2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ജാതി സെന്‍സസ് നടപ്പാക്കണം


 

രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍, ബിഹാറില്‍ നിന്നുള്ള സര്‍വകക്ഷിസംഘം കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരിക്കുകയാണ്. ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു. ഇത് ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നതുമാണ്. യു.പി അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ജാതി സെന്‍സസ് ആവശ്യത്തിന് ശക്തികൂടുന്നപക്ഷം, സവര്‍ണ താല്‍പര്യസംരക്ഷകരായ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പിക്ക് അതു ദോഷം ചെയ്യുമെന്നതില്‍ സംശയമില്ല. അതുകൊണ്ടാണ് നിതീഷ് കുമാര്‍ നയിച്ച നിവേദകസംഘത്തോട് ഉറപ്പുനല്‍കാനാവാതെ ആവശ്യം പരിശോധിക്കാമെന്ന ഒഴുക്കന്‍ മറുപടി നരേന്ദ്ര മോദി പറഞ്ഞത്. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെ വരെ ഒപ്പംകൂട്ടി നിതീഷ്‌കുമാര്‍ പുതിയൊരു കരുനീക്കം നടത്തുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ അജന്‍ഡയെ തകര്‍ക്കുന്നതാണ്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള പ്രക്ഷോഭം രൂക്ഷമായപ്പോഴാണ് എല്‍.കെ അദ്വാനി രഥയാത്ര നടത്തി ആ നീക്കം പൊളിച്ചത്. ഹിന്ദുത്വ ഏകീകരണമെന്ന മുദ്രാവാക്യത്തിലൂടെ തന്ത്രപരമായി പിന്നോക്ക ദലിത് സമൂഹത്തിന്റെ ഏകീകരണം ശിഥിലമാക്കുകയായിരുന്നു ബി.ജെ.പി.

ബി.ജെ.പി നേതൃത്വത്തിന്റെ ഹിന്ദു ഏകീകരണമെന്ന കപട മുദ്രാവാക്യത്തിന്റെ പൊള്ളത്തരം, ശക്തിപ്പെട്ടുവരുന്ന ജാതി സെന്‍സസ് ആവശ്യത്തിന്മേല്‍ തട്ടിത്തകരുകയാണെങ്കില്‍ ഇന്ത്യയില്‍ പുതിയൊരു രാഷ്ട്രീയ ഉദയത്തിനതു നിമിത്തമായേക്കാം. ജാതി സെന്‍സസ് ആവശ്യത്തിന്മേല്‍ രാജ്യത്ത് ദലിത് പിന്നോക്ക മുന്നേറ്റമുണ്ടായാല്‍ സവര്‍ണാധിപത്യത്തിന്റെ പരമ്പരാഗത രാഷ്ട്രീയത്തിനായിരിക്കും അത് അന്ത്യംകുറിക്കുക. മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ, രാമക്ഷേത്ര നിര്‍മാണ ആവശ്യത്തിന്മേല്‍ പിന്നോക്ക ഹിന്ദുസഹോദരങ്ങളെ തളച്ചിട്ട്, ബാബരി മസ്ജിദ് പൊളിപ്പിച്ചതുപോലുള്ള കുതന്ത്രങ്ങള്‍, ജാതി സെന്‍സസ് ആവശ്യത്തെ നിശബ്ദമാക്കാന്‍ ആര്‍.എസ്.എസ് പ്രയോഗിക്കുമോ എന്നാണറിയേണ്ടത്. മണ്ഡല്‍ പ്രക്ഷോഭകാലത്തെ പോലെ ഹിന്ദുവോട്ടില്‍ മുന്നോക്ക പിന്നാക്ക ധ്രുവീകരണത്തിന് ജാതി സെന്‍സസ് വിവാദം കാരണമാകുന്നപക്ഷം യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം ബി.ജെ.പിക്ക് എതിരായിരിക്കും. കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യത്തെ അംഗീകരിക്കാത്ത പക്ഷം, ബിഹാറില്‍ മാത്രമായി ജാതി സെന്‍സസ് നടത്തുമെന്ന് നിതീഷ്‌കുമാര്‍ പറഞ്ഞത് നടപ്പാകണമെന്നില്ല. ബി.ജെ.പിയുടെ കാരുണ്യത്തിലാണ് നിതീഷ്‌കുമാര്‍ ഭരണം നടത്തുന്നത്.
ബിഹാറില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തുമ്പോള്‍ സ്വാഭാവികമായും അതിന്റെ അലകള്‍ ഇതര സംസ്ഥാനങ്ങളിലും പ്രകടമാകും. ആത്യന്തികമായി ബി.ജെ.പിയെ ആയിരിക്കും അതു ബാധിക്കുക. നിതീഷ്‌കുമാറിന്റെ നീക്കം രാഷ്ട്രീയനേട്ടത്തിനു വേണ്ടി മാത്രമായേ നിലവിലെ സാഹചര്യത്തില്‍ കാണാനാകൂ. ആര്‍.ജെ.ഡിക്കൊപ്പം ഭരണം പങ്കിട്ട് ഒടുവില്‍ ബി.ജെ.പി പാളയത്തില്‍ ചേക്കേറിയ സോഷ്യലിസ്റ്റാണ് നിതീഷ്‌കുമാര്‍. നിതീഷിന്റെ നീക്കം ആത്മാര്‍ഥമാണെങ്കില്‍ 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതു പ്രതിഫലിക്കാതിരിക്കില്ല.
ജാതി സെന്‍സസിനെ എതിര്‍ത്താല്‍ യു.പി-ബിഹാര്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഒപ്പമുള്ള യാദവേതര പിന്നോക്ക സമുദായ വിഭാഗങ്ങളുടെ പിന്തുണ നിലനിര്‍ത്താന്‍ കഴിയില്ലെന്ന ബോധ്യം ബി.ജെ.പിക്കുണ്ട്. അതിനാല്‍ നിതീഷ്‌കുമാറിന്റെ നീക്കം തകര്‍ക്കാനായിരിക്കും ബി.ജെ.പി ശ്രമിക്കുക. 1931നു ശേഷം രാജ്യത്ത് ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തിയിട്ടില്ല. അതിനാല്‍ തന്നെ പിന്നോക്ക ദലിത് വിഭാഗങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച സംവരണം മുതല്‍ ഭരണപങ്കാളിത്തം വരെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആധികാരികമായ കണക്കുകളോടെയും ആസൂത്രണത്തോടെയും വേണം സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കാന്‍ കഴിയാത്തതിന്റെ കാരണം ജാതിയുടെ അടിസ്ഥാനത്തില്‍ സെന്‍സസ് നടക്കാത്തതിനാലാണ്. അതു വ്യക്തമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബോധ്യവുമുണ്ട്.

1931 വരെ സെന്‍സസില്‍ ജാതിക്കോളമുണ്ടായിരുന്നു. 1941ല്‍ അത് നിര്‍ബന്ധമല്ലാതാക്കി. ജാതിസ്പര്‍ധയ്ക്കു കാരണമാകുമെന്നു പറഞ്ഞായിരുന്നു ഈ നടപടി. 1951 മുതല്‍ സെന്‍സസില്‍ നിന്നു ജാതി പൂര്‍ണമായും ഒഴിവാക്കി. 1961ലെ സെന്‍സസില്‍ ജാതി കണക്കെടുക്കണമെന്ന്, 1953ല്‍ നിയോഗിച്ച കാക്കാ കലേല്‍ക്കര്‍ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയമിക്കപ്പെട്ടതായിരുന്നു ഈ കമ്മിഷന്‍. പക്ഷേ, ശുപാര്‍ശകളൊന്നും അംഗീകരിക്കപ്പെട്ടില്ല. 2001ലെ വാജ്‌പേയി സര്‍ക്കാരും പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയതായിരുന്നു ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് നടപ്പാക്കുമെന്ന്. പക്ഷേ, നടപ്പായില്ലെന്നു മാത്രം. 2011ല്‍ പാര്‍ലമെന്റില്‍ ഈ വിഷയം ചൂടേറിയ ചര്‍ച്ചയ്ക്കു വിധേയമായപ്പോള്‍ രണ്ടാം മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ സാമൂഹിക, സാമ്പത്തിക കണക്കെടുപ്പ് നടത്തിയെങ്കിലും ഫലം പുറത്തുവിട്ടില്ല. സ്വകാര്യത ലംഘിക്കപ്പെടുമെന്ന ബാലിശമായ കാരണം പറഞ്ഞാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കണക്ക് തടഞ്ഞുവച്ചത്. 2021ലെ സെന്‍സസില്‍ ജാതിക്കോളമുണ്ടാകുമെന്ന് പറഞ്ഞെങ്കിലും ഉണ്ടായില്ല. രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് ജാതി സെന്‍സസ് അനിവാര്യമാണെന്നിരിക്കെ, അതിനെ തകര്‍ക്കാന്‍ ഭരണതലപ്പത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സവര്‍ണലോബിയുടെ പ്രവര്‍ത്തനങ്ങളാണ് തകൃതിയായി നടക്കുന്നത്.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 52 ശതമാനവും 3,742 ജാതി വിഭാഗത്തില്‍പ്പെട്ടവരെന്നാണ് 1980ലെ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കേവലം 4.69 ശതമാനം മാത്രമാണ് ഈ വിഭാഗങ്ങളുള്ളത്. ജാതി സെന്‍സസ് ഒഴിവാക്കരുതെന്ന് പല സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നോക്ക വോട്ടുകള്‍ നിര്‍ണായകമായ ജാതിരാഷ്ട്രീയം മേല്‍ക്കോയ്മ പുലര്‍ത്തുന്ന, ഇന്ത്യയുടെ ഹൃദയഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ആവശ്യം അലയടിച്ചുയരുന്നതോടെ ഇന്ത്യയൊട്ടാകെ ജാതി സെന്‍സസിനു വേണ്ടിയുള്ള മുറവിളി ഉയരും. കേവലം രാഷ്ട്രീയമോഹങ്ങള്‍ സഫലമാക്കാനല്ല, ബിഹാറിലെങ്കിലും ജാതി സെന്‍സസ് നടപ്പാക്കുമെന്ന് നിതീഷ്‌കുമാര്‍ പറയുന്നതെങ്കില്‍ അടിസ്ഥാന വിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള നാന്ദിയാകും അദ്ദേഹത്തിന്റെ തുടര്‍ നീക്കം.

ആധികാരികമായ ഒരു രേഖയുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നില്ല സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ 10 ശതമാനം മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയത്. സംവരണം 50 ശതമാനം കവിയരുതെന്ന സുപ്രിംകോടതി വിധിയുണ്ടായിട്ടുപോലും കേരളത്തില്‍ അത് ലംഘിക്കപ്പെട്ടു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ അധഃസ്ഥിത വിഭാഗത്തിന്റെ ക്ഷേമമാണ് ഇടതുമുന്നണി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ സംസ്ഥാനത്ത് ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്താനുള്ള തന്റേടമാണ് കാണിക്കേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.