2021 March 08 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രണ്ടരയേക്കര്‍ വിശാലമായ ദാരിദ്ര്യം; അഥവാ സവര്‍ണ സംവരണം

നിസാര്‍ മൈതീന്‍

ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഒരോ ദിവസവും സാമൂഹ്യ നീതി നടപ്പായിട്ടില്ലെന്ന് മാത്രമല്ല, അനീതി അതിശക്തമായി തുടരുന്നുവെന്ന് കൂടി ഓര്‍മിപ്പിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. സെക്രട്ടേറിയറ്റില്‍ പോലും കീഴ്ജാതിക്കാരന്റെ കസേരകളില്‍ ചാണക ശുചീകരണങ്ങള്‍ക്ക് മാറ്റംവന്നിട്ടില്ലാത്ത കാലത്താണ് നമ്മുടെ രാഷ്ട്രീയനേതാക്കളില്‍ ബഹുഭൂരിഭാഗവും ഒരേ സ്വരത്തില്‍ സാമ്പത്തിക സംവരണത്തെക്കുറിച്ച് വാചാലരാകുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷമായിട്ടും തീര്‍ത്തും സന്തുലിതമല്ലാത്ത ഒരു സമൂഹത്തിലേക്കാണ് ചില വിഭാഗങ്ങളെ വീണ്ടും അരക്ഷിതരും അധഃകൃതരുമായി തുടരാന്‍ നിര്‍ബന്ധിക്കുന്ന തരത്തില്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ മുഖ്യധാരയിലുള്ള ഒട്ടുമിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും ഇതിനെ സമ്പൂര്‍ണമായി അനുകൂലിക്കുന്നിടത്താണ് സവര്‍ണതയുടെ കെട്ടുപാടുകള്‍ വെളിവാകുന്നത്.

കേരളത്തിലാകെ 112 പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളാണുള്ളത്. ഇവരില്‍ മുസ്‌ലിംകള്‍ ഇല്ലതന്നെ. 81 പിന്നോക്ക വിഭാഗങ്ങളില്‍ ഏഴെണ്ണമൊഴികെ ബാക്കിയെല്ലാം ഹിന്ദു വിഭാഗങ്ങളാണ്. ഇവരെല്ലാവരും സവര്‍ണ സാമ്പത്തിക സംവരണത്തെ ശക്തിയുക്തം എതിര്‍ക്കുന്നിടത്താണ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് അതിഹൈന്ദവ ചുവയുള്ള ശബ്ദങ്ങള്‍ ഉയരുന്നത്. യാഥാര്‍ഥ്യങ്ങളില്‍നിന്നും കണക്കുകളില്‍നിന്നും ഒളിച്ചോടുന്നതിന് ഹിന്ദുത്വം കണ്ടെത്തിയിട്ടുള്ള വര്‍ഗീയ കാര്‍ഡ് തന്നെയാണ് ഈ വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ എടുത്തു പ്രയോഗിക്കുന്നത്.

സവര്‍ണ സാമ്പത്തിക സംവരണം എത്രത്തോളം സാമൂഹ്യവിരുദ്ധവും പിന്നോക്ക വിഭാഗത്തിനെ കൂടുതല്‍ ബാധിക്കുന്നതുമാണെന്ന് പരിശോധിക്കാം. 2019 ജനുവരിയിലാണ് ഭരണഘടനയുടെ 15,16 വകുപ്പുകള്‍ ഭേദഗതി വരുത്തിക്കൊണ്ട് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ജനറല്‍ കാറ്റഗറിയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനത്തില്‍ കൂടാത്ത സംവരണം എന്നതായിരുന്നു ഭേദഗതിയുടെ ലക്ഷ്യം. ഭരണഘടനാ ഭേദഗതി വന്ന് കൃത്യം ഒരു വര്‍ഷം കാത്തിരുന്ന് 2020 ജനുവരിയിലാണ് കേരളം മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നത്. ഇതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ജസ്റ്റിസ് കെ. ശശിധരന്‍ നായര്‍ കമ്മിഷനെ നിയമിക്കുകയും ചെയ്തു. കമ്മിഷന്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ചെറിയ ഭേദഗതികളോടെ അംഗീകരിച്ചു. തുടര്‍ന്ന് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളും വ്യവസ്ഥകളും പരിശോധിച്ചാല്‍ അത് സാമൂഹികമായി പിന്നോക്ക ജനവിഭാഗത്തിലെ വരും തലമുറകളെ എങ്ങനെ ബാധിക്കും എന്ന് വ്യക്തമാകും. സവര്‍ണ സാമ്പത്തിക സംവരണത്തിനുള്ള ചില വ്യവസ്ഥകളാണ് ഇനി താഴെ പറയുന്നത്. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം നാല് ലക്ഷത്തില്‍ താഴെയാകണം. എന്നാല്‍, സാമൂഹിക സുരക്ഷാ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, ഉത്സവ ബത്ത, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, യാത്രാ ബത്ത എന്നിവയൊന്നും വരുമാന പരിധിയില്‍പ്പെടില്ല. അപേക്ഷകന്റെ കുടുംബ ഭൂസ്വത്ത് ഗ്രാമപഞ്ചായത്തില്‍ രണ്ടരയേക്കര്‍, മുനിസിപ്പാലിറ്റികളില്‍ 75 സെന്റ്, കോര്‍പറഷേന്‍ പരിധിയില്‍ 50 സെന്റ് എന്നിവയില്‍ കൂടാന്‍ പാടില്ല. വീടും സ്ഥലവുമാണെങ്കില്‍ 20 സെന്റ് ഭൂമിയും വീടും ഉള്ളവര്‍ക്ക് വരെ സംവരണം ലഭിക്കും. വീടിന്റെ വിസ്തീര്‍ണത്തിന് പരിധിയില്ല. സാമ്പത്തിക വിവരങ്ങള്‍ സത്യവാങ്മൂലമായാണ് നല്‍കേണ്ടത്. ഇങ്ങനെ പോകുന്നു നിബന്ധനകള്‍!. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, എറണാകുളം തുടങ്ങിയ വന്‍ നഗരങ്ങളില്‍ 50 സെന്റ് ഭൂമിയുള്ളവരുടെ ദാരിദ്ര്യം ഒന്നോര്‍ത്തുനോക്കൂ. പ്രതിമാസം 33,333 രൂപ വരുമാനമുള്ള ദാരിദ്ര്യം!. ഈ രണ്ടരയേക്കര്‍ വിശാലമായ ദാരിദ്ര്യത്തെ സംബന്ധിച്ച് ജസ്റ്റിസ് ശശിധരന്‍ നായര്‍ കമ്മിഷന്‍ വാചാലമായത് അപ്പടി വിഴുങ്ങിയിരിക്കുകയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍.

കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വ സര്‍ക്കാരിനെപ്പോലും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടത്തിവെട്ടിയിരിക്കുന്നു. നഗരസഭ പരിധിയില്‍ രണ്ട് സെന്റ് സ്ഥലവും വീടുമാണ് സംവരണത്തിനുള്ള കേന്ദ്ര മാനദണ്ഡം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പല മാനദണ്ഡങ്ങളിലും വെള്ളം ചേര്‍ത്താണ് കേരളം മുന്നോക്ക സാമ്പത്തിക സംവരണം നടപ്പിലാക്കിയിരിക്കുന്നത്. 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ വലിച്ചു താഴെയിട്ട വിമോചന സമരത്തിന് നേതൃത്വം കൊടുത്ത നായര്‍ സമുദായത്തിനും കത്തോലിക്കര്‍ക്കുമായി പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ഇത്രയുമെങ്കിലും ചെയ്യേണ്ടതില്ലേ. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കാലത്ത് ഇടതടവില്ലാതെ തിരുത്തല്‍ ശക്തിയായി നിലകൊണ്ട പാര്‍ട്ടിയെ പിണറായി ഭരണകാലത്ത് കാണുന്നില്ല എന്നതും അതിശയകരമാണ്. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ കൂടുതല്‍ പിന്നാമ്പുറങ്ങളിലേക്ക് തള്ളിവിടാന്‍ ഇതില്‍പരം മറ്റെന്തുവേണം. ഇനി അഥവാ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയാണെന്ന് തന്നെ വെക്കുക; അങ്ങനെയെങ്കില്‍ പോലും ഇത് ജനറല്‍ കാറ്റഗറിയിലെ പരമദരിദ്രരോട് ചെയ്യുന്ന അനീതിയാണ്. ഹൈസ്‌കൂള്‍ അധ്യാപകന്റെ മാസവരുമാനമുള്ള, കോടികള്‍ വിലവരുന്ന ഭൂമിയുള്ള തങ്ങളുടെ കൂട്ടത്തിലെ ‘പരമ ദരിദ്രരെ’ അവരെങ്കിലും അറിഞ്ഞിരിക്കണം. എയ്ഡഡ് മേഖലയില്‍ പട്ടികജാതി, വര്‍ഗ സംവരണം നടപ്പിലാക്കാത്തതുമൂലം 20,000 അധ്യാപക പോസ്റ്റുകള്‍ നഷ്ടപ്പെട്ടതോ ആദിവാസികളുടെ ഭൂമി തിരിച്ചുകൊടുക്കാത്തതോ ദലിത് ജനസംഖ്യയുടെ 50 ശതമാനം വീടോ ഭൂമിയോ ഇല്ലാതെ ജീവിക്കുന്ന കാലത്താണ് മുന്നോക്കക്കാരന്റെ രണ്ടരയേക്കര്‍ ‘ദാരിദ്ര്യം’ സര്‍ക്കാരിനും രാഷ്ട്രീയക്കാര്‍ക്കും സുപ്രധാന വിഷയമായി മാറുന്നത്. ഈ നെറികെട്ട സവര്‍ണ സംവരണരത്തിനെതിരേ പൊതുസമൂഹവും പിന്നോക്ക ജനതയും ഒരുമിച്ച് രംഗത്തിറങ്ങിയില്ലെങ്കില്‍ 1891ലെ മലയാളി മെമ്മോറിയലുകള്‍ ഇനിയും ഒരുപാട് ആവര്‍ത്തിക്കുന്നത് കാണേണ്ടി വരും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News