2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

“ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേ ദേശീയതലത്തില്‍ ഐക്യം രൂപപ്പെടണം” – മുസ്ലിം ലീഗ്

 

കൊച്ചി: ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി യോഗം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ചര്‍ച്ചകള്‍ക്ക് ജന. സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കി.
ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേ ഒറ്റക്കെട്ടായാണ് ശബ്ദമുയര്‍ത്തേണ്ടതെന്നും എന്‍ഡിഎ വിരുദ്ധ പാര്‍ട്ടികളെ ഉള്‍ക്കൊള്ളിച്ച് ദേശീയതലത്തില്‍ ഐക്യം രൂപപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യം കൂടിയാണെന്നും ദേശീയ സെക്രട്ടറിയും ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവുമായ സിറാജ് ഇബ്രാഹിം സേട്ട് ചര്‍ച്ചയില്‍ പറഞ്ഞു.

എന്‍ഡിഎ അധികാരത്തിലേറിയതിന് ശേഷം ന്യൂനപക്ഷദളിത് വിഭാഗങ്ങളെ ദ്രോഹിക്കുന്നതരത്തിലുള്ള ഫാസിസ്റ്റ് നടപടികളാണ് സ്വീകരിക്കുന്നത്. കൂടാതെ ഭരണത്തിന്റെ മറവില്‍ പ്രാദേശിക തലങ്ങളില്‍ ആള്‍ക്കൂട്ട കൊലപാതകം പോലെയുള്ള അക്രമങ്ങളും അരങ്ങേറുന്നുണ്ട്. ഇവയ്‌ക്കെതിരേ പ്രതിഷേധങ്ങളുണ്ടാകാറുണ്ടെങ്കിലും ഭിന്ന സ്വരങ്ങളിലായതിനാല്‍ ഭരണകര്‍ത്താക്കള്‍ പ്രതിഷേധങ്ങളെ അവഗണിക്കുകയാണ്. കശ്മീര്‍ വിഷയത്തിലും ഇപ്പോള്‍ ലക്ഷദ്വീപ് വിഷയത്തിലും നാനാതുറകളില്‍ നിന്നും പ്രതിഷേധങ്ങളുണ്ടെങ്കിലും ഇവയെ ഒരു കൂട്ടായ്മയ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ ശബ്ദങ്ങള്‍ ഒറ്റക്കെട്ടായി ഉയര്‍ത്തുമ്പോഴാണ് ഇത്തരം നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയുള്ളൂ. അതുകൊണ്ട് ഉടന്‍ തന്നെ വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളെയും ദേശീയ പാര്‍ട്ടികളെയും ഉള്‍ക്കൊള്ളിച്ച് ദേശീയതലത്തില്‍ ഫാസിസ്റ്റ് വിരുദ്ധ മുന്നണി രൂപപ്പെടുത്തി ഒത്തൊരുമയോടെ നാം മുന്നേറണം. രാജ്യത്തിന്റെ നിലനില്‍പ്പിനും സമാധാനവും മതേതരത്വവും കാത്തുസൂക്ഷിക്കാനും ഈ ഒത്തൊരുമ അത്യാവശ്യ ഘടകമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ പലയിടങ്ങളിലും ഒത്തൊരുമിച്ചാണ് പ്രതിഷേധിച്ചിരുന്നത്. വരും കാലങ്ങളിലും ഈ ഐക്യമാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പിവി അബ്ദുല്‍ വഹാബ്, അബ്ദുസമദ് സമദാനി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, നവാസ് കനി, അഡ്വ. ഫൈസല്‍ ബാബു, ടി.പി അഷ്‌റഫ് അലി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. യോഗതീരുമാനങ്ങള്‍ ഇടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.