2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കലാലയങ്ങളിൽ കലഹമെന്തിന്?

ഡോ. അബേഷ് രഘുവരൻ

കലാലയങ്ങളിൽ ആശയപരമായ വ്യത്യാസങ്ങൾ എല്ലാകാലത്തും വിദ്യാർഥികൾ തമ്മിൽ ഉണ്ടാവാറുണ്ട്. അതിന് സംവാദങ്ങളുടെ നിറംപകർന്നുകൊണ്ട് ആരോഗ്യകരമായ ഏറ്റുമുട്ടലുകളും ആ ഏറ്റുമുട്ടലിനൊടുവിൽ ആരുടെ ഭാഗത്താണ് ന്യായമെന്ന് ഇരുവരും തിരിച്ചറിയുകയും ചെയ്യുന്നു. പിന്നീട് തെറ്റ് പറഞ്ഞവൻ അത് സ്വയം ഏറ്റെടുക്കുകയും അവർ പരസ്പരം ചിരിച്ചുകൊണ്ട് ഒരു ഷേക്ക് ഹാൻഡ് നൽകി തിരികെ പോകുകയും ചെയ്യും. എന്നാൽ അതിനിടയിലും ചില അസഹിഷ്ണുത താങ്ങാനാവാതെവരുന്നവർ കൈയേറ്റങ്ങളിലും വളരെ അപൂർവമായി കത്തിക്കുത്തിലും കലാശിക്കാറുണ്ടായിരുന്നു എന്നത് നിഷേധിക്കുന്നില്ല. എങ്കിൽപ്പോലും അത്തരം ഏറ്റുമുട്ടലുകൾക്ക് അതിനുപിന്നിലെ വലിയവലിയ കഥകൾ പറയാനുണ്ടായിരുന്നു.

സർഗാത്മകതയും കലാലയരാഷ്ട്രീയത്തിന്റെ ആരോഗ്യകരമായ ചൂടും ചൂരും ഒരുപോലെ നിറഞ്ഞുനിന്ന ഒരു കോളജ് കാലഘട്ടം നമുക്കുണ്ടായിരുന്നു. കലാലയങ്ങളെ സ്വപ്‌നതുല്യമായ ഇടങ്ങളാക്കിമാറ്റിയിരുന്ന ഒരു കാലഘട്ടം. അന്നും ഉണ്ടായിരുന്നു സമരവും പ്രണയവും വിരഹവും ഒക്കെ. പക്ഷേ എന്തിനും ഒരു ലാളിത്യവും സൗന്ദര്യവും ഉണ്ടായിരുന്നു. കലാലയത്തിലെ അനുഭവങ്ങൾ ജീവിതത്തിന്റെ വിജയത്തിന് വലിയൊരളവിൽ അടിത്തറ പാകിയിരുന്നു. അവിടെനിന്നായിരുന്നു കലാകാരൻമാരും രാഷ്ട്രീയക്കാരും ഉയർന്നുവന്നിരുന്നത്. അതുകൊണ്ടുതന്നെ കലാലയഓർമകൾ പഴയ തലമുറയ്ക്ക് അത്രമേൽ പ്രിയങ്കരമായിരുന്നു. അന്നൊക്കെ സൗഹൃദങ്ങൾക്ക് വല്ലാത്ത ആത്മാർഥതയുണ്ടായിരുന്നു. രാഷ്ട്രീയത്തിനും ജാതിമതചിന്തകൾക്കുമപ്പുറം അദൃശ്യമായ ഒരു വികാരമായിരുന്നു കലാലയങ്ങളിലെ സൗഹൃദം. രാഷ്ട്രീയമായി വിരുദ്ധചേരികളിൽ വിശ്വസിക്കുമ്പോഴും രാഷ്ട്രീയചിന്തകൾ അവസാനിക്കുന്നിടം മുതൽ അവർ വീണ്ടും നല്ല സുഹൃത്തുക്കളായി മാറുമായിരുന്നു. കലാലയത്തിലെ തെരഞ്ഞെടുപ്പുകാലത്തുപോലും പരസ്പരം ചെളിവാരിയെറിയുന്ന സമീപനം ഉണ്ടാകാറില്ലായിരുന്നു. അങ്ങനെയുണ്ടായാൽ തന്നെ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും ഫലം വരുന്നതോടെ അവസാനിച്ചു അവർ പിന്നെയും അഗാധമായ സുഹൃത് ബന്ധത്തിന്റെ മേച്ചിൽപ്പുറങ്ങൾ തേടുമായിരുന്നു.
ഇനി ഇന്നത്തെ കലാലയത്തിലേക്കുവരാം. കൊവിഡ് നഷ്ടമാക്കിയ വിലപിടിപ്പുള്ള ദിനങ്ങൾക്കൊടുവിൽ സ്വാതന്ത്ര്യത്തിന്റെ അഗാധമായ നീലിമ സ്വപ്‌നം കണ്ടുകൊണ്ടാണ് കുട്ടികൾ കലാലയങ്ങളിലേക്ക് എത്തുന്നത്. സർഗാത്മകതയോ മേൽസൂചിപ്പിച്ച ആരോഗ്യകരമായ രാഷ്ട്രീയമോ ഒന്നുംതന്നെ അതിന്റെ യഥാർഥ തലങ്ങളിലേക്ക് കടന്നുചെല്ലുന്നില്ല എന്നുമാത്രമല്ല മുമ്പുള്ളവർ പറഞ്ഞുകേട്ട ചില കാംപസ് അനുഭവങ്ങൾ തങ്ങൾക്കും നഷ്ടപ്പെട്ടുപോകാൻ പാടില്ല എന്ന കൃത്രിമമായ ചില ചിന്തകളുടെ ഭാഗമായാണ് ഭൂരിഭാഗം വിദ്യാർഥികളും കലാലയങ്ങളിലേക്ക് എത്തുന്നത്. കലാലയങ്ങളിൽനിന്ന് എന്ത് നേടണം എന്ന് കൃത്യമായി യാതൊരു കാഴ്ചപ്പാടുമില്ലാത്ത കുട്ടികളാണ് ഇന്നുള്ളത്. പഠനമൊക്കെ രണ്ടാമത്തെ കാര്യമാണ് ആദ്യത്തെ മുൻഗണന എന്നും അവരുടെ സ്വാതന്ത്ര്യത്തെ വീട്ടുകാരുടെ നിയന്ത്രണവലയത്തിന്റെ ഭീഷണിയില്ലാതെ നടത്തിയെടുക്കുക അല്ലെങ്കിൽ ആസ്വദിക്കുക എന്നതുമാത്രമാണ്.

കലാലയരാഷ്ട്രീയം മുമ്പൊക്കെ കലാലയങ്ങളുടെ നാലുചുവരുകൾക്കുള്ളിൽ നിയന്ത്രിക്കപ്പെട്ടിരുന്നു. കുട്ടിനേതാക്കന്മാർ ഏറ്റെടുത്തിരുന്നതൊക്കെയും കലാലയത്തിന്റെ പ്രശ്‌നങ്ങളും വിദ്യാർഥികളുടെ പഠനപഠ്യേതര വിഷയങ്ങളും ആയിരുന്നു. അവിടെനിന്ന് ഉയർന്നുവരുന്നവരായിരുന്നു അന്നത്തെ സംസ്ഥാനരാഷ്ട്രീയവും നിയന്ത്രിച്ചിരുന്നത്. എന്നാൽ ഇന്ന് കലാലയരാഷ്ട്രീയം മുതിർന്നനേതാക്കൻമാരുടെ ഇച്ഛയ്‌ക്കൊത്തു കുട്ടിനേതാക്കന്മാർ തുള്ളേണ്ട തരത്തിൽ മാറിപ്പോയിരിക്കുന്നു. കലാലയജീവിതം ആസ്വാദിക്കാനാവാതെ അവിടെവച്ചുതന്നെ അവർ വലിയനേതാക്കന്മാരായി മാറുന്നത് സ്വപ്‌നം കാണുകയാണ് ചെയ്യുന്നത്. ഇടുക്കിയിലെ വിദ്യാർഥിയുടെ കൊലപാതകവും കലാലയത്തിന്റെ മതിലിനുള്ളിൽ മാത്രം സംഭവിച്ച കാര്യമല്ല. കൃത്യം ചെയ്ത യുവാവ് അവിടുത്തെ വിദ്യാർഥിയും അല്ലായിരുന്നു. കലാലയത്തിനുപുറത്തുനിന്നുള്ള രാഷ്ട്രീയഇടപെടലുകൾ ഏതുതരത്തിലാണ് കലാലയങ്ങളുടെ സമാധാനാന്തരീക്ഷത്തെ തകർക്കുന്നത് എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഇടുക്കിയിലെ സംഭവം.
ഇടുക്കി എൻജിനീയറിങ് കോളജിൽ നടന്ന സംഭവത്തിനുപിന്നിൽ എന്താണെന്ന് പൊലിസ് കൃത്യമായി അന്വേഷിച്ചുവരുന്നതേയുള്ളൂ. പെട്ടെന്നുണ്ടായ പ്രകോപനം എന്നാണു പ്രാഥമികനിഗമനം. ഇത്തരത്തിൽ പെട്ടെന്നുണ്ടാകുന്ന പ്രകോപനത്തിന് പിന്നാലെ കൊലക്കത്തിയിൽ ജീവനെടുക്കുന്ന വിദ്യാർഥിരാഷ്ട്രീയം നഷ്ടമാക്കുന്നതെന്താണ്? മക്കളുടെ ഭാവിയെ ഉറ്റുനോക്കുന്ന രക്ഷാകർത്താക്കളുടെ പ്രതീക്ഷകളെ മാത്രം.

സജീവവും സുന്ദരവുമായിരുന്ന നമ്മുടെ കലാലയാന്തരീക്ഷം നഷ്ടപ്പെട്ടത് എന്നുമുതലാണ്?സൗഹൃദങ്ങൾക്ക് പരസ്പരം ഒരു മരച്ചുവട്ടിലിരുന്ന് അൽപ്പസമയം സൊറപറയാൻ സമയമില്ലാതെപോയത് എപ്പോൾ മുതലാണ്? കേവലം ആശയപരമായ വ്യത്യാസങ്ങൾ ഒരു കൊലപാതകത്തിലേക്ക് നയിക്കുവാനുതകുന്നതരത്തിൽ സമൂഹത്തിന്റെ മൂല്യം നഷ്ടപ്പെടാൻ തുടങ്ങിയത് എപ്പോഴാണ്? അങ്ങനെയൊരു സംക്രമണകാലം എപ്പോഴായിരുന്നു സംഭവിച്ചത്?

കാലം ഇതിനിടയിൽ കലാലയങ്ങളിൽ നിന്ന് പടിയിറക്കിവിട്ട ചില നല്ല ശീലങ്ങളുണ്ട്. അതിൽ പ്രധാനമാണ് വിദ്യാർഥികൾക്ക് അധ്യാപകരോടുള്ള സമീപനം. മേൽസൂചിപ്പിച്ച മാറ്റങ്ങളുടെയൊക്കെ തുടക്കവും ഒടുക്കവും എല്ലാം അത്തരം ഗുരുശിഷ്യബന്ധങ്ങളിൽ ഉണ്ടായ അഗാധമായ മൂല്യച്യുതിയാണ്. ഇക്കാര്യത്തിൽ ദൃശ്യമാധ്യമങ്ങൾ, സിനിമകൾ, സമൂഹമാധ്യമങ്ങൾ തുടങ്ങിയവയുടെ സ്വാധീനം കുട്ടികളുടെ ബൗദ്ധികതലത്തിലും വികാരവിചാര സമീപനങ്ങളിലും വലിയമാറ്റങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. ഇന്നിറങ്ങുന്ന ചില ന്യൂജനറേഷൻ സിനിമകളിൽ കുട്ടികൾക്ക് അധ്യാപകരോടുള്ള മനോഭാവവും തിരിച്ചു അധ്യാപർക്ക് വിദ്യാർഥികളോടുള്ള സമീപനവും ഒരുതരം അറപ്പുളവാക്കുന്നതരത്തിലാണ് ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ അവ വലിയ വിജയമാകുന്ന യാഥാർഥ്യമാണ് നാം കാണുന്നത്. എന്നാൽ ആ വിജയങ്ങൾ സമൂഹത്തിന്റെ ധാർമികതലത്തിൽ പരിശോധിക്കുമ്പോൾ കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ ഏതുതരത്തിലാണ് പ്രതിഫലിച്ചിരിക്കുന്നത് എന്നത് ആഴത്തിൽ ചിന്തിക്കേണ്ട വിഷയമാണ്. മാത്രമല്ല, അത്തരം മനോഭാവങ്ങളുടെ ഉൽപ്പന്നങ്ങൾ അധ്യാപക-വിദ്യാർഥി ബന്ധങ്ങളിൽ വലിയ അകൽച്ച സൃഷ്ടിക്കുകയും അത് കുട്ടികളുടെ മൂല്യച്യുതിയ്ക്കും അതുവഴി അവരുടെ സ്വഭാവരൂപീകരണത്തെവരെ പ്രതികൂലമായി ബാധിക്കുന്നു. കുട്ടികൾക്ക് അധ്യാപകരെ ഭയമില്ലാതാവുകയും ഒരുവിധത്തിലും തങ്ങളുടെ ജീവിതത്തിൽ ഇടപെടേണ്ടവരല്ല അധ്യാപകർ എന്ന വികലമായ ചിന്തകൾക്ക് അവർ വശംവദരാവുകയും ചെയ്യുന്നു.

കുട്ടിക്കാലം മുതൽ നാം കണ്ടുവളരുന്നത് ഗുണ്ടാസംഘങ്ങളുടെ ഹീറോയിസം പ്രദർശിപ്പിക്കുന്നതരത്തിലുള്ള സിനിമകളാണ്. സമൂഹത്തിന്റെ മര്യാദകളോ അച്ചടക്കമോ ഒക്കെ കാലഹരണപ്പെട്ട ബിംബങ്ങളായാണ് പുതിയതലമുറ കാണുന്നത്. അങ്ങനെവളരുന്ന കുട്ടികൾക്ക് അസഹിഷ്ണുത അപകടകരമാം വിധം കൂടുതൽ ആയിരിക്കും. അവർക്ക് കാര്യങ്ങളെ വിശകലനം ചെയ്യുവാനോ അതിലെ തെറ്റും ശരിയും വേർതിരിച്ചു മനസിലാക്കുവാനോ കഴിവില്ലാതെവരുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളിലാണ് പ്രണയം നിഷേധിക്കുന്ന പെൺകുട്ടികളെ വകവരുത്തുവാനും ഏതെങ്കിലുമൊരുവിധത്തിൽ പ്രകോപിപ്പിക്കുന്നവരെ കൊന്നൊടുക്കുവാനും ഈ കുട്ടികൾ ധൈര്യപ്പെടുന്നത്. ഇടുക്കിയിൽ നടന്ന സംഭവം ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. കുട്ടികളുടെ മനോനിലയിലുണ്ടായ മാറ്റങ്ങൾ ഇത്തരത്തിലുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാൻ കാരണമായേക്കാമെന്ന വസ്തുത മനസിലാക്കിക്കൊണ്ടുവേണം നമ്മുടെ യുവതയെ കൈകാര്യം ചെയ്യുവാൻ.
കലാലയജീവിതം ഒരാളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാലഘട്ടമായി വിലയിരുത്തേണ്ടിവരും. ഒരു വിദ്യാർഥിയുടെ ഭാവി പരുവപ്പെടുത്തുന്നതിൽ ആ ചെറിയ കാലഘട്ടത്തിന് വലിയ പങ്കുണ്ട്. അത് ഏതുതരത്തിൽ ചെലവഴിക്കണമെന്ന എല്ലാ സ്വാതന്ത്ര്യവും വിദ്യാർഥികൾക്കുണ്ട്. അതിനുവേണ്ടി അവരെ സഹായിക്കാൻ അധ്യാപകർക്ക് ഉത്തരവാദിത്വമുണ്ട്. അതിനൊക്കെപ്പുറമെ കലാലയങ്ങളിൽ സമാധാനപരവും സൗഹൃദപരവുമായ ഒരു അന്തരീക്ഷം നിലനിർത്താൻ രാഷ്ട്രീയത്തേയും സൗഹൃദത്തേയും അവയുടെ വ്യത്യസ്തമായ തലങ്ങളിൽ നാം മനസ്സിലാക്കേണ്ടതുണ്ട്. ഇനിയും നമുക്കതിനുകഴിഞ്ഞില്ലെങ്കിൽ സർഗാത്മകതയുടെയും രാഷ്ട്രീയസംവാദങ്ങളുടെയും ഒക്കെ വിളനിലമായിരുന്ന കലാലയങ്ങൾ ചുടുചോരവീണ് കളങ്കപ്പെടുന്ന ഇടമായി മാറാൻ അധികസമയം വേണ്ടിവരില്ല എന്ന സൂചനയാണ് ഇടുക്കി എൻജിനീയറിങ് കോളജ് സംഭവം നൽകുന്നത്.

(കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.