
റിയാദ്: സഊദിയില്‍ മൂന്നു മാസത്തിനിടെ 61,500 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമെന്നു കണക്കുകള്‍. ഈ വര്‍ഷം രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരമാണ് ഇത്രവും വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമെന്നു ഔദ്യോഗിക കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് നടപ്പാക്കുന്ന വര്‍ധിച്ച തൊഴില്‍ വത്കരണവും മറ്റു ഘടകങ്ങളുമാണ് വിദേശികളെ ഭീമമായ തോതില്‍ തൊഴില്‍ മേഖലയില്‍ നിന്നും അകറ്റുന്നത്. സഊദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണം, തൊഴില്‍ സാമ്പത്തിക രംഗത്തെ പ്രതിസന്ധിയും വിദേശികളെ കാര്യമായി ബാധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം സഊദിയില്‍ 10.85 ദശലക്ഷം വിദേശികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം പാദത്തില്‍ ഇത് 10.79 ദശലക്ഷം വിദേശികളായാണ് കുറഞ്ഞതെന്നു ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇതിനു പകരമായി ജോലി നേടാനായത് 13,500 സ്വദേശികള്‍ക്ക് മാത്രമാണ്. സ്വദേശികളുടെ തൊഴിലില്ലായ്മ 12.8 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. നേരത്തെയിത് 11 ശതമായിരുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ ശക്തമായ നിയമവും ഇടപെടലുകളും കാരണം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമ്പോഴും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്.
രാജ്യത്ത് നിലവിലുള്ള സഊദി തൊഴിലന്വേഷകരില്‍ 80 ശതമാനം വനിതകളാണ്. 8,59,600 വനിതാ ഉദ്യോഗാര്‍ത്ഥികള്‍ രാജ്യത്തുള്ളപ്പോള്‍ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ 2,16,400 മാത്രമാണ്. പുരുഷ ഉദ്യോഗാര്‍ഥികളില്‍ മൂന്നു മാസത്തിനിടെ 2670 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, വനിത ഉദ്യോഗാര്‍ത്ഥികളില്‍ 18 ശതമാനത്തിലധികം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ, ചെറുകിട സ്ഥാപനങ്ങളുടെ പുരോഗതിക്കായി നിലവില്‍ വന്ന അതോറിറ്റിയായ സഊദി സ്മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് അതോറിറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ടിലും സ്ത്രീകളുടെ മുന്നേറ്റം വ്യക്തമാക്കുന്നുണ്ട്.