2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കൊള്ളരുതാത്ത നാടുണ്ടാകുമോ..?

മുഹമ്മദ്

എന്തൊക്കെ ക്രൂരതകളാണ് ആ സമൂഹം ലോകനായകനോട് കാണിച്ചത്…! ഭ്രാന്തനെന്നു പറഞ്ഞ് പരിഹസിച്ചു. മാരണക്കാരനെന്നു പറഞ്ഞ് ആക്ഷേപിച്ചു. ക്രൂരമായ ഉപരോധം ഏര്‍പ്പെടുത്തി. പിന്തുണയ്ക്കുന്നവരെ മൃഗീയമായ മര്‍ദനമുറകള്‍ക്കു വിധേയമാക്കി. അവരില്‍ പലരെയും ദാക്ഷിണ്യമേതുമില്ലാതെ കൊന്നുതള്ളി. ഒടുവില്‍ അവിടുത്തെ തലയെടുക്കുന്നവര്‍ക്ക് ഭീമമായ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. സ്വന്തം ജനതയില്‍നിന്ന് ഇത്രമാത്രം ദുരനുഭവങ്ങള്‍ നേരിട്ട ഒരു നേതാവ് വേറെയുണ്ടോ ചരിത്രത്തില്‍..?

അവസാനം അല്ലാഹുവിന്റെ കല്‍പ്പന വന്നു; മക്ക വിട്ട് മദീനയിലേക്ക് പലായനം ചെയ്യാന്‍. സത്യവിശ്വാസികള്‍ ആ കല്‍പ്പന നെഞ്ചേറ്റി. ധിക്കാരികളും അഹങ്കാരികളും മേധാവിത്തമുറപ്പിച്ച നാട്ടില്‍നിന്ന് സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഒരു ജനതയുടെ നാട്ടിലേക്കു പോവുകയാണല്ലോ. എന്നാല്‍ യാത്രയാവുമ്പോള്‍ പുണ്യപ്രവാചകന്‍ മക്കയെ നോക്കി ഇങ്ങനെ പറഞ്ഞു: ”അല്ലാഹുവാണേ, എനിക്കേറ്റം പ്രിയപ്പെട്ട നാടാണു നീ. നിന്റെ ജനത എന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ പുറത്തുപോകുമായിരുന്നില്ല..”
ദേശീയരുടെ ദുസ്വഭാവം ദേശത്തെ വെറുക്കാന്‍ കാരണമാകരുത്. രാഷ്ട്രീയക്കാരോടുള്ള വിദ്വേഷം രാഷ്ട്രത്തോട് അനീതി കാണിക്കാനുള്ള ന്യായമല്ല. രാഷ്ട്രം വേ രാഷ്ട്രീയം റെ. വര്‍ഗീയതയ്ക്കും അനീതിക്കും രാജ്യമല്ല, അധികാരികളാണ് ഉത്തരവാദി.
ലണ്ടന്‍ വട്ടമേശ സമ്മേളനത്തില്‍ മൗലാനാ മുഹമ്മദലി നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. വെള്ളക്കാരന്റെ മുഖത്തുനോക്കി അദ്ദേഹം ഗര്‍ജിച്ചു: ”എന്റെ നാടിനു മോചനം നല്‍കാന്‍ നിങ്ങള്‍ തയാറല്ലെങ്കില്‍ ഈ രാജ്യത്ത് ആറടി മണ്ണു തരൂ..”
പെറ്റ മാതാവിനോടും പിറന്ന മണ്ണിനോടുമുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണ്. മാതാവ് മാതാവിന്റെ ഉത്തരവാദിത്തം നിറവേറ്റിയില്ലെങ്കിലും മാതാവിനോടുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടാതെ പോകരുത്. പിറന്ന മണ്ണില്‍ സമാധാനം ലഭിക്കുന്നില്ലെങ്കിലും ആ മണ്ണിനോടുള്ള നമ്മുടെ ഉത്തരവാദിത്തം നിലച്ചുപോകരുത്. രാജാവ് വെറുപ്പിയായതുകൊണ്ട് രാജ്യത്തെ വെറുത്തിട്ടു കാര്യമില്ല. ക്രൂരന്മാര്‍ നാട്ടില്‍ വാഴുന്നുണ്ടെങ്കില്‍ നാടിനെ കുറ്റം പറയുന്നതിനു പകരം നാടിനെ അവരില്‍നിന്ന് രക്ഷിച്ചെടുക്കുകയാണു വേണ്ടത്.
പിറന്ന മണ്ണിനെ വെറുക്കുന്നവന്‍ പെറ്റ മാതാവിനെ വെറുക്കുന്നവനെ പോലെ. ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അവന്റെ കണ്‍കണ്ട ഏക അഭയം മാതാവാണ്. മാതാവിനെ വിട്ടുകൊണ്ടുള്ള ഒരു ജീവിതം അവന് അചിന്ത്യമായിരിക്കും. എവിടെ എത്തിപ്പെട്ടാലും വേഗം മാതാവിലണയാനാണ് അവന്റെ മനം തുടിക്കുക. പിറന്ന മണ്ണിലേക്ക് തിരികെയത്താനാണ് ആരും കൊതിക്കുക. ഈയൊരാശയം മറ്റൊരര്‍ഥത്തില്‍ ജലാലുദ്ദീന്‍ റൂമി പറഞ്ഞുവച്ചിട്ടുണ്ട്.
ഹര്‍ കസീ കൂ ദൂര്‍ മാന്‍ദസ് അസ്‌ലെ ഖ്വീശ്
ബാസ് ജൂയദ് റൂസ്ഗാറെ വസ്‌ലെ ഖ്വീശ്

(തന്റെ മൂലസ്രോതസില്‍നിന്നകന്നു നില്‍ക്കുന്ന ഏതൊരു വ്യക്തിയും വീണ്ടുമാ സമാഗമകാലം അന്വേഷിച്ചുനടക്കും.)
സ്വദേശത്തിന്റെ വിലയും നിലയും മനസിലാകണമെങ്കില്‍ വിദേശത്തെത്തണം. വിദേശം എത്ര മനോഹരമാണെങ്കിലും മനസില്‍ സ്വദേശം തന്നെയായിരിക്കും.

മറ്റൊരാള്‍ക്കുവേണ്ടി സ്വന്തം മാതാവിനെ കൊന്നുതള്ളിയവന്‍ ഒരിടത്തും വിജയിക്കില്ല. ആര്‍ക്കുവേണ്ടിയാണോ അവനാ ക്രൂരവേല കാണിച്ചത് അയാള്‍ തന്നെ എന്നെങ്കിലുമൊരു നാള്‍ അവനെതിരെ തിരിയും. ഏതു നാടിനുവേണ്ടിയാണോ അവനാ വേല ചെയ്തത് ആ നാടു തന്നെ എന്നെങ്കിലുമൊരു നാള്‍ അവനെ കൈയ്യൊഴിയും. സ്വന്തം നാടിനെ കുരുതിക്കുകൊടുക്കുന്നവന്‍ ഒരു നാട്ടിലും വിജയിക്കില്ല.
അയല്‍രാജ്യം പിടിച്ചടക്കാന്‍ പണ്ടൊരു രാജാവ് കാണിച്ച തന്ത്രമുണ്ട്. അയല്‍രാജ്യത്തെ സേനാനായകനെ മോഹനവാഗ്ദാനങ്ങള്‍ നല്‍കി വശീകരിച്ചു. ലക്ഷ്യം നേടാനുള്ള എല്ലാ വഴികളും അതോടെ എളുപ്പമായി. അവസാനം യുദ്ധം വിജയിച്ചു. സേനാനായകന്‍ തന്റെ ചതിവേലയ്ക്കുള്ള പ്രതിഫലം വാങ്ങാനായി രാജാവിനെ സമീപിച്ചു. പക്ഷേ, രാജാവ് അയാളെ ബഹുമാനിച്ചതേയില്ല. പകരം തന്റെ സിംഹാസനത്തില്‍ തന്നെ ഇരിപ്പുറപ്പിച്ചുകൊണ്ട് അല്‍പ്പം നാണയത്തുട്ടുകള്‍ അയാള്‍ക്കു നേരെ എറിഞ്ഞുകൊടുത്തു. ഈ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ നായകന്‍ ചോദിച്ചു: ”രാജാവേ, ഇതെന്തു ചതിയാണ്.. ഞാന്‍ ചെയ്ത ഉപകാരത്തിനു ഇങ്ങനെയാണോ പ്രത്യുപകാരം..?”
രാജാവ് പറഞ്ഞു: ”അപ്പോള്‍ ഞാന്‍ ചെയ്തതാണു ചതി. സ്വന്തം രാജ്യത്തോടു നീ ചെയ്തത് ചതിയല്ല..! അല്ലേ.. നിന്റെ ചെയ്തി എനിക്കു പ്രയോജനം ചെയ്‌തെങ്കിലും ആ ചെയ്തി ഒരിക്കലും ശരിയല്ല. നീ ചതിയനാണ്. ചതിയന്മാര്‍ക്കു ഇങ്ങനെയാണു ഞാന്‍ പ്രതിഫലം നല്‍കാറുള്ളത്..”
അറിയുക: കൊള്ളരുതാത്ത നാടുണ്ടാവില്ല. കൊള്ളരുതാത്ത നാട്ടുകാരുണ്ടാകും. ആരോ ചെയ്ത അപരാധത്തിനു പാവം നാടിനെ വെറുക്കരുത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.