2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മന്ത്രി ജയരാജന്റെ വാദം പൊളിയുന്നു; രതീഷിന് ഇരട്ടി ശമ്പളം നല്‍കാന്‍ അംഗീകാരം നല്‍കിയ കത്ത് പുറത്ത്

   

 

തിരുവനന്തപുരം: ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ രതീഷിന് ഇരട്ടി ശമ്പളം നല്‍കാന്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന മന്ത്രി ഇ.പി ജയരാജന്റെ വാദം പൊളിയുന്നു. ശമ്പള വര്‍ധനവിന് മന്ത്രി അംഗീകാരം നല്‍കിയ രതീഷിന്റെ കത്ത് പുറത്തുവന്നു. രതീഷിന് ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ശോഭനാ ജോര്‍ജ് നല്‍കിയ കത്തും പുറത്തുവന്നു.

കെ.എ രതീഷിന് ഇരട്ടി ശമ്പളം നല്‍കിയെന്നത് മാധ്യമസൃഷ്ടി മാത്രമെന്നായിരുന്നു സര്‍ക്കാരിന്റെയും മന്ത്രി ഇ.പി ജയരാജന്റെയും വാദം. എന്നാല്‍ ശമ്പള വര്‍ധനവിന് മന്ത്രി അംഗീകാരം നല്‍കിയതായി രതീഷിന്റെ കത്ത് പുറത്ത് വന്നതോടെയാണ് മന്ത്രിയുടെ വാദം പൊളിഞ്ഞത്. 80,000 രൂപയായിരുന്നു മുന്‍ സെക്രട്ടറിയുടെ ശമ്പളം. കെ.എ രതീഷ് ആവശ്യപ്പെട്ടത് 1,70,000 രൂപയും. 90,000 രൂപയുടെ ശമ്പള വര്‍ധനവിന് അംഗീകാരം നല്‍കിയ നടപടിയാണ് വിവാദത്തിലാകുന്നത്. കെ എ രതീഷ് ഉള്‍പ്പെട്ട കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ സര്‍ക്കാര്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ശമ്പള വര്‍ധനവും മറനീക്കി പുറത്ത് വരുന്നത്.

അതിനിടെ കെ.എ രതീഷിന് ശമ്പളം വര്‍ധിപ്പിക്കാന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണായ ശോഭന ജോര്‍ജും ശുപാര്‍ശ നല്‍കി. ജൂണ്‍ 26ന് വ്യവസായ വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തിലാണ് രതീഷിന് ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇന്‍കെല്ലിന്റെ ഡയറക്ടറായിരിക്കെ മൂന്നര ലക്ഷം രൂപ ശമ്പളം വാങ്ങിയ ആളാണ് രതീഷ് എന്നും അതിനാല്‍ ഉയര്‍ന്ന ശമ്പളത്തിന് അര്‍ഹതയുണ്ടെന്നുമാണ് ശോഭന ജോര്‍ജ് കത്തില്‍ ചൂണ്ടിക്കാട്ടിയത്. കിന്‍ഫ്ര എം.ഡി.യുടെ അതേ ശമ്പളം ഖാദി ബോര്‍ഡ് സെക്രട്ടറിക്ക് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി ഇ.പി. ജയരാജന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.