
ഇന്ത്യയില്‍ കര്‍ഷകരെ സംബന്ധിച്ച ഏതുനീക്കത്തിലും അതിവൈകാരികത നിറയുന്നത് കര്‍ഷകരുടെയും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടെയും എണ്ണം മൊത്തം ജനസംഖ്യയുടെ പകുതിയിലേറെ വരുന്നതുകൊണ്ടാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ ഐക്യനാടുകളിലും ഇത് ജനസംഖ്യയുടെ രണ്ടോ മൂന്നോ ശതമാനം മാത്രമാണ്. 14.5 കോടി കര്‍ഷകര്‍ ഇന്ത്യയിലുണ്ടെന്നാണ് പ്രധാന് മന്ത്രി കിസാന്‍ യോജനയിലെ കണക്കുകളില്‍ പറയുന്നത്. ഇതില്‍ 86 ശതമാനം പേരും അഞ്ച് ഏക്കറില്‍ താഴെ മാത്രം കൃഷിഭൂമിയുള്ള ചെറുകിട കര്‍ഷകരാണ്. കൂടാതെ പ്രതിവര്‍ഷം 12,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന രാജ്യംകൂടിയാണ് ഇന്ത്യ.
എന്തുകൊണ്ടാണ് ഉത്തരേന്ത്യയിലെ കര്‍ഷകര്‍ കൃഷിഭൂമി ഉപേക്ഷിച്ച് രാജ്യതലസ്ഥാനത്തെത്തി പ്രതിഷേധിക്കുന്നു എന്ന് അറിയണമെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന മൂന്ന് നിയമങ്ങള്‍ എന്തെന്ന് അറിയണം. കാര്‍ഷികമേഖലയെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഓര്‍ഡിനന്‍സുകള്‍ കേന്ദ്രസര്‍ക്കാര്‍ ബില്ലുകളായി രാജ്യസഭയില്‍ പാസാക്കിയെടുത്തത് സംബന്ധിച്ച ആശങ്കകളാണ് ഇപ്പോള്‍ കാണുന്നത്. കാര്‍ഷിക ബില്ലുകളുടെ ആദ്യരൂപം ജൂണില്‍ ഓര്‍ഡിനന്‍സായി ഇറക്കിയെങ്കിലും ജനശ്രദ്ധ ലഭിച്ചത് പഞ്ചാബിലെ കര്‍ഷകരുടെ പ്രക്ഷോഭത്തോടെയാണ്. തുടര്‍ന്ന് ഹരിയാനയിലെ കര്‍ഷകരും പിന്നീട് പ്രതിപക്ഷവും ഏറ്റെടുത്ത് ജനകീയ സ്വഭാവം കൈവന്നതോടെയാണ് നിയമങ്ങള്‍ ചര്‍ച്ചയായത്. (1) ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്‍ഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വിസസ് ആക്ട് 2020, (2) ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് പ്രമോഷന് ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2020, (3) എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്മെന്റ്) ആക്ട് 2020 എന്നിവയാണവ.
പുതിയ നിയമം വന്നതോടെ
എന്ത് സംഭവിക്കും?
കര്‍ഷകര്‍ വിളയിച്ചെടുക്കുന്ന ഉല്പന്നങ്ങള് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ സംഭരിക്കുകയും അവ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുകയുമായിരുന്നു നിലവിലുണ്ടായിരുന്ന രീതി. പുതിയ നിയമത്തോടെ ഈ സംവിധാനം ഇല്ലാതാവുമെന്നതാണ് കര്‍ഷകരുടെ വാദം.
സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്ഷികോല്പന്ന വിപണന സമിതികള്‍ (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസെര്‍സ് മാര്‍ക്കറ്റിങ് കമ്മിറ്റി അഥവാ എ.പി.എം.സി) വഴിയാണ് കര്‍ഷകര്‍ അവരുടെ ഉല്പന്നങ്ങള് വിറ്റഴിക്കുന്നത്. കര്‍ഷകരുടെ ഉല്പന്നങ്ങള്ക്ക് ന്യായമായ വില ഉറപ്പുവരുത്തുകയാണ് ഈ സമിതികളുടെ ലക്ഷ്യം. സമിതികള്‍ക്ക് വിവിധ ഭാഗങ്ങളില്‍ വിപണികളുണ്ടാകും. ഇത്തരം സമിതികളാണ് പിന്നീട് ഈ ഉല്പന്നങ്ങള് സംസ്ഥാനത്തിനുള്ളിലും പുറത്തും വില്പന നടത്തുന്നത്. ഈ സമിതികള്‍ക്ക് വിവിധ ഭാഗങ്ങളില്‍ വിപണികള്‍ ഉണ്ടാകും. കാര്ഷികോല്പന്നങ്ങള് വ്യാപാരം നടത്തുമ്പോള്‍ വില ക്രമീകരിക്കാനാണ് ഇത്തരം വിപണികള്‍. ഇതുപ്രകാരം കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഇടയില്‍ ഏജന്റുകള്‍ ഉണ്ടാകും. കര്‍ഷകര്‍ ഏജന്റുകള്‍ക്കാണ് ഉല്പന്നങ്ങള് വില്‍ക്കുന്നത്. അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി നിയമ പ്രകാരം കര്‍ഷകര്‍ ഇത്തരം സമിതികളുടെ വിപണിയില്‍ മാത്രമേ വില്പന നടത്താന്‍ പാടുള്ളൂ.
സര്‍ക്കാര്‍ വാദവും മറുവാദവും
ഒന്നാമത്തെ നിയമം, ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്‍ഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വിസസ് ആക്ട് 2020 നടപ്പാക്കുന്നതോടെ ഇത്തരം സമിതികള്‍ക്ക് അധികാരം നഷ്ടപ്പെടുകയും ഇടനിലക്കാരില്ലാതാകുമെന്നും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള് ഇടനിലക്കാരില്ലാതെ നേരിട്ട് വില്ക്കാന് സാധിക്കുമെന്നുമാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍, സമിതികള്‍ ഇല്ലാതാകുന്നതോടെ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നേരിട്ട് വില്‍ക്കാം. അതുകൊണ്ട് തന്നെ തങ്ങള്‍ക്കനുകൂലമായ വില നിശ്ചയിച്ച് കോര്‍പറേറ്റുകള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ സാധിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്ന മറുവാദം. ഈ നിയമം വ്യവസായികള്‍ക്ക് കര്‍ഷകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ ഇത് കര്‍ഷകര്‍ക്ക് അനുകൂലമാണ്. എന്നാല്‍, കച്ചവടക്കണ്ണ് മാത്രമുള്ള കോര്‍പറേറ്റുകള്‍ കര്‍ഷകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടുന്നതിനായി തയാറാക്കുന്ന കരാര്‍ വ്യവസ്ഥകള്‍ കര്‍ഷകര്‍ക്ക് എത്രമാത്രം മനസിലാകും എന്ന കാര്യത്തില്‍ സംശയമുണ്ട്. ഭാവിയില്‍ കോര്‍പറേറ്റുകളുമായി കരാര്‍ ലംഘനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കര്‍ഷകര്‍ നിയമയുദ്ധത്തിന് പോവുകയാണെങ്കില്‍ അതിന്റെ നടത്തിപ്പ് എങ്ങനെയായിരിക്കുമെന്നതും ഊഹിക്കാവുന്നതേയുള്ളൂ.
അതേസമയം, ഇത്തരം സമിതികള്‍ നിലനില്ക്കുമ്പോള് കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള് വിറ്റഴിക്കുന്നതിന് നിരവധി വ്യവസ്ഥകളുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ ഇഷ്ടത്തിന് വില്പന നടത്താന്‍ കഴിയുമായിരുന്നില്ല. അന്തര്‍ ജില്ല, അന്തര്‍ സംസ്ഥാന കച്ചവടം, സമിതികളുടെ വിപണികള്‍ക്ക് അപ്പുറത്തുള്ള കച്ചവടം എന്നിവയും പാടില്ല. അതായത്, കര്‍ഷകനും വ്യവസായിയും നേരിട്ട് ഇടപെടലുകളില്ല. ഈ വ്യവസ്ഥകള്‍ പുതിയ നിയമത്തില്‍ ഇല്ലാത്തതിനാല്‍ അത് കര്‍ഷകര്‍ക്ക് ഗുണംചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതുപ്രകാരം കര്‍ഷകര്‍ക്ക് എവിടെ വേണമെങ്കിലും ആര്‍ക്ക് വേണമെങ്കിലും ഉല്പന്നങ്ങള് വില്‍ക്കാം. കോര്‍പറേറ്റുകള്‍ക്കും മറ്റ് മൊത്തവിതരണകേന്ദ്രങ്ങള്ക്കും കര്‍ഷകര്‍ക്ക് സ്വന്തം ഉല്പന്നങ്ങള് നേരിട്ട് വില്‍ക്കാം. അത്തരം ആളുകള്‍ തങ്ങള്‍ക്ക് അനുകൂലമായ വില പറഞ്ഞ് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ട്. അതേസമയം, അഗ്രിക്കള്‍ച്ചറല്‍ സമിതികളും അവരുടെ വിപണനകേന്ദ്രങ്ങളും നിലനിര്‍ത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങളുടെ എതിര്‍പ്പ്
സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമാണ് കൃഷി. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവരികയാണെങ്കില്‍ സംസ്ഥാനങ്ങളുമായി ആലോചിക്കേണ്ടതുണ്ട്. എന്നാല്‍, ധൃതിപിടിച്ചു കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സംബന്ധിച്ച് തങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് പരാതിയുണ്ട്. ആ പരാതിക്ക് ന്യായവുമുണ്ട്.
താങ്ങുവില
കാര്‍ഷിക ഉല്പന്നങ്ങള്ക്ക് പെട്ടെന്നുണ്ടാകുന്ന വിലയിടിവ് കര്‍ഷകനെ ബാധിക്കാതിരിക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് കുറഞ്ഞ താങ്ങുവില അഥവാ എം.എസ്.പി. വിറ്റഴിയാത്ത കാര്‍ഷിക ഉല്പന്നങ്ങള് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്ന കുറഞ്ഞ താങ്ങുവില പുതിയ കാര്‍ഷികനിയമം നടപ്പാകുന്നതോടെ ഇല്ലാതാകുമെന്നാണ് കര്‍ഷകരുടെ ആശങ്ക. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്ക്ക് ലഭിക്കുന്ന ഗ്യാരണ്ടിയാണ് താങ്ങുവില. എന്നാല്‍, താങ്ങുവില ഇല്ലാതാകുന്നതോടെ ഉല്പന്നങ്ങള്ക്ക് ലഭിക്കുന്ന ഗ്യാരണ്ടിയാണ് നഷ്ടമാവുന്നത്. അതിനാല്‍ ഉല്പന്നങ്ങള് വിറ്റഴിക്കാനാകാതെ കര്‍ഷകര്‍ കടക്കെണിയിലകപ്പെടും.
കാര്‍ഷിക മേഖലയില്‍
സ്വകാര്യ നിക്ഷേപം
നിലവിലുണ്ടായിരുന്ന എസന്‍ഷ്യല്‍ കമ്മോഡിറ്റി ആക്ടിന്റെ സെക്ഷന്‍ മൂന്നില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ദി എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്മെന്റ്) ആക്ട് കൊണ്ടുവന്നത്. ഇതുപ്രകാരം കാര്‍ഷിക മേഖലയില്‍ സ്വകാര്യനിക്ഷേപകര്‍ക്ക് അവസരമുണ്ടാവും. ശേഖരിച്ചുവയ്ക്കാവുന്ന ഉല്പന്നങ്ങള്ക്ക് പരിധി നിശ്ചയിക്കുന്ന വ്യവസ്ഥ നീക്കിയതാണ് ഈ നിയമത്തിലെ മറ്റൊരു അപകടം. ഇത് പരിധികളില്ലാതെ കാര്ഷികോല്പന്നങ്ങള് ശേഖരിച്ചുവയ്ക്കാന്‍ കോര്‍പറേറ്റുകളെ സഹായിക്കും. വിപണിയില്‍ എപ്പോഴാണോ ഉല്പന്നങ്ങള്ക്ക് ഡിമാന്റ് കൂടുന്നത്, അപ്പോള്‍ കൂടിയ വിലക്ക് കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുകയും ചെയ്യാം.
കര്‍ഷകര്‍ക്ക് അനുകൂലമായി
എന്തെങ്കിലും ഉണ്ടോ?
വിവാദമായ പുതിയ നിയമത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ ഏതെങ്കിലും വ്യവസ്ഥയുണ്ടോ എന്ന ചോദ്യത്തിന് ഒറ്റ വാക്കില്‍ ഉത്തരമില്ല. കാരണം, സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലെ പല വ്യവസ്ഥകളും നേരത്തെയുള്ളതാണ്.
കര്‍ഷകരുടെ ആവശ്യങ്ങള്‍
എന്തെല്ലാം?
1. ഉല്പാദന ചെലവ്, ഭൂമിയുടെ പാട്ടം എന്നിവയോടൊപ്പം ഉല്പാദന ചെലവിന്റെ 75 ശതമാനം ചേര്‍ത്ത് എല്ലാ കാര്‍ഷിക ഉല്പന്നങ്ങള്ക്കും മിനിമം സഹായ വില പ്രഖ്യാപിക്കുക. ഇത് നിയമപരമായ അവകാശമാണെന്ന് ഉറപ്പുവരുത്തുക.
2. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചന്തകള്‍, സംഭരണ കേന്ദ്രങ്ങള്‍ എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കുക. രാജ്യത്തെ മൊത്തം കാര്‍ഷിക ഉല്പന്നങ്ങളും പൂര്‍ണമായി സംഭരിക്കാന്‍ ശേഷിയുള്ളത്ര സംഭരണ കേന്ദ്രങ്ങളുണ്ടാക്കുക. നിലവില്‍ രാജ്യമെമ്പാടുമായി 22,000 നെല്ല് സംഭരണ കേന്ദ്രങ്ങളും 44,000 ഗോതമ്പ് സംഭരണ കേന്ദ്രങ്ങളുമാണുള്ളത്.
3. സബ്സിഡികള്‍, സൗജന്യങ്ങള്‍ എന്നിവ കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കുന്ന വിധത്തില്‍ നിയമം കൊണ്ടുവരിക. നിലവില്‍ രാസവള കീടനാശിനി കമ്പനികള്‍ക്കാണ് അതുസംബന്ധിച്ച് ഇളവുകള്‍ എത്തുന്നത്.
4. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ ചെറുകിട കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്ന വിധത്തിലായിരിക്കണം കാര്യങ്ങള്‍. നിലവില്‍ എഴുതിത്തള്ളുന്ന കാര്‍ഷിക കടങ്ങളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ വന്‍കിട കൃഷിക്കാര്‍ മാത്രമാണ്. ഇന്ത്യയിലെ ഏതാണ്ട് 85 ശതമാനം കര്‍ഷകരും അഞ്ചേക്കറില്‍ താഴെ മാത്രം ഭൂമിയുള്ള ചെറുകിട കര്‍ഷകരാണ്. കൃത്യമായ ഭൂരേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ വട്ടിപ്പലിശക്കാരെയാണ് പണവായ്പയ്ക്കായി കര്‍ഷകര്‍ സമീപിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി കടാശ്വാസം അനുവദിക്കുമ്പോള്‍ ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും അത് ലഭിക്കുന്നില്ല.
5. കൃഷി ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ച്, കര്‍ഷകര്‍ക്ക് കൈവശാവകാശരേഖ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുക. ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും കര്‍ഷകര്‍ക്ക് ഭൂമിയിന്മേലുള്ള അവകാശം ഉറപ്പുവരുത്തുകയും ചെയ്യുക.