2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

മുല്ലപ്പെരിയാര്‍: ശാശ്വതപരിഹാരം വേണം


ഒരിടവേളയ്ക്കുശേഷം മുല്ലപ്പെരിയാര്‍ ഡാം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. 999 വര്‍ഷത്തേക്ക് തമിഴ്‌നാട്ടിന് പാട്ടത്തിനുകൊടുത്ത മുല്ലപ്പെരിയാര്‍ ഡാം ഇന്ന് നമ്മുടെ സ്വസ്ഥത കെടുത്തുകയാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ റദ്ദുചെയ്യാന്‍ ഇതുവരെ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. 50 വര്‍ഷം മാത്രം കാലാവധി നിശ്ചയിച്ച ഡാം 999 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത് അന്നത്തെ രാജാവിന് പറ്റിയ അബദ്ധമാണ്. ഈ കൈയബദ്ധം തിരുത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെയായില്ല. മറ്റൊരു ഡാം പണിതുതരാമെന്നും പഴയതുപോലെ ജലം തരാമെന്നും പറഞ്ഞിട്ടും തമിഴ്‌നാടിനു കുലുക്കമില്ല. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ അഞ്ച് ജില്ലകള്‍ വെള്ളത്തില്‍ മുങ്ങുമെന്നും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് കേരളം പലതവണ പറഞ്ഞിട്ടും അവര്‍ അനങ്ങിയില്ല. തമിഴ്‌നാട്ടില്‍ ഭരണാധികാരികള്‍ മാറിമാറി വന്നെങ്കിലും മുല്ലപ്പെരിയാര്‍ ഡാം പൊളിക്കാന്‍ സമ്മതിക്കുകയില്ലെന്നകാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടായിരുന്നു. തമിഴ്‌നാട്ടിലെ സര്‍ക്കാരുകളും ജനങ്ങളും അവരുടെ സംസ്ഥാനതാല്‍പര്യ സംരക്ഷണകാര്യത്തില്‍ ഒറ്റക്കെട്ടാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാലാവധി എന്നോ കഴിഞ്ഞിട്ടും സ്വതന്ത്ര ഇന്ത്യയില്‍ പഴയ പാട്ടക്കരാര്‍ നിലനില്‍ക്കില്ലെന്ന ബോധ്യമുണ്ടായിട്ടും അവരില്‍നിന്ന് അതു തിരിച്ചുപിടിക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്കൊന്നും കഴിഞ്ഞില്ല.

സുപ്രിംകോടതിയില്‍ വരെ പോയ സംസ്ഥാന സര്‍ക്കാര്‍ കേസുകളിലെല്ലാം ഭംഗിയായി തോറ്റുകൊടുക്കുകയായിരുന്നു. വസ്തുതകള്‍ കേരളത്തിന് അനുകൂലമായിട്ടുപോലും നമ്മുടെ ഭൂമിയിലെ മുല്ലപ്പെരിയാര്‍ ഡാം തമിഴ്‌നാട്ടില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയാത്തതിന്റെ അണിയറ രഹസ്യങ്ങള്‍ നിരവധിയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കരളലിയിക്കുംവിധം കത്തെഴുതിയിരിക്കുന്നു. തമിഴ്‌നാടും കേരളവും തമ്മിലുള്ള ഊഷ്മളബന്ധവും ചരിത്രപരമായ ഗാഢബന്ധവും സ്റ്റാലിനെ ഓര്‍മിപ്പിച്ച് പരമാവധി വെള്ളം കൊണ്ടുപോകണമെന്ന് താഴ്മയോടെ അപേക്ഷിച്ചിരിക്കുകയാണ്. കേസ് സുപ്രിംകോടതിയില്‍ ശരിയാംവണ്ണം വാദിച്ചിരുന്നെങ്കില്‍ കേരള മുഖ്യമന്ത്രിക്ക് തമിഴ്‌നാടിനോട് ദയനീയ അഭ്യര്‍ഥന നടത്തേണ്ടിവരുമായിരുന്നില്ല.

1886 ഒക്ടോബര്‍ 29നാണ് പെരിയാര്‍ പാട്ടക്കരാര്‍പ്രകാരം തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ അന്നത്തെ മദിരാശി സര്‍ക്കാരിന് ഡാം പണിയാന്‍ സ്ഥലം നല്‍കിയത്. സുര്‍ക്കി മിശ്രിതം, ചുണ്ണാമ്പ്, കരിങ്കല്ല്, മണല്‍ എന്നിവ ചേര്‍ത്ത് 1895ല്‍ നിര്‍മിച്ച മുല്ലപ്പെരിയാര്‍ ഡാമിന്റെ കാലാവധി 50 വര്‍ഷമായിരുന്നു. ആധുനികരീതിയില്‍ നിര്‍മിക്കുന്ന അണക്കെട്ടുകള്‍ക്കുപോലും പരമാവധി 50 വര്‍ഷത്തെ ഗ്യാരണ്ടിയാണ് എന്‍ജിനീയര്‍മാര്‍ നല്‍കുന്നത്. അവിടെയാണ് ചുണ്ണാമ്പില്‍ തീര്‍ത്ത മുല്ലപ്പെരിയാര്‍ ഡാം നിരവധി ചോര്‍ച്ചകളുമായി തമിഴ്‌നാടിന്റെ വാശിയുടെ പ്രതീകമായും നമ്മുടെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും പ്രതീകമായും ഏതുനിമിഷവും പൊട്ടാവുന്ന അവസ്ഥയില്‍ നില്‍ക്കുന്നത്.

ഏറ്റവും ഒടുവിലായി യു.എന്‍ യൂനിവേഴ്‌സിറ്റിയും മുല്ലപ്പെരിയാറിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. ലോകത്തെ ദുര്‍ബലമായ ആറ് അണക്കെട്ടുകളുടെ കൂട്ടത്തിലാണ് മുല്ലപ്പെരിയാറിനെ യു.എന്‍ യൂനിവേഴ്‌സിറ്റി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാറിന് പ്രത്യേക നിരീക്ഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. ജോ ജോസഫ് സുപ്രിംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന സുരക്ഷാഭീഷണിയില്‍ ആശങ്കപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയ വ്യക്തിയാണ് ഡോ. ജോ ജോസഫ്. സുപ്രിംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ നിരീക്ഷണത്തിലാണിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം ഉള്ളതെങ്കിലും സമിതിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്ന് ജോ ജോസഫിന്റെ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈശ്വര കടാക്ഷത്താലാണ് മുല്ലപ്പെരിയാര്‍ ഡാം ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ പറഞ്ഞത്. 50,000 കോടിയുടെ ലാഭമാണ് മുല്ലപ്പെരിയാറിലൂടെ തമിഴ്‌നാട് നേടിക്കൊണ്ടിരിക്കുന്നത്. ജോണ്‍ പെന്നിക്വിക്ക് എന്ന ബ്രിട്ടീഷ് എന്‍ജിനീയര്‍ 1895ല്‍ അണക്കെട്ട് പൂര്‍ത്തിയാക്കുമ്പോള്‍ പറഞ്ഞത് 50 വര്‍ഷത്തിനപ്പുറം അണക്കെട്ട് ഉണ്ടാവില്ലെന്നായിരുന്നു. അതിപ്പോള്‍ 126 വര്‍ഷം പിന്നിട്ടു. നമ്മുടെ എന്‍ജിനീയര്‍മാരും കോണ്‍ട്രാക്ടര്‍മാരുമായിരുന്നു മുല്ലപ്പെരിയാര്‍ ഡാം പണിതതെങ്കില്‍ എന്നേ തകര്‍ന്നിട്ടുണ്ടാകുമായിരുന്നു. ഡാമില്‍ വെള്ളംനിറഞ്ഞാല്‍ അറ്റകുറ്റപ്പണി സാധിക്കില്ല. അഞ്ചു ജില്ലകളിലെ ലക്ഷക്കണക്കിന് മലയാളികളുടെ ശിരസിന് മുകളില്‍, ജലബോംബ് പോലെ നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഏതുനിമിഷവും പൊട്ടുമെന്നാണ് യു.എന്‍ യൂനിവേഴ്‌സിറ്റിയുടെ വിലയിരുത്തല്‍.

ഡാം ദുര്‍ബലമായതോടെ ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പാടില്ലെന്നുപറഞ്ഞ് കേരളവും ഉയര്‍ത്തുമെന്ന് വ്യക്തമാക്കി തമിഴ്‌നാടും വര്‍ഷങ്ങള്‍ക്കുമുമ്പേ നിയമയുദ്ധം തുടങ്ങിയെങ്കിലും തമിഴ്‌നാട് വിജയിച്ചുകൊണ്ടേയിരുന്നു. നമ്മുടെ ഉദ്യോഗസ്ഥരും അഭിഭാഷകരും ചേര്‍ന്ന് കോടതിയില്‍ തോറ്റുകൊടുക്കുകയാണെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് മാറിമാറി വന്ന ഭരണകൂടങ്ങളും അഴിമതിക്കാരായ ഉദ്യോഗസ്ഥരും തീര്‍ത്ത വലിയൊരു അപരാധത്തിന്റെ വിലയായി അഞ്ച് ജില്ലകളിലെ 40 ലക്ഷം മനുഷ്യര്‍ ശ്വാസമടക്കിക്കഴിയേണ്ട അവസ്ഥയാണിപ്പോള്‍ സംജാതമായിരിക്കുന്നത്. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള ശാശ്വതപരിഹാരമാണ് ആവശ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.