2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ടീച്ചറേ… ഹാജര്‍

വി. ശിവന്‍കുട്ടി

കഴിഞ്ഞ 20 മാസമായി ലോകം കൊവിഡിന്റെ പിടിയിലാണ്. രോഗവാഹകര്‍ മനുഷ്യര്‍ തന്നെയായതിനാല്‍ അതിജീവനത്തിന്റെ ഭാഗമായി പലതരത്തിലുള്ള കരുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടിവന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സഞ്ചാരവിലക്കായിരുന്നു. മുതിര്‍ന്നവര്‍ക്ക് പല നിബന്ധനകളും പാലിച്ച് തൊഴിലിനും മറ്റുമായി പുറത്തേക്ക് പോകാമായിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് ഇതിനുള്ള യാതൊരവസരവും ലഭിച്ചില്ല.എന്നിരുന്നാലും പ്രതിസന്ധിഘട്ടത്തില്‍ പകച്ചുനില്‍ക്കാതെ മുഴുവന്‍ കുട്ടികളെയും ചേര്‍ത്തുപിടിച്ചുകൊണ്ട് കുട്ടികളെ കര്‍മനിരതരാക്കാനും പഠനവഴിയില്‍ നിലനിര്‍ത്താനും കഴിയുംവിധം ഡിജിറ്റല്‍ ക്ലാസുകള്‍ 2020 ജൂണ്‍ മാസം തന്നെ ആരംഭിക്കാന്‍ നമുക്ക് കഴിഞ്ഞു. ഡിജിറ്റല്‍ പ്രാപ്യതപ്രശ്‌നം നേരിടുന്ന കുട്ടികള്‍ക്ക് അതു പരിഹരിക്കാന്‍ സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന നെഞ്ചോടുചേര്‍ത്ത് കേരള സമൂഹം സ്വീകരിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അതില്‍ പങ്കാളിയായി. ഇതൊക്കെയാണെങ്കിലും ഡിജിറ്റല്‍ ക്ലാസുകള്‍ ഔപചാരിക ക്ലാസ്മുറി പഠനത്തിന് ബദലാവില്ല എന്ന നിലപാട് കേരളം കൈക്കൊണ്ടു. ഡിജിറ്റല്‍ ക്ലാസുകളോടൊപ്പം തുടര്‍ച്ചയായി കുട്ടികള്‍ക്കാവശ്യമായ പഠന പിന്തുണ അധ്യാപകര്‍ ഒരുക്കുകയുണ്ടായി.

കൊവിഡ് മഹാമാരി പൂര്‍ണമായും ഒഴിവായിട്ടില്ലെങ്കിലും സ്‌കൂളുകള്‍ പടിപടിയായി എല്ലായിടങ്ങളും തുറക്കാന്‍ ആരംഭിച്ചു. നമ്മളും നവംബര്‍ 1 ന് സ്‌കൂളുകള്‍ തുറക്കുകയാണ്. അങ്ങനെ തുറക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ വളരെ പ്രധാനമാണ്. അതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സമൂഹ സഹകരണത്തോടെ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഇരുപത് മാസക്കാലത്തോളം സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. കളിച്ചും ചിരിച്ചും കൂട്ടുകൂടിയും പഠിച്ചും കഴിഞ്ഞിരുന്ന ഘട്ടത്തിലാണ് മാനവരാശിക്ക് പരിചിതമല്ലാത്ത ഒരവസ്ഥയിലേക്ക് കൊറോണ വൈറസ് നമ്മെ തള്ളിവീഴ്ത്തിയത്. കൂട്ടംകൂടുന്നതും സഞ്ചരിക്കുന്നതും എല്ലാം രോഗം വ്യാപിപ്പിക്കുന്നതിന് ഇടവരുന്നു എന്ന അവസ്ഥ സംജാതമായി. ആയതിനാല്‍ മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിന്റെ ഭാഗമായി വീടുകളില്‍ തന്നെ കഴിഞ്ഞുകൂടേണ്ട അവസ്ഥയുണ്ടായി. വീടുകളില്‍ മാത്രം കഴിഞ്ഞുകൂടുക എന്നത് കുട്ടികളുടെ സഹജശീലവുമായി ഒത്തുപോകുന്നതായിരുന്നില്ല. എന്നിരുന്നാലും കൊവിഡ് മാനദണ്ഡങ്ങള്‍ കുട്ടികള്‍ ഇഷ്ടപ്പെടാത്ത ഒരവസ്ഥയില്‍ കഴിഞ്ഞുകൂടാന്‍ നിര്‍ബന്ധിതരാക്കി. അതില്‍നിന്നുള്ള മോചനമാണ് നമ്മുടെ കുട്ടികള്‍ക്ക് നവംബര്‍ 1 മുതല്‍ ലഭിക്കുന്നത്. സ്‌കൂളുകള്‍ സാധാരണ നിലയിലാക്കാന്‍ ഇനിയും സമയമെടുത്തേക്കും. കൊവിഡ് 19 പൂര്‍ണമായും വിട്ടുപോയിട്ടില്ല നമ്മളോടൊപ്പം തന്നെയുണ്ട്. അതുകൊണ്ട് വളരെയേറെ കരുതല്‍ അനിവാര്യമാണ്. ഈ കരുതല്‍ എങ്ങനെയെന്ന് വിശദമാക്കുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ രോഗാവസ്ഥ ഓരോ കുടുബത്തെയും ഓരോ തരത്തിലായിരിക്കും ബാധിച്ചിരിക്കുക. അതെല്ലാം കുട്ടികളെ വിദ്യാലയത്തിലേക്കയക്കാന്‍ തീരുമാനിക്കുന്ന ഘട്ടത്തില്‍ രക്ഷാകര്‍ത്താക്കളെ സ്വാധീനിക്കും. ആയതിനാല്‍ കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ ആവശ്യമായ ആത്മവിശ്വാസമുളവാക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ സാമൂഹികമായി ചെയ്യുകയും അതിന്റെ ഭാഗമായി കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ രക്ഷിതാക്കളെ സജ്ജമാക്കാനുമാണ് നാം ശ്രദ്ധിച്ചത്. ആദിവാസി ഗോത്രവര്‍ഗ ഊരുകളിലെ കുടുംബങ്ങളെ സജ്ജമാക്കാനുള്ള സാമൂഹിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയെല്ലാം നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. അങ്ങനെ എല്ലാ കുട്ടികളെയും ചേര്‍ത്തുപിടിച്ചുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനമാണ് നാം ആഗ്രഹിക്കുന്നത്. മഹാമാരിക്കാലത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസം തീരുമാനിച്ചപ്പോള്‍ കേരളീയസമൂഹം എല്ലാവരെയും ഉള്‍ച്ചേര്‍ക്കാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ആത്മവിശ്വാസം തരുന്നതാണ്. ഒരു കുട്ടിയെയും കൊഴിഞ്ഞുപോകാന്‍ അനുവദിക്കാതെ തിരികെ സ്‌കൂളിലെത്തിക്കാന്‍ ഇച്ഛാശക്തിയുള്ള കേരളീയ സമൂഹത്തിന് കഴിയും.
കുട്ടികളുടെ സഹജശീലമാണ് കൂട്ടംകൂടുക, ആഹ്ലാദിക്കുക, ആശ്ലേഷിക്കുക എന്നിവയെല്ലാം. കൊവിഡ് വ്യാപനത്തിന് ഏറ്റവും അനുകൂലമായ പ്രവര്‍ത്തനങ്ങളാണിവയെല്ലാം. ഇങ്ങനെ കൂട്ടംകൂടുക, ആശ്ലേഷിക്കുക എന്നിവ പരമാവധി ഒഴിവാക്കണമെന്നും മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും കുട്ടികളോട് നിരന്തരമായി നാം പറയേണ്ടിവരും. കുട്ടികളുടെ സഹജശീലം മനസിലാക്കി എല്ലാവരും ഒരുമിച്ച് ചേരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് 6 മുതല്‍ 10 വരെ കുട്ടികളടങ്ങുന്ന ഗ്രൂപ്പുകളാക്കി അവരെ ഒരു ബയോബബിളിന്റെ ഭാഗമാക്കുന്നത്. ഒരു ബയോ ബബിളിന്റെ ഭാഗമായ കുട്ടികള്‍ മറ്റൊരു ബയോബബിളിന്റെ ഭാഗമായ കുട്ടികളോടൊപ്പം ഒരു കാരണവശാലും ബന്ധപ്പെടരുത് എന്ന കാര്യത്തില്‍ മുതിര്‍ന്നവരും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കുട്ടികളുടെ വാക്‌സിനേഷന്‍ തുടങ്ങിയില്ല എന്നത് വസ്തുതയാണ്. കുട്ടികളുടെ വാക്‌സിന്‍ അധികം കഴിയുംമുന്‍പ് വരുമെന്നതാണ് ശാസ്ത്രം നല്‍കുന്ന പ്രതീക്ഷ. മറ്റ് തീവ്രമായ രോഗങ്ങളുള്ള കുട്ടികള്‍ ഡോക്ടര്‍മാരുടെ ഉപദേശത്തിനനുസരിച്ച് മാത്രമേ സ്‌കൂളില്‍ വരാവൂ. ഇനി സ്‌കൂളില്‍ എത്തിയ കുട്ടികള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വിളിപ്പുറത്ത് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് സംവിധാനം ഒരുക്കിയിട്ടുണ്ട്.

ആവശ്യമില്ലാത്തവിധം ഭീതി ആവശ്യമില്ല, കരുതല്‍ ഉണ്ടായാല്‍ മതി. കൊവിഡ് വ്യാപനമുണ്ടായാല്‍ അത് അഭിമുഖീകരിക്കാനുള്ള കൊവിഡ് പ്രോട്ടോക്കോള്‍ നമുക്കുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും അഭിമുഖീകരിക്കാനുള്ള സൗകര്യവും സംവിധാനവും നമ്മുടെ ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. കേരള സമൂഹത്തിന്റെ ശുഭാപ്തി വിശ്വാസവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഇച്ഛാശക്തിയും ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നു. പ്രളയം വന്ന ഘട്ടത്തിലും, നിപാ വൈറസ്, കൊവിഡ് കാലഘട്ടങ്ങളിലും കേരളീയസമൂഹം പ്രതിസന്ധികളെ ഒന്നുചേര്‍ന്ന് അഭിമുഖീകരിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. കൊവിഡ് 19ന്റെ മധ്യത്തില്‍ രണ്ട് വര്‍ഷം നാം പൊതുപരീക്ഷകള്‍ നടത്തുകയുണ്ടായി. കുട്ടികള്‍ അതീവ കരുതലോടെ സ്‌കൂളിലെത്തിയതും പെരുമാറിയതും വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതുമായ അനുഭവവും നമുക്കുണ്ട്. മാത്രമല്ല വിദ്യാഭ്യാസ വകുപ്പും 1.80 ലക്ഷം അധ്യാപകരും ഒത്തൊരുമിച്ച് കുട്ടികളെ സ്വീകരിക്കാന്‍ സജ്ജരായിട്ടുമുണ്ട്.

വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടിയതുമൂലം കുട്ടികളുടെ ജീവിതശീലങ്ങളിലും ജീവിതരീതികളിലും പെരുമാറ്റ രീതികളിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. വീട്ടുകാരെ മാത്രമേ കുറേക്കാലമായി കണ്ടിട്ടുള്ളൂ. അതുകൊണ്ട് കുട്ടികളെ മാനസികമായി സ്‌കൂള്‍ പഠനത്തിന് സജ്ജമാക്കാനുള്ള മാനസിക, സാമൂഹിക പിന്തുണയാണ് ആദ്യം നല്‍കേണ്ടത്. സ്‌കൂള്‍ എന്നത് സന്തോഷകരമായി പഠനത്തില്‍ ഇടപെടാനുള്ള ഇടമാക്കിമാറ്റാനാവശ്യമായ അന്തരീക്ഷ സൃഷ്ടിയും അനിവാര്യമാണ്. അതിനാല്‍ പാഠപുസ്തകത്തിന്റെ നേരിട്ടുള്ള പഠനമല്ല വലിയ ഒരു കാലയളവിന്റെ വ്യത്യാസത്തില്‍ തുറക്കുന്ന ഘട്ടത്തില്‍ വേണ്ടത്. അതുകൊണ്ട് കുട്ടികളെ ഔപചാരിക പഠനത്തിന് സജ്ജമാക്കുന്നതിനായുള്ള പ്രതലം ഒരുക്കുക എന്നതായിരിക്കും സ്‌കൂള്‍ തുറക്കുന്ന ഘട്ടത്തില്‍ ചെയ്യാന്‍ ശ്രമിക്കുക. ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്ന അക്കാദമിക മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങളും നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

ബഹുസ്വരവും വൈവിധ്യപൂര്‍ണവുമായ ഒരു സമൂഹത്തില്‍ ജീവിക്കേണ്ടതെങ്ങനെയെന്ന് പരിശീലിപ്പിക്കുന്ന ഇടമാണ് സ്‌കൂള്‍. മാത്രവുമല്ല അറിവ് അതിനിര്‍ണായകമായ സ്ഥാനം കൈവരിച്ച ലോകസമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിനാല്‍ അതിജീവനത്തിനാവശ്യമായ അറിവും കഴിവും നൈപുണിയും നേടുക എന്നത് പരമപ്രധാനമാണ്. ഇതിനുള്ള ഇടം കൂടിയാണ് സ്‌കൂളുകള്‍. അറിവാര്‍ജിക്കുന്നതിനും വൈകാരിക, സാമൂഹിക വികാസത്തിനും പ്രായത്തിനനുഗുണമായ പ്രവര്‍ത്തനങ്ങളിലൂടെ നിരന്തരം കുട്ടികള്‍ കടന്നുപോകേണ്ടതുണ്ട്. ഇതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുംവിധം സ്‌കൂളുകളെ സജ്ജമാക്കാന്‍ നമുക്കെല്ലാം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.