2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

അനാവശ്യ ഭീതി പരത്തുന്ന മണിയാശാൻ

പോളണ്ട് പോലെയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. പോളണ്ടിനെപ്പറ്റി മിണ്ടാൻ പാടില്ലല്ലോ. അതുപോലെ കേരളത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെപ്പറ്റിയും കുറ്റമൊന്നും പറയാൻ പാടില്ലെന്നാണ് ഭരണകൂടത്തിന്റെ ആജ്ഞ. അണക്കെട്ടിന്റെ ബലക്ഷയത്തെപ്പറ്റി സംശയം പ്രകടിപ്പിക്കുന്നതുപോലും ദേശദ്രോഹത്തിന് സമാനമായ വലിയ കുറ്റമായാണ് കണക്കാക്കുക. അങ്ങനെ പറയുന്നവർക്കെതിരേ ”അനാവശ്യ ഭീതി പരത്തൽ” എന്നൊരു വകുപ്പിൽ കേസെടുക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
രാജകൽപനകൾ തിരുവായ്ക്ക് എതിർവായില്ലാതെ പഞ്ചപുച്ഛമടക്കി അനുസരിക്കുന്ന ജനതയാണല്ലോ ഏതൊരു ഭരണകൂടത്തിന്റെയും ഐശ്വര്യം. കേരളത്തിലെ ഭരണവർഗ രാഷ്ട്രീയക്കാരുടെ മഹാഭാഗ്യത്തിന് അത്തരമാളുകൾ മഹാഭൂരിപക്ഷമുള്ള നാടാണിത്. അക്കൂട്ടത്തിലൊരാളായ ഞാനും ആ അണക്കെട്ടിനെപ്പറ്റി ഒരു കുറ്റവും പറയുന്നില്ല. അത് പൊട്ടുമോ പൊട്ടില്ലേ എന്നൊക്കെ പ്രവചിക്കാനുള്ള എൻജിനീയറിങ് വിവരം എനിക്കില്ലാത്തതാണ് ഒന്നാം കാരണം. പേടിയാണ് രണ്ടാം കാരണം. എന്തെങ്കിലും ലഘുലേഖകളും ചെ ഗുവേരയുടെ ഡയറിയുമൊക്കെ കൈവശം വച്ചാൽ പോലും യു.എ.പി.എ കിട്ടുന്നൊരു നാട്ടിൽ എന്തെങ്കിലുമൊക്കെ പറയുന്നതിനു മുമ്പ് നൂറു വട്ടം ചിന്തിക്കണമല്ലോ. പിന്നെയുമുണ്ട് കാരണം. അതു പൊട്ടിയാൽ തന്നെ വെള്ളം കോഴിക്കോട്ടൊന്നും എത്തില്ല. ഞാനും എന്റെ കുടുംബവും അയൽവാസികളും സുരക്ഷിതരായിരിക്കും. ഇങ്ങനെയൊക്കെയുള്ളൊരു കാര്യത്തിൽ വേവലാതിപ്പെടേണ്ട ബാധ്യത ശരാശരി കേരളീയനില്ലല്ലോ.

എന്നാൽ എല്ലാ കേരളീയരും ഞാനുൾപ്പെടുന്ന മഹാഭൂരിപക്ഷത്തെപ്പോലെയല്ലെന്നാണ് തോന്നുന്നത്. പറയേണ്ടതു പറയാൻ ധൈര്യമുള്ള കുറച്ചാളുകളും ഇവിടെയുണ്ട്. അക്കൂട്ടത്തിലൊരാളാണ് മുൻ മന്ത്രി എം.എം മണിയാശാൻ. പറയാനുള്ളത് പറയാൻ അദ്ദേഹം ആരെയും ഭയക്കാറില്ല. വൺ, ടൂ, ത്രീ ക്രമത്തിൽ വെട്ടിത്തുറന്നു പറയുക തന്നെ ചെയ്യും. ആ ശീലംകൊണ്ടായിരിക്കണം ഭൂമി കൈയേറ്റക്കാരും റിസോർട്ട് മാഫിയാ സംഘങ്ങളും ഇടുക്കിയിലെ സാധാരണക്കാരുമടക്കമുള്ളവർക്കെല്ലാം പ്രിയങ്കരനായ ജനകീയ നേതാവായി അദ്ദേഹം മാറിയത്. ജനമെന്നാൽ ഇപ്പറഞ്ഞ കൂട്ടരെല്ലാം ചേർന്നതാണല്ലോ. പുറത്തുള്ള പലർക്കും അത്രയ്‌ക്കൊന്നും അഭിമതനല്ലെങ്കിലും ഇടുക്കിക്കാർക്ക് അദ്ദേഹം പ്രിയപ്പെട്ടവനാണ്. പണ്ട് വൺ, ടൂ, ത്രീ കേസിൽപെട്ടപ്പോൾ അനുയായികൾ ‘കണ്ണേ, കരളേ, മണിയാശാനേ, ജീവൻ വേണേൽ ജീവൻ നൽകാം…’ എന്നൊക്കെ മുദ്രാവാക്യം വിളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ആരും മറന്നുകാണില്ല. അങ്ങനെ ജനപിന്തുണയുള്ളവർക്ക് പിന്നെ അധികമാരെയും പേടിക്കേണ്ടതില്ല.

സംസ്ഥാന ഭരണം നയിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എം.എൽ.എയുമായിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് സർക്കാരിന്റേതിനു വിരുദ്ധമായ അഭിപ്രായം അദ്ദേഹം പൊതുവേദിയിൽ വെട്ടിത്തുറന്നുപറഞ്ഞത് ഭരണകൂടഭയം ഇല്ലാത്തുകൊണ്ടു തന്നെ ആയിരിക്കണം. ഇനിയിപ്പോൾ ഇതിന്റെ പേരിൽ മണിയാശാനെതിരേ അനാവശ്യ ഭീതി പരത്തൽ കുറ്റം ചുമത്തി കേസെടുക്കുമോ എന്ന് കാത്തിരുന്നു കാണാം.
ഇനി ഏതു ഭരണകൂടമായാലും മണിയാശാനോട് കളിക്കാൻ ചെന്നാൽ അദ്ദേഹം കളി പഠിപ്പിച്ചുവിടുമെന്നും ഉറപ്പാണ്. ഉഗ്രപ്രതാപിയായ വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ പൊളിക്കാൻ അയച്ച മണ്ണുമാന്തികളും പൊളിക്കുന്നതിനു നേതൃത്വം നൽകാൻ അയച്ച പൂച്ചകളെയുമൊക്കെ മണിയാശാൻ തിരിച്ചോടിച്ചത് ഇടുക്കിയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട അധ്യായമാണ്. മഹത്തായ ഇടുക്കി വിപ്ലവമെന്ന പേരിൽ ഇത് ഭാവിയിൽ അറിയപ്പെടും. അങ്ങനെയുള്ളൊരു വിപ്ലവം നയിച്ച അദ്ദേഹത്തിനു നേരെ ബ്രണ്ണൻ കോളജ് മോഡൽ ‘മറ്റേ പണി’യുമായി ചെന്നാൽ അതവിടെ ഏശില്ല. സംസ്ഥാന ഭരണകൂടത്തിന് ഇരട്ടച്ചങ്കുണ്ടെങ്കിൽ മണിയാശാന് ചങ്ക് മൂന്നാണെന്നാണ് ഇടുക്കിയിലെ അദ്ദേഹത്തിന്റെ ആരാധകവൃന്ദം പറയുന്നത്.

രാഷ്ട്രീയം ചോരുന്ന
രാഷ്ട്രീയക്കൊല

ദിവസങ്ങളുടെ ഇടവേളകളിൽ കേരളത്തിൽ ഏതെങ്കിലും രാഷ്ട്രീയകക്ഷികളുടെ പ്രവർത്തകർ കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കും. കുറേക്കാലമായി അതൊരു നാട്ടുനടപ്പാണ്. മലയാളിക്ക് അത് മാസ്‌ക് പോലെ സുപരിചിതമാണ്. നാട്ടിലെ മിക്ക രാഷ്ട്രീയകക്ഷികളും ഇക്കാര്യത്തിൽ ഏറിയോ കുറഞ്ഞോ സംഭാവന നൽകുന്നുമുണ്ട്. നാട്ടുകാർക്കിപ്പോൾ അത് വലിയൊരു വിഷയമല്ല. അതുകൊണ്ടുതന്നെ എതിർചേരിക്കാരനെ കൊന്ന കേസിൽ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും പ്രവർത്തകരും ആരോപണവിധേയരോ പ്രതികളോ ഒക്കെയാകുന്നത് വലിയ അപരാധമായി ആരും കാണുന്നുമില്ല. അവർക്ക് പാർട്ടികളിലോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലോ സ്വീകാര്യത കുറയുന്നുമില്ല, ചുരുക്കം ചിലർ മറ്റു രാഷ്ട്രീയ കാരണങ്ങളാൽ തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ടെങ്കിലും.

ഇങ്ങനെയുള്ള കൊലകൾക്ക് നമ്മൾ രാഷ്ട്രീയക്കൊലകൾ എന്നാണ് പറഞ്ഞുപോരുന്നത്. അതൊരു നാട്ടുവഴക്കം. രാഷ്ട്രീയക്കാരൻ വധിക്കപ്പെട്ടാൽ രാഷ്ട്രീയക്കൊല എന്ന് സാരം. അതിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും.
പണ്ടൊക്കെ ഇങ്ങനെ രാഷ്ട്രീയപ്രവർത്തകർ കൊല്ലപ്പെട്ടാൽ കീചക ഭീമ ന്യായത്തിൽ ഉടൻ തന്നെ കൊന്നതാരാണെന്ന് നാട്ടുകാരും പത്രക്കാരുമൊക്കെ ഊഹിക്കാറുണ്ടായിരുന്നു. ആ ഊഹം ശരിയാകാറുമുണ്ടായിരുന്നു. 1980കളിലും 90കളിലും കണ്ണൂർ ജില്ലയിൽ സി.പി.എം – ആർ.എസ്.എസ്, നാദാപുരത്ത് സി.പി.എം -മുസ്‌ലിം ലീഗ്, ചിലയിടങ്ങളിൽ സി.പി.എം – കോൺഗ്രസ് എന്നിങ്ങനെയായിരുന്നു കൊല്ലലും ഒടുങ്ങലും. ഓരോ പ്രദേശത്തും ഒരു രാഷ്ട്രീയ പ്രവർത്തകൻ കൊല്ലപ്പെട്ടാൽ കൊന്നതാരെന്ന് ഏറക്കുറെ ഉറപ്പിക്കാവുന്ന അവസ്ഥ അന്നുണ്ടായിരുന്നു. ചുക്കില്ലാത്ത കഷായമില്ലാത്തതുപോലെ ഒരുവശത്ത് ഏതു പാർട്ടിയായാലും മറുവശത്ത് സി.പി.എം ആയിരിക്കുമെന്ന സവിശേഷതയുമുണ്ടായിരുന്നു.അങ്ങനെ രക്തസാക്ഷികളുടെ, അല്ലെങ്കിൽ ബലിദാനികളുടെ എണ്ണം പെരുക്കിക്കൊണ്ട് പ്രബുദ്ധ കേരള രാഷ്ട്രീയം മുന്നേറി. ഏതു പാർട്ടിക്കും രക്തസാക്ഷികൾ വലിയ മുതൽക്കൂട്ടാണ്.
പിന്നീട് ഈ രംഗത്തേക്ക് ഒരിക്കൽ എൻ.ഡി.എഫ് ആയിരുന്ന, പിന്നീട് പോപ്പുലർ ഫ്രണ്ട് ആയി മാറിയ സംഘടനയും അവരുടെ രാഷ്ട്രീയകക്ഷിയായ എസ്.ഡി.പി.ഐയുമൊക്കെ കടന്നുവന്നു. അതോടെ ഒരുവശത്ത് സി.പി.എമ്മിന്റെ കുത്തകാധിപത്യം അവസാനിക്കുകയും കൊല്ലുന്നത് പലരും തമ്മിലാകുകയുമുണ്ടായി. അതോടെ ആരെങ്കിലും കൊല്ലപ്പെട്ടാൽ മറുവശത്ത് ആരെന്ന് പെട്ടെന്ന് തിരിച്ചറിയാതെയായി. എന്നുമാത്രമല്ല കൊല്ലപ്പെടുന്ന പാർട്ടിക്കാരൻ ആരെന്നുപോലും ആദ്യം അറിയാത്ത സ്ഥിതിപോലുമുണ്ടായി. പലപ്പോഴും ‘ഞങ്ങളുടെ ഡെഡ്‌ബോഡി ഞങ്ങൾക്കു വേണം’ എന്നുപറഞ്ഞ് ഏതെങ്കിലും പാർട്ടിക്കാർ ചാടിവീഴുമ്പോഴാണ് കൊല്ലപ്പെട്ടയാൾക്ക് ഏതെങ്കിലും രാഷ്ട്രീയകക്ഷിയുമായി ബന്ധമുണ്ടായിരുന്നെന്ന് അയാളുടെ സ്വന്തം നാട്ടുകാർ പോലും അറിയുന്നത്.

മാത്രമല്ല, കൊലയാളികൾ മറ്റൊരു പാർട്ടിക്കാർ തന്നെ ആവണമെന്നില്ലെന്ന അവസ്ഥയും വന്നു. കൊല്ലപ്പെടുന്നത് ഏതെങ്കിലും പാർട്ടി പ്രവർത്തകനാണെങ്കിലും പലപ്പോഴും കൊലയാളികൾ മയക്കുമരുന്ന് സംഘാംഗങ്ങളോ സ്വർണക്കടത്തുകാരോ ഗുണ്ടകളോ ആയിരിക്കും. കാരണം രാഷ്ട്രീയമാവണമെന്നുമില്ല. ഇടപാടുകളിലെ തർക്കങ്ങളും മറ്റുമായിരിക്കും കാരണം. കൊല്ലപ്പെടുന്ന രാഷ്ട്രീയക്കാരനും ഏതെങ്കിലും നിയമവിരുദ്ധ ഇടപാടുകളിൽ പങ്കാളിയാണെന്ന വാർത്തയും അത്തരം സന്ദർഭങ്ങളിൽ പുറത്തുവരാറുണ്ട്.
അതൊന്നും വലിയ അത്ഭുതമല്ല. രാഷ്ട്രീയകക്ഷികളിൽനിന്ന് രാഷ്ട്രീയം ചോർന്നുപോകുന്ന കാലത്ത് അവരുടെ പ്രവർത്തനശൈലിയുടെ ഭാഗമായ രാഷ്ട്രീയക്കൊലകളിൽനിന്നും രാഷ്ട്രീയം ചോർന്നുപോകുന്നത് സ്വാഭാവികം. മാത്രമല്ല ഇക്കാലത്ത് ഏതു കുറ്റവാളിക്കും പിടിച്ചുനിൽക്കാൻ ഏതെങ്കിലുമൊരു പാർട്ടിയുടെ പിൻബലം വേണമെന്ന അവസ്ഥയുമുണ്ട്. കൊലയ്ക്കു പിന്നിൽ രാഷ്ട്രീയകാരണങ്ങളൊന്നുമില്ലെങ്കിലും ഇപ്പോഴും കൊല്ലപ്പെടുന്നത് ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവർത്തകനാണെങ്കിൽ നമ്മളതിനെ രാഷ്ട്രീയക്കൊല എന്നു തന്നെയാണ് വിളിക്കുന്നത്. ഏറെക്കാലമുള്ളൊരു പേര് അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകില്ലല്ലോ. ഇപ്പോൾ മുതലയും കുളവുമൊന്നുമില്ലാത്ത സ്ഥലത്തെയും നമ്മൾ മുതലക്കുളം എന്നുതന്നെ വിളിക്കുന്നില്ലേ, അതുപോലെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.