2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

വിരട്ടി കീഴടക്കാനോ ഇൗ റെയ്ഡ്?


2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രിയും നിലവിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയുടെ പങ്ക് പരാമർശിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫിസുകളിൽ ആദായനികുതി വകുപ്പ്(ഐ.ടി) ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡ് വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിലാണ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. വ്യക്തമായ കണക്കുകൾ അവതരിപ്പിക്കാതെ നികുതിവെട്ടിപ്പ് വഴി, വൻ ലാഭമുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ഐ.ടി വകുപ്പിന്റെ നടപടി. ഇന്ത്യയിലെ പ്രവർത്തനം വഴിയുണ്ടാക്കുന്ന വരുമാനത്തിന് നിയമപരമായി അടക്കേണ്ട നികുതി ചൂണ്ടിക്കാട്ടി പലതവണ നോട്ടിസ് നൽകിയിട്ടും പ്രതികരിക്കാത്തതുകൊണ്ടാണ് ചാനൽ റെയ്‌ഡെന്നാണ് അധികൃതർ പറയുന്നത്. റെയ്ഡല്ല, സർവേ മാത്രമാണ് നടന്നതെന്നാണ് വാദമെങ്കിലും ഫലത്തിൽ റെയ്ഡിന്റെ സ്വഭാവമുള്ള നടപടിയാണ് ഉണ്ടായിരിക്കുന്നത്.

ഇംഗ്ലണ്ടിലെ പൊതുജനം കൊടുക്കുന്ന ലൈസൻസ് ഫീസുകൊണ്ട് നിലനിൽക്കുന്ന സ്ഥാപനാണ് ബി.ബി.സി. ഇത്തരത്തിലുള്ള സ്ഥാപനത്തിനെതിരേ സർക്കാരിൻ്റെ പ്രതികാര നടപടി കോൺഗ്രസ് നേതാവ് ഡോ. ശശി തരൂർ പറഞ്ഞതുപോലെ സെൽഫ് ഗോളാണ്. കാരണം, മറന്നുതുടങ്ങിയ ഡോക്യുമെന്ററി വീണ്ടും ജനങ്ങളെ ഓർമിപ്പിക്കുകയും കൂടുതൽ പേർ ഇതു കാണാൻ ഇടയാക്കുകയും ചെയ്യുന്നതിനപ്പുറമുള്ള മാനങ്ങളാണ് റെയ്ഡിന്റെ ബാക്കിപത്രം.

വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20ന്റെ നിലവിലെ അധ്യക്ഷപദവി ഇന്ത്യക്കാണ്. അടുത്തിടെ നടന്ന രാജ്യാന്തര സമ്മേളനത്തിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും ജനാധിപത്യത്തിന്റെ മാതാവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചിരുന്നു. വലിയ കൈയടിയാണ് പ്രസംഗത്തിന് ലഭിച്ചത്. അടുത്ത ജി 20 ഉച്ചകോടിക്ക് ആതിഥ്യമരുളുന്നതിന്റെ ഭാഗമായുള്ള ഒത്തുചേരലായിരുന്നു അത്. റെയ്ഡിന്റെ പശ്ചാത്തലത്തിൽ അന്നത്തെ മോദിയുടെ പ്രസംഗം വിവിധ കോണുകളിലുള്ളവർ വീണ്ടും അദ്ദേഹത്തെ ഓർമിപ്പിച്ചു. ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള രാജ്യാന്തര പ്രതിനിധികളുടെ സന്ദർശനം ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കെയാണ് ബി.ബി.സിയെ ലക്ഷ്യംവച്ചുള്ള പ്രതികാര റെയ്ഡ്. ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിനെ നരേന്ദ്രമോദി കാണും. ബി.ബി.സിക്കെതിരായ നീക്കങ്ങളെ എങ്ങനെയാവും സുനകിനോട് മോദി ന്യായീകരിക്കുക? ബുദ്ധിയും വിവേകവുമുള്ള ഒരു സർക്കാരും ഇത്തരം ഘട്ടത്തിൽ മുഖ്യധാരാ രാജ്യാന്തര മാധ്യമത്തെ ലക്ഷ്യംവയ്ക്കില്ലെന്ന് രാഷ്ട്രീയനിരീക്ഷകൻ അപൂർവാനന്ദിനെ പോലുള്ളവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

   

ഐ.ടി നിയമപ്രകാരം അനധികൃത സമ്പാദനം, നികുതിവെട്ടിപ്പ്, കണക്കിൽപ്പെടാത്ത സ്വത്ത് തുടങ്ങിയവ സംബന്ധിച്ച് സൂചനയോ പരാതിയോ ലഭിച്ചാൽ എവിടെയും റെയ്ഡ് നടത്താൻ ആദായനികുതി വകുപ്പിന് അധികാരമുണ്ട്. റെയ്ഡല്ല സർവേയാണ് നടത്തിയതെന്ന് ഐ.ടി ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും റെയ്ഡിൽ പോലും പാടില്ലാത്ത നടപടികളാണ് ബി.ബി.സി ഓഫിസുകളിൽ ഐ.ടി ഉദ്യോഗസ്ഥരിൽനിന്നുണ്ടായത്. ജോലി കഴിഞ്ഞ് ഇറങ്ങാൻ നിൽക്കുകയായിരുന്ന ജീവനക്കാരെ തടഞ്ഞുവയ്ക്കുകയും മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവ എടുത്തുകൊണ്ടുപോവുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നാൽ, പരിശോധനയ്ക്ക് ഇത്തരം നടപടികൾ സ്വീകരിക്കാൻ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിയമം അനുവാദം നൽകുന്നില്ല. അക്കൗണ്ട്‌സ് പുസ്തകങ്ങളും രേഖകളും എടുത്തുവയ്ക്കാൻ മാത്രമാണ് അനുമതി.

ആദായനികുതി വകുപ്പ് ഗൗരവത്തിൽ ഇടപെടേണ്ട വിധത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളിൽ ബി.ബി.സിയെ പോലെ മാധ്യമത്തിന്റെ ഇന്ത്യയിലെ ശാഖ ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് പല പ്രമുഖരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തങ്ങളുടെ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ച വിദേശ സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും ഇന്ത്യയിലെ ശാഖകളെ നരേന്ദ്രമോദി സർക്കാർ ലക്ഷ്യംവയ്ക്കുന്നത് ഇതാദ്യമല്ല. നേരത്തെ ഗ്രീൻപീസ്, ആംനസ്റ്റി ഇന്റർനാഷനൽ ഉൾപ്പെടെയുള്ള പരിസ്ഥിതി-മനുഷ്യാവകാശ സംഘടനകളെയും റെയ്ഡ് നടത്തി പ്രതികാരം തീർത്തിട്ടുണ്ട് ബി.ജെ.പി സർക്കാർ. ബി.ബി.സിയുടെ ഡോക്യുമെന്ററിയിൽ ഇക്കാര്യങ്ങൾ പറയുന്നുമുണ്ട്. ആംനസ്റ്റിയുടെ പ്രവർത്തനം, ബി.ബിസി ഡോക്യുമെന്ററി, അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് എന്നിവയെല്ലാം ഇന്ത്യക്കെതിരായ ആക്രമണമായാണ് മോദിയും ബി.ജെ.പിയും കാണുന്നത്.

ബി.ബി.സി തുടർച്ചയായി നടത്തിവരുന്ന സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച പരാതിപ്രകാരമാണ് ഇപ്പോഴത്തെ റെയ്‌ഡെന്ന് പൊതുജനം വിശ്വസിക്കില്ലെന്ന് ബി.ജെ.പിക്കും റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർക്കും അറിയാം. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഈ റെയ്ഡ്. നികുതി വെട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തണമെന്ന് കേന്ദ്രസർക്കാരിനും ആദായനികുതി വകുപ്പിനും ആത്മാർഥ ആഗ്രഹമുണ്ടെങ്കിൽ ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഗൗതം അദാനിക്കെതിരേ ഒരു അന്വേഷണമെങ്കിലും പ്രഖ്യാപിക്കേണ്ടതായിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് സംബന്ധിച്ച് പാർലമെന്റിൽ വ്യക്തമായ പ്രസ്താവന നടത്താനും ഇക്കാര്യത്തിൽ രാഹുൽഗാന്ധിയുടെ അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിന് മറുപടി പറയാനും തയാറാവാതെ കേന്ദ്രസർക്കാർ, ബി.ബി.സിയുടെ ഓഫിസുകൾ റെയ്ഡ് ചെയ്യുമ്പോൾ, അങ്ങേയറ്റം തരംതാണ പ്രതികാര നടപടിയാണ് അതെന്ന് അന്നം കഴിക്കുന്ന ആർക്കും ബോധ്യപ്പെടും.

ഭരണത്തിലിരിക്കുന്ന വ്യക്തി ഉൾപ്പെട്ട വിഷയത്തിൽ ഡോക്യുമെൻ്ററി തയാറാക്കിയതിനാൽ മാധ്യമസ്ഥാപനത്തെ ഭയപ്പെടുത്തി ഇരുത്താനുള്ള കേന്ദ്രസർക്കാർ ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. മാധ്യമസ്വാതന്ത്ര്യത്തിൻ്റെ കടയ്ക്കൽ കത്തിവയ്ക്കൽ തന്നെയാണ്. ഇത് വിരട്ടലാണ്. ഇന്ത്യയിൽ ജനാധിപത്യത്തിൻ്റെ ചിഹ്നങ്ങൾ തച്ചുടക്കപ്പെടുന്ന ഇൗ സന്ദർഭത്തിൽ, ബാക്കിനിൽക്കുന്ന മാധ്യമങ്ങളെയും തകർക്കുകയാണ് ഇൗ മുഷ്ക്കിലൂടെ മോദി സർക്കാർ. ഇന്ത്യപോലെ അതിവിശാലമായ ജനാധിപത്യരാജ്യത്ത് എത്ര ആയുസ് കിട്ടും ഇൗ പോക്കിരിത്തത്തിന്!


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.