2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുഖ്യമന്ത്രീ ഇപ്പോഴെങ്കിലും ഇടപെടൂ… എന്ന് അജ്ഞാതനായ ഇര

മദ്യപിച്ചും ലഹരിമരുന്നുപയോഗിച്ചും മരിച്ചവര്‍
മതത്തിനോ രാജ്യത്തിനോ വേണ്ടി മരിച്ചവരേക്കാള്‍ കൂടുതലാണ്
-ഓല്‍ഡസ് ഹക്‌സ്‌ലീ

ഹംസ ആലുങ്ങല്‍

   

ഞാന്‍ കേരളത്തിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. പേരോ വിലാസമോ വെച്ച് ഇങ്ങനെയൊരു കുറിപ്പെഴുതിയാല്‍ നാളെ ഞാനീ ഭൂലോകത്തുണ്ടാകില്ലെന്ന് ആരെക്കാളും കൂടുതലറിയുന്നൊരാള്‍ ഞാന്‍ തന്നെയാണ്.

കാര്യത്തിലേക്കു വരാം. ഇക്കഴിഞ്ഞ ജനുവരി 17ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടറെ നിരോധിത മയക്കുമരുന്നുകളുമായി പൊലിസ് പിടികൂടിയ വാര്‍ത്ത നിങ്ങള്‍ മറന്നുവോ? മറന്നുകാണില്ല. 2.4 ഗ്രാം എം.ഡി.എം.എയാണ് ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ ഡോക്ടറില്‍ നിന്ന് മെഡിക്കല്‍ കോളജ് പൊലിസ് പിടികൂടിയത്.
ഇവയുടെ ചെറിയ അളവിലുള്ള ഉപയോഗം തന്നെ ഹൃദ്രോഗം, ഓര്‍മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകല്‍, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കും. ഇവ കുറഞ്ഞ അളവില്‍ കൈവശംവയ്ക്കുന്നത് പോലും ജാമ്യമില്ലാ കുറ്റവുമാണ്.

എന്നിട്ടും രണ്ടുദിവസത്തെ ഒച്ചപ്പാടിനപ്പുറം ഒന്നും സംഭവിച്ചില്ല. പിടിയിലായ ഡോക്ടര്‍ മാത്രം ക്രൂശിക്കപ്പെട്ടു. അയാളുടെ ഭാവി ഇരുളടഞ്ഞു. മെഡിക്കല്‍ കോളജിലെ പത്തിലധികം ഡോക്ടര്‍മാരുടെ പേരുകള്‍ അയാള്‍ തന്നെ വിളിച്ചുപറഞ്ഞിരുന്നു. അവരെല്ലാവരും ഇതേ ലഹരി ഉപയോഗിക്കുന്നവരാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായത്.

 


എന്നിട്ടും പൊലിസോ എക്‌സൈസോ ഉണര്‍ന്നോ? പുതുതായി ആരെങ്കിലും കേസില്‍ പിടിക്കപ്പെട്ടോ. കൂടുതല്‍ അറസ്റ്റുകളുണ്ടായോ? ലഹരി വന്ന വഴികളുടെ വിത്തോ വേരോ ചികഞ്ഞെടുത്തോ? എല്ലാത്തിനും ഇല്ലെന്നാണുത്തരം. പിന്നീട് വാര്‍ത്തകളുണ്ടാകാതിരുന്നതോടെ ആ സാമ്രാജ്യം കടപുഴകിവീണുവെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടാകണം. തൃശൂര്‍ മെഡിക്കല്‍ കോളജ് കാംപസ് ലഹരിമുക്തമായി എന്നും ആശ്വസിച്ചിരിക്കണം!

എന്നാല്‍ അതു സംബന്ധിച്ച് കാംപസില്‍ ചര്‍ച്ചയേ വേണ്ടെന്നാണ് കല്‍പ്പന. വാര്‍ത്തകളോ വിഡിയോകളോ ഷെയര്‍ ചെയ്യരുതെന്നാണ് അന്ത്യശാസനം. അതേസമയം അവിടെ പൂര്‍വാധികം ശക്തിയോടെ ലഹരിമാഫിയ ഇപ്പോഴും അരങ്ങുവാഴുന്നു. ആരൊക്കെയാണോ ഉപഭോക്താക്കള്‍ അവര്‍ക്കെല്ലാം ഇഷ്ടാനുസരണം സാധനങ്ങള്‍ എത്തിച്ചുനല്‍കുന്നു. കാംപസിലും ഹോസ്റ്റലിലും എല്ലാ ഇടനാഴിയിലും സുലഭമായി ലഭിക്കുന്നു. മറ്റു മെഡിക്കല്‍ കോളജ് കാംപസുകളിലും ഇതിനേക്കാള്‍ ഭയാനകമാണ് കാര്യങ്ങള്‍. അവിടെയാരും പിടിക്കപ്പെട്ടില്ലെന്നേയുള്ളൂ. ഒരു ഡോക്ടറുടെ മുഖവും പിച്ചിച്ചീന്തിയില്ലെന്നേയുള്ളൂ.

ദൈവമുണ്ടെന്ന് എനിക്കുറപ്പായത് ഈയിടെയാണ്. വര്‍ഷങ്ങളായുള്ള എന്റെ അമ്മയുടെ പ്രാര്‍ഥന. കുടുംബാഗങ്ങളുടെ കണ്ണുനീര്. എല്ലാം ദൈവം കേട്ടു. അതുകൊണ്ടു മാത്രമാണ് ഞാനിന്ന് ജീവിച്ചിരിക്കുന്നത്. ഇത്രയെങ്കിലും നിങ്ങളോട് പറയാന്‍ ബാക്കിയായത്. ഇടക്കെപ്പോഴോ നേരായ ചികിത്സയിലേക്ക് എത്താനായി. കുറേ ക്ഷമിക്കാനും സഹിക്കാനും ദൈവം എനിക്ക് കരുത്തുതന്നു. അതെന്നെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. ശാസ്ത്രീയമായ ചികിത്സ, ദീര്‍ഘകാലത്തെ കൗണ്‍സലിങ്, പുനരധിവാസപദ്ധതി എന്നിവയിലൂടെയാണ് ഞാനിന്നു നിങ്ങള്‍ക്കു മുമ്പില്‍ നില്‍ക്കുന്നത്.

മയക്കുമരുന്ന് ചവിട്ടിമെതിച്ച ജീവിതം തിരിച്ചുപിടിക്കാന്‍ ഒരിക്കലും ആ വ്യക്തി വിചാരിച്ചാല്‍ സാധിക്കില്ല. പ്രിയപ്പെട്ടവര്‍ക്കും അത് അസാധ്യമാണ്. അപ്പോള്‍ ഇവരെ എന്തുചെയ്യണം എന്നതിനെക്കുറിച്ച് സമൂഹത്തിനൊരു അറിവുമില്ല. എന്റെ കാര്യത്തിലും സംഭവിച്ചത് ഇതാണ്. എല്ലാവരും കൈയൊഴിഞ്ഞു. പലരും അടുത്തുവരാന്‍ പോലും മടിച്ചു. എന്നിട്ടും ഇന്ന് ജീവിച്ചിരിക്കുന്നു എന്നതു തന്നെ അത്ഭുതമാണ്.

മദ്യം താല്‍ക്കാലികമായ ഉന്മാദം സൃഷ്ടിക്കുന്നു. മദ്യപിച്ചു തുടങ്ങുന്നവരില്‍ ഇരുപതു ശതമാനവും അതിന് കീഴ്‌പ്പെടുമ്പോള്‍ മയക്കുമരുന്നു നുണഞ്ഞു തുടങ്ങിയവരില്‍ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്നവര്‍ വിരളമാണ്. അവര്‍ അകാല മരണത്തിലേക്കോ അപകട മരണത്തിലേക്കോ പിച്ചവെക്കുന്നതാണ് നടപ്പുരീതി. അങ്ങനെ പാതിവഴിയില്‍ നിന്ന് മരണത്തിലേക്ക് ഊളിയിട്ടവര്‍ ആയിരങ്ങള്‍. ഉന്മാദത്തിന്റെ കൈപിടിച്ച് മരണവാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നവരോ അതിലുമേറെ. അല്ലാത്തവര്‍ കുറ്റകൃത്യങ്ങളുടെ ലോകത്ത് വിരാജിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ നേതാവാകുന്നു. ലഹരിക്കടത്തിന്റെ കാരിയറുമാരാകുന്നു.

ലഹരി ഉപയോഗിക്കുന്നവര്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത 15 ശതമാനമാണ്. ലഹരി ഉപയോഗത്തിനൊപ്പം മറ്റു മാനസികരോഗങ്ങള്‍ കൂടെയുണ്ടെങ്കില്‍ ആത്മഹത്യാ തോത് വര്‍ധിക്കും. മയക്കുമരുന്ന് ഉപയോഗവും വിഷാദരോഗവും ആത്മഹത്യക്ക് ഏറ്റവും യോജിച്ച സാഹചര്യമാണ്. മൊത്തം ആത്മഹത്യകളില്‍ 10 ശതമാനത്തോളം പേര്‍ ആത്മഹത്യാസമയത്ത് അമിതമായി ലഹരി ഉപയോഗിച്ചിരുന്നുവെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

കാംപസുകളില്‍ ഇതിനെതിരേ പ്രതികരിക്കുന്ന വിദ്യാര്‍ഥികള്‍ കൊള്ളരുതാത്തവരായി. അല്ലെങ്കില്‍ ലഹരിമാഫിയകളുടെ നോട്ടപ്പുള്ളിയായി. അതുകൊണ്ട് പ്രതികരിക്കാന്‍ പേടിയാണ്. ഇത്തരം കാര്യങ്ങള്‍ പുറംലോകത്തോടവര്‍ പങ്കുവയ്ക്കാന്‍ മടിക്കുന്നു, ഭയക്കുന്നു. ലഹരി ഉപയോഗിക്കുന്ന ഒരാളെ മറ്റൊരു വിദ്യാര്‍ഥി ഒറ്റിക്കൊടുത്തുവെന്ന തെറ്റിദ്ധാരണയുടെ പുറത്ത് കൊല്ലാന്‍ പുറപ്പെട്ട സംഭവവും ഈയിടെ ഉണ്ടായി. ന്യൂജന്‍ ലഹരി അരാജകസംസ്‌കാരമാണ് സംഭാവന ചെയ്യുന്നത്. ആണ്‍-പെണ്‍ വ്യത്യാസമില്ല.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വലി തുടങ്ങിയ ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്. അവനാണെന്നെയും വഴിതെറ്റിച്ചത്. പിന്നെ ഉപയോഗിക്കാത്ത ലഹരിവസ്തുക്കളില്ല.

 

പുതിയൊരു പേര് കേള്‍ക്കുമ്പോഴേക്കും അത് കിട്ടണമെന്ന ആഗ്രഹമായി. സംഘടിപ്പിക്കാനുള്ള നെട്ടോട്ടമായി. പണം പ്രശ്‌നമാക്കില്ല. ഈ കാലമത്രയും വല്ലാത്തൊരു ലോകത്തൂടെ പാറിപ്പറന്നു. വിലക്കുകളെ തട്ടിത്തെറിപ്പിച്ചു. ചോദ്യംചെയ്തവരെ നിലക്കുനിര്‍ത്തി. എന്റെ അമ്മയെപോലും ഞാന്‍ ചവിട്ടിക്കൂട്ടി. അവിടെനിന്നാണ് ഞാനിപ്പോള്‍ കുറ്റബോധത്തിന്റെ കുരിശിലേറി സംസാരിക്കുന്നത്. ഈ ജന്മം മുഴുവന്‍ ആ അമ്മയുടെ കാല്‍ക്കല്‍ കിടന്ന് കരഞ്ഞാലും ഞാന്‍ ചെയ്ത തെറ്റു പൊറുക്കാനാവുമോ? എന്നിട്ടും ആ കൈകളെന്നെ അണച്ചുചേര്‍ക്കുന്നു. പുതിയൊരു മകനെ കിട്ടിയ ആഹ്ലാദത്തിലെന്നെ ഊട്ടുന്നു, ഉറക്കുന്നു. വാത്സല്യക്കടലിന്റെ കരുതലിന്റെ കരുത്ത് എത്രത്തോളമാണെന്ന് ഞാനറിയുന്നു. പറഞ്ഞുവല്ലോ, ഇതെന്റെ രണ്ടാം ജന്മമാണ്.

പലനാള്‍ ലഹരി നുണഞ്ഞു. പലര്‍ക്കും ഇടനിലക്കാരനായി. ലക്ഷങ്ങള്‍ ലഹരിമരുന്ന് വാങ്ങാനായി ചെലവഴിച്ചു. ഒടുവില്‍ മോഷണവും പിടിച്ചുപറിയും വരെ നടത്തി. കുടുംബത്തില്‍ നിന്നായിരുന്നു ആദ്യത്തെ മോഷണം. ഹോസ്റ്റലിലെ സഹപ്രവര്‍ത്തകരുടെ പോക്കറ്റടിച്ചു. രോഗികളെ പറഞ്ഞുപറ്റിച്ചും ഞാന്‍ ലഹരിക്ക് പണം കണ്ടെത്തി.
എന്റെ കഥയിലല്ല കാര്യം. കാര്യങ്ങള്‍ ഭയാനകമാണെന്ന പരമാര്‍ഥമാണു പങ്കുവയ്ക്കുന്നത്. ഇരട്ടച്ചങ്കുള്ള ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നാണ് കേള്‍വി. പലയിടത്തും മിന്നല്‍ സന്ദര്‍ശനം നടത്തുന്ന ഒരു ആരോഗ്യമന്ത്രിയും നമുക്കുണ്ട്. കേരളത്തിന്റെ ആരോഗ്യ മോഡലും ഏറെ പ്രശസ്തമാണല്ലോ. എന്നാല്‍ ഇതൊന്നും ഇവര്‍ കാണുന്നില്ല. കേള്‍ക്കുന്നില്ല. പരിഹാരവുമില്ല. അറിഞ്ഞിട്ടും അറിയാത്തതുപോലെ നടിക്കുകയാണെന്നൊന്നും ഞാന്‍ പറയുന്നില്ല. എന്നാല്‍ പ്രിയപ്പെട്ട മുഖ്യമന്ത്രീ, ആരോഗ്യമന്ത്രി കാര്യങ്ങള്‍ കൈവിട്ടുപോകുംമുമ്പ് ഇനിയെങ്കിലും ഒന്നിടപെടൂ. കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസം ആരുടെയും സ്വകാര്യ സ്വത്തല്ല. അതിനു വല്ല പുഴുക്കുത്തും സംഭവിച്ചാല്‍ കേരളത്തെ മൊത്തമായി അത് ബാധിക്കും. നമ്മുടെയൊക്കെ നികുതിപ്പണത്തില്‍ നിന്നാണ് ഇതിനുള്ള ഫണ്ടും വകയിരുത്തുന്നത്. അതുകൊണ്ട് ഇതില്‍ ഇടപെടേണ്ടത് സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ബാധ്യതയാണ്.

കേരളത്തിലെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനങ്ങളില്‍, അവിടുത്തെ കാംപസുകളില്‍, ഹോസ്റ്റല്‍മുറികളില്‍, ആളൊഴിഞ്ഞ ഇടനാഴികളില്‍ രഹസ്യ സന്ദര്‍ശനം നടത്തൂ. തീര്‍ച്ചയായും ഈ പറയുന്നത് സത്യമാണെന്ന് ബോധ്യമാകും. ആരോഗ്യരംഗത്തെ കേരള മോഡലിനു നേതൃത്വം നല്‍കേണ്ട നാളെയുടെ ആരോഗ്യ പ്രവര്‍ത്തകരെ രക്ഷിച്ചെടുക്കൂ. ഇപ്പോഴും വൈകിയിട്ടില്ല. ഏറെ പ്രതീക്ഷയോടെ.
അജ്ഞാതനായ ഒരു ഇര.

 

ചികിത്സയൊരുക്കി ഒ.എസ്.ടി സെന്ററുകള്‍

ശാസ്ത്രീയമായ ചികിത്സ, ദീര്‍ഘകാലത്തെ കൗണ്‍സലിങ്, പുനരധിവാസപദ്ധതി എന്നിവയിലൂടെ ലഹരി ഉപയോഗിക്കുന്നവരെ ജീവിതത്തിലേക്കു തിരികെ നടത്താന്‍ സാധിക്കും. അതിന് സര്‍ക്കാര്‍ തലത്തില്‍ തന്നെയുള്ള സംവിധാനമാണ് ഒ.എസ്.ടി സെന്ററുകള്‍. മയക്കുമരുന്ന് കുത്തിവെക്കുന്നതിലൂടെ ലഭിക്കുന്ന അതേ ലഹരി ഒ.എസ്.ടി സെന്ററുകളില്‍ നിന്നും ഇവര്‍ക്ക് ലഭ്യമാക്കുന്നു. ലഹരിക്കടിമയായവര്‍ക്ക് പതിയെ ഡോസ് കുറച്ചുകൊണ്ടുള്ള ചികിത്സാ രീതിയാണിവിടെ അവലംബിക്കുന്നത്.
ലഹരി കുത്തിവെപ്പിലൂടെ ഉണ്ടാകുന്ന മാരക രോഗങ്ങള്‍, അക്രമവാസന തുടങ്ങിയവ കുറയ്ക്കാനും സന്തോഷകരമായ കുടുംബജീവിതത്തിലേക്ക് തിരിച്ചുചെല്ലാനും ഒ.എസ്.ടി സെന്ററുകള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ സഹായിക്കുന്നു.

കേരളത്തില്‍ ഇത്തരം എട്ട് സെന്ററുകളാണുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കോഴിക്കോട് ബീച്ച് ആശുപത്രി, താമരശേരി താലൂക്ക് ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളജ്, മൂവാറ്റുപുഴ, ആലുവ, ചേര്‍ത്തല എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികള്‍, മഞ്ചേരി മെഡിക്കല്‍ കോളജ് എന്നിവയാണവ.
എല്ലാ ഞായറാഴ്ചകളിലും രാവിലെ ഒമ്പതു മണിക്ക് ലഹരി ഉപയോഗിക്കുന്നവരും ദുരിതമനുഭവിക്കുന്നവരും വിവിധ സെന്ററുകളില്‍ ഒത്തുകൂടുന്നു. അനുഭവങ്ങളും പ്രതീക്ഷയും പങ്കുവെച്ച് അമിത മയക്കുമരുന്ന് ആസക്തി എന്ന മഹാരോഗത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നു. അതുവഴി മറ്റുള്ളവരെ ലഹരി ആസക്തിയില്‍ നിന്ന് മോചിപ്പിക്കാനും ശ്രമിക്കുന്നു. മയക്കുമരുന്നില്‍ നിന്ന് മുക്തരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലഹരിമുക്തരായവരുമായി ബന്ധപ്പെടാന്‍ 04832760311 എന്ന നമ്പറില്‍ വിളിച്ചാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.