2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആദ്യത്തെ ചുവട് പിഴക്കാതെ വേണം

പുത്തൂര്‍ റഹ്മാന്‍

നല്ലവരായ നാട്ടുകാരേ, വോട്ടര്‍മാരേ എന്നാണല്ലോ നമ്മുടെ തെരഞ്ഞെടുപ്പു പ്രചാരണ വിളംബരജാഥകളുടെ പണ്ടുമുതലേയുള്ള വാചകം. വോട്ടര്‍മാരുടെ നന്മയില്‍ ഒരുകാലത്തും തര്‍ക്കമില്ലെന്നു ചുരുക്കം. നല്ലവരായ വോട്ടര്‍ എന്ന വിളി നാടും നഗരവും ഒന്നുവിടാതെ നാം കേട്ടുപോരുമ്പോള്‍ അതിന്റെ ധ്വനി സ്ഥാനാര്‍ഥികളുടെ നന്മയില്‍ തീരുമാനമെടുക്കുന്നതു വോട്ടര്‍മാരാണെന്ന സത്യം തന്നെയാണ്. ജനാധിപത്യത്തില്‍ തങ്ങളുടെ പ്രതിനിധികള്‍ ആരാവണമെന്ന തീരുമാനം വോട്ടര്‍മാരുടേതാണ്. അതുകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം സ്ഥാനാര്‍ഥി നിര്‍ണയമാണു തെരഞ്ഞെടുപ്പു ഗോദയിലെ ഒന്നാമത്തെ ചുവട്. അതു പിഴക്കാതിരിക്കാനുള്ള സൂക്ഷ്മതയും ജാഗ്രതയുമില്ലെങ്കില്‍ പണിപാളും. അതാണ് എല്ലാ തെരഞ്ഞെടുപ്പിലെയും പാഠം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ എല്ലാ പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. ജയിക്കുന്ന സ്ഥാനാര്‍ഥി എന്നതാണ് പുറത്തുപറയുകയെങ്കിലും ഒട്ടേറെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കൂട്ടിക്കിഴിച്ചാണു ഓരോ മണ്ഡലത്തിലും ആരാവണം സ്ഥാനാര്‍ഥി എന്ന് തീരുമാനമുണ്ടാകുന്നത്. സ്ഥാനങ്ങളില്‍ ആര്‍ത്തിയുള്ളവരും സ്ഥാനങ്ങള്‍ക്ക് അര്‍ഹതയുള്ളവരും ഉള്‍പ്പെടുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ ഏതു കക്ഷിയിലുമുണ്ടാകും. ഇവരില്‍ സ്ഥാനമോഹികള്‍ക്കു പ്രത്യക്ഷത്തില്‍ കൂടുതല്‍ പേരും പെരുമയും ഉണ്ടാവുമെങ്കിലും മിക്കപ്പോഴും അര്‍ഹതയുള്ളവര്‍ പിന്‍പന്തിയിലും കാണാമറയത്തുമായിരിക്കും എന്നതാണ് വസ്തുത. ഇക്കാര്യത്തില്‍ ഉത്തമബോധമുള്ള രാഷ്ട്രീയനേതൃത്വവും ജനസേവനം ജീവിതസമരമായിക്കണ്ട പൊതുപ്രവര്‍ത്തകരും ഉണ്ടായിരുന്ന കാലത്ത് സ്ഥാനാര്‍ഥികള്‍ എങ്ങനെ നോക്കിയാലും ഒന്നാം തരമായിരുന്നു.

ഇന്നു കാലം മാറി കഥ മാറി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ പല പാര്‍ട്ടികളിലും നേതൃത്വത്തിനു മുന്നറിയിപ്പുമായി വന്നതു മാത്രം നോക്കിയാല്‍ മതി. ആരും സ്വയം സ്ഥാനാര്‍ഥിയാകേണ്ടതില്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടി നടത്തുമെന്നും നേതൃത്വം താക്കീത് നല്‍കുന്ന അവസ്ഥ ഇവിടെയുണ്ടായി. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കഴിവും പ്രാപ്തിയും യോഗ്യതയും അല്ലാതാവുകയും പണവും ഉപചാപവും കുതന്ത്രങ്ങളും അക്കാര്യത്തില്‍ സഹായം ചെയ്യുമെന്ന ധാരണ പരക്കെയുണ്ടാവുകയും ചെയ്തിരിക്കുന്നു. പണ്ടു ചുമതലകള്‍ ഏറ്റെടുക്കുക എന്നതു അതു ശരിയാംവിധം നിറവേറ്റാനുള്ള ശേഷി തനിക്കുണ്ടോ എന്ന പേടിയില്‍ പലവട്ടം ആലോചിച്ചായിരുന്നു നേതാക്കള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ ഒരു പദവിക്ക് നൂറുകണക്കിനു പേര്‍ മത്സരിക്കുന്ന സ്ഥിതി വന്നിരിക്കുന്നു. പൊതുപ്രവര്‍ത്തനം ജനസേവനത്തിനുള്ള അവസരമാണെന്ന ബോധം നഷ്ടപ്പെടുകയും അതില്‍നിന്നുള്ള മറ്റു ലാഭങ്ങള്‍ കണക്കുകൂട്ടുകയും ചെയ്യുന്നു. സി.എച്ചിന്റെ പ്രസിദ്ധമായ വാക്യം കടമെടുത്താല്‍ രാഷ്ട്രീയം വിറകുവെട്ടുകാരും വെള്ളംകോരികളുമായ ജനതയില്‍ ഏറ്റവും താഴെതട്ടിലുള്ളവരെ സേവിക്കാനും അവരെ ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്താനുമുള്ള മാര്‍ഗമാണെന്ന വിചാരം ഇന്നാര്‍ക്കുമില്ല. അപ്പോള്‍ സ്ഥാനാര്‍ഥിത്വം വില്‍പ്പനച്ചരക്കായിരിക്കുന്നു. കൂടുതല്‍ കാശിനു അതു വാങ്ങാന്‍ കഴിയുന്നവര്‍ സ്ഥാനാര്‍ഥിയായി വരുന്നു. ഈ വടക്കേ ഇന്ത്യന്‍ രീതി ഇപ്പോള്‍ പ്രബുദ്ധകേരളത്തിലും ഒരു സ്വാഭാവിക സംഗതിയാണ്. ചെറുപ്പം മുതല്‍ പൊതുപ്രവര്‍ത്തകരാവുകയും ജനസേവനം ജീവിതനിയോഗമായി കരുതുകയും ചെയ്തവര്‍ പുറത്താവുകയും കെട്ടിയിറക്കപ്പെടുന്നവര്‍ സ്ഥാനാര്‍ഥികളാവുകയും ചെയ്യുന്നതും ഇന്നൊരു പുതുമയല്ല.

പൊതുപ്രവര്‍ത്തകര്‍ അവസാന നിമിഷം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുറത്താക്കപ്പെടുന്നതും വാണിജ്യ, വ്യവസായ രംഗങ്ങളില്‍ നിന്നുള്ളവര്‍ സ്ഥാനാര്‍ഥികളായി വാഴിക്കപ്പെടുന്നതും വാസ്തവത്തില്‍ നമ്മുടെ പ്രാദേശികമായ പൊതുപ്രവര്‍ത്തന പാരമ്പര്യത്തെ പോലും ദോഷകരമായി ബാധിക്കുന്നുണ്ട്. കൗമാരവും യൗവനവും ജനസേവനവുമായി നടന്നു പാഴാക്കുന്ന സമയത്ത് ഗള്‍ഫിലോ മറ്റോ ചെന്നു കാശുണ്ടാക്കിയാല്‍ നാളെ മേല്‍പ്പറഞ്ഞതുകൊണ്ട് നേടാവുന്നതിലും വലിയ പദവിയും അധികാരവും സ്വന്തമാക്കാമെന്ന അവസ്ഥ നാട്ടിലെ യുവതലമുറയെ സേവന രംഗങ്ങളില്‍നിന്നു പിന്തിരിപ്പിക്കും. കൈ നനയാതെ മീന്‍ പിടിക്കാനുള്ള മോഹം അവരിലും ഉണ്ടാകും. നമുക്ക് നല്ലവരായ പൊതുപ്രവര്‍ത്തകരെ ഇല്ലാതാവും. തെരഞ്ഞെടുപ്പടുക്കുമ്പോഴും സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കുമ്പോഴും ഏതുപാര്‍ട്ടിയിലും ഉയര്‍ന്നുകേള്‍ക്കാം ഇങ്ങനെ പുറന്തള്ളപ്പെട്ടവരുടെ നിശബ്ദവിലാപങ്ങള്‍. ആദര്‍ശവും പ്രതിബദ്ധതയും രാഷ്ട്രീയത്തില്‍ അനാവശ്യമാണെന്ന ധാരണയും ഇതോടെ ഉറപ്പിക്കപ്പെടുന്നു.

തെരഞ്ഞെടുപ്പിന്റെ നിര്‍ണായകവേളയില്‍ ആരാണു സ്ഥാനാര്‍ഥിയാവേണ്ടതെന്നും, അധികാരസ്ഥാനത്തേക്ക് ആരു വരണമെന്നൊക്കെ തീരുമാനിക്കുന്നതില്‍നിന്ന് ഇങ്ങനെയാണ് രാഷ്ട്രീയം പുറത്താവുന്നത്. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്നു ഇങ്ങനെ രാഷ്ട്രീയം എടുത്തുമാറ്റപ്പെടുന്നതു തന്നെയാണു എല്ലാ മൂല്യച്യുതികള്‍ക്കും കാരണം. ഒരു കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഷ്ട്രീയ പദവികള്‍ പരമ്പരാഗതമായി കൈമാറുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയായിരുന്നെങ്കില്‍ ഇന്നതിനു പുതിയ രീതികള്‍ കൂടി വന്നുകഴിഞ്ഞു. അതില്‍ ഏറ്റവും അപകടകരം യുവതലമുറയില്‍നിന്ന് വളര്‍ന്നുവരുന്ന പൊതുപ്രവര്‍ത്തകരെല്ലാം ഏതെങ്കിലും ഒരു രക്ഷിതാവിന്റെ തണല്‍ നേടുന്നു എന്നതാണത്. മുതിര്‍ന്ന നേതാക്കളില്‍ ഒരാളുടെ തണലില്‍ വളരുന്നതുപോലെ അല്ല ഇത്. നേതാവ് യുവനേതാവിന്റെ രക്ഷാകര്‍ത്താവായി നില്‍ക്കുകയും മറ്റുള്ളവരുടെ പേരു വെട്ടുകയും ചെയ്യുന്നു. ആദര്‍ശത്തിനും പ്രത്യയശാസ്ത്രത്തിനും വിലയില്ലാതാവുക മാത്രമല്ല ഉള്‍പ്പാര്‍ട്ടി വിമര്‍ശനവും ജനാധിപത്യവും നിഷേധിക്കപ്പെടുകയും ചെയ്യുന്നു എന്നതാണിതിന്റെ ഫലം. അധികാരം കൈമാറുമ്പോള്‍ ഓരോ പാര്‍ട്ടിയിലും ഉയരുന്ന മുറവിളി ഇതിനൊക്കെയായിരിക്കുന്നു. ഇക്കാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ അകലവും അതിര്‍വരമ്പുകളുമെല്ലാം ഇല്ലാതായി. രാഷ്ട്രീയം വെറും അധികാര കിടമത്സരവുമായി.
ജനാധിപത്യത്തില്‍ പൊതുപ്രവര്‍ത്തനത്തിലൂടെ ആരെങ്കിലും രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരുന്നത് തടയാനാകുമായിരുന്നില്ല. അത് ഏതു വ്യക്തിയുടെയും യോഗ്യതയും അര്‍ഹതയും അനുസരിച്ചു സാധ്യമായിരുന്നു. ഇപ്പോള്‍ ഇതെല്ലാം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കതീതമായി തല്‍പരകക്ഷികള്‍ പങ്കിട്ടെടുക്കുന്ന അവസ്ഥ വന്നിരിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയം അതുകൊണ്ട് വീതംവയ്പ്പായി പരിണമിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ പൊതുപ്രവര്‍ത്തന പാരമ്പര്യവും രാഷ്ട്രീയധാര്‍മ്മികതയും തിരിച്ചുപിടിക്കാന്‍ ഇതിലെല്ലാം ഒരു മാറ്റമുണ്ടാകണം. മേല്‍പ്പറഞ്ഞ വിധമുള്ള രാഷ്ട്രീയ അപചയമാണു കുതിരക്കച്ചവടത്തിനും ചാക്കിട്ടുപിടുത്തത്തിനും പറ്റിയ നിലയ്ക്കുള്ള രാഷ്ട്രീയ കാലാവസ്ഥ സാധ്യമാക്കിയത്. കേരളത്തിലും ചാക്കു രാഷ്ട്രീയം അണിയറ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഒട്ടും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് നേതാക്കള്‍ എന്ന ബോധം ‘നല്ലവരായ വോട്ടര്‍മാരി’ല്‍ അരാഷ്ട്രീയ ബോധമാണുണ്ടാക്കുക. ജനാധിപത്യം അതിലൂടെ ദുര്‍ബലമാകും. ജനാധിപത്യം ദുര്‍ബലമായ സാഹചര്യം സംജാതമായാല്‍ ഇന്ത്യ ദുര്‍ബലമാകും. ഇന്ത്യയുടെ അതിജീവനത്തിന്റെ ഒരേയൊരു വഴിയായ ജനാധിപത്യം ദുര്‍ബലപ്പെട്ടാല്‍ അതാവും ഫാസിസ്റ്റ് ശക്തികള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവസരം.

കേരള രാഷ്ട്രീയത്തില്‍ ജാതിസമുദായ കൂട്ടായ്മകള്‍ എക്കാലത്തും സജീവമായിരുന്നു. രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും ഭരണത്തിലും സാമുദായിക സംഘടനകള്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ നടത്തിയ വിമോചന സമരത്തില്‍ കേരളം ഒറ്റക്കെട്ടായത് അങ്ങനെയാണ്. കോണ്‍ഗ്രസും സമുദായ സംഘങ്ങളും ക്രൈസ്തവ സഭകളും മുസ്‌ലിം ലീഗും അനിഷേധ്യ പങ്കുവഹിച്ചാണു അന്നു ലക്ഷ്യം നേടിയത്. സാമുദായികരാഷ്ട്രീയം കേരളത്തില്‍ ഒരു പുതിയ സംഗതിയല്ല. കേരള കോണ്‍ഗ്രസ്സിന്റെ രൂപീകരണത്തോടെ ക്രിസ്ത്യാനികള്‍ക്കും സ്വന്തമായ രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടായി. പിന്നീട് മുസ്‌ലിം ലീഗോ കേരള കോണ്‍ഗ്രസോ രണ്ടും കൂടിയോ പങ്കുവഹിക്കാത്ത ഒരു മന്ത്രിസഭയും കേരളം ഭരിച്ചിട്ടില്ല. അതുപോലെ നായര്‍ സര്‍വിസ് സൊസൈറ്റിക്കും എസ്.എന്‍.ഡി.പിക്കും പരിഗണന നല്‍കാതെ ഒരു സര്‍ക്കാരിനും ഭരിക്കാനുമായിട്ടില്ല. അപ്പോഴൊന്നും ജാതി സമുദായ ശക്തികള്‍ എന്നതൊരു പ്രശ്‌നമായി അവതരിപ്പിക്കപ്പെട്ടിട്ടുമില്ല. ഓരോ സമുദായത്തിനും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാക്കുകയാണെങ്കില്‍ കൂടുതല്‍ സ്ഥാനമാനങ്ങള്‍ അര്‍ഹിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗിന്റെ ന്യായമായ ഈ അവകാശത്തെ കുടിലമായ വര്‍ഗീയത കൊണ്ട് നിഷേധിക്കുന്ന രീതിയാണ് നിലവിലുള്ളത്. മതേതര ജനാധിപത്യത്തില്‍ പതിറ്റാണ്ടുകളായി ഇടപെടുന്ന ഒരു കക്ഷി അവര്‍ അര്‍ഹിക്കുന്ന ഒരു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ കേരളം കണ്ടത് നഗ്നമായ മുസ്‌ലിം വിരോധം പല ഭാഗത്തുനിന്നും അലയടിച്ചുയരുന്നതാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ പ്രശ്‌നമല്ല ഇവിടെ പ്രസക്തമായ കാര്യം. മുന്നോക്ക, പിന്നോക്ക പ്രാതിനിധ്യമാണ്. ഇതു ചൂണ്ടിക്കാട്ടാന്‍ യു.ഡി.എഫിലും പൊതുസമൂഹത്തിലും മുസ്‌ലിം ലീഗിനു സാധിക്കണം. രാഷ്ട്രീയധാര്‍മ്മികതയും രാഷ്ട്രീയഉത്തരവാദിത്വവും കാത്തുസൂക്ഷിക്കുക എന്നതാണ് അതിനുള്ള മാര്‍ഗം. അപ്പോള്‍ ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നേറാനാകും.

(യു.എ.ഇ കെ.എം.സി.സി ദേശീയ പ്രസിഡന്റാണ് ലേഖകന്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.