2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

Editorial

ഗവർണറുടെ കരങ്ങളും ശുദ്ധമാകണം


ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെയും ഗവർണർമാരെ ഉപയോഗിച്ച് അവിടങ്ങളിൽ ഭരണസ്തംഭനം സൃഷ്ടിക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന പരാതികൾ വ്യാപകമായി ഉയരാൻ തുടങ്ങിയിട്ട് കാലമേറെയായി. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നും ഇത്തരം പരാതികൾ നിരന്തരമായി ഉയർന്നുകൊണ്ടിരിക്കുകയാണിപ്പോൾ. തമിഴ്‌നാട്ടിൽ നടക്കുന്നത് പോലുള്ള സംഭവങ്ങളാണ് കേരളത്തിലും അരങ്ങേറുന്നത്. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആർ.എൻ രവി ഇതുവരെ ഒപ്പിട്ടിട്ടില്ല. ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബില്ലിലും ആർ.എൻ രവി ഒപ്പിട്ടിട്ടില്ല. സമാന ബിൽ കേരള നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇടതുമുന്നണി സർക്കാർ. സംസ്ഥാന നിയമസഭയിൽ ബിൽ അവതരിപ്പിക്കും മുമ്പുതന്നെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിനെതിരേ വിമർശനം നടത്തിയിരിക്കുകയാണ്. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിന് സർക്കാർ കൊണ്ടുവരുന്ന ബിൽ യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെങ്കിൽ നിയമമാകില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്.

തമിഴ്‌നാട്ടിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആർ.എൻ രവി ഒപ്പിടാൻ മടിക്കുന്നതിനെതിരേ അവിടെ പ്രതിഷേധം ആളിക്കത്താൻ തുടങ്ങിയിട്ടുണ്ട്. ഗെറ്റൗട്ട് രവി എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. തമിഴ്‌നാട്ടിന്റെ മുൻകാല ഭരണാധികാരികളിൽനിന്ന് തീർത്തും വ്യത്യസ്തമായ ഭരണമാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ പോലും ഇത് സമ്മതിക്കുന്നുണ്ട്. സിനിമാ പശ്ചാത്തലത്തിൽ നിന്നല്ലാതെ, തിരശീലകളിലെ നായകനല്ലാതെ വെറും പച്ചമനുഷ്യനായി സാധാരണക്കാർക്ക് പ്രാപ്യൻ എന്ന ഖ്യാതി ഇതിനകം സ്റ്റാലിൻ നേടിയെടുത്തിട്ടുണ്ട്.

കേരളത്തിലെ അവസ്ഥ ഇതിൽ നിന്ന് ഭിന്നമാണ്. മിക്ക സർവകലാശാലകളിലെയും വൈസ് ചാൻസലർമാരെ ക്രമവിരുദ്ധമായാണ് സർക്കാർ നിയമിച്ചതെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഹൈക്കോടതിയിൽ നിന്നുണ്ടാകുന്ന വിധിപ്രസ്താവങ്ങൾ ഈ ആരോപണം ശരിവയ്ക്കുന്നതാണുതാനും. എന്നുകരുതി ഗവർണർ ആരിഫ് മുഹമദ് ഖാൻ സത്യസന്ധനായ ഭരണത്തലവനാണെന്ന് അർഥമില്ല. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് ഗവർണർ തുടക്കമിട്ടത്. ചട്ടവിരുദ്ധമായാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനമെന്ന് ബോധ്യമുണ്ടായിട്ടും ആ നിയമനത്തിന് അനുവാദം നൽകിയ ചാൻസലർ കൂടിയാണ് ആരിഫ് മുഹമ്മദ് ഖാൻ.
തന്റെ നാട്ടുകാരനാണെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചതിനാലാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തിന് അനുമതി നൽകിയതെന്ന ഗവർണറുടെ വിശദീകരണം വിശ്വാസയോഗ്യമല്ല. സത്യസന്ധനായിരുന്നു ഗവർണറെങ്കിൽ നാട്ടുകാരനല്ല വീട്ടുകാരാണെന്ന അഭ്യർഥന വന്നാൽ പോലും നിയമത്തിന് നിരക്കാത്ത ഒരു നിയമനത്തെ നിരാകരിക്കുമായിരുന്നു. നീതിക്കൊപ്പം നിൽക്കുന്ന ചാൻസലർ ആയിരുന്നു ആരിഫ് മുഹമ്മദ് ഖാനെങ്കിൽ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം തടയുമായിരുന്നു. എന്നിട്ടിപ്പോൾ ഡോ. ഗോപിനാഥ് രവീന്ദ്രൻ ക്രിമിനലാണെന്ന് വിളിച്ചുപറയുന്നതിൽ എന്ത് ആത്മാർഥതയാണുള്ളത്.

ഇതേ ഗണത്തിൽ പെടുത്താവുന്നതാണ് ബി.ജെ.പി നേതാക്കൾ പ്രതികളായ കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരേ ഇപ്പോൾ ഉയർന്ന ആരോപണവും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഒന്നാം പ്രതിയായ കൊടകര കുഴൽപ്പണ കേസിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയ കേസിലും ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ട് ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ എന്നീ പ്രമുഖ നേതാക്കൾക്കൊപ്പം ജില്ലാ നേതാക്കളും ഗവർണർക്ക് നൽകിയ അപേക്ഷയാണിപ്പോൾ പുറത്തുവന്നത്. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം തന്റേതല്ലെന്നും ബി.ജെ.പിയുടേതാണെന്നും പണവുമായി 2021ൽ അറസ്റ്റ് ചെയ്യപ്പെട്ട ആർ.എസ്.എസ് നേതാവ് ധർമരാജൻ പൊലിസിന് മൊഴി നൽകിയതാണ്. കോഴിക്കോട് സ്വദേശിയായ ധർമരാജൻ ബി.ജെ.പി നേതാക്കളുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതും പൊലിസ് കണ്ടെത്തിയിരുന്നു.
കൊടകര കുഴൽപ്പണക്കേസിൽ ആരോപണവിധേയരായ ബി.ജെ.പി നേതാക്കളെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം കഴിഞ്ഞ വർഷം നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കുകയുണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്നു കെ. സുന്ദര. സുന്ദരയെ തട്ടിക്കൊണ്ടുപോയ കേസിലും കെ.സുരേന്ദ്രൻ പ്രതിയാണ്. ബദിയടുക്ക പൊലിസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസുകളെല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇതുസംബന്ധിച്ച് ബി.ജെ.പി നേതാക്കൾ സമർപ്പിച്ച നിവേദനം സർക്കാരിന് അയച്ചുകൊടുക്കുക മാത്രമാണ് ചെയ്‌തതെന്നും അതാണ് സ്വാഭാവിക നടപടിയെന്നും കത്ത് വിവാദം പുറത്തുവന്നതോടെ ഗവർണർ പ്രതികരിക്കുകയുണ്ടായി. ഒരു നിവേദനത്തിലെ ആവശ്യം നിയമ വിരുദ്ധമാണെങ്കിൽ അതും സർക്കാരിന് അയച്ചുകൊടുക്കുക എന്നത് സ്വാഭാവിക നടപടിയാണോ? കൈയിൽ കിട്ടുന്നതെല്ലാം മുന്നുംപിന്നും നോക്കാതെ സർക്കാരിന് അയച്ചുകൊടുക്കുന്ന ഭരണത്തലവനാണ് രാജ്ഭവനിൽ വാണരുളുന്നതെങ്കിൽ എന്തിനാണ് അത്തരമൊരു തസ്തിക. നിവേദനത്തിനൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശുപാർശ കത്തും കൂടി ഉണ്ടായിരുന്നു എന്നതല്ലേ യാഥാർഥ്യം. ബി.ജെ.പി നേതാക്കൾ പ്രതികളായ ക്രിമിനൽ കേസുകളിൽ അനുഭാവപൂർണമായ തീരുമാനം എടുക്കണമെന്ന് ഗവർണർ സർക്കാരിനോടാവശ്യപ്പെട്ടതായാണ് പുറത്തുവന്ന വിവരം. ഇതെങ്ങനെയാണ് സ്വാഭാവിക നടപടിക്രമമാകുക.

ഗവർണറും സർക്കാരും തെറ്റിയതോടെ ഇരുകൂട്ടരും നടത്തിയ കൊടുക്കൽ വാങ്ങലുകൾ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം. പൊതുസമൂഹത്തിന് ഈ കലഹത്തിൽ നിന്നു വായിച്ചെടുക്കാനാവുന്നത് ഇതൊക്കെയാണ്. താൻ പറഞ്ഞുകൊണ്ടിരിക്കുന്നതെല്ലാം സത്യമാണെന്ന് ഗവർണർ പറഞ്ഞാൽ പോരാ. ജനങ്ങൾക്കും കൂടി അതു ബോധ്യമാകണം. ആരിഫ് മുഹമ്മദ് ഖാന്റെ ഭൂതകാലരാഷ്ട്രീയം അത്തരമൊരു ചിത്രമല്ല പൊതുസമൂഹത്തിന് നൽകുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.