2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

സാമൂഹ്യജനായത്തവും പ്രാതിനിധ്യവും തകർക്കുന്ന സാമ്പത്തിക സംവരണം

ഡോ. അജയ് ശേഖർ

ജനായത്തം ശ്രമകരമായ ജീവിതസംസ്‌കാരവും ധാമ്മിക(പാലി) സഭ്യതയും മൈത്രിയെന്ന സാഹോദര്യ ചിന്തയിലടിയുറച്ച സമതയുടെയും ജനതയുടെയും ലോകൈക തത്വചിന്തയുമാണ്. അംബേദ്കറുടെ ജേണലുകളായിരുന്നു ഇവ. സാമൂഹ്യ പങ്കാളിത്തവും പ്രാതിനിധ്യവുമുള്ള ബുദ്ധരുടെ അഥവാ തമിഴക രീതിയിൽ പുത്തരുടെ സംഘമാണ് അംബേദ്കറെ ഇന്ത്യൻ ജനായത്ത നിർമാണഘടന നിർമിക്കാൻ അടിത്തട്ടിൽനിന്ന് പ്രചോദിപ്പിച്ചത്. ബുദ്ധനെയും കബീറിനെയും ഫൂലേയേയുമാണ് നവബുദ്ധനായ അംബേദ്കർ ഗുരുക്കന്മാരായി കണ്ടത്. ആ പുത്തനിന്ത്യയേയും പുത്തൻ കേരളത്തേയും നാം വീണ്ടെടുക്കേണ്ടതാണ്.
അവസാനകാല ബി. ബി.സി ഭാഷണത്തിൽ സ്വാതന്ത്ര്യ, സമത്വ, സാഹോദര്യങ്ങളെന്ന ആധുനികതയുടെ അടിസ്ഥാന ജനായത്ത മൂല്യങ്ങൾ യൂറോപ്യൻ ആധുനികതയിൽ നിന്നു മാത്രമല്ല തൻ്റെ മാസ്റ്ററായ ബുദ്ധനിലും അദ്ദേഹത്തിൻ സംഘനിയമാവലിയിൽ നിന്നുമാണത് വീണ്ടെടുക്കുന്നതെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അംബേദ്കർ പാലി പഠിച്ച് ബൗദ്ധ വൈജ്ഞാനിക രചനകളിലൂടെ ഗവേഷണമാരംഭിച്ചപ്പോഴാണ് ആധുനിക ജനായത്ത ഇന്ത്യ ഉണ്ടായതും ഇന്ത്യാചരിത്രം മാറിയതും. ജാതിവർണാന്ധതയുടെ ഇരുട്ടിൽ നിന്ന് അനുകമ്പാപൂർവം വിമോചിപ്പിച്ച ആധുനിക കേരള വിധാതാവായി ഗുരുവിനെ കുറിച്ചു പറയുന്ന പോലെ യഥാർഥ ആധുനിക ഇന്ത്യയുടെ വിധാതാവായി നവബുദ്ധൻ ജനങ്ങളാൽ വീണ്ടെടുക്കപ്പെടുന്നു.

ശൂദ്രനും അവർണനും മ്ലേഛനും മാത്രമല്ല ചണ്ടാല സ്ത്രീക്കും പുത്തരുടെ സംഘത്തിൽ അഥവാ സംഘടിതമായ ജനായത്ത പങ്കാളിത്തക്രമത്തിൽ തുല്യസ്ഥാനമാണ്. ഇതിനെയാണ് ഇഴചേർന്ന ഈഴമെന്നു തെക്കൻ പ്രാകൃതമെന്ന് അംബേദ്കർ വിളിക്കുന്ന പ്രാചീന തമിഴിൽ പറയുന്നത്. വിശ്വോത്തര ജനായത്തവും വെട്ടിനീക്കപ്പെട്ടവരുടെ ജനായത്ത പ്രാതിനിധ്യവുമാണ് ഇഴചേർന്ന ഈഴവും പ്രബുദ്ധമായ സംഘവും. തമിഴിൽ ചങ്കം എന്നുമതറിയപ്പെടുന്നു. സംഘസംസ്‌കാരവും സാഹിത്യവുമാണ് വള്ളുവരും അതിനെ ഉപജീവിച്ച് ഗുരുവും മൂലൂരും പാടിയ പോലെ തെന്നിന്ത്യയുടെ നാഗരീകാധാരം.

ജാതിഹിന്ദുത്തമെന്ന വൈദിക സനാതന വർണാശ്രമധർമത്തിൻ ചാണകക്കൂനയിൽ ജനായത്തം പടുത്തുയർത്തുന്നത് ശ്രമകരമാണ്. കാരണം രണ്ടായിരം വർഷത്തോളമായി അംബേദ്കർ പറയുന്നപോലെ അവസാന മൗര്യ ചക്രവർത്തിയെ ചതിയിൽ കൊന്ന ബ്രാഹ്മണ കൊലയാളി-പടയാളി സഖ്യത്തിനു ശേഷം മനുസ്മൃതിയെന്ന വർണജാതി മണിപ്രവാളമായിരുന്നു ഇന്ത്യയുടെ രാജനീതിയും ശിക്ഷാവിധിയും. തെന്നിന്ത്യയിൽ എട്ടാം നൂറ്റാണ്ടു മുതൽ ശൈവവൈഷ്ണവ ഭക്തിലഹരികളിലൂടെ ബ്രാഹ്മണിക വർണാശ്രമധർമം സ്ഥാപിക്കപ്പെട്ടു. മാവേലിയെയും മഹിഷാസുരനെയും രാവണനെയും ചവിട്ടിത്താഴ്ത്തുന്ന വാമനാദർശം പിടിമുറുക്കി. സഹോദരൻ്റെ ഓണപ്പാട്ടും 1934 ലെ പദ്യകൃതികളിലെ ബുദ്ധകാണ്ഡവും പഠിക്കപ്പെടണം. അശോക കാലം മുതൽ അതുവരെയുള്ള പ്രബുദ്ധതയുടെ ചരിത്രം കുട്ടികൾ പഠിച്ചാലേ ജാതിയുടെ ഇരുട്ടിനെ കുറിച്ചു മനസ്സിലാകൂ, ജനായത്തത്തിനായി അവർ ജീവിക്കൂ.
രാഷ്ട്രശിൽപി അംബേദ്കർ അതുകൊണ്ടാണ് ജീവിതമർപ്പിച്ച് ബുദ്ധിസത്തെ ഇന്ത്യയിൽ വീണ്ടെടുത്തത്. അത് പരമ്പരാഗത മതമല്ല, ഉൾക്കൊള്ളലിൻ പ്രാതിനിധ്യ ജനായത്ത തത്വചിന്തയാണ് എന്നദ്ദേഹം പറയുന്നു. സാമൂഹ്യ പ്രാതിനിധ്യമില്ലാതെ സാമൂഹ്യ ജനായത്തമില്ല. ഏതാനും അമിതപ്രാതിനിധ്യ കുത്തക സവർണരുടെ ഭരണം കേവലം ഒലിഗാർക്കി ആകുന്നു. പര്യാപ്തമായ പ്രാതിനിധ്യം എന്നത് രാഷ്ട്രീയ പൗരാവകാശമാക്കിയത് 16.4 അനുഛേദത്തിൽ അംബേദ്കർ എഴുതിയാഴ്ത്തിയ നീതിയുടെ ആംഗല അക്ഷരങ്ങളാണ്.

ആംഗലവും ആധുനികതയും നീതിയും ജനായത്തവും ഇന്ന് ഒലിഗാർക്കിയുടെ കുത്തക പെരുക്കുന്ന സാമ്പത്തിക സവർണ സംവരണത്തിലൂടെ ഭീഷണിയിലാണ്. സവർണർക്കുള്ള സാമ്പത്തിക സംവരണത്തിനായി നടത്തിയ 103ാം ഭരണഘടനാ ഭേദഗതി തിരുത്താതെ ഇന്ത്യ രക്ഷപെടില്ല. ജനായത്ത ഭരണഘടനയിൽ ജാതിഹിന്ദു കുത്തക ശക്തികൾ കുത്തിച്ചെലുത്തിയ അർബുദമാണത്.

കേരളത്തിൽ 2018 നവംബറിലെ ദേവസ്വം ബോഡ് ഓഡിനൻസിലൂടെയാണ് ഭരണഘടനയുടെ സാമൂഹ്യനീതിയുടെ കഴുത്തിൽ ഗുരു പറഞ്ഞപോലെ, രാമാദികളുടെ കാലത്തെ ശംബൂക ശൂദ്രാദികളുടെ ഗതിപോലെ കത്തിവയ്ക്കുന്ന സാമ്പത്തിക മാനദണ്ഡം കുത്തിച്ചെലുത്തുന്ന അട്ടിമറി നടന്നത്. 1958ൽ തന്നെ സാമുഹ്യപ്രാതിനിധ്യ വിരുദ്ധമായ സാമ്പത്തിക വാദം കേരളത്തിൽ ഭരണപരിഷ്‌കാര കമ്മിഷനിലൂടെ ഭരണഘടനാ അട്ടിമറി തുടങ്ങി. സാമുദായിക സംവരണം സർവിസിൻ്റെ കാര്യക്ഷമത തകർക്കും എന്നായിരുന്നു ജനായത്ത പ്രാതിനിധ്യത്തിനെതിരായ ബ്രാഹ്മണികവാദം.

രാഷ്ട്രീയ പ്രാതിനിധ്യത്തിലും പങ്കാളിത്തത്തിലും സാമ്പത്തികമായ ഒരു ഘടകവും സാധുവല്ല. ജനായത്ത ആധാരമായ സാമൂഹ്യ പ്രാതിനിധ്യത്തിനുള്ള സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കുന്ന ഒരു ഉപാധിയാണ് സംവരണം. അതു സാമ്പത്തികമേ അല്ല, രാഷ്ട്രീയാവകാശവും പ്രാതിനിധ്യ ജനായത്ത മാർഗവുമാണ്. എല്ലാവരും കുബേരരായ സമുദായത്തിനും ജനായത്തത്തിൽ സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കണം.
രാഷ്ട്രീയ സ്വയംസേവക സമാജക്കാർ വോട്ടുചോർച്ച ഭയന്ന് മിണ്ടാൻ മടിച്ചതാണ് കേരളത്തിലൂടെ പുഷ്പംപോലെ നടത്തിയെടുത്തത്. ഇന്ത്യൻ ജനായത്തവും റിപ്പബ്ലിക്കും തകർന്നാലെന്ത് തങ്ങളുടെ കുത്തകയും അട്ടിപ്പേറും പെരുക്കാനായല്ലോ. മൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യൻഭരണകൂടം അതു നടപ്പാക്കിയത്. ദേവസ്വം ബോഡിൽ 90 ശതമാനവും ഒറ്റ ജാതി ഹിന്ദുക്കളായിരുന്നു. അവിടെ പത്തു ശതമാനവും കൂടി കവർന്നെടുത്ത് നൂറു ശതമാനം സവർണജാതിക്കാരുടെ പരിപൂർണ സംവരണം പൂർത്തിയാക്കി. ഇതെല്ലാ മേഖലകളിലും ആവർത്തിക്കുകയാണ്. ഇതവസാനിപ്പിക്കുന്നവരെ പിന്നോക്കരും ദലിതരും ന്യൂനപക്ഷത്തിൽ പ്രാതിനിധ്യ ജനായത്ത ബോധമുള്ളവരും സമരം ചെയ്യട്ടെ. പ്രാതിനിധ്യം സമസ്തമേഖലകളിലും വ്യക്തമാക്കുന്ന കണക്കും ജാതിസെൻസസും കൂടി നടന്നാലേ അമിത പ്രാതിനിധ്യവും പ്രാതിനിധ്യമില്ലായ്മയും വ്യക്തമാകൂ.

മുന്നോക്കം എന്നാൽ പ്രാതിനിധ്യത്തിൽ മുന്നോക്കമെന്നാണ് ഭരണഘടനാ സൂചന. പിന്നോക്കമെന്നാൽ പ്രാതിനിധ്യത്തിൽ പിന്നോക്കമെന്നും ചുരുക്കം. പ്രാതിനിധ്യമില്ലാത്ത പിന്നോക്ക ജനസമുദായങ്ങളും ന്യൂനപക്ഷങ്ങളും യാഥാർഥ്യം മനസ്സിലാക്കി അവകാശ പ്രക്ഷോഭത്തിലേക്കു വന്നാലേ രാഷ്ട്രീയകക്ഷികളുടെ നിലപാടു മാറൂ. ഇല്ലങ്കിൽ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകൾക്കു സംഭവിച്ചിരിക്കുന്ന പോലെ പ്രാതിനിധ്യമില്ലായ്മയിലേക്ക് ദലിതരും പിന്നോക്ക സമുദായങ്ങളും ഇതര ന്യൂനപക്ഷങ്ങളും വീഴുമെന്ന് പ്രൊഫസർ മോഹൻ ഗോപാൽ മുന്നറിയിപ്പു നൽകുന്നുണ്ട്.

ഈ ഭരണഘടനാ അട്ടിമറി നടത്തിയത്, ശബരിമല ശൂദ്ര ലഹളയുടെ സമ്മർദ പരിസരത്ത് അവർണ പുരുഷനായ കേരള മുഖ്യമന്ത്രിയെ തെരുവിൽ വരേണ്യ സ്ത്രീയായ മണിപ്പിള്ളയെ കൊണ്ട് മണിപ്രവാളത്തേയും നാണിപ്പിക്കുന്ന, അശോക കേരളത്തെ കെടുത്തുന്ന ജാതിത്തെറി വിളിപ്പിച്ചായിരുന്നു. ലിംഗത്തെയും വർഗത്തെയും വെല്ലുന്ന ജാതി യാഥാർഥ്യം വർത്തമാനത്തിൽ ഒരിക്കൽ കൂടി വ്യക്തമായി.
ക്ഷുദ്ര ലഹളയുടെ അരങ്ങൊരുക്കിയത് 2000 തുടക്കം മുതൽ പൊതുപണവും അക്കാദമികളും ദുരുപയോഗം ചെയ്തു നിരന്തരം കുലീനർ നടത്തിയ പുരാണ പട്ടത്താനങ്ങളിലൂടെയായിരുന്നു. മാവാരത ഭട്ടന്മാരെ ഉപയോഗിച്ചു നടത്തിയ പട്ടത്താന ലീലകളിലൂടെയാണ് ബൗദ്ധമായ കേരളത്തെ വൈഷ്ണവ ഹൈന്ദവമാക്കിയതെന്ന് ഇളംകുളം വിശദീകരിച്ചിട്ടുണ്ട്. ഹൈന്ദവമായ പൊതുബോധവും രണശൂരമായ ക്ഷുദ്രതയും ബ്രാഹ്മണരെയും വെല്ലുന്ന ഹൈന്ദവാഭിനിവേശവും ചരിത്രം പഠിക്കാത്ത സാധാരണക്കാരുടെ മേൽ കെട്ടിക്കേറ്റുന്നതീ ആവർത്തനങ്ങളാണ്. ശൂദ്ര, ചണ്ടാള കോമരങ്ങളെ രണ്ടുദിവസത്തെ ലൈസൻസു കൊടുത്തു നടത്തുന്ന കാവുതീണ്ടലു പോലെ ഒരു പള്ളിപൊളിക്കൽ കാര്യപരിപാടിയാണിത്. അംബേദ്കറുടെ പരിനിബാണമാണ് പള്ളിപൊളിക്കാനും നിജപ്പെടുത്തിയത്. പട്ടത്താനികളും ഗിരിപ്രഭാഷകരും ചെയ്യുന്നത് എന്തെന്ന് ക്രിസ്തു കുരിശിൽ പറഞ്ഞ പോലെ അവരറിയുന്നില്ല. പ്രാതിനിധ്യ കണക്കിനും യാഥാർഥ്യത്തിനും നീതിനിയമങ്ങൾക്കും ഭരണഘടനയ്ക്കും നിരക്കാത്ത ഈ സാമ്പത്തിക സവർണ സംവരണവാദത്തെ തുറന്നെതിർത്ത ലേഖകനെ പോലുള്ളവരെ സഹോദര ജനതകളെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തി ജോലിസ്ഥലങ്ങളിൽ നിന്ന് നാടുകടത്തുകയുമായിരുന്നു.

സാഹോദര്യത്തോടെ ഒന്നിച്ചുനിന്ന് പ്രാതിനിധ്യത്തിനും നീതിക്കുമായി പോരാടിയാൽ ഇന്ത്യയെ ജനായത്തപരമായി നിലനിർത്താം എന്നു ബഹുജനങ്ങൾ തിരിച്ചറിയണം. പുരാണ പട്ടത്താനങ്ങളിലൂടെ ചരിത്ര യാഥാർഥ്യ ബോധം ഇല്ലാതായതാണ് പ്രശ്‌നം. വിദ്യാഭ്യാസത്തിലൂടെയാണീ ജനായത്ത വിരുദ്ധമായ ലാവണ്യ, മികവുവാദ, കാവ്യേതിഹാസ, സാഹിത്യ ലീലാവിലാസങ്ങളെല്ലാം അവർണ വിദ്യാർഥികളിലും അടിച്ചുറപ്പിക്കുന്നത്. വിമർശബോധമുള്ള അവർണ വിദ്യാർഥികളെയും ഗവേഷകരെയും തിരഞ്ഞുപിടിച്ചു പുറത്താക്കാനും അമർത്താനും ഒലിഗാർക്കിയുടെ പണ്ഡിതമന്യരും പട്ടത്താനികളും രംഗത്തുണ്ട്. കേരളത്തിൻ്റെയും ഇന്ത്യയുടെയും പ്രബുദ്ധമായ അശോകൻ പൈതൃകത്തെയും ബുദ്ധിസം സാധ്യമാക്കിയ സംഘസാഹിത്യത്തേയും വെട്ടിമൂടി വ്യാജമായ ഹൈന്ദവ വൈദിക സനാതന കിരാതത്വത്തെ അടിച്ചേൽപ്പിക്കുന്നതിലൂടെയാണിത് വിദ്യാഭ്യാസ, മാധ്യമ രംഗത്തു നടക്കുന്നത്.
കേരള നവോത്ഥാനത്തെ സാധ്യമാക്കിയ ആദി ഉയിർപ്പായ അശോകൻ ബുദ്ധവാദത്തെ ബഹുജനങ്ങൾ അറിയേണ്ടതുണ്ട്. ഗുരുവിനെ കേരള ബുദ്ധനായാണ് ശിഷ്യരായ കവികൾ മൂലൂരും കറുപ്പനും സഹോദരനും ആശാനുമെല്ലാം ചമൽക്കാരം ചെയ്തത്. അംബേദ്കർ വിശദീകരിച്ച പോലെ തൊട്ടുകൂടാത്തവരെല്ലാം ബൗദ്ധരായിരുന്നു. അവരെ ബ്രാഹ്മണ്യം ജാതിത്തീണ്ടലിലൂടെ ശിക്ഷിച്ചു. മതപീഡനതലം ജാതിക്കുണ്ട്. അശോക വിജയ ദശമികൾ ഇനിയും വരും. അതിദേശീയത ഭേദിക്കാനുള്ള സാധ്യതകൾ നവബുദ്ധനിലാണ്. അംബേദ്കറുടെ സാമൂഹ്യ ജനായത്ത ദർശനവും അതിനെ നിയമ രേഖയാക്കിയ ഇന്ത്യയുടെ സാമൂഹ്യ പ്രാതിനിധ്യത്തിലടിയുറച്ച ജനായത്ത ഭരണഘടനയും വീണ്ടെടുക്കുക എന്നതാകട്ടെ കേരളത്തിൻ രാഷ്ട്രീയ അജൻഡ. ആദിമ സോദരരായ തമിളർ അതു കാട്ടിത്തരുന്നു. കേരളത്തിനും തെറ്റു തിരുത്താനുള്ള അവസാന അവസരമായി.

(അവസാനിച്ചു)
(കാലടി സർവകലാശാല അസിസ്റ്റൻ്റ്
പ്രൊഫസറാണ് ലേഖകൻ)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.