2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുറ്റപത്രം സമര്‍പ്പിക്കുമ്പോഴേക്ക് അറസ്റ്റ് വേണ്ട

 

ന്യൂഡല്‍ഹി: കുറ്റകൃത്യ നിയമനടപടികളില്‍ സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി. ഏതെങ്കിലും കേസില്‍ അന്വേഷണ ഏജന്‍സികളോ പൊലിസോ കുറ്റപത്രം സമര്‍പ്പിക്കുമ്പോഴേക്ക് അറസ്റ്റ ്‌ചെയ്യണമെന്നില്ലെന്നും വ്യക്തിസ്വാതന്ത്ര്യമാണ് പരമപ്രധാനമെന്നും കോടതി വ്യക്തമാക്കി.

കുറ്റകൃത്യ നടപടിക്രമങ്ങളിലെ (സി.ആര്‍.പി.സി) 170ാം വകുപ്പിലെ അറസ്റ്റ് നിര്‍ബന്ധ ബാധ്യതയല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ ഖന്നയും ഋഷികേഷ് റോയിയുമടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റെ ഉത്തരവ്. സിദ്ധാര്‍ത്ഥ് എന്ന ഉത്തര്‍പ്രദേശുകാരന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഏഴുവര്‍ഷം മുമ്പുള്ള കേസില്‍ സിദ്ധാര്‍ത്ഥിനെതിരേ യു.പി പൊലിസ് അറസ്റ്റ് മെമ്മോ പുറപ്പെടുവിച്ചിരുന്നു. കീഴ്‌ക്കോടതിയില്‍ നടപടിയെ ചോദ്യംചെയ്‌തെങ്കിലും തള്ളിയതോടെയാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്. കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ കേസില്‍ എന്തിനാണ് അറസ്റ്റെന്ന് കോടതി ചോദിച്ചു. അന്വേഷണവുമായി കുറ്റാരോപിതന്‍ സഹകരിക്കുകയും വിചാരണക്കോടതിയില്‍ സമയത്ത് ഹാജരാകുകയും ചെയ്തുകൊണ്ടിരിക്കെ അറസ്റ്റിന്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല.

   

നമ്മുടെ ഭരണഘടനയിലെ ഏറ്റവും സുപ്രധാന വകുപ്പുകളിലൊന്ന് വ്യക്തിസ്വാതന്ത്ര്യമാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ട സാഹചര്യമുണ്ടാവുമ്പോഴോ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാവുമ്പോഴോ അല്ലെങ്കില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെങ്കിലോ അതുമല്ലെങ്കില്‍ ഒളിവില്‍ പോകാനിടയുണ്ടെങ്കിലോ മാത്രമേ അറസ്റ്റ് ചെയ്യേണ്ടതുള്ളൂ.
ഒരു കേസിലെ അറസ്റ്റ് കുറ്റമാരോപിക്കപ്പെട്ട വ്യക്തിയുടെ പ്രശസ്തിക്കും ആത്മാഭിമാനത്തിനും വലിയതോതില്‍ ദോഷം ചെയ്യും. ആ വ്യക്തി ഒളിച്ചോടില്ലെന്നും അന്വേഷണവുമായി സഹകരിക്കില്ലെന്നും അന്വേഷണോദ്യോഗസ്ഥര്‍ക്ക് തോന്നാത്ത സാഹചര്യങ്ങളിലും എന്തിനാണ് അറസ്റ്റ്? കുറ്റം ചുമത്തല്‍ നടപടികള്‍ക്കായി അറസ്റ്റ് ചെയ്യണമെന്ന നിലപാട് ചിലവിചാരണക്കോടതികള്‍ സ്വീകരിക്കാറുണ്ട്. ഇത് സി.ആര്‍.പി.സി 170ാം വകുപ്പിന്റെ ഉദ്ദേശശുദ്ധിക്ക് ചേര്‍ന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.