പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എം പ്രവര്‍ത്തകരായ പ്രതികളെ രക്ഷിച്ചെടുക്കാന്‍ സുപ്രിംകോടതി വരെ പോകാന്‍ ഖജനാവില്‍ നിന്ന് കോടികള്‍ ധൂര്‍ത്തടിച്ചെന്ന ആരോപണം കത്തിനില്‍ക്കുമ്പോഴാണ് എ.കെ.ജി സ്മൃതി മ്യൂസിയത്തിന് സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍ നാല് കോടി അനുവദിച്ചിരിക്കുന്നത്. കണ്ണൂരിലെ പെരളശേരി മക്രേരി വില്ലേജില്‍ കോട്ടം പ്രദേശത്താണ് സ്മൃതി മ്യൂസിയം സ്ഥാപിക്കുന്നത്. ഇതിനായി 3.21 ഏക്കര്‍ ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ നേരത്തെ 6.83 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക പോരെന്നും ഇതുകൊണ്ട് സ്ഥലം വാങ്ങാനാകില്ലെന്നും സ്‌പെഷല്‍ തഹസില്‍ദാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഖജനാവില്‍ നിന്ന് 4.43 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
രണ്ട് പ്രളയങ്ങളും കൊവിഡും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി തകിടംമറിച്ചതിനെത്തുടര്‍ന്ന് ചെലവുചുരുക്കാന്‍ സര്‍ക്കാര്‍ പല വികസനപദ്ധതികളും നിര്‍ത്തിവച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ചെലവുചുരുക്കണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാഹനങ്ങള്‍ വാങ്ങാന്‍ പാടില്ലെന്നും കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കാനോ പുതിയ ഫര്‍ണിച്ചറുകള്‍ വാങ്ങാനോ പാടില്ലെന്നും ഉത്തരവുകള്‍ ഇറക്കിയിരുന്നു. എന്നാല്‍, ഈ ഉത്തരവിന് കടകവിരുദ്ധമായി മുഖ്യമന്ത്രിക്ക് കീഴിലുള്ള വിജിലന്‍സിന് 13 വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഈയിടെ അനുമതി നല്‍കി. സംസ്ഥാനത്തെ അലട്ടുന്ന സാമ്പത്തിക പ്രയാസത്തെക്കുറിച്ച് ഇടയ്ക്കിടെ പരിതപിക്കുന്ന ധനമന്ത്രി ടി.എം തോമസ് ഐസക്ക് യു.ഡി.എഫ് വരുത്തിവച്ച സാമ്പത്തിക ബാധ്യതയാണ് എല്ലാത്തിനും കാരണമെന്നാണ് പറയാറുള്ളത്. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ വരുത്തിവച്ച കടം സാമ്പത്തിക അച്ചടക്കത്തിലൂടെ കുറച്ചുകൊണ്ടുവരാനോ ധൂര്‍ത്തും അമിതവ്യയവും ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനോ ഈ സര്‍ക്കാരും തയാറായില്ല.
ആറുമാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേരത്തെ പ്രതീക്ഷിച്ചിരുന്ന തുടര്‍ഭരണം ലഭിച്ചേക്കില്ലെന്ന അശുഭ ചിന്തയില്‍ നിന്നാണോ ചെലവുചുരുക്കലിനിടയിലും കൊലയാളികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുവേണ്ടിയും എ.കെ.ജി സ്മൃതി മ്യൂസിയം പോലുള്ള സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും യാതൊരു ലോപവുമില്ലാതെ സര്‍ക്കാര്‍ പൊതുജനത്തിന്റെ നികുതിപ്പണമെടുത്ത് ചെലവാക്കിക്കൊണ്ടിരിക്കുന്നത്. രണ്ട് പ്രളയങ്ങളിലും ഓഖിയിലും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മതിയായ തുക അനുവദിക്കുകയോ പ്രളയം നശിപ്പിച്ച വീടുകള്‍ക്ക് പകരം പുതിയത് പണിത് നല്‍കാതിരിക്കുകയോ ചെയ്യുന്നതിനിടയിലാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് അഭിമാനിക്കുന്ന ഭരണകൂടത്തില്‍ നിന്ന് നിര്‍വിഘ്‌നം ധൂര്‍ത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
2018-19 ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് എ.കെ.ജി സ്മാരകത്തിനായി 10 കോടി വകയിരുത്തിയെന്നത് വാസ്തവമാണ്. എന്നാല്‍, അന്നത്തെ സ്ഥിതിയല്ലല്ലോ ഇന്ന്. സംസ്ഥാനത്തിന്റെ സാമ്പത്തികാടിത്തറ ഇളകിയ ഒരവസരത്തില്‍ വികസനപ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഓഫിസുകളിലെ നിത്യനിദാന ചെലവുകളും കുറയ്ക്കണമെന്ന് സര്‍ക്കാര്‍ തന്നെ ഉത്തരവിറക്കിയ സാഹചര്യത്തില്‍ എ.കെ.ജി സ്മൃതി മ്യൂസിയത്തിന് അടിയന്തരമായി പണം അനുവദിക്കേണ്ടതുണ്ടായിരുന്നോ? പ്രത്യേകിച്ചും പാവങ്ങളുടെ പടത്തലവനെന്ന് സ്വജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ഒരു നേതാവിന്റെ പേരില്‍. പരിണിതപ്രജ്ഞരായ നേതാക്കളുടെ ഓര്‍മകള്‍ നിലനിര്‍ത്തുന്നത് നല്ലതാണ്. എന്നാല്‍, ഓര്‍മകള്‍ നിലനിര്‍ത്തുന്നതിന് ഇങ്ങനെ വകതിരിവില്ലാതെ പണം ചെലവാക്കേണ്ടതുണ്ടോ?
പ്രതിപക്ഷ നേതാവ് അല്ലാതിരുന്നിട്ടും പ്രതിപക്ഷ നേതാവിന്റെ പരിഗണന പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു നല്‍കിയ നേതാവായിരുന്നു എ.കെ.ജി എന്ന പേരില്‍ പില്‍ക്കാലത്ത് പ്രശസ്തനായ സി.പി.എം നേതാവ് എ.കെ ഗോപാലന്‍. ആദ്യമായി പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആഡംബരങ്ങളിലും എം.പിമാര്‍ക്ക് ലഭിക്കുന്ന സുഖസൗകര്യങ്ങളിലും അസ്വസ്ഥത പ്രകടിപ്പിച്ച നേതാവായിരുന്നു എ.കെ.ജി. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധിയായി പാര്‍ലമെന്റില്‍ എത്തുന്ന ഒരാളെ വഴിതെറ്റിക്കാനാവശ്യമായതെല്ലാം പാര്‍ലമെന്റില്‍ ഉണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച ഏക തൊഴിലാളിനേതാവും കൂടിയായിരുന്നു. അങ്ങനെയുള്ള നേതാവിന്റെ ഓര്‍മയ്ക്കായി സ്ഥാപിക്കുന്ന മ്യൂസിയത്തിന് പാവപ്പെട്ടവന്റെ നികുതിപ്പണം ചെലവാക്കുന്നത് അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കുന്നുണ്ടാവില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍ 40 ശതമാനം മാത്രമാണ് ഇത്തവണ നല്‍കിയിരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളുമാണ് ഇതുമൂലം മുടങ്ങിക്കിടക്കുന്നത്. അങ്ങനെയുള്ളപ്പോഴാണ് പൊതുസമൂഹത്തിന് യാതൊരു പ്രയോജനവുമില്ലാത്ത, സി.പി.എം എന്ന രാഷ്ട്രീയപാര്‍ട്ടിക്ക് മാത്രം ഗുണംചെയ്യുന്ന പദ്ധതിക്കായി ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത്. സംസ്ഥാനത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ച 1,000 കോടിയില്‍ നിന്ന് ഒരു പൈസ പോലും ഇതുവരെ ചെലവഴിച്ചിട്ടില്ല.
മായാവതി സര്‍ക്കാരിനെ നാമവശേഷമാക്കിയതില്‍ ഖജനാവിലെ പണമെടുത്ത് യു.പിയുടെ നാനാഭാഗത്തും അവരുടെ പ്രതിമകള്‍ സ്ഥാപിച്ചത് പ്രധാന പങ്കുവഹിച്ചിരുന്നു. ആ വഴിക്കുതന്നെയാണ് കേന്ദ്രസര്‍ക്കാരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതേ മാതൃക പിന്‍പറ്റി ജനകീയ സര്‍ക്കാരെന്ന് അവകാശപ്പെടുന്ന ഇടതുമുന്നണി സര്‍ക്കാരും നീങ്ങിക്കൊണ്ടിരിക്കുന്നു. മറ്റാരില്‍ നിന്നുണ്ടായാലും ഇടതുപക്ഷം എന്നവകാശപ്പെടുന്ന സര്‍ക്കാരില്‍ നിന്ന് ഇത്തരം അക്ഷന്തവ്യമായ അപരാധങ്ങള്‍ സംഭവിക്കുന്നത് ആ പാര്‍ട്ടിയെ ഇപ്പോഴും സ്‌നേഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങള്‍ അംഗീകരിക്കുമെന്ന് തോന്നുന്നില്ല.
Comments are closed for this post.