2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അപകടങ്ങള്‍ പതിയിരിക്കുന്ന കരിനിയമം

അഡ്വ. ടി. ആസഫ് അലി

 

2011ലെ കേരള പൊലിസ് ആക്ടില്‍ പുതുതായി 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കി നിയമമായിരിക്കുകയാണ്. പുതിയ വകുപ്പനുസരിച്ച് ആരെയെങ്കിലും ഭീഷണിപ്പെടുത്തുവാനോ അപകീര്‍ത്തിപ്പെടുത്തുവാനോ ഏതെങ്കിലും കുറിപ്പ് പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് അഞ്ചു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്നതാണ്. സമൂഹ മാധ്യമങ്ങളില്‍ കൂടിയുള്ള വിമര്‍ശനങ്ങളും അഭിപ്രായ പ്രകടനങ്ങളും നിയമത്തിന്റെ പരിധിയില്‍പെടുന്ന കുറ്റമാണെന്ന് പൊലിസിന് തോന്നിയാല്‍ സ്വമേധയ കേസെടുക്കാന്‍ അധികാരം നല്‍കുന്ന ഭേദഗതി നിയമം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുള്ളതാണ്. സ്ത്രീകള്‍ക്കെതിരേയുള്ള അപവാദ പ്രചാരണങ്ങള്‍ തടയാന്‍ ലക്ഷ്യംവച്ചുള്ളതാണെന്ന വാദം പൊള്ളയാണ്. ഇത് തടയാന്‍ മതിയായ നിയമങ്ങള്‍ ഇന്ത്യന്‍ പീനല്‍കോഡിലും കേരള പൊലിസിലുമുണ്ട് എന്ന യാഥാര്‍ഥ്യം മറച്ചുപിടിച്ചുകൊണ്ട് ഏറ്റവും ജനവിരുദ്ധമായൊരു നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ തയാറായതിന്റെ ലക്ഷ്യം അസഹിഷ്ണുത മാത്രമാണ്.

വ്യക്തിഹത്യ, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയെ ഫലപ്രദമായി തടയാന്‍ ഇന്ത്യന്‍ പീനല്‍കോഡിലും കേരള പൊലിസ് ആക്ടിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലും ധാരാളം വ്യവസ്ഥകളുണ്ടായിരിക്കെ ധൃതിപ്പെട്ട് ഓര്‍ഡിനന്‍സ് വഴി തങ്ങളുടെ വിമര്‍ശകരെ നിശബ്ദരാക്കാനുള്ള കരിനിയമമാണ് നിര്‍ദിഷ്ട ഭേദഗതി നിയമമെന്നതാണ് പൊതുവായ ആക്ഷേപം. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ഏതെങ്കിലും വ്യക്തിയിടുന്ന പോസ്റ്റ് മറ്റേതെങ്കിലും വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പൊലിസിന് തോന്നിയാല്‍ പോസ്റ്റിട്ട വ്യക്തിക്കെതിരേ യാതൊരു പരാതിയും ലഭിച്ചില്ലെങ്കില്‍പോലും സ്വേമധയ കേസ് രജിസ്റ്റര്‍ ചെയ്യാനും അപരാധിയെ അറസ്റ്റ് ചെയ്യാനും ജയിലിലടക്കാനും യഥേഷ്ടം സാധിക്കും. ഒരു മഹാമാരിയുടെ ഭീതിയുടെ നിഴലില്‍ കഴിയുന്ന ജനങ്ങള്‍ക്കെതിരേ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ശക്തമായ പ്രഹരമായേ നിര്‍ദിഷ്ട നിയമ ഭേദഗതിയെ കാണാന്‍ സാധിക്കുകയുള്ളൂ.

നിലവിലുള്ള നിയമമനുസരിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതിപ്പെടേണ്ടത് അപകീര്‍ത്തിയുണ്ടായ വ്യക്തിയാണ്, പൊലിസല്ല. ക്രിമിനല്‍ നടപടി നിയമ സംഹിതയനുസരിച്ച് അപകീര്‍ത്തി കേസില്‍ പൊലിസിന് നേരിട്ട് കേസെടുക്കാന്‍ പാടില്ല. ആ വ്യക്തി നേരിട്ട് കോടതിയില്‍ അന്യായം ബോധിപ്പിച്ചാല്‍ മാത്രമേ പ്രതിക്കെതിരേ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, നിയമപരമായ വൈകല്യമുള്ള, 18 വയസിന് താഴെ പ്രായമുള്ള മൈനര്‍മാര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും വേണ്ടി അപകീര്‍ത്തി കേസുകള്‍ ബോധിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും അവകാശം നല്‍കിക്കൊണ്ട് ക്രിമിനല്‍ നിയമസംഹിതയില്‍ പ്രത്യേകം വ്യവസ്ഥയുണ്ട്.

മുഖ്യമന്ത്രി, മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുവേണ്ടി അപകീര്‍ത്തി കേസുകളില്‍ നിയമ നടപടി സ്വീകരിക്കാന്‍ നിലവിലുള്ള നിയമവ്യവസ്ഥകള്‍ ദുഷ്‌കരവും അപര്യപ്തതയുമായതാണ് നിര്‍ദിഷ്ട ഭേദഗതിക്ക് കാരണമെന്ന സര്‍ക്കാര്‍ ഭാഷ്യവും ശരിയല്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍, സര്‍ക്കാര്‍ സര്‍വിസിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അതിരുകടന്നതും ദുരുദ്ദേശമുള്ളതുമായ അപകീര്‍ത്തി കുറ്റങ്ങള്‍ക്ക് കുറ്റാരോപിതര്‍ക്കെതിരേ ക്രിമിനല്‍ പ്രോസിക്യൂഷന്‍ ആരംഭിക്കാന്‍ മേല്‍ വിവരിച്ച ഗണത്തിലുള്ളവര്‍ നേരിട്ട് കോടതിയില്‍ ഹാജരായി കേസ് കൊടുക്കേണ്ട ആവശ്യമില്ല. അത്തരം ഉന്നത ശ്രേണിയില്‍പ്പെട്ട വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന പ്രത്യേക ഉത്തരവിന്റെയടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പരാതിക്കാര്‍ക്കുവേണ്ടി സെഷന്‍സ് കോടതിയില്‍ ക്രിമിനല്‍ നടപടി നിയമ സംഹിത 199(4) വകുപ്പനുസരിച്ച് അന്യായം ബോധിപ്പിക്കാവുന്നതാണ്.

സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കെ.പി.സി.സി പ്രസിഡന്റ് അപകീര്‍ത്തിപ്പെടുത്തിയെന്നാരോപണത്തില്‍ മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പിന്നീട് യാതൊരു നിയമ നടപടിയും സ്വീകരിച്ചിരുന്നില്ല.

നിലവിലുള്ള നിയമമനുസരിച്ച് അപകീര്‍ത്തി കുറ്റമാരോപിച്ച് കോടതികളില്‍ ബോധിപ്പിക്കുന്ന പരാതികളില്‍ കോടതി വാറന്റ് പുറപ്പെടുവിച്ചാല്‍ പോലും ഇന്ത്യന്‍ പീനല്‍കോഡിലെ 499, 500 വകുപ്പുകള്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളായതിനാലും പരാതിക്കാരനുമായി മധ്യസ്ഥമായാല്‍ കോടതിയില്‍ നിന്നു വിചാരണ കൂടാതെ കേസവസാനിപ്പിക്കാന്‍ സാധിക്കും. നിര്‍ദിഷ്ട ഭേദഗതി നിയമമനുസിച്ചുള്ള കുറ്റം അഞ്ചു വര്‍ഷം വരെ ശിക്ഷ വിധിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാകയാല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് ജാമ്യമനുവദിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ നിര്‍ദിഷ്ട നിയമമനുസരിച്ച് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ സെഷന്‍സ് കോടതികള്‍ക്കോ ഹൈക്കോടതിക്കോ മാത്രമേ ജാമ്യമനുവദിക്കാന്‍ അധികാരമുള്ളൂ. അതിനാല്‍ പ്രതിയാക്കപ്പെടുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ജയിലിലകപ്പെടുമെന്നതുറപ്പാണ്.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിതാ പത്രപ്രവര്‍ത്തക പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ കൊല്‍ക്കത്ത ബാളിഗേഞ്ച് പൊലിസ് വനിതാ പത്ര പ്രവര്‍ത്തകയോട് ഹാജരാവാനായി സമന്‍സയച്ച നടപടിയെ സുപ്രിംകോടതി കഴിഞ്ഞ മാസം അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കൊല്‍ക്കത്തയിലെ രാജ്ബസാര്‍ പ്രദേശത്ത് കൊവിഡ് 19 ലോക്ക്ഡൗണ്‍ നടപടികള്‍ നടപ്പിലാക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മമതാ ബാനര്‍ജിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതിനെതിരായിരുന്നു കേസ്. കേസ് റദ്ദാക്കാന്‍ വനിതാ മാധ്യമപ്രവര്‍ത്തക കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും പൊലിസ് മുന്‍പാകെ ഹാജരാകാനുള്ള ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെതിരേയായിരുന്നു പത്രപ്രവര്‍ത്തക സുപ്രിംകോടതിയെ സമീപിച്ചത്. പ്രതിയെ വിഡിയോ കോണ്‍ഫറന്‍സിലൂടെയോ ഇമെയില്‍ വഴിയോ ചോദ്യം ചെയ്യാമെന്നും ആവശ്യമെങ്കില്‍ പൊലിസ് ഡല്‍ഹിയില്‍ വന്ന് ചോദ്യം ചെയ്യാമെന്നും സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കുകയുണ്ടായി.

കോളണിവാഴ്ച കൊടികുത്തി വാണിരുന്ന കാലത്ത് ഒന്നാം നിയമ കമ്മിഷന്‍ 1860ല്‍ രൂപപ്പെടുത്തി ബ്രിട്ടിഷ് ഭരണാധികാരികള്‍ പാസാക്കി നടപ്പിലാക്കിയ ഇന്ത്യന്‍ പീനല്‍കോഡിലെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേയുള്ള 499, 500 വകുപ്പുകളനുസരിച്ചുപോലും സദുദ്ദേശത്തോടുകൂടിയുള്ള അഭിപ്രായ പ്രകടനങ്ങള്‍ കുറ്റകരമല്ല. മാത്രമല്ല, സത്യസന്ധമായ സംഗതിയെക്കുറിച്ചുള്ള ദോഷാരോപണം, സര്‍ക്കാരുദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൊതുസേവകരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിലെ പോരായ്മകളെക്കുറിച്ചുള്ള സദുദ്ദേശ അഭിപ്രായ പ്രകടനങ്ങള്‍, ഏതെങ്കിലും പൊതുപ്രശ്‌നത്തെ സ്പര്‍ശിച്ചുള്ള ഏതെങ്കിലും വ്യക്തിയുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ഉത്തമ വിശ്വാസപൂര്‍വം നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍, കോടതി നടപടികളുടെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തല്‍, നീതിന്യായ കോടതികള്‍ തീര്‍പ്പുകല്‍പിച്ച സിവിലോ ക്രിമിനലോ ആയ കേസിലെ കക്ഷിയോ സാക്ഷിയോ ആയ ആളുടെ പെരുമാറ്റത്തില്‍ ഉത്തമ വിശ്വാസത്തോടുകൂടിയ അഭിപ്രായ പ്രകടനം, പൊതുജനസമക്ഷം ജനവിധിക്കായി സമര്‍പ്പിക്കപ്പെട്ട പ്രകടനത്തിന്റെ ഗുണാഗുണങ്ങളെക്കുറിച്ചുള്ള സദുദ്ദേശത്തോടുകൂടിയുള്ള അഭിപ്രായ പ്രകടനം, ഏതെങ്കിലും വ്യക്തിക്കെതിരേ നിയമാനുസൃതം നല്‍കപ്പെട്ട അധികാര ബലത്തിലുള്ള ശിക്ഷ, ശാസന എന്നിവ സംബന്ധിച്ചുള്ള നടപടികളെക്കുറിച്ചുള്ള കുറ്റാരോപണം, പൊതുജന നന്മക്കായി ഏതെങ്കിലും വ്യക്തിക്കെതിരേ നല്‍കുന്ന മുന്നറിയിപ്പ് എന്നിവ സംബന്ധിച്ച് നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ വാക്കാലോ രേഖാമൂലമോ എഴുതുകയോ പ്രസിദ്ധപ്പെടുത്തുന്നതോ ആയ യാതൊരു നടപടികളും അപകീര്‍ത്തിയുടെ നിര്‍വചനത്തില്‍പെടുന്ന കുറ്റമല്ലെന്ന് പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് കള്ളക്കേസുകള്‍ കെട്ടിച്ചമക്കുന്നതിനെതിരേയുള്ള രക്ഷാ കവചമായിട്ടാണ് ഇന്ത്യന്‍ പീനല്‍കോഡിലെ മേല്‍ സുരക്ഷാ വകുപ്പുകളെ കാണാനൊക്കൂ.

മൗലികാവകാശങ്ങളോ അഭിപ്രായ സ്വാതന്ത്ര്യമോ ഉറപ്പുനല്‍കിയുള്ള ഭരണഘടന പോലും നിലവിലില്ലാത്ത കാലത്ത്, ബ്രിട്ടിഷ് ഭരണാധികാരികള്‍ പാസാക്കി നടപ്പിലാക്കിയ ഇന്ത്യന്‍ പീനല്‍കോഡിലെ അപകീര്‍ത്തി കുറ്റത്തിനായുള്ള പരമാവധി ശിക്ഷ രണ്ടു വര്‍ഷം അല്ലെങ്കില്‍ പിഴശിക്ഷ അല്ലെങ്കില്‍ തടവും പിഴയും മാത്രമായിരുന്നു. മാത്രമല്ല, ഇന്ത്യന്‍ പീനല്‍കോഡിലെ അപകീര്‍ത്തി കുറ്റം ചുമത്തുന്നതിനെതിരേയുള്ള സുരക്ഷാ വ്യവസ്ഥകള്‍ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള രക്ഷാകവചങ്ങളാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ സംസ്ഥാനത്തെ ജനകീയ സര്‍ക്കാര്‍ തങ്ങള്‍ക്കെതിരേയുള്ള വിമര്‍ശനങ്ങളെ എല്ലാ ഭരണഘടനാ തത്വങ്ങളും വിസ്മരിച്ച് ഉരുക്കുമുഷ്ടികൊണ്ട് നേരിടുന്ന നടപടിയാണ് പുതിയ ഭേദഗതി നിയമത്തില്‍ പ്രകടമായിട്ടുള്ളത്. പൊലിസ് സ്വമേധയാ കേസെടുക്കാനുള്ള അധികാരം ഒരിക്കലും സാധാരണ പൗരനെ അപകീര്‍ത്തിപ്പെടുത്തിയുള്ള നടപടിക്കെതിരേയാവില്ല. മറിച്ച് മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥന്മാര്‍, മറ്റു ഭരണതലത്തില്‍ സ്വാധീനമുള്ളവരെ അപകീര്‍ത്തിപ്പെടുത്തിയാല്‍ മാത്രമേ നടപടിയുണ്ടാവുകയുള്ളൂ. മന്ത്രി ജലീലിനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വ്യക്തിയെ യു.എ.ഇ കോണ്‍സുലേറ്റിലെ സ്വാധീനം ഉപയോഗപ്പെടുത്തി ജോലി പോലും നഷ്ടപ്പെടുത്തി നാട്ടിലേക്ക് തിരിച്ചയപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വാര്‍ത്ത. പുതിയ ഭേദഗതി നിയമത്തിന്റെ ബലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ മന്ത്രിമാര്‍ക്കെതിരേ പോസ്റ്റിടുന്ന എത്രപേരെ ഇനി പൊലിസ് നോട്ടിസയച്ച് നാട്ടിലേക്ക് വിളിച്ചുവരുത്തി ജയിലിലടക്കുമെന്ന ഭീകരചിത്രം നാം കാണാനിരിക്കുന്നേയുള്ളൂ.

കേരളം പാസാക്കി നടപ്പിലാക്കിയ 2011ലെ പൊലിസ് നിയമം ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഏതെങ്കിലും വ്യക്തിക്ക് അലട്ടലുണ്ടാക്കുംവിധം മോശമായ പ്രസ്താവന നടത്തുകയോ, വാക്കാലോ ടെലഫോണ്‍, അച്ചടി, ഇമെയിലില്‍ വഴികളിലൂടെയോ സന്ദേശമയക്കുന്നത് മൂന്നു വര്‍ഷം വരെ തടവുശിക്ഷയോ പതിനായിരം രൂപ വരെ പിഴയോ വിധിക്കാവുന്ന കുറ്റമാക്കിയുള്ള കേരള പൊലിസ് നിയമത്തിലെ 118(ഡി) വകുപ്പും ഐ.ടി ആക്ടിലെ 66 എ വകുപ്പും സുപ്രിംകോടതി ശ്രേയാസിംഗര്‍ കേസില്‍ (2015(5) എസ്.സി.സി1) ഭരണഘടനാ വിരുദ്ധമാണെന്ന കാരണത്താല്‍ റദ്ദ് ചെയ്തിട്ടുണ്ടായിരുന്നു. പ്രസ്തുത കേസില്‍ സുപ്രിംകോടതി ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി വിലയിരുത്തിക്കൊണ്ടാണ് പൊലിസ് ആക്ടിലെ 118(ഡി) വകുപ്പ് ഭരണഘടനാ വിരുദ്ധമാക്കിക്കൊണ്ട് റദ്ദ് ചെയ്തിട്ടുണ്ടായിരുന്നത്. ശ്രേയാസിംഗര്‍ കേസിലെ വിധി ഉരക്കല്ലായി പരിഗണിച്ചാല്‍ നിര്‍ദിഷ്ട ഭേദഗതി നിയമത്തിന് ഭരണഘടനാ കോടതിയുടെ സൂക്ഷ്മ പരിശോധനയെ അതിജീവിക്കാന്‍ സാധിക്കില്ലെന്നുറപ്പാണ്.

(ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമാണു ലേഖകന്‍)

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.