''ആദ്യം ഓടിയെത്തുന്നവര്‍ക്ക് ബാറ്റണ്‍ കൈമാറുന്നതു പോലെയല്ല മന്ത്രിസ്ഥാനം. അത്തരത്തില്‍ മന്ത്രിസ്ഥാനം എന്‍.സി.പിക്കു തന്നെ കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടോ എന്ന കാര്യം തനിക്കറിയില്ല''
ദോഹ: ഇടതുമുന്നണിയിലെ മന്ത്രിസ്ഥാനമെന്നത് മാരത്തണ്‍ ഓട്ടമല്ലെന്ന് സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എന്‍.സി.പി എം.എല്‍.എമാരില്‍ കുറ്റവിമുക്തരായി തിരികെ ആദ്യമെത്തുന്നവരെ വീണ്ടും മന്ത്രിയാക്കുമെന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം ഓടിയെത്തുന്നവര്‍ക്ക് ബാറ്റണ്‍ കൈമാറുന്നതു പോലെയല്ല മന്ത്രിസ്ഥാനം. അത്തരത്തില്‍ മന്ത്രിസ്ഥാനം എന്‍.സി.പിക്കു തന്നെ കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും കാനം പറഞ്ഞു.
തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് മടിയായിരുന്നുവെന്ന മുന്‍മന്ത്രിയുടെ പ്രസ്താവനയോട് താന്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കെല്‍പ്പുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
മന്ത്രിസഭാ യോഗത്തില്‍ നിന്നും സി.പി.ഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയുടെ അറിവോടെയാണ്. അത്തരത്തില്‍ പ്രവര്‍ത്തിച്ചതിലൂടെ ഭരണഘടന ലംഘിക്കുകയല്ല ചെയ്തത്, മറിച്ച് കോടതിയുടേയും ഭരണാധികാരികളുടേയും നിയമത്തോടുമുള്ള ബഹുമാനം വര്‍ധിക്കാനാണ് അത് സഹായിച്ചത്. പതിവിന് വിപരീതമായ സംഭവങ്ങള്‍ നടന്നതുകൊണ്ടാണ് സി.പി.ഐക്കും പതിവിന് വിപരീതമായ നടപടി സ്വീകരിക്കേണ്ടി വന്നത്. മന്ത്രി പദവിയിലിരിക്കുന്ന ഒരാള്‍ സര്‍ക്കാറിനും ചീഫ് സെക്രട്ടറിക്കുമെതിരെ ഹൈക്കോടതിയില്‍ കേസ് പോയത് കേട്ടിട്ടുണ്ടോയെന്നും അത് പതിവിന് വിപരീതമായ സംഭവമായിരുന്നില്ലേയെന്നും കാനം മറുചോദ്യം ഉന്നയിച്ചു. ഹൈക്കോടതിയുടെ ശാസനയാണ് മന്ത്രി തോമസ് ചാണ്ടി ഏറ്റുവാങ്ങിയത്.
സി.പി.ഐയെ വിമര്‍ശിക്കാനും പാര്‍ട്ടിയെ കുറിച്ച് അഭിപ്രായം പറയാനും സി.പി.എമ്മിന് സ്വാതന്ത്ര്യമുണ്ട്. അതേ സ്വാതന്ത്ര്യം തിരിച്ച് തങ്ങള്‍ക്കുമുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
സോളാര്‍ കേസിലെ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ കുറിച്ച് ഇടതുമുന്നണി കൂടുതല്‍ ഗൗരവത്തില്‍ സംസാരിക്കാന്‍ സാധിക്കാതെ പോയതിന് കാരണം മന്ത്രിസഭയിലെ തോമസ് ചാണ്ടി പ്രശ്‌നമായിരുന്നുവെന്നും അത് പരിഹരിച്ചതോടെ ഇനി കാര്യങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
എല്‍.ഡി.എഫിന്റെ കെട്ടുറപ്പ് താഴ്ത്തിക്കെട്ടുന്ന തരത്തിലാണ് തോമസ് ചാണ്ടി വിഷയം സംഭവിച്ചത്. എന്നാല്‍ അദ്ദേഹം രാജിവെച്ചതോടെ അതിന് പരിഹാരമായി. പന്ത്രണ്ടാം തിയ്യതി നടന്ന ഇടതു മുന്നണി യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. ഹൈക്കോടതി പരാമര്‍ശം വന്നതിന് പിന്നാലെ മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുക്കുന്നത് ശരിയായ നടപടിയായി സി.പി.ഐക്ക് തോന്നിയില്ല. മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം തോമസ് ചാണ്ടിയോട് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കരുതെന്ന് പറയാനുള്ള സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ടാകാമെന്നും കാനം പറഞ്ഞു.
Comments are closed for this post.