ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
ഹൃദയംതുടിക്കുന്ന നോമ്പോര്‍മകള്‍
ജമാല്‍ കൊച്ചങ്ങാടി
TAGS
മാസം കണ്ടേ… മാസം കണ്ടേ… നാളെ, നാളെ റമദാനാണേ… നോമ്പിന് മാസം കണ്ടാല്‍ കുട്ടികള്‍ക്ക് ആവേശമായിരിക്കും. കൊച്ചങ്ങാടിയിലെ ഞങ്ങളുടെ വീടിനടുത്തുള്ള ചന്ദനപ്പള്ളിയില്‍നിന്ന് ആര്‍ത്തുവിളിച്ച് പാട്ടുപാടി കുട്ടികള്‍ ഇറങ്ങും. ഇങ്ങനെ കുട്ടികള്‍ വീട്ടിലെത്തുമ്പോഴായിരിക്കും മാസംകണ്ട വിവരം ആളുകള്‍ അറിയുക.ചെറുപ്പത്തില്‍ ആറോ ഏഴോ വയസ്സുള്ളപ്പോള്‍ നോമ്പ് പിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്നും അത് കൈവിട്ടിട്ടില്ല. ആദ്യ നോമ്പ് പിടിച്ചപ്പോ ഉച്ചയായപ്പോഴേക്കും ഞാന്‍ തളര്‍ന്നു. അന്ന് വീട്ടില്‍ എനിക്ക് ഗുരുതുല്യനായ മുഹമ്മദ്ക്ക ഉണ്ടായിരുന്നു. നല്ല കലാകാരനായിരുന്ന സി.ഇ മുഹമ്മദ്. നോമ്പുനോറ്റു ക്ഷീണിച്ചുതളര്‍ന്ന എന്നെയുമെടുത്ത് അദ്ദേഹം ബീച്ചില്‍ കൊണ്ടുപോയത് ഇന്നും മറന്നിട്ടില്ല. നോമ്പനുഭവങ്ങളില്‍ പ്രധാനം അതിന്റെ വിഭവപ്പെരുമയാണ്. നോമ്പുതുറയ്ക്ക് ഈത്തപ്പഴവും മറ്റ് പഴങ്ങളും പരിപ്പുവട, വെള്ളപ്പം തുടങ്ങിയ വിഭവങ്ങളുമുണ്ടാവുമായിരുന്നു. പിന്നീട് ഇശാഅ് ഒക്കെ ആവുമ്പോ നേരിയ പത്തിരിയും മാസ് മീന്‍, മുരിങ്ങ ഇല ഒക്കെ ഇട്ട് കറിവച്ചതുമൊക്കെയായിരിക്കും ഭക്ഷണം. പത്തിരി തേങ്ങാപ്പാലില്‍ മുക്കിയാണ് കഴിക്കുക. ഇതൊക്കെ തന്നെയായിരിക്കും അത്താഴത്തിനും.
കൊച്ചിയിലായിരുന്നപ്പോള്‍ കോഴി അടയായിരുന്നു എനിക്ക് ഇഷ്ടം. കോഴി അല്ല, ബീഫൊക്കെയായിരിക്കും അതിനുള്ളില്‍ ഉണ്ടാവുക. കോഴിക്കോട്ട് രുചികരമായ വിഭവങ്ങള്‍ ധാരാളമുണ്ട്്. ഭാര്യയുടെ ഉമ്മ തലശ്ശേരിക്കാരിയായിരുന്നു. അത് കൊണ്ടു തന്നെ വിവാഹ ശേഷമമുള്ള നോമ്പുതുറകളില്‍ തലശ്ശേരി വിഭവങ്ങള്‍ ഉണ്ടാവുമായിരുന്നു. നൈസ് പത്തിരി, കണ്ണുവച്ച പത്തിരി, ചിക്കന്‍ കറി ഒക്കെ. ഓരോ വിഭവങ്ങള്‍ മാറിമാറി പരീക്ഷിക്കും. ഇന്ന് മക്കള്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തും. മെക്‌സിക്കന്‍, ഇറാനി, ടര്‍ക്കിഷ് ഭക്ഷണങ്ങള്‍ ഉണ്ടാക്കിത്തരും . ഭക്ഷണം ഇന്ന് ആഗോള സംസ്‌കൃതിയാണല്ലോ. അതില്‍ ചിലതെല്ലാം ഇഷ്ടമാണ്. എന്നാല്‍ ഇപ്പോള്‍ ഒരു ഗ്ലാസ് തരിക്കഞ്ഞിയോ ജീരകക്കഞ്ഞിയോ കുടിച്ചാണ് നോമ്പ് പിടിക്കുന്നത്. നോമ്പിന്റെ ചൈതന്യത്തെക്കുറിച്ച് നിരവധി എഴുതിയിട്ടുണ്ട്്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മുട്ടിവിളിച്ചിരുന്ന അറബന മുട്ടുകാരെക്കുറിച്ച് കവിത എഴുതിയിരുന്നു. സൂക്ഷ്മത അഥവാ തഖ്‌വയാണ് നോമ്പിന് പ്രധാനം. ഇന്ന് കൊവിഡ് കാലത്ത് തറാവീഹിന് അടക്കം പുറത്തിറങ്ങാന്‍ കഴിയാത്തത് വിഷമകരമാണ്. പക്ഷേ നമ്മള്‍ അത് പാലിച്ചേ പറ്റൂ. കൊവിഡ് കാലത്ത് നമ്മുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്ക് നാം ജാഗ്രത പാലിക്കണം. അതും തഖ്‌വയാണ് ‘
75 കഴിഞ്ഞ ഞാന്‍ ഈ കൊവിഡ് കാലത്ത് വീട്ടില്‍ തന്നെയാണ്. തറാവീഹിനൊന്നും പള്ളിയില്‍ പോവാറില്ല. എട്ട് വയസ്സുള്ള പേരക്കുട്ടി ഹുസൈറാണ് ഇന്ന് എന്റെ ഇമാം. തറാവീഹിനും ഇശാക്കും ഒക്കെ അവനാണ് എന്റെ നേതാവ്. ഈ നോമ്പുകാലം പേരക്കുട്ടികള്‍ക്കൊപ്പം കരുതലിന്റെ പുതിയ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നു
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.