2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചെറുത്തുതോല്‍പ്പിക്കണം കരിനിയമങ്ങളെ

പി. സുരേന്ദ്രന്‍

 

മാധ്യമ സ്വാതന്ത്ര്യത്തെയും വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും കൂച്ചു ചങ്ങലക്കിടാന്‍ വേണ്ടി പൊലിസ് നിയമത്തില്‍ വന്ന ഭേദഗതി 118 എ ദേ വന്നു, ദേ പോയി എന്ന രീതിയിലായിപ്പോയി. ഈ നിയമത്തില്‍ ഒപ്പുവച്ച സമയത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീര്‍ച്ചയായും ഉള്ളില്‍ ചിരിച്ചുകാണണം. പിണറായി വിജയന്‍ സ്വയം കുഴികുഴിക്കുകയാണെന്നും അതില്‍ വീണ് നിലവിളിക്കുമെന്നും മുന്‍കൂട്ടി അറിയാനുള്ള ബുദ്ധിയൊക്കെ അദ്ദേഹത്തിനുണ്ടല്ലൊ. പിണറായി വിജയന് ഒരു കുരുക്ക് വെക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്.

സംവാദങ്ങള്‍ സക്രിയമാകുന്നതിന്റെ രസതന്ത്രം പൊതുവെ നമുക്ക് പിടികിട്ടാറില്ല. ചില വിഷയങ്ങള്‍ വിചാരിക്കാത്ത രീതിയില്‍ കത്തിപ്പടരും. 118 എ യുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. ദേശീയതലത്തില്‍ വളരെ പെട്ടെന്നു തന്നെ ഇത് കത്തിപ്പടര്‍ന്നു. പി. ചിദംബരം, സി.പി.ഐ.എം.എല്‍. ലിബറേഷന്റെ പോളിറ്റ് ബ്യൂറോ അംഗവും ദേശാന്തരീയ തലത്തില്‍ തന്നെ അംഗീകാരം നേടിയ രാഷ്ട്രീയ നിരീക്ഷകയുമായ കവിതാ കൃഷ്ണന്‍, നിയമജ്ഞനും ആക്റ്റിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ എന്നിവരൊക്കെ ദേശീയതലത്തില്‍ ഈ നിയമത്തിനെതിരേ ശബ്ദമുയര്‍ത്തി. കേരളത്തില്‍ ഇടതുപക്ഷ സഹയാത്രികരായ സാംസ്‌കാരിക പ്രവര്‍ത്തകരും മൗനം വെടിഞ്ഞ് സര്‍ക്കാറിനെതിരേ രംഗത്തുവന്നു. ഇടതുപക്ഷത്തെ അപമാനിക്കുന്ന നിയമഭേദഗതി എന്നാണ് കവിതാ കൃഷ്ണന്‍ പ്രതികരിച്ചത്.
താല്‍ക്കാലികമായെങ്കിലും നിയമം മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായി. ഇത് ഉദാരമായ ജനാധിപത്യ മര്യാദ എന്നാണ് എ. വിജയരാഘവന്‍ പറഞ്ഞത്. എന്നുവച്ചാല്‍ ജനാധിപത്യ മര്യാദ ജനതയെ പഠിപ്പിക്കാന്‍ വേണ്ടി മാത്രമായി ഉണ്ടാക്കിയ ബില്ല് എന്നത് പുതിയ ന്യായീകരണ ക്യാപ്‌സൂളാണ്. സി.പി.എമ്മിന്റെ ന്യായീകരണത്തൊഴിലാളികള്‍ പരിഹാസ്യരായി മാറുകയും ചെയ്തു. ജനരോഷം ഭയന്ന് നിയമഭേദഗതി മരവിപ്പിച്ചതാണ് എന്നൊന്നും വിശ്വസിച്ച് നാം മണ്ടന്മാരേവണ്ടതില്ല. ജനരോഷത്തെ ഭയക്കുന്ന പ്രകൃതമൊന്നുമല്ല പിണറായി വിജയന്റേത്. ഉദാരമായ ജനാധിപത്യത്തെ മാനിക്കുന്നവര്‍ മാത്രമേ ജനരോഷം പരിഗണിക്കൂ. അത് പിണറായി വിജയന്റെ രീതിയല്ലെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കിയാല്‍ അറിയാം. രോഷാകുലനായ ഒരു ഏകാകിയാണ് അദ്ദേഹം. മുഖ്യമന്ത്രിപദം പോലും ചിലപ്പോഴദ്ദേഹം മറന്നുപോവുകയും പാര്‍ട്ടി സെക്രട്ടറിയെപ്പോലെ പെരുമാറുകയും ചെയ്യും. അദ്ദേഹത്തിന്റെ പാര്‍ട്ടി സെക്രട്ടറി കാലഘട്ടമെന്നത് കാറ്റും വെളിച്ചവും കടന്നുവരാനുള്ള ജാലകങ്ങളൊക്കെ അടച്ചിടപ്പെട്ട കാലമാണ്, ചിരിമാഞ്ഞ കാലം. വി.എസ്സിന്റെ പോരാട്ടങ്ങള്‍ പാര്‍ട്ടിയിലൊരു പിളര്‍പ്പിന്റെ വക്കിലെത്തിച്ചപ്പോള്‍ അതൊക്കെ നിഷ്പ്രഭമാക്കുന്നതില്‍ പിണറായി വിജയിച്ചു. വി.എസ് മാത്രമല്ല വലിയൊരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ നിശബ്ദരായി. അവരൊക്കെയും ഇപ്പോഴും പിണറായിയെ ന്യായീകരിക്കാന്‍ രംഗത്തില്ല. എം.എ ബേബി എതിര്‍ശബ്ദം ഉയര്‍ത്തുകയും ചെയ്തു. തനിക്കവരുടെയൊന്നും പിന്തുണ ആവശ്യമില്ല എന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. പ്രതിസ്വരങ്ങളും വിമര്‍ശനങ്ങളും ഇല്ലാതായാല്‍ പാര്‍ട്ടി കൂടുതല്‍ ഹിംസാത്മകമാവും. പിണറായിക്കുള്ള പിന്തുണ എക്കാലത്തും സ്‌നേഹം കൊണ്ടായിരുന്നില്ല മറിച്ച് പേടികൊണ്ടായിരുന്നു. കൊവിഡ് കാലത്ത് മറ്റൊരു സംസ്ഥാനത്തിലും കാണാത്ത അമിതനിയന്ത്രണങ്ങള്‍ പോലും ഇത്തരം കരിനിയമങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയായിരുന്നുവോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനുമാവില്ല. മറ്റൊരു ഘട്ടത്തിലായിരുന്നുവെങ്കില്‍ നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ സമരാഗ്നികൊണ്ട് ചുട്ടുപൊള്ളുമായിരുന്നു. അമിതാധികാര പ്രയോഗത്തിന് കൊവിഡിനേക്കാള്‍ വലിയൊരു അവസരം കിട്ടാനില്ലെന്ന് മോദിയും മനസിലാക്കിയിരുന്നല്ലൊ.

ഈ നിയമഭേദഗതി കേരളത്തില്‍ ജനാധിപത്യ വിരുദ്ധമാവുന്നത് വേറെയും കാരണങ്ങള്‍ കൊണ്ടാണ്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനം എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. പാര്‍ട്ടിയില്‍ തന്നെ ഈ നിയമഭേദഗതി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടാവില്ല. ഒന്നോര്‍ത്താല്‍ എല്‍.ഡി.എഫ് എന്നതു തന്നെ ഒരു തമാശയാണ്. ആ മുന്നണിയിലെ ഘടകകക്ഷികളുടെ ശബ്ദമൊന്നും കേരളം കേള്‍ക്കാറുമില്ല. സി.പി.എം എന്ന വടവൃക്ഷത്തിനു കീഴിലെ പേടിച്ചരണ്ട്, സൂര്യവെളിച്ചം കിട്ടാതെ മ്ലാനമായി നില്‍ക്കുന്ന ഘടകകക്ഷികളെക്കുറിച്ചോര്‍ത്ത് സഹതപിക്കേണ്ട കാര്യമേയുള്ളൂ. വല്ലപ്പോഴുമൊക്കെ പ്രതിശബ്ദങ്ങള്‍ പോലെ ചിലത് സി.പി.ഐയില്‍നിന്നു കേള്‍ക്കുമെങ്കിലും അതും ഒരു തമാശ. ഓന്ത് ഓടിയാല്‍ വേലിയോളം എന്ന് നന്നായറിയാം സി.പി.എമ്മിന്. പിണറായി വിജയന്‍ ശരിക്കുമൊന്ന് കണ്ണുരുട്ടിയാല്‍ പേടിച്ചുവിറക്കുന്ന നേതാക്കന്മാരെ ഇപ്പോള്‍ സി.പി.ഐയില്‍ ഉള്ളൂ. സി.കെ ചന്ദ്രപ്പന്റേയും വെളിയം ഭാര്‍ഗ്ഗവന്റേയും ഒക്കെ കാലം വെറുതെ ഓര്‍ക്കുകയെങ്കിലും ചെയ്യണം കാനം രാജേന്ദ്രന്‍. പറഞ്ഞുവരുന്ന കാര്യം ഇത്രയേ ഉള്ളൂ. യാതൊരു ഹോംവര്‍ക്കുമില്ലാതെ കൊണ്ടുവന്ന ഒരു നിയമഭേദഗതിയ്ക്ക് എന്ത് നിലനില്‍പ്പുണ്ടാവാനാണ്. ഇത്തരം കരിനിയമങ്ങള്‍ക്കെതിരേ നട്ടെല്ലു നിവര്‍ത്തി സംസാരിക്കാന്‍ ധാര്‍മികമായി കോണ്‍ഗ്രസിനും ശക്തിയില്ല. അടിയന്തരാവസ്ഥക്കാലം അവരെ തിരിഞ്ഞുകൊത്തും. ബി.ജെ.പിയുടെ വിമര്‍ശനങ്ങള്‍ പുച്ഛത്തോടെ തള്ളിക്കളയാം. ഇന്ത്യയില്‍ ജനവിരുദ്ധ കരിനിയമങ്ങള്‍ ഏറ്റവും ക്രൂരമായി പ്രയോഗിക്കുന്നത് മോദിസര്‍ക്കാരാണ്. യു.പിയിലേതുപോലെ ഇത്രയേറെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന സംസ്ഥാനം വേറെയുണ്ടോ.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച് വാചാലരാവുമെങ്കിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നടന്ന കൂട്ടക്കുരുതികളും മനുഷ്യാവകാശലംഘനങ്ങളും അത്ര പെട്ടെന്ന് മറക്കാമോ. ഹിറ്റ്‌ലറും മുസ്സോളിനിയും പട്ടാളത്തെയും പൊലിസിനെയും എത്ര ക്രൂരമായാണോ ജനങ്ങള്‍ക്കെതിരായി ഉപയോഗിച്ചത് അതേ രീതിയില്‍ തന്നെയാണ് സ്റ്റാലിനും ഉപയോഗിച്ചത്. പ്രതിശബ്ദങ്ങളെ വേട്ടയാടിക്കൊന്ന ചരിത്രമാണ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലുള്ളത്. പ്രതിപക്ഷത്തെ ഹൃദയപൂര്‍വം അവര്‍ സ്വീകരിക്കാറുമില്ല. സ്റ്റേറ്റ് എന്നത് ഇല്ലാതാവുന്നതാണ് കമ്മ്യൂണിസ്റ്റ് സ്വപ്നമെങ്കിലും സംഭവിച്ചത് തിരിച്ചാണ്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലൊക്കെ സ്റ്റേറ്റ് ഏറ്റവും ജനവിരുദ്ധമായി ശക്തിപ്രാപിക്കുകയാണ് ചെയ്തത്. അതിന്റെ തിരിച്ചടി ലോകം മുഴുവന്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്തു. സ്റ്റാലിന്റെ പ്രേതം ഇപ്പോഴും സി.പി.എമ്മില്‍ അലഞ്ഞുനടക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ പലവാര്‍ഡുകളിലും എതിരില്ലാതെ വിജയിക്കുന്നതില്‍ സി.പി.എം ആഹ്ലാദിക്കുന്നത് പ്രതിപക്ഷത്തെ മാനിക്കാന്‍ അവര്‍ തയാറല്ലാത്തതുകൊണ്ടാണ്. ഇതാണ് പൊളിറ്റിക്കല്‍ ക്രിമിനലിസം. ഭീഷണിയും കൊലപാതകങ്ങളും ഒരു പ്രത്യയശാസ്ത്രമായികൊണ്ടു നടക്കുന്നത് ജനാധിപത്യ രാജ്യത്ത് ഒരശ്ലീലമല്ലേ. പ്രതിശബ്ദങ്ങള്‍ അംഗീകരിക്കാനാവാത്ത അസഹിഷ്ണുത തന്നെയാണ് പുതിയ പൊലിസ് ആക്ടിലും പ്രതിഫലിച്ചത്. പൊലിസിനെ ഉപയോഗിച്ചുകൊണ്ടുള്ള ഭരണകൂടഭീകരത, ബംഗാളില്‍ സി.പി.എമ്മിനെ ഏതുവിധമാണ് തകര്‍ത്തുകളഞ്ഞതെന്ന് കേരളത്തിലെ സി.പി.എമ്മിനും ഓര്‍ക്കാവുന്നതാണ്. പൊലിസിനോടും പട്ടാളത്തോടും വല്ലാത്തൊരു ആഭിമുഖ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവര്‍ക്ക് അധികാരം കിട്ടിയ സ്ഥലങ്ങളിലൊക്കെ കാണിച്ചിട്ടുണ്ട്. കമ്മ്യൂണിസത്തിന്റെ എല്ലാ നന്മകളെയും മിലിറ്ററി വിഴുങ്ങിക്കളയുകയാണ് ചെയ്തത്. മിലിറ്ററി യൂണിഫോം ഫിദര്‍ കാസ്‌ട്രോ അണിഞ്ഞാലും ലോകത്തെ ഭയപ്പെടുത്തി ഭരിച്ച മറ്റ് ഏകാധിപതികളായാലും വലിയ വ്യത്യാസമൊന്നുമില്ല.

ഭരണത്തുടര്‍ച്ചയെ സംബന്ധിച്ച സന്ദേഹം രൂപപ്പെട്ടതോടെ ഉണ്ടായ അങ്കലാപ്പാണ് സമഗ്രാധികാരം പ്രയോഗിക്കാന്‍ പിണറായി സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്കും എം.എല്‍.എമാര്‍ക്കും നേരെ പൊടുന്നനെ വിജിലന്‍സിനെ കെട്ടഴിച്ചു വിടുന്നതും രാഷ്ട്രീയ ഹീനതയാണ്. അതിരുവിട്ടാല്‍ ഇത് വിപരീതഫലം ചെയ്യും എന്ന് പറഞ്ഞുകൊടുക്കാന്‍ പറ്റിയ ഉപദേശകരും പിണറായി വിജയനില്ല. കൊവിഡിനെ പ്രതിരോധിക്കാന്‍ പൊലിസിനെ ഉപയോഗിച്ച രീതികള്‍ എക്കാലവും ചിരിയുണര്‍ത്താന്‍ പോന്നതാണ്. പൊലിസിന് എപ്പോഴൊക്കെ അമിതാധികാരം കൊടുക്കുന്നുവോ അപ്പോഴൊക്കെ സര്‍ക്കാരിന് വിനയായിട്ടേയുള്ളൂ. തന്റെ മുമ്പിലെത്തുന്നവരെ കുറ്റവാളിയായി കാണുന്നത് പൊലിസിന്റെ പൊതുസ്വഭാവവുമാണ്. ഒരു ഭാഗത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടലില്‍ നിലവിളിക്കുകയും യു.എ.പി.എ കടുത്ത മനുഷ്യാവകാശ ലംഘനമായി പ്രയോഗിക്കുകയും ചെയ്തു ഈ സര്‍ക്കാര്‍. അതുകൊണ്ട് തന്നെ പൊലിസ് രാജിന്റെ കാര്യത്തിലെ ഇപ്പോഴത്തെ തിരുത്ത് സിംഹം അതിന്റെ നഖം തല്‍ക്കാലം മടക്കിവച്ചതാണ്. അനുകൂല സാഹചര്യം വന്നാല്‍ അത് വീണ്ടും നീണ്ടുവരും. അതിനാല്‍ 118 എ റദ്ദ് ചെയ്തത് അത്ര വിശ്വാസത്തിലെടുക്കേണ്ട. നുണകൊണ്ട് വികൃതമുഖം മറയ്ക്കുന്നത് ഭരണകൂടങ്ങളുടെ പൊതുസ്വഭാവമാണ്.

സൈബര്‍ ഇടങ്ങള്‍ ജനാധിപത്യമുന്നേറ്റങ്ങളുടെ ഭാഗമാണ്. വ്യക്തികളുടെ സര്‍ഗസ്വാതന്ത്ര്യമാണ് പ്രതിശബ്ദങ്ങള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും നുണപ്രചാരണങ്ങള്‍ക്കും നേരെ നിലവിലുള്ള നിയമങ്ങള്‍ തന്നെ പ്രയോഗിക്കാം. പക്ഷേ അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും തടയലാവരുത്. എലിയെപ്പേടിച്ച് ആരും ഇല്ലം ചുടാറില്ല.
118 എ യ്ക്കു നേരെ രൂപപ്പെട്ട പ്രതിരോധവും വിജയവും ഭാവി പ്രതീക്ഷയാണ്. യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങള്‍ക്കെതിരേ വലിയ ജനാധിപത്യ മുന്നേറ്റങ്ങള്‍ സാധ്യമാണ് എന്ന പാഠം അത് നല്‍കുന്നു. ഈ കൊവിഡ്കാലത്തും ചില വിസ്മയകരമായ മുന്നേറ്റങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യംവഹിക്കുന്നുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.