
റിയാദ്: ഇറാനുമായുള്ള നയതന്ത്ര പ്രശ്നം പരിഹരിക്കുന്നതിന് ഒരു തലത്തിലുള്ള മധ്യസ്ഥ ശ്രമത്തിനും സഊദി അറേബ്യ ശ്രമിച്ചിട്ടില്ലെന്നു സഊദി അധികൃതര്‍ വ്യക്തമാക്കി. ഇറാനുമായി ബന്ധം ശക്തിപ്പെടുത്താന്‍ സഊദി ശ്രമം ആരംഭിച്ചെന്ന വാര്‍ത്തകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്.
ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. മേഖലയിലും ലോകത്തിലും ഭീകരതയും തീവ്രവാദവും പ്രചരിപ്പിക്കുകയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര അക്കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന ഇറാനുമായി യാതൊരു അടുപ്പവും അംഗീകരിക്കില്ലെന്ന നിലപാടാണ് സഊദി മുറുകെ പിടിക്കുന്നത്. ഏറെ കാലത്തെ തങ്ങളുടെ അനുഭവം വ്യക്തമാക്കുന്നത് ഇറാന് സൗഹൃദ ബന്ധം ആഗ്രഹിക്കുന്നില്ലെന്നാണെന്നും അധികൃതര്‍ വ്യ്കതമാക്കി.
നിലവില്‍ ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് സാധിക്കില്ലെന്ന അഭിപ്രായമാണ് സഊദിക്കുള്ളത്. കള്ളം പ്രചരിപ്പിക്കുന്നത് ഇറാന് തുടരുകയാണ്. ലോക സമാധാനത്തിനും സുരക്ഷക്കും ഇറാന് ഭീഷണിയാണ്. ശത്രുതാപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇറാന് ഭരണകൂടത്തെ തടയുന്നതിനും അന്താരാഷ്ത്ര നിയമങ്ങളും യു എന്‍ തീരുമാനങ്ങളും നയതന്ത്ര മര്യാദകളും പാലിക്കുന്നതിന് നിര്‍ബന്ധിക്കുന്നതിനും ലോകം മുഴുവന്‍ പരിശ്രമിക്കണമെന്നും സഊദി അറേബ്യ ആവശ്യപ്പെട്ടു.