2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉയിഗൂര്‍ വനിതകള്‍ പ്രസവയന്ത്രങ്ങളെന്ന് ചൈന; പോസ്റ്റ് നീക്കംചെയ്ത് ട്വിറ്റര്‍

ന്യൂയോര്‍ക്ക്: ഉയിഗൂര്‍ മുസ്‌ലിം സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളാണെന്ന് ആക്ഷേപിച്ച് ചൈന. ശനിയാഴ്ച രാവിലെയാണ് വാഷിങ്ടണിലെ ചൈനീസ് എംബസി ഉയിഗൂര്‍ സ്ത്രീകളെ മോശമാക്കിയുള്ള പരാമര്‍ശം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് മാനവികതയ്‌ക്കെതിരായ പരാമര്‍ശമാണെന്ന് പറഞ്ഞ് ട്വിറ്റര്‍ പോസ്റ്റ് നീക്കംചെ്തു.
ചൈന വ്യാഴാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് സിന്‍ജിയാങ്ങിലെ ഉയിഗൂര്‍ സ്ത്രീകളുടെ മനസ് മോചിപ്പിക്കപ്പെട്ടുവെന്നും അവരിനി ‘കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രങ്ങള്‍’ അല്ലെന്നും പറഞ്ഞത്.

‘ഒരുകൂട്ടം ആളുകളുടെ മതം, വംശം, വംശീയത എന്നിവ അടിസ്ഥാനമാക്കി മനുഷ്യത്വരഹിതമായ പരാമര്‍ശം നടത്തുന്നത് ഞങ്ങള്‍ നിരോധിച്ചിരിക്കുന്നു’- ട്വിറ്റര്‍ വക്താവ് ആര്‍സ് പറഞ്ഞു.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇംഗ്ലീഷ് ദിനപത്രമായ ചൈന ഡെയ്‌ലി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളെന്നാണ് ഉയിഗൂര്‍ മുസ്‌ലിം സ്ത്രീകളെ പരാമര്‍ശിച്ചത്. ഈ ഭാഗം ഷെയര്‍ ചെയ്യുകയായിരുന്നു വാഷിങ്ടണിലെ ചൈനീസ് എംബസി. അതേസമയം ആരോപണം ചൈന നിഷേധിച്ചു.

ഉയിഗൂര്‍ ജനനനിരക്കില്‍ 0.6 ശതമാനം
ഇടിവ്; ഹാന്‍ വംശജരുടേത്
ഏഴു ശതമാനം വര്‍ധിച്ചു

   

ബെയ്ജിങ്: സിന്‍ജിയാങ്ങിലെ ഉയിഗൂര്‍ മുസ്‌ലിം ജനനനിരക്ക് 2017ല്‍ 1.6 ശതമാനമായിരുന്നത് 2018ല്‍ ഒരു ശതമാനമായാണ് കുറഞ്ഞത്. 2010ല്‍ 1.02 കോടിയായിരുന്നത് 2018ല്‍ 1.27 കോടിയായി. അതേസമയം ഇതേ കാലയളവില്‍ രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ ഹാന്‍ വംശജരുടെ ജനനനിരക്ക് രണ്ട് ശതമാനത്തില്‍ നിന്ന് ഒന്‍പതു ശതമാനമായി വര്‍ധിച്ചു.
മതതീവ്രവാദം ഇല്ലാതാക്കിയതിന്റെ ഫലമായാണ് 2018ല്‍ സിന്‍ജിയാങ്ങില്‍ ഉയിഗൂര്‍ ജനസംഖ്യ കുറയാനിടയായതെന്ന് ചൈന ഡെയ്‌ലി റിപ്പോര്‍ട്ടില്‍ പറയുന്നു.

സിന്‍ജിയാങ് വികസന ഗവേഷണ കേന്ദ്രമാണ് അവിടുത്തെ ജനസംഖ്യാ കണക്ക് പ്രസിദ്ധീകരിച്ചത്. ഇത് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വാദിക്കുന്നപോലെ ഉയിഗൂറുകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയതുകൊണ്ട് ഉണ്ടായതല്ലെന്നും പത്രം പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.