
റിയാദ്: ഇന്ത്യയുമായുള്ള സമാധാന ശ്രമങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത് ഇന്ത്യയാണെന്നു പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയല്പക്ക രാജ്യങ്ങളുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ- പാകിസ്താന് വിഷയങ്ങള്‍ ഉയര്‍ന്നു വന്നത്. സമാധാന ചര്‍ച്ചക്ക് പുറംതിരിഞ്ഞിരിക്കുന്നത് ഇന്ത്യയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ സമാധാന ചര്‍ച്ചകളില്‍ നിന്നു പുറം തിരിഞ്ഞു നില്ക്കാന് ഇന്ത്യന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നത്. അധികാരത്തില്‍ വന്നയുടന്‍ തന്നെ ഇന്ത്യയുമായി സമാധാന ശ്രമങ്ങള്‍ക്കായി താന്‍ ശ്രമം തുടങ്ങിയിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ഭരണകൂടം ഇതില്‍ വേണ്ടത്ര താല്പര്യം കാണിക്കാതെ പിന്‍വലിയുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്കകം ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇതില്‍ നിന്ന് ഇന്ത്യ പിന്‍വലിയാന്‍ കാരണമായി താന്‍ മനസ്സിലാക്കുന്നത്. എന്നാല്‍, സമാധാനനത്തിനായി ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാന്‍ താന്‍ സന്നദ്ധമാണ്. സമാധാനമെന്നത് പാകിസ്താന്റെ ആവശ്യം മാത്രമാണെന്ന് ഇന്ത്യ കരുതരുത്.
മറ്റൊരു അയല്‍ രാജ്യമായ അഫ്ഗാനില്‍ നിന്നെത്തിയ തീവ്രവാദികള്‍ പാകിസ്താനില്‍ അസ്ഥിരത ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം രാജ്യത്തെ രക്ഷിക്കുകയാണ് ദൗത്യം. പാകിസ്താനില്‍ നേരത്തേയുണ്ടായിരുന്ന തീവ്രവാദ ഭീഷണി കുറച്ചു കൊണ്ട് വരാന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്തെ യുവാക്കള്‍ പുതിയ പരിഷ്കരണത്തില്‍ തങ്ങളുടേതായ പങ്കുവഹിക്കാന്‍ തയ്യാറായിട്ടുണ്ട്. തങ്ങളുടെ അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം തുടര്‍ന്നാല്‍ മാത്രമേ രാജ്യത്തിന് സുസ്ഥിരമായി മുന്നേറാന്‍ കഴിയുകയുള്ളൂവെന്നും ഇമ്രാന് ഖാന് വ്യക്തമാക്കി.
ആഗോള നിക്ഷേപ സംഗമത്തില്‍ സന്ദര്‍ശിക്കാനെത്തിയ ഇമ്രാന് ഖാന് മദീനയിലെത്തില് പ്രവാചക ഖബറിടവും പുണ്യ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പാക്കിസ്താന്റെ ബഡ്ജറ്റിലേക്ക് മൂന്ന് ബില്യണ്‍ സഊദി സഹായ വാഗ്ദാനവും നല്‍കിയിട്ടുണ്ട്.