2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

പ്രതിപക്ഷ ഐക്യം യാഥാര്‍ഥ്യമാകണം


2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രതിപക്ഷ നിരയില്‍ പുതിയൊരു ഉണര്‍വ് പ്രകടമായിരിക്കുകയാണ്. ജൂലൈയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടക്കം കുറിച്ച പ്രതിപക്ഷ ഐക്യനിരക്കുള്ള ശ്രമം കൂടുതല്‍ കരുത്താര്‍ജിക്കുന്നുവെന്നത് പ്രതീക്ഷയ്ക്കു വകനല്‍കുന്നുണ്ട്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. സ്വന്തം താല്‍പര്യങ്ങള്‍ മാറ്റിവച്ച് രാജ്യത്തിനായി ഒന്നിക്കേണ്ട സമയമായിരിക്കുന്നുവെന്നുള്ള വാക്കുകളില്‍, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രതിപക്ഷ ഐക്യനിര ശിഥിലമായിപ്പോയതിന്റെ നിരാശയുണ്ട്. റാഫേല്‍ യുദ്ധവിമാന കരാറില്‍ പ്രകടമായ അഴിമതിയുണ്ടെന്നു തെളിവുസഹിതം രാഹുല്‍ ഗാന്ധി 2019ലെ തെരഞ്ഞെടുപ്പില്‍ നിരന്തരം ആരോപിച്ചിട്ടും പ്രതിപക്ഷത്ത് 19 പാര്‍ട്ടികള്‍ ഉണ്ടായിട്ടും അദ്ദേഹത്തിനു പിന്തുണ കിട്ടിയില്ല. സ്വന്തം പാര്‍ട്ടിയില്‍നിന്നുപോലും രാഹുല്‍ ഗാന്ധിക്കു വേണ്ടത്ര പിന്തുണ കിട്ടിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
എന്നാല്‍, ബോഫേഴ്‌സ് തോക്കിടപാടില്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് നേരിട്ട് ബന്ധമില്ലാഞ്ഞിട്ടുപോലും വി.പി സിങ്ങിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായാണ് ആരോപണമുന്നയിച്ചത്. അന്നു വി.പി സിങ്ങിന് ലഭിച്ചതുപോലുള്ള അനുകൂലമായൊരു സാഹചര്യമാണിപ്പോള്‍ മമതാ ബാനര്‍ജിക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍, ഈ അനുകൂല സാഹചര്യം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ നിലനിര്‍ത്തിക്കൊണ്ടുപോകുകയെന്നത് മമതക്കും സോണിയാ ഗാന്ധിക്കും ഒരുപോലെ വെല്ലുവിളിയാണ്.

മുപ്പത്തിമൂന്ന് ശതമാനം വോട്ടുനേടിയാണ് രണ്ടാം തവണ നരേന്ദ്രമോദി അധികാരത്തില്‍ വന്നത്. ജനാഭിലാഷം എതിരായിരുന്നിട്ടുപോലും ഇന്ത്യ ഭരിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ പ്രതിപക്ഷം തന്നെയാണ്. ഓരോ പാര്‍ട്ടിക്കും വ്യത്യസ്ത താല്‍പര്യങ്ങളാണുള്ളത്. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഒരു പോരാട്ടത്തിന് ആരും സന്നദ്ധമായില്ല. ഇപ്പോള്‍ പ്രതിപക്ഷ ഐക്യനിരയില്‍ ഇങ്ങനെയൊരു ഉണര്‍വുണ്ടാകാന്‍ കാരണമായത് മമതാ ബാനര്‍ജിയുടെ രണ്ടും കല്‍പിച്ചുള്ള പുറപ്പാടാണ്.
കഴിഞ്ഞ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബംഗാളില്‍ തമ്പടിച്ചാണ് മമതാ ബാനര്‍ജിക്കെതിരേ പ്രചാരണ കൊടുങ്കാറ്റ് അഴിച്ചുവിട്ടത്. കേന്ദ്ര മെഷിനറി വരെ തെരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്യപ്പെട്ടു. മമതയുടെ വിശ്വസ്തരെ മുഴുവനും തൃണമൂലില്‍നിന്ന് അടര്‍ത്തിയെടുത്തു. മമതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന സുവേന്ദു അധികാരിയെ വരെ ബി.ജെ.പി റാഞ്ചി. എന്നിട്ടും അക്ഷോഭ്യയായി, ഏകാകിനിയായി മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് ഗോദയില്‍ കേന്ദ്രസര്‍ക്കാരിന്റെ സര്‍വസന്നാഹങ്ങളോടും ഏറ്റുമുട്ടി തന്റെ പാര്‍ട്ടിയെ വിജയത്തിലെത്തിച്ചു. ഈ അനുകൂല ഘടകം ഉപയോഗപ്പെടുത്തിയാണ് അവര്‍ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനൊരുങ്ങുന്നത്. അവര്‍ പകര്‍ന്ന ഊര്‍ജമാണ് ആരോഗ്യസ്ഥിതി തൃപ്തികരമല്ലാതിരുന്നിട്ടുപോലും സോണിയാ ഗാന്ധിയും കഴിഞ്ഞ ദിവസം പ്രതിപക്ഷ കക്ഷികളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചത്

.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പും ഇപ്പോഴത്തേതു പോലുള്ള പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടിരുന്നുവെങ്കിലും ആദ്യം അതിനു അള്ളുവച്ചത് ബി.എസ്.പി നേതാവ് മായാവതിയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തുവരുംതോറും പ്രതിപക്ഷ ഐക്യനിര ശോഷിച്ചു. ഒടുവിലത് യു.പി.എ മുന്നണിയിലൊതുങ്ങി. എന്നാല്‍ മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമായി യാതൊരു നിബന്ധനയും മുന്നോട്ടു വയ്ക്കാതെ, നേതാവ് ആര് എന്നതല്ല രാജ്യതാല്‍പര്യമാണ് പ്രധാനം എന്ന ഒരൊറ്റ അജന്‍ഡയില്‍ സോണിയാ ഗാന്ധിയും മമതാ ബാനര്‍ജിയും ഒന്നിച്ചുനിന്നു പ്രതിപക്ഷ ഐക്യത്തിനു ശ്രമിക്കുമ്പോള്‍ ആ നീക്കത്തില്‍ രാജ്യത്തിനു പ്രതീക്ഷ ഏറെയുണ്ട്. പ്രതിപക്ഷ നിരയിലെ സി.പി.എം ഒഴികെയുള്ള ഇതര പാര്‍ട്ടികള്‍ക്ക് മമതാ ബാനര്‍ജിയോട് എതിര്‍പ്പില്ല. അതാകട്ടെ സി.പി.എമ്മിന്റെ കൈയിലിരുപ്പുകൊണ്ട് സംഭവിച്ചതുമാണ്. 30 വര്‍ഷം ബംഗാള്‍ ഭരിച്ച സി.പി.എം സാധാരണക്കാരന് അപ്രാപ്യമായപ്പോള്‍ അവര്‍ മമതാ ബാനര്‍ജിയില്‍ വിശ്വാസമര്‍പ്പിച്ചു. സോണിയാ ഗാന്ധിയിലൂടെ.

ബി.ജെ.പി വിരുദ്ധ വിശാല മുന്നണി ലക്ഷ്യമിട്ട് മമതാ ബാനര്‍ജി സന്ദര്‍ശിച്ചത് മറ്റു കോണ്‍ഗ്രസ് നേതാക്കള്‍, എന്‍.സി.പി നേതാവ് ശരത് പവാര്‍, ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഡി.എം.കെ നേതാവ് കനിമൊഴി, പൊതുപ്രവര്‍ത്തകര്‍, കലാ സാഹിത്യ പ്രതിഭകള്‍ എന്നിവരെയെല്ലാമാണ്. എല്ലാവരും മമതാ ബാനര്‍ജിയോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ ഇതേ നിലപാട് കോണ്‍ഗ്രസിനോട് ആന്ധ്രയിലെ ജഗ്‌മോഹന്‍ റെഡ്ഡിയുടെ കോണ്‍ഗ്രസും ഒഡിഷയിലെ നവീന്‍ പട്‌നായിക്കും സ്വീകരിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും മമതാ ബാനര്‍ജിയുടെ പ്രതിപക്ഷ ഐക്യശ്രമത്തിന്റെ വിജയകരമായ സമാപ്തി. ഇരുപാര്‍ട്ടികളെയും അനുനയിപ്പിച്ചു കൂടെനിര്‍ത്താന്‍ മമതാ ബാനര്‍ജിക്ക് കഴിഞ്ഞാല്‍ അവര്‍ക്ക് അതൊരു വലിയ രാഷ്ട്രീയനേട്ടം തന്നെയായിരിക്കും. ഇടതുമുന്നണിയും അപ്പോള്‍ പ്രതിപക്ഷത്തിനൊപ്പം കൂടാന്‍ നിര്‍ബന്ധിതമാകും.

കുടിപ്പകയും വൈരനിരാതനബുദ്ധിയും മാറ്റിവച്ചു സോണിയാ ഗാന്ധിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട്, മറ്റെല്ലാ താല്‍പര്യങ്ങളും മാറ്റിവച്ച് ജനതാല്‍പര്യവും രാജ്യ താല്‍പര്യവും മാത്രം മുന്നില്‍ക്കണ്ട് ഒന്നിക്കുവാന്‍ പ്രതിപക്ഷം സന്നദ്ധമായാല്‍ മുപ്പത് ശതമാനം മാത്രം ജനങ്ങളുടെ പിന്തുണയുള്ള ബി.ജെ.പിയെ 2024 ലെ തെരഞ്ഞെടുപ്പില്‍ തൂത്തെറിയാം. കാലം 2024 ല്‍ എത്തുമ്പോഴേക്കും ജനങ്ങളെ വര്‍ഗീയമായ ചേരിതിരിവുണ്ടാക്കി അതില്‍ നിന്നും തന്റെ എല്ലാ ഭരണപരാജയങ്ങളും മറച്ചുപിടിക്കാനും വീണ്ടും അധികാരത്തില്‍ എത്തുവാനും അനിതരസാധാരണമായ മിടുക്ക് കാണിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദിയുടെ അത്തരം അജന്‍ഡ തന്നെയായിരിക്കും ആവര്‍ത്തിക്കുക. ആ അജന്‍ഡയെ ചെറുത്തു തോല്‍പ്പിക്കണമെങ്കില്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ സാധിക്കുകയുള്ളൂ. നരേന്ദ്ര മോദി 2024 ലും പുറത്തെടുക്കാന്‍ സാധ്യതയുള്ള ഈ അജന്‍ഡ തന്നെയാണ് പ്രതിപക്ഷത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും. പ്രതിപക്ഷ ഐക്യത്തിലൂടെ മാത്രമേ നരേന്ദ്ര മോദി 2024 ലും ഉയര്‍ത്തിക്കൊണ്ടു വരാന്‍ സാധ്യതയുള്ള സ്ഥിരം ഫോര്‍മുലയായ വര്‍ഗീയ തുറുപ്പുചീട്ട് പരാജയപ്പെടുത്താനാകൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.