2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ബഹ്‌റൈനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം നിലംപൊത്തി

നാലു വിദേശികള്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്ക്

 

 

മനാമ: ബഹ്‌റൈനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് നാലു വിദേശികള്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍പെട്ടവരെല്ലാം വിദേശ തൊഴിലാളികളാണെങ്കിലും ഇന്ത്യക്കാരില്ലെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സംഭവത്തില്‍ നാലു പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഒരാള്‍ സംഭവ സ്ഥലത്തും മൂന്നുപേര്‍ സല്‍മാനിയ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

തലസ്ഥാന നഗരിയോട് ചേര്‍ന്ന സല്‍മാനിയ പ്രവിശ്യയില്‍ ആന്ദ്രഗല്ലി എന്നറിയപ്പെടുന്ന സ്ഥലത്ത് പ്രാദേശിക സമയം രാത്രി 7:30 നും 8:00 നും ഇടയിലാണ് സംഭവം. ഇവിടെ നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപമുള്ള ഒരു പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുള്ള ആഘാതത്തില്‍ പഴക്കം ചെന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്ന് നിലംപൊത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറി ശബ്ദം പരിസരപ്രദേശങ്ങളിലെല്ലാം കേട്ടതായി അനുഭവസ്ഥരിലൊരാള്‍ സുപ്രഭാതത്തോട് പറഞ്ഞു.

സംഭവം നടന്നയുടന്‍ പോലിസും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സമീപത്തെ കടകളില്‍ നിന്നും ഫഌറ്റുകളില്‍ നിന്നും ആളുകളെ അകറ്റിനിര്‍ത്തി.

സംഭവത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് കരുതപ്പെടുന്നത്. ബഹ്‌റൈന്‍ അഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ട്വീറ്റുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ കാലപ്പഴക്കവും ബലക്ഷയവുമാണ് ബില്‍ഡിംഗ് പൂര്‍ണമായും നിലംപൊത്താന്‍ കാരണമായതെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വിവിധ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.