സി.ആർ നീലകണ്ഠൻ
ലോകത്തിനു മുമ്പിൽ കേരളത്തിന്റെ വികസന മാതൃക എന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട ഒന്ന് ഇപ്പോഴും ബാധകമാകാത്ത പ്രദേശമാണ് അട്ടപ്പാടിയെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നതാണ് അടുത്ത കാലത്ത് അവിടെനിന്ന് വരുന്ന വാർത്തകൾ. ശിശുമരണ നിരക്കിലും പ്രസവത്തോടനുബന്ധിച്ചു അമ്മമാർ മരിക്കുന്ന നിരക്കിലും യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കുന്നതാണ് കേരളത്തിന്റെ സ്ഥിതിവിവരക്കണക്ക്. എന്നാൽ അട്ടപ്പാടിയിൽ ഇത് ഏതു ആഫ്രിക്കൻ രാജ്യത്തോടും മത്സരിക്കാവുന്നവിധത്തിലാണ്.
സ്വാതന്ത്ര്യം നേടി, ഒരു ജനകീയ ഭരണഘടന നിലവിൽവന്നു പ്രവർത്തിച്ചുതുടങ്ങിയിട്ട് ഏഴു പതിറ്റാണ്ടുകൾ പിന്നിടുന്നു. ആളോഹരി കണക്കാക്കിയാൽ സർക്കാരിന്റെ പണം ഏറ്റവുമധികം ചെലവഴിക്കപ്പെട്ട ആദിവാസികൾ ഇപ്പോഴും വികസനത്തിന്റെ അവസാനപ്പടിയിലാണുള്ളത്. ദാരിദ്ര്യത്തിന്റെ കണക്കിൽ കേരളം ഏറ്റവും പിന്നിലുള്ള സംസ്ഥാനമാണെന്ന കണക്ക് കേന്ദ്രസർക്കാരിന്റെ ഏജൻസി പുറത്തുവിട്ട അതെ ദിവസങ്ങളിലാണ് അട്ടപ്പാടിലെ ശിശു, മാതൃ മരണങ്ങളുടെ കഥകളും പുറത്തു വരുന്നത്. നാല് ദിവസങ്ങൾക്കിടയിൽ ( നവം. 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ) അഞ്ചു കുട്ടികളും ഒരു അമ്മയും മരിച്ചു. പതിവ് പോലെ പ്രസ്താവനകൾ, ഞെട്ടലുകൾ, മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സന്ദർശനം, ഭരണപ്രതിപക്ഷങ്ങൾ തമ്മിലുള്ള വാക്കുതർക്കം… എല്ലാം മുറപോലെ നടന്നു. 2013ൽ ഇതേ പോലെ ഒരു അവസ്ഥ വന്നപ്പോൾ (അന്ന് ഭരണത്തിലുണ്ടായിരുന്നത് ഇപ്പോഴത്തെ പ്രതിപക്ഷം ) സർക്കാർ 300 കോടി രൂപയുടെ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. പട്ടികവർഗ വകുപ്പും സഹകരണവകുപ്പും ചേർന്ന് 12 കോടിയുടെ മറ്റൊരു പദ്ധതിയും പ്രഖ്യാപിച്ചു. ഇതെല്ലാം കഴിഞ്ഞിട്ടും ഇപ്പോഴത്തെ അവസ്ഥ ഇതാണ്.
ഈയടുത്ത കാലത്തും ചില പഠനങ്ങൾ നടന്നു. 2013ലെ പഠനങ്ങളിൽ(ഡോ.ബി. ഇക്ബാൽ അധ്യക്ഷനായിരുന്നു) പറയുന്നതുപോലെ ഗർഭിണികളുടെ അനാരോഗ്യം, പോഷകാഹാരക്കുറവ്, കുട്ടികളുടെ ആരോഗ്യവും പോഷകാഹാരക്കുറവും മറ്റു നിരവധി രോഗങ്ങളും അവിടെ വ്യാപകമാണ്. ആരോഗ്യരംഗത്തെ മാതൃകയായ കേരളത്തിലെ ഏക ഗോത്രവർഗ ബ്ലോക്കായ അട്ടപ്പാടിയിലെ ഇന്നത്തെ അവസ്ഥ കഴിഞ്ഞ ഒമ്പതു വർഷങ്ങൾകൊണ്ട് ശിശുമരണനിരക്കു കാര്യമായി കുറക്കാൻ കഴിഞ്ഞെന്ന ആരോഗ്യവകുപ്പിന്റെ കണക്കുകളെ ചോദ്യം ചെയ്യുന്നതാണ്. ഇക്കഴിഞ്ഞ മാസങ്ങളിൽ 450ൽ പരം ഗർഭിണികളെ പരിശോധിച്ചതിൽ 58 ശതമാനവും ( 245) ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരാണെന്നും തൂക്കക്കുറവ്, പോഷകാഹാരക്കുറവ്, അരിവാൾ രോഗം മുതലായവ ബാധിച്ചവരാണെന്നും പഠനത്തിൽ കണ്ടെത്തി.
കൊവിഡ് മഹാമാരി സമൂഹത്തിൽ അടിസ്ഥാനവിഭാഗങ്ങളിലുണ്ടാക്കിയ സാമൂഹിക, സാമ്പത്തിക പ്രഹരം നമുക്ക് അവഗണിക്കാൻ കഴിയില്ല. എല്ലാതരം അന്യാധീനപ്പെടലുകൾക്കും വിധേയരായിക്കൊണ്ടിരിക്കുന്ന ഈ ജനത അനുഭവിക്കുന്ന ദുരിതങ്ങളെ കേവലം കക്ഷി രാഷ്ട്രീയത്തിനപ്പുറം കാണാൻ കഴിയണം. ഇവർക്ക് നിലനിൽക്കാൻ സാധിക്കണമെങ്കിൽ ചില ഹ്രസ്വ കാല, ദീർഘകാല നടപടികൾ ആവശ്യമാണെന്ന് ഈ രംഗത്തു ദീർഘകാലമായി പ്രവർത്തിക്കുന്നവർ പറയുന്നു. തമ്പു എന്ന സന്നദ്ധസംഘടനയുടെ അധ്യക്ഷനും ഗോത്രഭൂമി മാസികയുടെ പത്രാധിപരുമായ രാജേന്ദ്രപ്രസാദ് മുന്നോട്ടുവയ്ക്കുന്ന ചില നിർദേശങ്ങൾ ഇവിടെ താഴെ കൊടുക്കുന്നു; ‘വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം അട്ടപ്പാടിയിലെ സ്‌കൂൾ ഹോസ്റ്റൽ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിശോധിക്കുക, ന്യൂട്രിഷ്യൻ കേന്ദ്രങ്ങൾ സ്ഥിരം സംവിധാനങ്ങളാക്കുക, കൊവിഡ് മൂലം കടുത്ത ദാരിദ്ര്യത്തിലുള്ള പട്ടികജാതി സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുക, 2016-17 കാലത്ത് യുനിസെഫ് സഹായത്തോടെ ആരംഭിച്ച പോഷണ ശോഷണം തടയുന്നതിനുള്ള പദ്ധതി വീണ്ടും തുടരുക, ട്രൈബൽ പൾസ് എന്ന പേരിൽ മുമ്പ് നടപ്പാക്കിയിരുന്നു 100 തൊഴിൽ ദിനങ്ങൾ (ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വഴി) ഉറപ്പാക്കുക, സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ അർഹതപ്പെട്ടവരിൽ എത്തുന്നു എന്ന് ഉറപ്പാക്കാൻ ജനകീയ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിലെ സൗകര്യങ്ങളും മെച്ചപ്പെടുത്തുക’. ഈ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും പ്രത്യേകിച്ച് ആദിവാസികൾക്കും ആശ്വാസമാകേണ്ടതാണ് കോട്ടത്തറ ആശുപത്രി. പ്രത്യേകിച്ച് സ്ത്രീകൾക്കും ഗർഭിണികൾക്കും കുട്ടികൾക്കും അത്യാവശ്യമാണ്. ലക്ഷങ്ങൾ മുടക്കി ഒരു സ്‌കാനിങ് യന്ത്രം ഇവിടെ വാങ്ങിയിട്ടുണ്ട്. എന്നാൽ ഞായറാഴ്ചകളിൽ മാത്രമേ സ്‌കാനിങ്ങിനു ഡോക്ടർ എത്തുകയുള്ളൂ. ഒരോ വർഷവും നൂറുകണക്കിന് ഗർഭിണികൾ ഇവിടെ എത്തുന്നു. ഇവർക്ക് മറ്റു ദിവസങ്ങളിൽ സ്‌കാനിങ് വേണ്ടിവന്നാൽ മണ്ണാർക്കാട്ടേയ്‌ക്കോ കോയമ്പത്തൂർക്കോ പോകേണ്ടിവരും. രണ്ടും മൂന്നും മണിക്കൂർ യാത്ര വേണം അവിടെ എത്താൻ. ഇവിടെ സ്ഥിരമായി ഒരു റേഡിയോളോജിസ്റ്റ് വേണം. കൂടാതെ ജനറൽ മെഡിസിൻ , ഗർഭിണികൾക്കും കുട്ടികൾക്കും ചികിത്സ നൽകാൻ കഴിയുന്ന വിദഗ്ധ ഇവിടെയില്ല. ഗർഭിണികളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചു ആവശ്യമായ വിദഗ്ധ പഠനങ്ങൾ നടത്താൻ ഐ.സി.ഡി.എസ് സംവിധാനങ്ങൾ ഒട്ടും തന്നെ ഫലപ്രദമല്ല, ജീവനക്കാർക്ക് ഗോത്രഭാഷ പരിജ്ഞാനമില്ല തുടങ്ങിയ വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കണം.
അട്ടപ്പാടിയിലെ പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരങ്ങളുണ്ടാകണം. ഗോത്രവർഗ ജനതയുടെ പ്രശ്നങ്ങൾ കേവലം ഭക്ഷണത്തിലും ആരോഗ്യത്തിലും മാത്രമായി കാണാൻ കഴിയില്ല. അനേക വർഷങ്ങളായി തുടരുന്ന ഭൂമി അന്യാധീനപ്പട്ടതും കണക്കിലെടുക്കണം. ആദിവാസി മേഖലകൾ ഭരണഘടനയുടെ പട്ടിക അനുസരിച്ചു പെസ നിയമത്തിനു കീഴിൽ കൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനമായ വിഷയം. ഊരുകൂട്ടങ്ങളും വനാവകാശ സംവിധാനങ്ങളും ഫലപ്രദമാക്കണം. ഭൂമിയാധിഷ്ഠിത കാർഷിക നയങ്ങൾ വേണം. പട്ടിക വർഗ ഫണ്ടുകളുടെ വിനിയോഗത്തിനു കർശനമായ സോഷ്യൽ ഓഡിറ്റിങ് വേണം. ടി.എസ്.പി ഫണ്ട് വെട്ടിപ്പ് നടത്തിയവർ ഒരിക്കലും ശിക്ഷിക്കപ്പെടാറില്ല. അതുകൊണ്ട് വെട്ടിപ്പുകൾ തുടരുന്നു. ഇങ്ങനെ പലതും ഇനിയും ചെയ്യാനുണ്ട്. അല്ലാത്തപക്ഷം ഇവർക്കായി മുടക്കുന്ന പദ്ധതിപ്പണം ഒന്നുകിൽ ദുർവ്യയം ചെയ്യപ്പെടും അല്ലെങ്കിൽ ലാപ്‌സാകും. പട്ടിക വർഗവിഭാഗങ്ങൾക്ക് ഒരു രാഷ്ട്രീയശേഷിയില്ല. ഒരു തരത്തിലും ഇവർ മുഖ്യധാരക്ക് സമ്മർദശക്തിയല്ല. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന്റെ ഇടപെടൽ അനിവാര്യമാണ്.
Comments are closed for this post.