2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇസ്‌ലാമിക് ലൗ ജിഹാദും സൂഫി നാർകോട്ടിസവും

വെള്ളിപ്രഭാതം
ശുഐബുൽഹൈതമി

അല്ലാഹുവിൻ്റെ പ്രതിനിധികളായി ഭൂമുഖത്ത് അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളാണ് മനുഷ്യർ. പ്രപഞ്ചത്തിൻ്റെ കേന്ദ്രകഥാപാത്രവും മനുഷ്യനാണ്. മനുഷ്യരുടെ ആവാസപരിസരമായ ഭൂമിക്ക് അനുഗുണമാം വിധമാണ് സൗരയുഥത്തിൻ്റെ സൂക്ഷ്മഘടന എന്ന് നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. വാനഭുവനങ്ങളുടെ കവാടങ്ങളിൽ കാലൂന്നാൻ മാത്രം സാങ്കേതിക മികവ് നേടിയെടുക്കാൻ മനുഷ്യന് മാത്രം നിയോഗമുണ്ടായത് ആകസ്മികമോ എന്നാൽ സ്വാർജ്ജിത യോഗ്യതയോ അല്ല എന്നർഥം, സ്രഷ്ടാവിൻ്റെ കണക്കാണത്. ഇത്രയൊക്കെ മനുഷ്യർ ബൗദ്ധികമായും ജഡികമായും മുമ്പനായിട്ടും മനുഷ്യസർജ്ജനത്തിന് വേണ്ടി അല്ലാഹു എന്തുകൊണ്ടാവും കറുത്ത കളിമണ്ണ്, അതും ചെളി, തന്നെ അവനെ പടക്കാൻ തെരഞ്ഞെടുത്തത്.

മണ്ണിനേക്കാൾ മുഗ്ധവും മനോഹരവുമായ പ്രകാശംകൊണ്ടാണ് മാലാഖമാരെ സൃഷ്ടിച്ചത്. പിശാചിനെപ്പോലും സൃഷ്ടിച്ചത് പ്രത്യക്ഷത്തിൽ മണ്ണിനേക്കാൾ വീര്യമുള്ള അഗ്നിയിൽനിന്നാണ്.സ്വർണമോ മരതകമോ മാണിക്യമോ വജ്രമോ അല്ലെങ്കിൽ ഇരുമ്പോ ചെമ്പോ പാറക്കല്ലോ പോലോത്ത പദാർഥങ്ങളിൽ നിന്നൊക്കെ മനുഷ്യനെ സൃഷ്ടിക്കാമായിരുന്നു. മനുഷ്യനാഗരികതകളുടെ എല്ലാ ഘട്ടങ്ങളിലും സവിശേഷതകൾ കൽപ്പിക്കപ്പെട്ട പദാർഥങ്ങളായിരുന്നു അവയൊക്കെ. താരതമ്യേനെ മാലിന്യമല്ലെങ്കിലും മലിനമെന്നപോലെ തൊണ്ടുതീണ്ടാതിരിക്കാൻ മനുഷ്യർ ശ്രദ്ധിക്കുന്ന കളിമണ്ണിന് മേൽപ്പറയപ്പെട്ട ദ്രവ്യങ്ങളേക്കാൾ എന്തുണ്ട് അധികമഹത്വം എന്നത് ആലോചിക്കപ്പെടേണ്ടതാണ്. അഖില സൃഷ്ടികളിൽ അത്യുത്തമരായ മുഹമ്മദ് നബി(സ്വ)യുടെ ഭൗതികദേഹത്തിലും ഉള്ളടങ്ങിയത് കളിമണ്ണിലെ മൂലകങ്ങളും സംയുക്തങ്ങളും തന്നെയാണ്, അതിൻ്റെ പ്രവർത്തന പ്രതിപ്രവർത്തനങ്ങൾക്ക് ചിലപ്പോൾ അസാധാരണത്വം ഉണ്ടായിരുന്നെങ്കിൽ പോലും.

   

ഒന്നിനൊന്നോടൊട്ടിച്ചേർന്നൊന്നായ് മാറാൻ മണ്ണിനുള്ളത്ര ആർദ്രത മറ്റൊന്നിനും ഇല്ലെന്നതാണ് ആദം പിതാവിൻ്റെ ആദ്യസൃഷ്ടിപ്പിന് മണ്ണ് തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ പൊരുൾ. അല്ലാഹുവിൻ്റെ തെരഞ്ഞെടുപ്പുകൾക്ക് മനുഷ്യർ കാരണം ചോദിക്കുന്നത് വ്യർഥമാണ്. പക്ഷേ പൊരുളുകൾ ആലോചിക്കാവുന്നതാണ്. ജലം നിർമ്മലവും പാനം സുഖപ്രദവുമാണെങ്കിലും മണ്ണിനുള്ളത്ര ഘനമോ ഗാംഭീര്യമോ വെള്ളത്തിന് പോലുമില്ല.

ജലംകൊണ്ട് മാത്രം മനുഷ്യർ സൃഷ്ടിക്കപ്പെട്ടിരുന്നുവെങ്കിൽ നട്ടെല്ലിൽ നിവരാതെ ഉരഗജീവികളായേനെ നാം. കേവലശിലകൾ കൊണ്ടായിരുന്നു മനുഷ്യസൃഷ്ടിപ്പെങ്കിൽ ഇലാസ്തികത നഷ്ടപ്പെട്ട് നിവരാനും കുനിയാനും കഴിയാതെ ഭാഗങ്ങൾ അഴിച്ചുവച്ചും പിന്നീട് ചേർത്തുവച്ചും കാര്യങ്ങൾ നടത്തേണ്ടിവരുമായിരുന്നു. ഭൗതികമായ ”അഹ്സനുത്തഖ് വീം ” മണ്ണ് കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂവെന്നത് പോലെ ആന്തരികമായ ഇഹ്സാൻ പാകപ്പെടുത്താനും മണ്ണിനോളം പാകപ്പെട്ട മറ്റൊന്നില്ല.
പാടത്തോ പറമ്പത്തോ പണിയെടുക്കുന്ന കർഷകൻ ഒരുകുട്ട ചെളിമണ്ണെടുത്ത് മറ്റൊരു മണ്ണിങ്കൂട്ടിന്മേലിട്ടാൽ നിമിഷങ്ങൾക്കകം ചൊരിഞ്ഞ മണ്ണും ചൊരിയപ്പെട്ട മണ്ണും ഒന്നായ് ഒരുമയുടെ കുന്നായ് മാറിയിട്ടുണ്ടാവും. ഇടയിൽ മറ്റൊന്നിൻ്റെ ആവശ്യം വരുന്നില്ല. എന്നാൽ രണ്ട് കഷ്ണം സ്വർണം ഒന്നാക്കി മാറ്റാൻ അഗ്നിയിൽ ഉരുക്കേണ്ടിവരും. ഏറ്റവും നിർമ്മലമായ ലോഹത്തിൻ്റെ അവസ്ഥ തന്നെ അതാണെങ്കിൽ കാഠിന്യം കൂടുന്നതിനനുസൃതം മധ്യമപദാർഥത്തിൻ്റെ ആവശ്യവും വർധിക്കുന്നു. തുരന്നോ തുറന്നോ കുമ്മായം ചേർത്തോ തീപ്പിടിപ്പിച്ചോ മാത്രം പരസ്പരം ചേർക്കാവുന്ന പദാർഥങ്ങൾക്കില്ലാത്ത സ്നേഹ സന്ദേശം, മൈത്രീമത്ഭാവം, രജ്ഞിപ്പിൻ്റെ രസതന്ത്രം മണ്ണിനുണ്ട്.
മണ്ണാൽ വിരിഞ്ഞ ഉടലിങ്കൂടിനുള്ളിൽ വളരുന്ന മനസിനാണ് ആ ഗുണങ്ങൾ കിട്ടുന്നത്.

ഇസ്ലാമിക വിശ്വാസപ്രകാരം ഒന്നാമത്തെ മനുഷ്യനും അല്ലാഹുവിൻ്റെ ദിവ്യബോധനത്തിൻ്റെ ഏറ്റെടുപ്പുകാരനുമായയാൾക്ക് നൽകപ്പെട്ട നാമം ആദം എന്നാണ്. ഭൗമോപരിതല മണ്ണ് എന്നാണ് അറബിഭാഷയിൽ ആ പദത്തിൻ്റെ അർഥം. മനുഷ്യക്കിടയിൽ ഉണ്ടാവേണ്ട അടിസ്ഥന വികാരം ഏകതയും മൈത്രിയുമാണെന്നാണ് അതിനർഥം. അവയുണ്ടാവുന്ന പ്രതലമാണ് സ്നേഹം. മണ്ണിന് ഒരേ സമയം അഗ്നിയെ ഉൾക്കൊള്ളാനും പ്രകാശത്തെ സ്വീകരിക്കാനും ഇരുട്ടിൽ മുങ്ങാനും കഴിയും. മനുഷ്യചരിത്രത്തിൽ വംശീയതയും ജാതീയതയും താത്വികമാനം സ്വീകരിക്കപ്പെട്ടത് ഉണ്മയിലെ ചാന്ദ്രിക പ്രകാശസാന്നിധ്യവും സൗരാഗ്നിസ്പർശവും അവകാശപ്പെട്ടുകൊണ്ടായിരുന്നു. പക്ഷേ ഇസ് ലാം അതിൻ്റെയൊക്കെ മീതെയാണ് മണ്ണിൻ്റെ സന്ദേശം വയ്ക്കുന്നത്. നിസ്കാരത്തിലെ സാഷ്ടാംഗം മനുഷ്യൻ അല്ലാഹുവിലേക്ക് നടത്തുന്ന ഉഡ് ഡയനമാണ്, പക്ഷേ ആകാശത്തേക്ക് കയറലല്ല സാഷ്ടാംഗം, നിലത്ത് മുഖവും നെറ്റിയും അഥവാ ശിരസ് വച്ച് സ്വത്വം സ്രഷ്ടാവിന് സമർപ്പിക്കലാണ്. നെറ്റിത്തടങ്ങളിലെ നിസ്ക്കാരത്തയമ്പാണ് മുഹമ്മദീയരുടെ(സ്വ) മുദ്ര എന്ന് വിശുദ്ധഗ്രന്ഥം പ്രസ്താവിക്കുന്നു.

മണ്ണിൻ്റെ മക്കൾ പ്രഖ്യാപനം മുഴങ്ങുന്ന ഒരു രാഷ്ട്രീയം കൂടി അതിലുണ്ട്. പിറന്ന നാട്ടിൽനിന്ന് മുസ്ലിംകളെ പുറത്താക്കാൻ ശ്രമിക്കുന്ന എതിരാളികളോട് സംസാരിക്കുന്നത് മുസ്ലിംകളുടെ നെറ്റിത്തടങ്ങൾ കൂടിയാണെന്നർഥം, ആ മണ്ണിനോട് അവരൊട്ടിയതിൻ്റെ രേഖകൂടിയാണാ നിസ്കാരമുദ്രകൾ. ഇങ്ങനെ സ്വന്തം മണ്ണിനോട്, മണ്ണാൽ പിറന്ന മനുഷ്യരോട് ഇസ്ലാം പ്രകടിപ്പിക്കുന്ന സ്നേഹഭാവം ലൗ ആണെങ്കിൽ ആ പ്രതിബദ്ധത ജിഹാദുമാണെങ്കിൽ മുസ്ലിംകൾ നടത്തുന്നത് ലൗ ജിഹാദ് തന്നെയാണ്. നാടിനും സമൂഹത്തിനും മണ്ണിനും പരിസ്ഥിതിക്കും അനുഗുണമായ ലൗ ജിഹാദ്.

അവിടെയാണ്, എതിരാളികളോട് “നിങ്ങൾ സ്വർണമോ സ്ഫടികമോ അല്ല, കേവലം മണ്ണാങ്കട്ടകൾ മാത്രമാണ് ” എന്ന് തിരുത്താൻ ശ്രമിച്ച പഴയ അറബിക്കവിക്ക് ഭാവന പിഴച്ചതും,” Unity is the way to strengthen, honor and to common good” എന്ന് നിരന്തരം ലോകത്തെ ഓർമ്മിപ്പിച്ച ഐക്യ അറബ് നാടുകളുടെ ആധുനിക ശിൽപ്പി ശൈഖ് സായിദ് ബിൻ അൽ നഹ്യാൻ മാതൃകയാവുന്നതും.

മറ്റൊന്ന് ഇസ്ലാമിൻ്റെ ലഹരിസങ്കൽപ്പമാണ്.ഉറക്കം, പാനം, മൂത്രമൊഴിക്കൽ, അന്നം, വിസർജ്ജനം, വസ്ത്രം, വിനോദം, ലൈംഗികത, പാർപ്പിടം എന്നിങ്ങനെയാണ് മനുഷ്യൻ്റെ ഛോദനകളെ ചിന്തകന്മാർ ക്രമപ്പെടുത്തിയത്, അഭിപ്രായാന്തരങ്ങൾ സ്വാഭാവികം മാത്രം. അക്കൂട്ടത്തിൽ വിനോദത്തിൻ്റെ കാര്യമല്ലാത്തവയെല്ലാം ഇസ്ലാം പ്രത്യക്ഷത്തിൽ തന്നെ അംഗീകരിക്കുകയും വ്യവസ്ഥാപിതമാക്കുകയും പുണ്യകർമ്മമാക്കുകയും ചെയ്തു.സംഗീതം, കലാസ്വാദനം, കായികം, മദ്യം തുടങ്ങിയവയാണല്ലോ വിനോദങ്ങൾ. അവയെ കർശനമായ ഉപാധികൾ വെച്ച് മാത്രമേ ഇസ്ലാം സമ്മതിച്ചിട്ടുള്ളൂ. മദ്യലഹരിയെ ഒരർഥത്തിലും അംഗീകരിച്ചതുമില്ല. അതിൻ്റെ കാരണമെന്താവും?

ഭൗതികമായ നാർകോട്ടിക് ഉൽപ്പന്നങ്ങൾ ഉണർത്തുന്ന ലഹരി പുറത്ത് നിന്നും മനുഷ്യൻ്റെ അകത്തേക്ക് പ്രവേശിക്കുന്നതാണ്. ഇസ്ലാം മനുഷ്യൻ്റെ അകത്തുനിന്നും പുറത്തേക്ക് വമിപ്പിക്കുന്ന മറ്റൊരു ബദൽ ലഹരി മുന്നോട്ടുവയ്ക്കുന്നതുകൊണ്ടാണ് മനുഷ്യൻ്റെ മറ്റെല്ലാ ഛോദനകളെയും അംഗീകരിച്ചിട്ടും മദ്യലഹരി വിലക്കിയത്. അത് വിശ്വാസം എന്ന ലഹരിയാണ്. അല്ലാഹു എന്ന ആനന്ദമാണ്. അവൻ്റെ റസൂൽ എന്ന ലക്ഷ്യമാണ്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ഫനാഉം വിസ്വാലുമാണ് ഇസ്ലാമിലെ നുരപതയുന്ന വീഞ്ഞും മധുചഷകവും. അതിൻ്റെ ആമോദങ്ങൾ നുകരാൻ വേണ്ടി സ്വന്തത്തെ പാകപ്പെടുത്തുന്ന കഠിനാധ്വാനമാണ് ഇസ്ലാമിലെ ഏറ്റവും മഹത്തായ പ്രണയ, ലഹരീ ജിഹാദുകൾ. അല്ലാഹുവിനോടാണ് അവിടെ പ്രണയം. അല്ലാഹുവാണ് ലഹരി.
പേർഷ്യൻ കവി ഉമർ ഖയ്യാം വിളമ്പിയ വീഞ്ഞതാണ്, ജലാലുദ്ദീൻ റൂമി മോന്തിയ മദ്യമതാണ്. ശൈഖ് ജീലാനി(റ) നീന്തിയ സമുദ്രമതാണ്. ലഹരിമാലകൾ തിരതല്ലിയ കടലിൽ ദിവ്യാനുരാഗത്തിൻ്റെ കോപ കൊണ്ട് ദാഹമകറ്റിയ സൂഫികൾ നിർവചിച്ച നാർകോട്ടിക് ജിഹാദ് തീർച്ചയായും ഇസ്ലാമിലുണ്ട്. അല്ലാഹുവിനെ യഥോചിതം മനസിലിരുത്തിയ വ്യക്തിക്ക് രണ്ട് സ്വർഗങ്ങളുണ്ടെന്ന് ഖുർആൻ പറയുന്നുണ്ട്. ഒന്നാമത്തേത് ജീവിതത്തിലെ ആനന്ദമാണ്, രണ്ടാമത്തേത് വാഗ്ദത്ത സ്വർഗവും. അഗ്നിപതനം സംഭവിച്ച, വാളാൽ കീറപ്പെട്ട പ്രവാചകന്മാരും കഴുമരത്തിൽ നാട്ടപ്പെട്ട സാത്വികരും പുഞ്ചിരിച്ച് നിന്നത് ആ നാർകോട്ടിക് ലഹരിയുടെ ഉന്മത്തതയിലായിരുന്നു. അത് മനസ്സിലാക്കാൻ ഒരു ചരിത്ര പശ്ചാത്തലം മാത്രം പരിശോധിച്ചാൽ മതിയാവും. ഇസ്ലാം മദ്യനിരോധനത്തിൻ്റെ മഹായത്നം ആരംഭിച്ചത് നിസ്കാരപ്പായ മുന്നിർത്തിയായിരുന്നു. ചുരുങ്ങിയത്, നിസ്കരിക്കുമ്പോഴെങ്കിലും നിങ്ങൾക്ക് മദ്യം കുടിക്കാതിരുന്നു കൂടേ എന്ന വിനീതാപേക്ഷയായിരുന്നില്ല അത്. മറിച്ച്, നിസ്കാരം എന്ന നിത്യസ്ഥായിയായ ലഹരി ഉള്ളപ്പോൾ നിങ്ങളെന്തിനാണ് നൈമിഷകമായ മദ്യലഹരി തേടണം എന്ന ചോദ്യമായിരുന്നുന്നു അത്. ഭൗതിക ലഹരികൾ സുഖത്തിൽ തുടങ്ങി അസുഖത്തിൽ അവസാനിക്കും ,തിടുക്കങ്ങൾ ഒടുവിൽ മടുപ്പുകളാവും, ആവേശങ്ങൾ അവിടെ അവശതകളായ് കെട്ടടങ്ങും. ആത്മീക ലഹരികൾ നേരെ വിപരീതവും. ഇത് ഘട്ടംഘട്ടമായി തിരിച്ചറിഞ്ഞ് വരുന്ന ജനതയോട് ഖുർആൻ ഒടുവിൽ ചോദിച്ചതാണ്, ഹൽ അൻതും മുൻതഹൂൻ എന്ന ഭൗതിക ലഹരീ വിരുദ്ധ പ്രഖ്യാപനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.