2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാസർകോട് ജില്ലയില്‍ പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്ക് പോലും പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്ത സാഹചര്യമാണുള്ളതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ജില്ലയില്‍ 17431 അപേക്ഷകളാണ് ഉള്ളതെന്ന മന്ത്രി പറഞ്ഞ കണക്ക് കള്ളമാണ്. ജില്ലയിലെ ആകെയുള്ള 12894 മെറിറ്റ് സീറ്റിലേക്ക് 19653 വിദ്യാര്‍ഥികളാണ് അപേക്ഷ നല്‍കിയത്. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ടമെന്റും പൂര്‍ത്തിയായപ്പോള്‍ 12836 വിദ്യാര്‍ഥികള്‍ക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. 6817 കുട്ടികള്‍ ഇപ്പോഴും സീറ്റ് ലഭിക്കാതെ തുടര്‍പഠനം പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ്. സീറ്റുകള്‍ മുഴുവനായ സ്ഥിതിക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ് പോലും അപ്രസക്തമാണ്. വിദ്യാര്‍ഥികളുടെ ഭാവിയെ തന്നെ ഇല്ലാതാക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
പഠിച്ചു ജയിച്ചവരെ പടിക്ക് പുറത്താക്കരുത്, അധിക ബാച്ചുകള്‍ അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ജില്ലാ എം.എസ്.എഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ച് എം.എല്‍.എമാര്‍ക്ക് നിവേദനം നല്‍കും. 21 ന് കലക്ടറേറ്റിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച് നടത്തും. സോഷ്യല്‍ മീഡിയ വഴിയും മണ്ഡലം, പഞ്ചായത്ത് തലങ്ങളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ലെങ്കില്‍ തെരുവുകളില്‍ പ്രതീകാത്മക പ്രതിഷേധ ക്ലാസ് അടക്കം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ട്രഷറര്‍ അസറുദ്ദീന്‍ മണിയനോടി, സെക്രട്ടറിമാരായ സലാം ബെളിഞ്ചം, താഹ തങ്ങള്‍, അഷ്‌റഫ് ബോവിക്കാനം സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.