
അങ്കാറ: യുദ്ധം കാരണം കിഴക്കന്‍ ഗൂഥയില്‍ നിന്ന് ഓടിരക്ഷപ്പെട്ടവര്ക്കു വേണ്ടി ആശുപത്രി നിര്‍മിക്കാന്‍ തുര്‍ക്കി- റഷ്യ സഹകരണം. സിറിയയിലെ തെല്‍ അബിയദിലാണ് ആശുപത്രി പണിയുക.
റഷ്യന്‍ പ്രസിഡന്റ് പുടിന്, ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തുര്‍ക്കി- റഷ്യന്‍ സൈന്യങ്ങള്‍ വൈദ്യ സൗകര്യമൊരുക്കുന്നതിന് സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നു രാജ്യങ്ങളും സിറിയയില്‍ വെടിനിര്‍ത്തല്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കും- മൂവരും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലായിരുന്നു കൂടിക്കാഴ്ച.
സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ പിന്തുണയ്ക്കുന്ന ഇറാന്, റഷ്യ രാജ്യങ്ങളും പ്രതിപക്ഷത്തെ സഹായിക്കുന്ന തുര്‍ക്കിയും സിറിയയില്‍ സമാധാനത്തിനു വേണ്ടി കഴിഞ്ഞവര്‍ഷം മുതല്‍ ശ്രമം നടത്തുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ കൂടിക്കാഴ്ച.
2017 ല്‍ നടത്തിയ നിരന്തര ചര്‍ച്ചയ്ക്കൊടുവിലാണ് ”തീവ്രത കുറയ്ക്കല്‍ മേഖല”കളുടെ പ്രഖ്യാപനം ഉണ്ടായത്.
അതേസമയം, വിമതരുടെ നിയന്ത്രണത്തിലായിരുന്ന കിഴക്കന്‍ ഗൂഥ സിറിയന്‍ സൈന്യം അടുത്തു തന്നെ കൈവശപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഥ കൂടി പിടിച്ചടക്കുന്നതോടെ വിമതരുടെ കൈവശമുള്ള അവസാന പ്രദേശവും ബഷാറിന്റെ നിയന്ത്രണത്തിലാവും.