2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ചില ഭരണഘടനാ ചിന്തകൾ

എൻ.പി ചെക്കുട്ടി

സി.പി.എം നേതാവ് സജി ചെറിയാൻ വീണ്ടും കേരള മന്ത്രിസഭയിൽ തിരിച്ചെത്തുന്ന അവസരത്തിൽ എന്തുകൊണ്ട് അദ്ദേഹം പുറത്തുപോകേണ്ടിവന്നു എന്നും എന്താണ് ജനാധിപത്യ സമൂഹത്തിൽ അധികാരികൾക്ക് ഭരണഘടനയോടുള്ള ബാധ്യത എന്നുമുള്ള വിഷയങ്ങൾ പരിശോധിക്കുന്നത് പ്രയോജനപ്രദമാണ്. ഭരണഘടനയെ അവഹേളിക്കുന്ന വിധം പദപ്രയോഗങ്ങൾ നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് സജി ചെറിയാനെ മന്ത്രിസഭയിൽനിന്ന് മാറ്റിനിർത്താൻ മുഖ്യമന്ത്രി നിർബന്ധിതനായത്. കേന്ദ്രനേതൃത്വം കൂടി വിഷയത്തിൽ ഇടപെട്ട അവസരത്തിലാണ് പുറത്തുപോകേണ്ടിവന്നത്. പിന്നീട് കേരളത്തിലെ പൊലിസ് അദ്ദേഹത്തിനെതിരേ അന്വേഷണം നടത്തി തെളിവൊന്നും കിട്ടിയില്ലെന്ന് സർക്കാരിനെ അറിയിച്ചു. കേസുകൾ ഇനിയും അവസാനിച്ചിട്ടില്ല എങ്കിലും അദ്ദേഹം കുറ്റവിമുക്തനായിക്കഴിഞ്ഞു എന്ന നിലപാടെടുത്തു പാർട്ടി വീണ്ടും മുൻ പദവികളിൽ പുനഃസ്ഥാപിക്കുകയാണ്.
ഇതിന്റെ ന്യായാന്യായതകൾ ഒരുപക്ഷേ അധികകാലം കഴിയും മുമ്പേ വീണ്ടുമൊരു പരിശോധനയ്ക്കു വിധേയമാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. പ്രതിപക്ഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കരിദിനം ആചരിച്ചുകൊണ്ടാണ് സ്വാഗതം ചെയ്യുന്നത്. പൂർണമായ കുറ്റവിമുക്തി വരേണ്ടത് ഏറ്റവും ചുരുങ്ങിയത് വിഷയത്തിൽ ഹൈക്കോടതിയുടെ പരിശോധനയിലൂടെയാണ്. എന്നാൽ മജിസ്‌ട്രേറ്റ് കോടതിയിലെ കേസുപോലും തീർപ്പാകും മുമ്പേ, പൊലിസ് റിപ്പോർട്ടിന്റെ പേരിൽ മാത്രം അദ്ദേഹത്തെ കുറ്റവിമുക്തനാക്കാൻ ഇപ്പോൾ സി.പി.എം നേതൃത്വം കാണിക്കുന്ന ധൃതി അവർക്കുതന്നെ ഭാവിയിൽ വിനയായി മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്. കാരണം ഇത് പോംവഴിയായും മുൻ‌കൂർ ജാമ്യമായും എല്ലാ കുറ്റാരോപിതർക്കും ആശ്രയിക്കാവുന്നതാണ്. ഭരണഘടനയെ ‘കുന്തവും കുടച്ചക്രവും’ ഒക്കെയായി താരതമ്യം ചെയ്ത സജി ചെറിയാൻ മറ്റു പലരെയുംപോലെ കൊടും അഴിമതി ആരോപണങ്ങൾ ഒന്നും നേരിട്ടിട്ടില്ല. നാക്കുപിഴയാണ് അങ്ങേരുടെ മേൽ ആരോപിക്കപ്പെടുന്ന കുറ്റം. എന്നാൽ അതിനപ്പുറം സർക്കാരിലെ അധികാരങ്ങൾ മറയാക്കി നാടിനെ കൊള്ളയടിച്ചവരും വനങ്ങൾ വെട്ടിവെളുപ്പിച്ചവരും കുന്നുകൾ ഇടിച്ചുനിരത്തിയവരും ഇവിടെ കാണാമറയത്തുണ്ട്. അത്തരം കേസുകൾ ഭരണകക്ഷിയുടെ അകത്തളങ്ങളിൽ ചർച്ചയായിട്ടും ആരോപണങ്ങൾ ഉയർന്നിട്ടും അവയൊന്നും ഒരു അന്വേഷണത്തിനും എടുക്കേണ്ടതില്ല എന്നാണ് ബന്ധപ്പെട്ട പാർട്ടി നിശ്ചയിച്ചിരിക്കുന്നത്.

ഇതിൽ അത്ഭുതവുമില്ല. ഭരണത്തിലെ ഒരു ശൈലിയായി അത് മാറിയിരിക്കുന്നു. സി.പി.എം നേതാക്കൾക്ക് നേരെ പാർട്ടിയിൽ ഉയർന്നുവന്ന ആരോപണങ്ങളെ അവഗണിച്ചു മുന്നോട്ടുപോകുമ്പോൾ ഏതാനും മാസം മുമ്പ് സി.പി.ഐ സമ്മേളനത്തിലും ഇതുതന്നെയാണ് നടന്നത് എന്ന കാര്യം ഓർമിക്കുക. സമ്മേളനത്തിന് തൊട്ടുമുമ്പ് സി.പി.ഐയിലെ രണ്ടു ഗ്രൂപ്പുകൾ തമ്മിൽ അടിക്കുകയായിരുന്നു. നിലവിലെ സംസ്ഥാന സെക്രട്ടറിയും സംഘവും നടത്തിവന്ന അഴിമതികളെ സംബന്ധിച്ച ആരോപണങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നുനിന്നു. പ്രമുഖ നേതാക്കൾ തന്നെയും പരസ്യമായ നിലപാടുകൾ സ്വീകരിച്ചു. എന്നാൽ സമ്മേളനത്തിന്റെ അന്ത്യത്തിൽ അവരെല്ലാം അധികാരകേന്ദ്രങ്ങൾക്കു മുന്നിൽ മുട്ടുമടക്കുന്നതാണ് കണ്ടത്. പാർട്ടിയിൽ ഒരു പിളർപ്പിന് ഇനി വഴിമരുന്നിട്ടുകൂടാ എന്നാണ് അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ചിലർ നൽകിയ മറുപടി. അതിനുള്ള ശേഷി പാർട്ടിക്കില്ലെന്നാണ് ന്യായീകരണം. എന്നാൽ അഴിമതിക്കാരെ താങ്ങാനുള്ള ശേഷിയുണ്ട് താനും!

ഇത് അത്ഭുതകരമായ പ്രതികരണമാണ്. അധികാരസ്ഥാനങ്ങൾ ഉപയോഗിച്ച് അഴിമതി നടത്തുന്നതും ദുർവിനിയോഗം ചെയ്യുന്നതും അക്ഷന്തവ്യമായ തെറ്റായി കരുതിവന്ന മഹനീയ പാരമ്പര്യത്തിൽ നിന്നാണ് ഇവിടെ അധികാരം കൈയാളുന്ന പ്രധാന കക്ഷികൾ വരുന്നത്. അവരുടെ മുൻകാല പ്രവൃത്തികൾ ഇക്കാര്യത്തിൽ ബന്ധപ്പെട്ട കക്ഷികളും നേതാക്കളും അവലംബിച്ചുവന്ന നിലപാടുകളുടെ വിട്ടുവീഴ്ചയില്ലായ്മ ചൂണ്ടിക്കാട്ടുന്നവയാണ്. അഴിമതി തടയാൻ, അത്തരക്കാരെ കർക്കശമായി കൈകാര്യം ചെയ്യാൻ 1967ലെ ഇ.എം.എസ് സർക്കാരും പിന്നീട് നായനാരുടെ രണ്ടാം സർക്കാരും നടപ്പാക്കിയ നിയമസംവിധാനങ്ങൾ സവിശേഷ ശ്രദ്ധയും ജനകീയ അനുഭാവവും നേടിയെടുത്തവയാണ്. അതിലൊക്കെ വെള്ളം ചേർക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. കേരളത്തിലെ ലോകായുക്ത നിയമത്തിൽ സർക്കാർ കൊണ്ടുവരാൻ നിർദേശിച്ച ഭേദഗതികൾ മാത്രം നോക്കിയാൽ മതി, എങ്ങോട്ടാണ് കാര്യങ്ങളുടെ പോക്കെന്ന് ആർക്കും ബോധ്യപ്പെടും.

ഇതല്ല ശരിയായ രീതിയെന്ന കാര്യത്തിൽ ഭരണകക്ഷികളിൽ പോലും അധികമാർക്കും തർക്കവുമില്ല. എന്നാൽ അധികാരത്തെ ഏകാധിപത്യപരമായ സംവിധാനമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. അധികാരികളെ ചോദ്യം ചെയ്യാൻ മാധ്യമങ്ങൾപോലും മടിക്കുന്ന അവസ്ഥയുമാണ്. അഴിമതിക്കാർക്ക് വേണ്ടി കുഴലൂത്ത് നടത്താൻ ആളെ കൂലിക്കു കിട്ടുന്ന കാലമാണിത്. അതിനാൽ ജനങ്ങളുടെ പ്രതികരണം എന്തായിരിക്കും എന്നൊന്നും ആരും ഇപ്പോൾ പരിഭ്രാന്തി കാണിക്കുന്നില്ല. കാശിനു മുകളിൽ ഒരു പരുന്തും പറക്കുകയില്ലെന്ന് കരുതുന്നു. അത്തരം ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അവർ ‘സ്വയംസേവന’ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.

എന്നാൽ സജി ചെറിയാന്റെ കാര്യത്തിൽ അതിനപ്പുറം ചില ഘടകങ്ങൾ കൂടിയുണ്ട്. എന്താണ് ഭരണഘടനയെ സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയുടെ യഥാർഥ ഉത്ഭവകേന്ദ്രം? എവിടെനിന്നാണ് ഈ ആശയങ്ങൾ അദ്ദേഹത്തിന് ലഭിച്ചത്? സാധാരണനിലയിൽ ഒരു പൊതുപ്രവർത്തകനും ജനാധിപത്യ രാജ്യത്തിൻ്റെ ഭാഗമായിരിക്കെ, ഭരണഘടനയെക്കുറിച്ച് പറയാൻ ഇടയില്ലാത്തവിധം പരമപുച്ഛത്തോടെയാണ് അദ്ദേഹം ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് അന്ന് പരാമർശം നടത്തിയത്. ഇപ്പോൾ തനിക്കു ഭരണഘടനയോടു അതീവ ബഹുമാനമുണ്ട് എന്നദ്ദേഹം പറയുന്നത് നമുക്ക് വിശ്വസിക്കാം. ബൈബിളിൽ പറയുന്നത് ധൂർത്തനായ പുത്രൻ തിരിച്ചുവരുമ്പോൾ അവനായി ഏറ്റവും നല്ല കന്നുകുട്ടിയെ കൊന്നു കറിവെക്കണം എന്നാണല്ലോ. അതിനാൽ സജി ചെറിയാന് അദ്ദേഹം അർഹിക്കുന്ന സാംസ്‌കാരിക വകുപ്പിന്റെ ചുമതലതന്നെ കിട്ടും എന്നും പ്രതീക്ഷിക്കുക. തിരുവനന്തപുരത്തെ ഒരു പഴയ സഖാവിന്റെ ‘പിഴച്ചുപോയ’ കൊച്ചുമകളെ സംബന്ധിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങൾ സാംസ്‌കാരികമന്ത്രി എന്ന നിലയിൽ അതിനുള്ള അവകാശമുണ്ടെന്ന് തെളിയിക്കുന്നതുമാണല്ലോ.
എന്നാൽ ഭരണഘടനയെക്കുറിച്ച് അദ്ദേഹം പറഞ്ഞതു ഏതോ പഴയ കാലത്തു പാർട്ടി ക്ലാസുകളിൽ കേട്ടത് അവർത്തിച്ചതായിരിക്കണം. കാരണം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അവസരത്തിൽ ഭരണകൂടത്തെ അവർ അംഗീകരിക്കുകയുണ്ടായില്ല. കൽക്കത്താ കോൺഗ്രസിൽ രണദിവെയും സംഘവും തീരുമാനിച്ചത് സായുധപോരാട്ടം തുടരുക എന്നായിരുന്നു. തെലുങ്കാനയിൽ നടന്നുവന്ന സായുധപോരാട്ടം രാജ്യമെങ്ങും വ്യാപിപ്പിക്കാനാണ് അന്ന് തീരുമാനിച്ചത്. അതേക്കുറിച്ചു തർക്കം വന്നപ്പോൾ സ്റ്റാലിൻ ഇടപെട്ടാണ് പരിഹാരം കണ്ടത്. 1951-52ലെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പാർട്ടി തീരുമാനിക്കുന്നത് അങ്ങനെയാണ്. അപ്പോഴും പാർട്ടിയുടെ നയപ്രഖ്യാപന രേഖയിൽ സായുധ സമരങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. അന്നത്തെ നയം തീർത്തും അപ്രസക്തമെന്ന് സി.പി.എം വിശദീകരിക്കുന്നത് 1985ൽ ബസവപുന്നയ്യ പാർട്ടിയുടെ താത്വിക പ്രസിദ്ധീകരണമായ മാർക്സിസ്റ്റിൽ എഴുതിയ ഒരു ദീർഘ ലേഖനത്തിലാണ്. പത്രാധിപർ ബി.ടി രണദിവെ അതിന്റെ കൂടെ ഒരു ചെറുകുറിപ്പും നൽകിയിരുന്നു. 1975-76 കാലത്തു പാർട്ടി കേന്ദ്ര കമ്മിറ്റി എത്തിച്ചേർന്ന നയംമാറ്റം സംബന്ധിച്ച പ്രഖ്യാപനം അന്നത്തെ അടിയന്തരാവസ്ഥ കാരണം മാറ്റിവയ്ക്കുകയായിരുന്നു എന്നാണ് അതിൽ പറഞ്ഞത്.

എന്നാൽ സത്യം അൽപം വ്യത്യസ്തമാണ്. നയംമാറ്റം സംബന്ധിച്ച ചർച്ചകൾ പാർട്ടിയിൽ കടുത്ത ഭിന്നതകൾക്ക് ഇടയാക്കിയിരുന്നു. സായുധസമര ലൈനിന്റെ വക്താക്കൾ രണദിവെയും കൂട്ടരും മാത്രമായിരുന്നില്ല. ദീർഘകാലം ജനറൽ സെക്രട്ടറിയായിരുന്ന സുന്ദരയ്യയും അത്തരം നിലപാടിനെയാണ് എന്നും പിന്താങ്ങിയത്. അദ്ദേഹം അക്കാലത്തു ജനറൽ സെക്രട്ടറി പദവിയിൽനിന്ന് ഒഴിയാൻ ഇടയാക്കിയതും ഈ ഭിന്നതകൾ തന്നെയാണ്. അദ്ദേഹത്തിന്റെ രാജിക്കത്ത് പിന്നീട് പുറത്തുവരികയുണ്ടായി. ഭിന്നതകൾ അദ്ദേഹം അതിൽ അക്കമിട്ടു പറയുന്നു.
അതിനാൽ എമ്പതുകളുടെ അവസാനം വരെ പാർട്ടിയിൽ നിലനിന്ന ഭിന്നതകളും തർക്കങ്ങളും തന്നെയാണ് ഇന്ത്യൻ ഭരണഘടനയെ സംബന്ധിച്ച സജി ചെറിയാൻ അടക്കമുള്ള നേതാക്കളുടെ കൺഫ്യൂഷനും കാരണമായിരിക്കുന്നത്. ഈ ഭിന്നതകൾ ഒരിക്കലും പരസ്യമായി ചർച്ച ചെയ്യാനോ മുഴുവൻ പാർട്ടിയുടെയും സമൂഹത്തിന്റെയും സാന്നിധ്യത്തിൽ അതിനു പരിഹാരം കാണാനോ കമ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും തയാറായില്ല. ഇത്തരം പ്രശ്നങ്ങൾ ആഭ്യന്തരമായി പരിഹരിക്കാനാണ് ഒന്നിച്ചുനിൽക്കുന്ന കാലത്തും പിന്നീട് പലതായി പിരിഞ്ഞ കാലത്തും വിവിധ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ശ്രമം നടത്തിയത്. അത് ഒരിക്കലും ഫലപ്രദമായോ സത്യസന്ധമായോ നടത്താനും അണികളെ ബോധ്യപ്പെടുത്താനും അവർക്കു കഴിഞ്ഞതുമില്ല. അതിനാൽ പാർട്ടി ക്ലാസുകളിൽ ഇരിക്കുമ്പോൾ ഉറങ്ങിപ്പോയ ചെറിയാനെപ്പോലുള്ള സഖാക്കൾ പണ്ടെന്നോ കേട്ടു പഠിച്ചത് ഇപ്പോഴും അറിയാതെ ആവർത്തിച്ചു പോകുന്നു. നയം മാറിയത് ഒരുപക്ഷേ അവർ അറിഞ്ഞുകാണില്ല. പക്ഷേ പൊതുസമൂഹം ഇതൊക്കെ ജാഗ്രതയോടെ കാണുന്നുണ്ട് എന്ന കാര്യം അവർ മറക്കുകയും ചെയ്യുന്നു. പണ്ട് ഫ്രാൻസിലെ ബൂർബൻ രാജാക്കന്മാരെ കുറിച്ച് പറഞ്ഞപോലെ, ‘അവർ പഠിച്ചതൊന്നും മറന്നില്ല; പുതുതായി ഒന്നും പഠിച്ചുമില്ല’. ഫലം, നാട്ടിൽ വിപ്ലവം വന്നപ്പോൾ രാജാവിന്റെ തല പോയി. നമ്മുടെ മന്ത്രിക്കാകട്ടെ, പദവിയും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.