2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

സംസ്‌കാരത്തിന്റെ പ്രതിഫലനമാകണം രാഷ്ട്രീയ നിലപാടുകൾ


അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപക പിതാക്കളിൽ പ്രമുഖനും അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡൻ്റുമായിരുന്ന തോമസ് ജെഫേഴ്‌സൺ വർഷങ്ങൾക്ക് മുമ്പ് അധികാര രാഷ്ട്രീയത്തെ നിരീക്ഷിച്ചത് ഇങ്ങനെയാണ്- ‘അധികാരത്തോട് ആശയോടെ അടുക്കുന്ന നിമിഷം മുതൽ അധികാരികളുടെ പെരുമാറ്റത്തിൽ ജീർണത വരും’. അദ്ദേഹത്തിന്റെ ഈ വാചകം ഇന്നും പ്രസക്തമാണെന്ന് തെളിയിക്കുന്നതാണ് കേരള രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങൾ.

വ്യക്തിശുദ്ധി രാഷ്ട്രീയത്തിൽ പ്രസരിപ്പിച്ച് അതിന്റെ നിസ്തുലശോഭ രാഷ്ട്രീയ പാർട്ടിക്ക് പകർന്നുനൽകിയ എത്രയോ പ്രതിഭാശാലികൾ കടന്നുപോയ മണ്ണാണ് കൊച്ചുകേരളം. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ സ്വഭാവമഹിമ പുലർത്തി മൺമറഞ്ഞുപോയ നിരവധി നേതാക്കളുണ്ട്. കുടുംബ സ്വത്തും ജീവിതവും പാർട്ടിക്ക് സമർപ്പിച്ച പല നേതാക്കളും അവരുടെ കുടുംബത്തെ ഓർക്കാതെപോയത് വിശ്വസിച്ച രാഷ്ട്രീയാദർശത്തിന് വേണ്ടി എല്ലാം ത്യജിക്കാനുള്ള ത്യാഗമനസിനാലായിരുന്നു. ഓരോ തുണ്ട് ഭൂമിയും പാർട്ടി പ്രവർത്തനങ്ങൾക്ക് വേണ്ടി വിറ്റപ്പോഴും ഭാര്യയും കുട്ടികളും ആകുലരായി വീടകങ്ങളിൽ ശ്വാസംമുട്ടി കഴിയുകയാണെന്ന് അവരോർത്തില്ല. വിവിധ രാഷ്ട്രീയ പാർട്ടികളിൽ പെട്ട അത്തരം നേതാക്കളെ എത്രപേർ ഇന്നോർമിക്കുന്നുണ്ടാകും!

എതിർരാഷ്ട്രീയ പാർട്ടിയിൽപെട്ടവരുടെ പോലും ആദരം പിടിച്ചുവാങ്ങിയിരുന്ന അത്തരം നേതാക്കൾ കാലയവനികക്കുള്ളിൽ മറഞ്ഞുപോയി. രാഷ്ട്രീയ പാർട്ടികൾ ഉയർത്തിപ്പിടിക്കുന്ന അവരുടെ ആശയങ്ങളെല്ലാം അധഃസ്ഥിതരുടെ ഉന്നമനത്തിനും പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ഉയിർത്തെഴുന്നേൽപ്പിനും വേണ്ടിയുള്ളതാണ്. ആശയങ്ങൾ സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ അത് വ്യവസ്ഥാപിത ചട്ടക്കൂടിലൊതുക്കപ്പെടുമെന്നത് സ്വാഭാവികമാണ്. സ്ഥാപനങ്ങളായി രാഷ്ട്രീയ പാർട്ടികൾ മാറുമ്പോൾ അധികാരകേന്ദ്രങ്ങളായി അവ രൂപാന്തരപ്പെടുകയാണ്. അതോടെ പാർട്ടികളെ ജീർണതകളും ബാധിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിലും കേരളാ രാഷ്ട്രീയത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് തോമസ് ജെഫേഴ്‌സൺ പറഞ്ഞ ഈ രാഷ്ട്രീയ ജീർണതകളാണ്. എന്നാൽ അത്തരം ജീർണതകളിൽനിന്ന് സ്വജീവിതത്തെ കാത്തുസൂക്ഷിച്ച എത്രയോ നേതാക്കൾ സംശുദ്ധ രാഷ്ട്രീയത്തിന്റെ വേറിട്ട തുരുത്തുകളായി നമുക്കിടയിൽ നിശബ്ദരായി കഴിയുന്നുണ്ട്.
ഭരിക്കാനുള്ള അധികാരം കരഗതമാക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ട് പ്രവർത്തിക്കുമ്പോൾ എതിർ പാർട്ടിയിലെ സംശുദ്ധരായ നേതാക്കളെപ്പോലും സമൂഹമധ്യത്തിൽ നീചമാംവിധം അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ഒരു മനഃസാക്ഷിക്കുത്തും അനുഭവപ്പെടാത്തവരായി മാറിയിരിക്കുന്നു നമ്മുടെ പല രാഷ്ട്രീയ നേതാക്കളും. അത്തരമൊരു രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ ഇരയായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന് മുമ്പും സംശുദ്ധരായ പല രാഷ്ട്രീയ പാർട്ടി നേതാക്കളും വ്യാജ ആരോപണത്താൽ അവഹേളിതരായിട്ടുണ്ട്. സത്യാവസ്ഥ തെളിയിക്കാനാകാതെ സ്ഥാനത്യാഗം ചെയ്ത അവരിൽ പലരും രാഷ്ട്രീയത്തിൽ നിന്നും ജീവിതത്തിൽ നിന്നും ആരോരുമറിയാതെ തിരോഭവിച്ചിട്ടുമുണ്ട്. അങ്ങനെയാകരുത് രാഷ്ട്രീയപ്രവർത്തനം. പ്രതിയോഗിയുടെ രാഷ്ട്രീയവിശ്വാസത്തിന്റെ പോരായ്മകൾ എണ്ണിപ്പറഞ്ഞ് വീറോടെ വിമർശിക്കാം. അതുപക്ഷേ, അത്രയും കാലം അയാൾ പടുത്തുയർത്തിയ വ്യക്തി ജീവിതത്തിലെ വിശുദ്ധിയെ തച്ചുതകർക്കുംവിധം അധമമാകരുത്.

സോളാർ തട്ടിപ്പുകേസ് പ്രതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. കേസ് നിലനിൽക്കുകയില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ച് പരാതിക്കാരിയിൽ നിന്ന് പരാതി എഴുതിവാങ്ങിയാണ് സി.ബി.ഐക്ക് സംസ്ഥാന സർക്കാർ കേസ് കൈമാറിയത്. ഇങ്ങനെയായിരുന്നു രാഷ്ട്രീയ എതിരാളികളെ പരാജയപ്പെടുത്തേണ്ടിയിരുന്നതെങ്കിൽ കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നരായ കെ. കരുണാകരനും ഇ.കെ നായനാർക്കും എന്നേ അങ്ങനെ ആകാമായിരുന്നു. രണ്ട് രാഷ്ട്രീയ ധ്രുവങ്ങളിൽ അടിയുറച്ച് നിന്ന് രണ്ടുപേരും പരസ്പരം പോരാടുമ്പോഴും ഊഷ്മളമായ സൗഹൃദം അവർ നിലനിർത്തി, മരണം വരെ. ഒരിക്കൽ പോലും എതിരാളിയുടെ വ്യക്തിജീവിതത്തെ മലിനപ്പെടുത്തുന്ന ആരോപണം അവരിൽ ഒരാളും ഉയർത്തിയില്ല. അതാകണം കേരളത്തിലെ രാഷ്ട്രീയനേതാക്കൾ മാതൃകയായി സ്വീകരിക്കേണ്ട പെരുമാറ്റച്ചട്ടം.
ഇന്ത്യൻ രാഷ്ട്രീയത്തിലും ഇത്തരം അപൂർവ മാതൃകയുണ്ട്. സ്വാതന്ത്ര്യസമര പോരാളിയും ആദ്യകാല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവും മുൻ ധനമന്ത്രിയുമായിരുന്ന മൊറാർജി ദേശായിയെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥാക്കാലത്ത് മിസ ചുമത്തി ജയിലിലടക്കുകയുണ്ടായി. അടിയന്തരാവസ്ഥ കഴിയുന്നത് വരെയുള്ള രണ്ടുവർഷം അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവന്നു. തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ ജനതാപാർട്ടി അധികാരത്തിൽ വന്നപ്പോൾ പ്രധാനമന്ത്രിയായത് മൊറാർജി ദേശായിയാണ്. അവസരം ഉപയോഗിച്ച് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പ്രതികാരം തീർക്കണമെന്ന് സഹപ്രവർത്തകർ മൊറാർജി ദേശായിയെ നിർബന്ധിച്ചപ്പോൾ അതിന് വഴങ്ങാതെ രാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയാദർശത്തിന്റെ പ്രകാശദീപ്തമായ മാതൃക കാണിച്ച പ്രധാനമന്ത്രിയായിരുന്നു മൊറാർജി ദേശായി എന്നോർക്കാം. അന്യംനിന്നുപോയ ഇത്തരം രാഷ്ട്രീയ സംസ്‌കാരത്തെ തിരിച്ചുപിടിക്കുമ്പോൾ മാത്രമേ മലിനമായിക്കൊണ്ടിരിക്കുന്ന, ഭൗതികമായ ആർത്തികളിൽ ആഴ്ന്നുകൊണ്ടിരിക്കുന്ന കേരളീയ രാഷ്ട്രീയത്തിന് മഹിതമായ കേരളീയ സംസ്‌കാരത്തിന്റെ പ്രതിബിംബമാകാൻ കഴിയൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.