2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അഷ്ടാംഗഹൃദയം പ്രാചീന മാപ്പിളസാഹിത്യത്തില്‍

'അറബിമലയാള' ലിപിയില്‍ രചിക്കപ്പെട്ട പ്രാചീനകൃതികളില്‍ ധാരാളം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇടംനേടിയിട്ടുണ്ട്. ഗദ്യമായും പദ്യമായും വിരചിതമായ കൃതികളില്‍ വിവിധ ആയുര്‍വേദ
ചികിത്സാ രീതികളെ ആസ്പദിച്ചുള്ള നിരവധി ശ്രദ്ധേയമായ രചനകള്‍ മാപ്പിള വൈദ്യന്മാരാല്‍ വിരചിതമായിട്ടുണ്ട്. ഇവയില്‍ മാപ്പിളപ്പാട്ട് രൂപത്തില്‍ എഴുതപ്പെട്ട ഏറെ പഠനമര്‍ഹിക്കുന്നതും ശ്രദ്ധേയവുമായ കൃതിയാണ് കാസര്‍കോട് മധൂര്‍ പഞ്ചായത്തിലെ പട്ടളത്ത് സ്വദേശിയായിരുന്ന കുഞ്ഞിമാഹീന്‍കുട്ടി വൈദ്യര്‍ 1893ല്‍ രചിച്ച 'വൈദ്യജ്ഞാനം' എന്ന കൃതി.'അറബിമലയാള' ലിപിയില്‍ രചിക്കപ്പെട്ട പ്രാചീനകൃതികളില്‍ ധാരാളം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇടംനേടിയിട്ടുണ്ട്. ഗദ്യമായും പദ്യമായും വിരചിതമായ കൃതികളില്‍ വിവിധ ആയുര്‍വേദ
ചികിത്സാ രീതികളെ ആസ്പദിച്ചുള്ള നിരവധി ശ്രദ്ധേയമായ രചനകള്‍ മാപ്പിള വൈദ്യന്മാരാല്‍ വിരചിതമായിട്ടുണ്ട്. ഇവയില്‍ മാപ്പിളപ്പാട്ട് രൂപത്തില്‍ എഴുതപ്പെട്ട ഏറെ പഠനമര്‍ഹിക്കുന്നതും ശ്രദ്ധേയവുമായ കൃതിയാണ് കാസര്‍കോട് മധൂര്‍ പഞ്ചായത്തിലെ പട്ടളത്ത് സ്വദേശിയായിരുന്ന കുഞ്ഞിമാഹീന്‍കുട്ടി വൈദ്യര്‍ 1893ല്‍ രചിച്ച 'വൈദ്യജ്ഞാനം' എന്ന കൃതി.

   

എന്‍.കെ ശമീര്‍ കരിപ്പൂര്‍

സഹസ്രാബ്ദങ്ങളായി ഇന്ത്യയില്‍ നിലനിന്നിരുന്ന ആയുര്‍വേദ ചികിത്സാരീതികള്‍ അധുനിക യുഗത്തിലും സവിശേഷ സ്ഥാനമര്‍ഹിക്കുന്നു. വിവിധ നൂറ്റാണ്ടുകളിലൂടെ ജീവിതം തുഴഞ്ഞ ഇവിടുത്തെ ജനങ്ങളെ വിവിധ കാലഘട്ടങ്ങളില്‍ പിടികൂടിയ മഹാമാരികള്‍ക്ക് ആയുര്‍വേദ ആചാര്യന്മാര്‍ പ്രതിവിധികള്‍ കണ്ടെത്തിയിരുന്നു. ആയുര്‍വേദമെന്നാല്‍, ആയുസ്സിന്റെ വേദം എന്നാണ് അര്‍ത്ഥമാക്കുന്നത്. സുശ്രുതന്‍, ചരകന്‍, വാഗ്ഭടന്‍ തുടങ്ങിയ ഋഷിവര്യന്മാരുടെ കൃതികളാണ് ആയുര്‍വേദത്തിലെ ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍. ഇതില്‍ വാഗ്ഭടരുടെ അഷ്ടാംഗഹൃദയവും അഷ്ടാംഗ സംഗ്രഹവുമാണ് ദക്ഷിണേന്ത്യയില്‍, വിശേഷിച്ച് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരം സിദ്ധിച്ചത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്നുവരവ് വ്യാപകമാവുന്നതിന് മുന്‍പ് കേരളത്തില്‍ സാര്‍വത്രികമായി നിലനിന്നിരുന്ന ഈ ചികിത്സാരീതിയെ ഇവിടുത്തെ വ്യത്യസ്ത സമൂഹങ്ങള്‍ ഇരുകരവും നീട്ടി സ്വീകരിച്ചിരുന്നു.

മലയാള ഭാഷയുടെ സാര്‍വജനീനതയ്ക്കു മുന്‍പ് കേരളത്തിലെ മാപ്പിളമാര്‍ക്കിടയില്‍ സാഹിത്യ വ്യവഹാര ഭാഷയായി നൂറ്റാണ്ടുകളോളം കൊണ്ടാടപ്പെട്ട ‘അറബിമലയാള’ ലിപിയില്‍ രചിക്കപ്പെട്ട പ്രാചീനകൃതികളിലും ധാരാളം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇടംനേടിയിട്ടുണ്ട്. ഗദ്യമായും പദ്യമായും വിരചിതമായ കൃതികളില്‍ വിവിധ ആയുര്‍വേദ ചികിത്സാ രീതികളെ ആസ്പദിച്ചുള്ള നിരവധി ശ്രദ്ധേയമായ രചനകള്‍ മാപ്പിള വൈദ്യന്മാരാല്‍ വിരചിതമായിട്ടുണ്ട്. 19ാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇത്തരം വൈദ്യചികിത്സാ ഗ്രന്ഥങ്ങള്‍ മാപ്പിളസാഹിത്യമെന്ന് വിളിക്കപ്പെടുന്ന അറബിമലയാളത്തില്‍ സുലഭമായി കാണാന്‍ കഴിയുന്നുണ്ട്. ഭാഷയുടെ ലിപി അറബിയും ഉച്ചാരണം മലയാളവുമായതിനാലാണ് പ്രസ്തുത ഭാഷയെ അറബിമലയാളമെന്ന് വ്യവഹരിച്ചുവരുന്നത്.

ഇത്തരം രചനകളില്‍ പുതിയകത്ത് ബാവ മുസ്്‌ലിയാരുടെ (1897) ‘വലിയ ബാല ചികിത്സ’, പാറപ്പുറത്ത് ഇല്ലത്ത്പ്പറമ്പില്‍ ബീരാന്‍കുട്ടി വൈദ്യരുടെ (1897) ‘നടപ്പുദീനത്തിനുള്ള ചികിത്സ’, ത്വിബ്ബുല്‍ അത്ഫാല്‍ (ബാലരോഗ ചികിത്സ)(1927), കീഴുപറമ്പ് എം.കെ കുഞ്ഞിപ്പോക്കര്‍ എഴുതിയ ‘വസൂരി ചികിത്സാ കീര്‍ത്തനം'(1935) കൊങ്ങണംവീട്ടില്‍ ഇബ്രാഹിംകുട്ടി മുസ്്‌ലിയാരുടെ’ ഉപകാരസാരം, വൈദ്യസാരം’ തുടങ്ങിയ കൃതികളെല്ലാം ആയുര്‍വേദത്തെയും അറബി ചികിത്സാരീതികളെയും സംയോജിപ്പിച്ചുകൊണ്ട് എഴുതപ്പെട്ട ഗ്രന്ഥങ്ങളാണ്. ഇവയില്‍ മാപ്പിളപ്പാട്ട് രൂപത്തില്‍ എഴുതപ്പെട്ട ഏറെ പഠനമര്‍ഹിക്കുന്നതും ശ്രദ്ധേയവുമായ കൃതിയാണ് ഇന്നത്തെ കാസര്‍കോട് ജില്ലയിലെ മധൂര്‍ പഞ്ചായത്തിലെ പട്ടളത്ത് സ്വദേശിയായിരുന്ന കുഞ്ഞിമാഹീന്‍കുട്ടി വൈദ്യരാല്‍ എ.ഡി 1893ല്‍ എഴുതപ്പെട്ട ‘വൈദ്യജ്ഞാനം’ എന്ന കൃതി.

അഷ്ടാംഗഹൃദയം മാപ്പിളപ്പാട്ട്

മാപ്പിളകാവ്യങ്ങളില്‍ ആയുര്‍വേദ ചികിത്സകളെ കുറിച്ചുള്ള ഏതാനും കാവ്യങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. മാപ്പിള കവികളില്‍ ചിലര്‍ പരമ്പരാഗത വൈദ്യ കുടുംബങ്ങളില്‍ പിറന്നവരുമാണ്. മോയിന്‍കുട്ടി വൈദ്യര്‍, എം.കുഞ്ഞാവ വൈദ്യര്‍ (മ: 1950)’നല്ലളം ബീരാന്‍ (1874-1972) തുടങ്ങിയവരെല്ലാം പാരമ്പര്യ ചികിത്സാ ജ്ഞാനികളും മാപ്പിള കവികളുമായിരുന്നു. മേല്‍ കവികളെപ്പോലെ വൈദ്യപാരമ്പര്യത്തില്‍ ജനിച്ച കവിയായിരുന്നു കാസര്‍കോട്ടെ പട്ടളത്ത് കുഞ്ഞിമാഹീന്‍കുട്ടി വൈദ്യരും. എ.ഡി 1893ല്‍ അദ്ദേഹം അറബിമലയാള ലിപിയിലെഴുതിയ വൈദ്യജ്ഞാനം എന്ന കാവ്യ കൃതിയുടെ ആമുഖത്തില്‍ ഇങ്ങനെ കൊടുത്തിരിക്കുന്നു: ”ഈ വൈദ്യജ്ഞാനം എന്ന കിതാബിനെ എല്ലാ വൈദ്യപുസ്തകത്തിന്നും തിരഞ്ഞെടുത്തു കോര്‍വയാക്കി(പാട്ടാക്കി) മനസ്സില്‍ തരിച്ച് (ധരിച്ച്) നില്‍ക്കുവാന്‍ തക്കവണ്ണം പാട്ട്‌പോല്‍ ചേര്‍ത്ത് യെട്ടാംഗത്തില്‍ (അഷ്ടാംഗം) നിന്ന് സര്‍വാംഗം രോഗം എന്ന പനി മുതല്‍ പാദശോനിദം വരെ ഉള്ളെ രോഗനിദാനവും അതിന് മരുന്നും സര്‍വമനുഷ്യരില്‍ ഉപകരിക്കത്തക്കവണ്ണം പട്ടളത്ത് കുഞ്ഞിമാഹിന്‍ കുട്ടി ബ്‌നു മൊഹിയദ്ദീന്‍ എന്നവരാല്‍ ഉണ്ടാക്കി തന്റെ സ്വന്ത ചിലവുമ്മേല്‍ മയ്‌സറത്ത് കുഞ്ഞിഅഹമ്മദ് എന്നവരുടെ നൂറുള്ളുലാം എന്ന അച്ചുകൂട്ടത്തില്‍ വെച്ച് അച്ചടിച്ച് തീര്‍ത്തിരിക്കുന്നു”.(1).

19ാം നൂറ്റാണ്ടിലെഴുതപ്പെട്ട ഈ കൃതിയുടെ ഭാഷ അക്കാലത്ത് നിലനിന്നിരുന്ന പ്രാദേശികമായ വാങ്മയ സ്വഭാവമുള്ള ശൈലിയിലാണ് എഴുതപ്പെട്ടുകാണുന്നത്. മുകളില്‍ ഉദ്ധരിച്ച വരികളില്‍ ‘സര്‍വ മനുഷ്യരില്‍ ഉപകരിക്കത്തക്കവണ്ണം’ എന്ന പ്രസ്താവന ഏറെ ശ്രദ്ധേയമായ ഒന്നാണ്. കവിയുടെ മാനവിക വീക്ഷണത്തിന്റെ പ്രതിഫനമായി അതിനെ വിലയിരുത്താവുന്നതാണ്. മൂലകൃതിയായ അഷ്ടാംഗഹൃദയത്തില്‍ എട്ടുതരം വിഷയ വര്‍ഗീകരണങ്ങളാണുള്ളത്. ഇവയെ കായ, ബാല, ഗ്രഹ, ഊര്‍ധ്വാംഗ, ശല്യ, ദംഷ്ട്ര, ജരാ, വൃഷമെന്നു എട്ടു പേരിലായി വിളിക്കുന്നു. ഇവയില്‍ കായ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ശരീരമാണ്. ശരീരമാസകലം വ്യാപിച്ചുണ്ടാകുന്ന ജ്വരം/പനി, ക്ഷയം, കുഷ്ഠം/ത്വഗ്‌രോഗങ്ങള്‍, ഉന്മാദം, അപസ്മാരം, പ്രമേഹം, അതിസാരം ഇത്യാദി രോഗങ്ങളുടെ ലക്ഷണങ്ങളും ചികിത്സകളും കായചികിത്സാ വിഭാഗത്തില്‍പെടുന്നു. കായചികിത്സാ വിഭാഗത്തിലുള്ള രോഗങ്ങളെയും അതിന്റെ ലക്ഷണങ്ങളെയും അതിനെതിരിലുള്ള ആയുര്‍വേദ പ്രതിവിധികളെ കുറിച്ചുമെല്ലാമാണ് 390ല്‍ പരം പേജുകളുള്ള കുഞ്ഞിമായിന്‍കുട്ടി വൈദ്യരുടെ വൈദ്യജ്ഞാനമെന്ന കൃതിയില്‍ പ്രതിപാദിച്ചിട്ടുള്ളത്. 49ഓളം വിഷയങ്ങളിലായി നല്‍കപ്പെട്ടിട്ടുള്ള പാട്ടുകളിലൂടെ വിഷയങ്ങളെ സംഗ്രഹിച്ച് പ്രതിപാദിക്കുന്ന ശൈലിയാണ് കവി പ്രസ്തുത കൃതിയില്‍ സ്വീകരിച്ചിട്ടുള്ളത്. ഛര്‍ദ്ദിയെക്കുറിച്ചു പറയുന്ന, അഞ്ച് വകഛര്‍ദ്ദി നിദാനം എന്ന അധ്യായത്തിലെ ചില പാട്ടുവരികള്‍ ഇങ്ങനെ:

”ഛര്‍ദ്ദിയില്‍ കൊടുത്തു കൊള്‍ക
ബില്‍വാതി(വില്വാദി)യെന്നേ ലേകം നല്ലേ
ചൊല്ലിടാം കഷായം തന്നാ
കൂവളം കുറുന്തോട്ടി ചുക്കും
ചെറുപയറും മലരും കന്നം
ബാലരിഇവകള്‍ വൊപ്പം
ചേര്‍ത്തുകൊള്‍ കഷായം തന്നില്‍
സര്‍ക്കര മേല്‍പ്പൊടിയും
ഉരത്തെപോല്‍ കുടിത്ത് കൊണ്ടാല്‍
ആകെയും ഛര്‍ദ്ദി പോവും’ (2).

വില്വാദിലേഹ്യവും കൂവളം, കുറുന്തോട്ടി, ചുക്ക്, ചെറുപയര്‍, മലര് ഇവയോടൊപ്പം ശര്‍ക്കരയും ചേര്‍ത്ത് സേവിച്ചാല്‍ ഛര്‍ദ്ദി ഞൊടിയിടതന്നെ
രോഗിയെ വിട്ടയകലുമെന്നാണ് കവി പറയുന്നത്. നമ്മുടെ ലിഖിത ഭാഷയ്ക്ക് ഏകശിലാരൂപം പരുവപ്പെട്ടുവന്ന ആധുനികതയ്ക്ക് മുന്‍പ് പ്രാദേശികമായ ചില വാങ്മയ സ്വഭാവങ്ങള്‍ പ്രാചീന മാപ്പിളസാഹിത്യകൃതികളില്‍ പൊതുവെ കാണപ്പെടുന്നുണ്ട്. പട്ടളത്ത് കുഞ്ഞിമായിന്‍കുട്ടിയുടെ വൈദ്യജ്ഞാനമെന്ന കൃതിയും പ്രസ്തുത രചനാശൈലിയാണ് സ്വീകരിച്ചുകാണുന്നത്. 1893ല്‍ എഴുതപ്പെട്ട വൈദ്യജ്ഞാനം പക്ഷേ, 1894ല്‍ സയ്യിദ് സനാഉല്ലാ മക്തി തങ്ങളുടെ അറബിമലയാള ലിപി പരിഷ്‌കരണം വരുന്നതിന്റെ ഒരുവര്‍ഷം മുന്‍പാണ് ഇറങ്ങിയത്. അതിനാല്‍ മക്തി തങ്ങള്‍ ഉപയോഗിച്ച പരിഷ്‌കൃത ലിപിക്കു പകരം പ്രാചീനമായ അറബിമലയാള ലിപിയിലാണ് വൈദ്യജ്ഞാനം എഴുതപ്പെട്ടിട്ടുള്ളത്.

53ാം പേജില്‍ കാസ നിദാനം എന്ന പാട്ടില്‍ ചുമയെകുറിച്ച് പറയുന്നതിങ്ങനെ:
അറിവിനാല്‍ അറിന്തു കൊള്‌നീ
അഞ്ചതാം ചുമയതിയില്
ബാധെമാല്‍ ബന്തെതാകില്
ബായുതന്‍ കോഫമാലെ
ബന്തിടും കശുത്തും മാറും
ബരളുമേ മുഖംചിറിയും
പള്ളകള്‍ തലയും നെഞ്ചും
നൊന്തേ കൂറ്റടച്ചിരിക്കും
കുരത്തിടും കൂടെ കൂടെ
ലൂഫമതും ബരന്തു ബാരൈ
കൂറ്റിനാല്‍ കുരത്തിടും യെങ്കില്
കഫമതും കൊഞ്ചം ബീശും
തെറിച്ചു നിണ്ടിരിക്കും രോമം
തളര്‍ച്ചകള്‍ യേറ്റം യേറ്റം
തുപ്പി മുറിഞ്ഞിട്ട് പോകില്‍
തൊപ്പം ഗുണം കാണും അപ്പോള്‍.

ആദ്യം രോഗലക്ഷണങ്ങളെ കുറിച്ചും പിന്നീട് അതിന്റെ പ്രതിവിധികളെ കുറിച്ചുമാണ് പാട്ടില്‍ ആദിമധ്യാന്തം വിവരിച്ചുകാണുന്ന ശൈലി. അഞ്ചുതരം ചുമകളുണ്ടെന്നാണ് മേല്‍ വരികളില്‍ കവി പറയുന്നത്. പകര്‍ച്ചവ്യാധി പോലെ വന്നതാണെങ്കില്‍ വായുവിലൂടെ രോഗം വരാം. മുഖവും ചിറിയും വരണ്ടിരിക്കും. നെഞ്ചിലും തലയ്ക്കും ചെറിയ വേദന അനുഭവപ്പെടും. രോഗിയുടെ രൂപം വരണ്ടുവന്ന്, കൂടെക്കൂടെ ചുമയും കൂറ്റടപ്പും അനുഭവപ്പെടും. ഉച്ചത്തിലുള്ള ചുമയാണ് അനുഭവപ്പെടുന്നതെങ്കില്‍ കഫം പുറത്തേ്ക്ക് വരുകയും ചെറിയ തളര്‍ച്ചയും രോമം തെറിച്ചുനില്‍ക്കുന്നതായും കാണാം. പുറത്തേക്കു തുപ്പിക്കളയാന്‍ സാധിക്കുന്നുവെങ്കില്‍ ആ നിമിഷം രോഗിക്ക് തെല്ലൊന്നു ആശ്വാസമനുഭവപ്പെടുകയും ചെയ്യുമെന്നാണ് കവി പറയുന്നത്.

ഉത്തര കേരളക്കാരനായ കവി അക്കാലത്ത് നിലനിന്നിരുന്ന ഭാഷാപ്രയോഗങ്ങളാണ് പാട്ടിലുടനീളം സ്വീകരിച്ചിട്ടുള്ളത്. ഓരോ പാട്ടും തുടങ്ങുന്നതിനു മുന്‍പ് ‘ബമ്പു'(3)കള്‍ പാട്ടിന്റെ ആമുഖമായി ചേര്‍ത്തിട്ടുണ്ട്. ഒരു ഉദാഹരണത്തിന് ‘സുവാസ നിദാനം’ എന്ന അധ്യായത്തില്‍ നല്‍കുന്ന ബമ്പ് കാണുക.
‘ചൊല്ലിടാം മുന്‍ചൊന്നെ(മുന്‍പ് പ്രസ്താവിച്ച) കുരകള്‍ അഞ്ചും വര്‍ധിച്ചാല്‍ സ്വാസം എണ്ടെ മഹക്കഠിനമാം ദെണ്ണംനിദാനം ബേദമില്‍(ഗ്രന്ഥത്തില്‍) അഞ്ചിബകയായി ചെല്ലുംപടിക്ക് ബാരും ഹയ്യോന്‍(ദൈവം) തിര്‍(പത്ത്) ദോശകോപമാല്‍ ആമം, അതിസാരം, ചര്‍ദ്ദി, ബിഷംപാണു, മര്‍മ്മംമുറിക ഇവകളെ കൊണ്ടും മറ്റും കഞ്ചാവ്, പുകയില ഇവകളെ പോല്‍ ഉള്ളെ പുകപ്പൊടികള്‍ അധികമായി യേല്‍ക്ക കൊണ്ടും തണുത്ത് കുളുത്തവയും കുളുത്തെ ബെള്ളത്തെയും അധികമായി എടുത്തവരില്‍’ സൂദിരന്‍ തമകന്‍ മഹന്‍ ചിന്നന്‍ ഊര്‍ദ്ധ്വന്‍’ എന്നിങ്ങനെ അഞ്ചു ബകയായി സ്വാസംഭവിക്കും യെണ്ടുകണ്ടു അറിവീര്‍ ജനം’.(4)

അര്‍ഥം: മുന്‍പ് പ്രസ്താവിച്ച അഞ്ചുവിധമുള്ള ചുമകള്‍ വര്‍ധിച്ചാല്‍ ശ്വാസസംബന്ധമായ കഠിന അസുഖങ്ങള്‍ക്ക് കാരണമായി ഗ്രന്ഥത്തില്‍ അഞ്ചു കാരണങ്ങളാണ് പറയുന്നത്. ദൈവത്തിന്റെ പത്ത് കോപത്താല്‍ ആമം, അതിസാരം, ചര്‍ദ്ദി, കഞ്ചാവ്, പുകയില പോലുള്ളവയുടെ ഉപയോഗത്താലും തണുത്തവെള്ളത്തിന്റെ അമിത ഉപയോഗത്താലും അഞ്ചുവിധത്തില്‍ ശ്വാസത്തടസം സംഭവപ്പെടുമെന്ന് അറിയുക ജനങ്ങളേ…’ ഇതുപോലെ ഒാരോ പാട്ടിനും ആമുഖമായിക്കൊണ്ട് മാപ്പിളപ്പാട്ടിലെ ഗദ്യഇശല്‍ എന്നു വിളിക്കാവുന്ന ‘ബമ്പു’കള്‍ നല്‍കിയിട്ടുണ്ട്.

വൈദ്യജ്ഞാനമെന്ന കൃതിയുടെ കര്‍ത്താവ് ഉത്തര കേരളക്കാരനായിരുന്നിട്ടും തമിഴ് വാക്കുകള്‍ ഇടകലര്‍ന്ന മലയാളമാണ് പ്രസ്തുത കൃതിയില്‍ സുലഭമായി കാണുന്നത്. മാപ്പിളകാവ്യങ്ങള്‍ക്ക് പൊതുവെയുണ്ടായിരുന്ന അറബിതമിഴ് സ്വാധീനമായിരിക്കാം ഒരുപക്ഷെ ഇതിനു കാരണമെന്നൂഹിക്കാം. മാപ്പിളപ്പാട്ടിലെ കപ്പപ്പാട്ട്, സഫലമാല തുടങ്ങിയ പ്രാചീന മിസ്റ്റിക് കാവ്യങ്ങളിലും സമാനമായ തമിഴ്‌സ്വാധീനം കാണാന്‍ സാധിക്കും. അസ്ഥിസ്രാവം, അരുചി, ചര്‍ദ്ദി, അര്‍ശസ്സ്, അതിസാരം, വിഷൂചി, മൂത്രതടസം, പ്രമേഹം, പ്രമേഹക്കുരു, വസൂരി, കുഷ്ഠം, കൃമി, വാതം തുടങ്ങി നിരവധി രോഗകാരണങ്ങളെയും അവയ്ക്കുള്ള പ്രതിവിധികളെയും കുറിച്ച് വൈദ്യജ്ഞാനത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. അഷ്ടാംഗഹൃദയത്തിന്റെ എട്ടു ഭാഗങ്ങളും ഇതുപോലെ കാവ്യരൂപത്തില്‍ കോര്‍ത്തിണക്കാന്‍ രചയിതാവ് ആഗ്രഹിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഒരുഭാഗം മാത്രമേ പുറത്തുവന്നുള്ളൂ.

കുറിപ്പുകള്‍:
1. വൈദ്യജ്ഞാനം- ആമുഖം
2. വൈദ്യജ്ഞാനം-പേജ് 101, 102
3. മാപ്പിളപ്പാട്ടിലെ ഒരുതരം ഗദ്യഇശല്‍
4. വൈദ്യജ്ഞാനം-പേജ് 62
5. ചിത്രങ്ങള്‍- എ.എസ് മുഹമ്മദ് കുഞ്ഞി കാസര്‍കോട്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.