2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രതിപക്ഷ ഐക്യത്തിന് മമത മുന്നിട്ടിറങ്ങും?

   

 

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി ബി.ജെ.പിക്കെതിരേ പുതിയ പോരിനിറങ്ങുന്നുവെന്ന് സൂചന. കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷ ഐക്യം സാധ്യമാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അടക്കമുള്ള വിവിധ പാര്‍ട്ടി നേതാക്കളുമായി അവര്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഈ മാസം അവസാനമാണ് മമത കൂടിക്കാഴ്ചകള്‍ നടത്തുകയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ മാസം 25ന് മമത ഡല്‍ഹിയിലെത്തും. തുടര്‍ന്ന് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ തുടക്കമിടുമെന്നാണ് മമതയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബംഗാളില്‍ ബി.ജെ.പിയുടെ വലിയ വെല്ലുവിളിയെ നിലംപരിശാക്കി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെയാണ് മമത ദേശീയതലത്തില്‍ നീക്കങ്ങള്‍ സജീവമാക്കുന്നത്.

ബംഗാളില്‍ മമതയ്ക്കു വിജയം ഉറപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എന്‍.സി.പി നേതാവ് ശരത് പവാര്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയ നേതാക്കളുമായി അവര്‍ അടുത്തുതന്നെ കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി, ഇന്ധന വിലവര്‍ധനവ് തുടങ്ങിയ പ്രതിസന്ധികള്‍ക്കു പിന്നാലെ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം ചേരാനിരിക്കേയാണ് മമതയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഈ പാര്‍ലമെന്റ് സെഷനില്‍ ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസ് നേരത്തേതന്നെ തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായാണ് ഡല്‍ഹിയിലെത്തുന്നതെന്നും സാധ്യമായാല്‍ പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തുമെന്നും മമത പ്രതികരിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.