്വാസം ജനിപ്പിക്കാത്ത സമ്പദ്‌വ്യവസ്ഥയെ കരയകറ്റാൻ ഒരു ബൃഹത് പദ്ധതി തയാറാക്കേണ്ട സർക്കാർ ജനങ്ങളെ മോഹവലയത്തിലാക്കാനല്ലേ ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്?

അടിസ്ഥാനപരമായ പൊളിച്ചെഴുത്തുകൾക്ക് സംസ്ഥാന ധനകാര്യത്തെ വിധേയമാക്കാതെ ഇന്നത്തെ പ്രതിസന്ധി മറികടക്കാൻ ഒക്കുകയില്ല. അതിനു സുതാര്യതയും സംവാദത്തിന്റെ അന്തരീക്ഷവും സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. സംസ്ഥാന ധനകാര്യത്തെക്കുറിച്ചുള്ള ധവളപത്രം അടുത്ത ബജറ്റിനോടൊപ്പം ജനങ്ങളുടെ മുമ്പിൽവയ്ക്കാൻ ധനമന്ത്രി തയാറായെങ്കിലെന്ന് ആശിച്ചുപോകുന്നു.

(ലേഖകൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിലെ മുൻ
ഫാക്കൽറ്റിയംഗമാണ്).


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.