2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പ്രീ- പോൾ സർവേകൾ നിയന്ത്രിക്കേണ്ടതുണ്ടോ?

പ്രവീൺ ചക്രവർത്തി

ഈ വർഷം ഒക്ടോബർ ഒമ്പതിന്, ഓസ്ട്രിയയിലെ ചാൻസലർ സെബാസ്റ്റ്യൻ കേഴ്സ് ഒരു വ്യത്യസ്തമായ അഴിമതിയുമായി ബന്ധപ്പെട്ട് രാജിവയ്ക്കാൻ നിർബന്ധിതനായി. വ്യാജ സർവേകൾ സംഘടിപ്പിക്കുകയും അവ യഥാർഥ അഭിപ്രായ വോട്ടെടുപ്പുകളായി കാണിക്കാൻ വാർത്താ മാധ്യമങ്ങൾക്ക് കൈക്കൂലി നൽകുകയും ചെയ്തുവെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾ കുംഭകോണങ്ങളിൽ കുടുങ്ങുന്നത് സാധാരണമാണ്. എന്നാൽ, നിരുപദ്രവകരമെന്നു തോന്നുന്ന അഭിപ്രായ സർവേകളുടെ പേരിൽ ഒരു രാഷ്ട്രത്തലവൻ രാജിവയ്ക്കേണ്ടി വരുന്ന ആദ്യ സംഭവമാണിത്. തെരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ അഭിപ്രായ വോട്ടെടുപ്പുകളുടെ വർധിച്ചുവരുന്ന ‘ആയുധവൽക്കരണത്തിന്റെ’ പ്രതിഫലനമാണിത്.
1936ലെ യുനൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ആരംഭിച്ച അഭിപ്രായ വോട്ടെടുപ്പിന്റെ ആദ്യ നാളുകളിൽ ഇത്തരം സർവേകൾ ജിജ്ഞാസുക്കൾക്ക് ഒരു വിനോദം മാത്രമായിരുന്നു. തുടർന്ന്, സർക്കാരുകൾക്കും രാഷ്ട്രീയക്കാർക്കും മുൻകൂട്ടി അഭിപ്രായങ്ങൾ അറിയാനുള്ള മാർഗമായി ഇത് പരിണമിച്ചു. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാഷ്ട്രീയ നേതാക്കളും പാർട്ടികളും പൊതുതാൽപ്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിനുപകരം അവ രൂപപ്പെടുത്താനും ജനങ്ങളെ സ്വാധീനിക്കാനും അഭിപ്രായ വോട്ടെടുപ്പ് ആയുധമാക്കി.

2019ലെ ദേശീയ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ഓരോ 100 ഇന്ത്യക്കാരിൽ 35 പേർ മാത്രമാണ് നിശ്ചയദാർഢ്യമുള്ള വോട്ടർമാർ. അവർക്ക് ഏത് പാർട്ടിക്ക് വോട്ടുചെയ്യണമെന്ന് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഉറപ്പുണ്ടായിരുന്നു. ബാക്കിയുള്ള 65 വോട്ടർമാർ തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പുള്ള അവസാന ദിവസങ്ങളിലോ ആഴ്ചകളിലോ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നവരാണ് (ലോക്നീതി ദേശീയ തെരഞ്ഞെടുപ്പ് പഠനം). അതിനാൽ, 65 ശതമാനം ഇന്ത്യൻ വോട്ടർമാരും ഒരു തെരഞ്ഞെടുപ്പിൽ വളരെ വൈകിയാണ് തങ്ങളുടെ സമ്മതിദാനം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. കൂടാതെ, നിശ്ചയദാർഢ്യമില്ലാത്ത ഈ വോട്ടർമാരിൽ ഗണ്യമായ 43 ശതമാനം പേരും കാറ്റ് എങ്ങോട്ടാണെന്ന് നോക്കി വോട്ട് ചെയ്യുന്നവരാണ്, അതായത് വിജയ സാധ്യതയുള്ളതായി കരുതുന്നവർക്ക് വോട്ട് ചെയ്യുന്നവർ. ഫലത്തിൽ, ആകെ ഇന്ത്യൻ വോട്ടർമാരിൽ ഏതാണ്ട് 30 ശതമാനം (65 ശതമാനം നിശ്ചയദാർഢ്യമില്ലാത്ത വോട്ടർമാരിലെ 43 ശതമാനം) വരും ഇവർ. ഗണ്യമായ ഒരു സംഖ്യയാണിത്, പ്രത്യേകിച്ചും ഇന്ത്യയിലെ ബഹുകക്ഷി തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത് ചെറിയ ഭൂരിപക്ഷങ്ങൾക്കാവുമ്പോൾ.

ഒരു പ്രൊഫഷനൽ സർവേ ഏജൻസിയുടെ സ്വതന്ത്രവും ശാസ്ത്രീയവുമായ പഠനമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ, അനുസരണയോടെയും വിട്ടുവീഴ്ചയോടെയും മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു കൃത്രിമ പ്രീ-പോൾ സർവേയ്ക്ക് ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടി ‘വിജയത്തിന്റെ കാറ്റ്’ സൃഷ്ടിക്കുന്നതിൽ ശക്തമായ പങ്കുവഹിക്കാനും ജനങ്ങളെ സ്വാധീനിക്കാനും കഴിയും. 30 ശതമാനം ഫ്ളോട്ടിങ് വോട്ടർമാർ ആ പാർട്ടിക്ക് ഇതിനാൽ വോട്ട് ചെയ്യുന്നു. ഈ വോട്ടെടുപ്പുകൾ വസ്തുനിഷ്ഠതയുടെ ഒരു ബാഹ്യാവരണമെന്ന തരത്തിൽ കാണപ്പെടുന്നതിനാൽ വോട്ടർമാർ കൂടുതൽ എളുപ്പത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. അങ്ങനെ, വ്യാജ അഭിപ്രായ സർവേകൾ ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ അങ്ങേയറ്റം ശക്തമായ ആയുധമാകുന്നു.
ഒരു പാർട്ടിയെ സംബന്ധിച്ച്, അവർക്ക് അനുകൂലമായുള്ള, തെറ്റിദ്ധരിപ്പിക്കുന്ന അഭിപ്രായ സർവേകൾ എല്ലായ്പ്പോഴും സഹായകമാവില്ല. സമീപകാല ബംഗാൾ സംസ്ഥാന തെരഞ്ഞെടുപ്പിൽ സാക്ഷ്യംവഹിച്ചതുപോലെ. മിക്കവാറും എല്ലാ മാധ്യമങ്ങളും തങ്ങളുടെ പ്രീ-പോളുകളിൽ ബി.ജെ.പി വ്യക്തമായ വിജയിയാണെന്ന് പ്രവചിച്ചപ്പോൾ യഥാർഥത്തിൽ ബി.ജെ.പി കനത്ത തോൽവി ഏറ്റുവാങ്ങുകയായിരുന്നു അവിടെ.

എന്നാൽ, ചില രാഷ്ട്രീയപ്പാർട്ടികളുടെ സജീവ ഇടപെടലോടെ, ഒത്തുതീർപ്പിന് വിധേയമായ ഒരു മാധ്യമം പ്രചരിപ്പിക്കുന്ന കൃത്രിമ അഭിപ്രായ വോട്ടെടുപ്പുകൾ ഇന്ത്യൻ തെരഞ്ഞെടുപ്പിലെ ശക്തമായ ആയുധമാണെന്ന വസ്തുതയെ ഇത് മാറ്റുന്നില്ല. വോട്ട് മറിക്കാൻ സാധ്യതയുള്ള 30 ശതമാനം വോട്ടർമാരെ ഒരു കെട്ടിച്ചമച്ച അഭിപ്രായ വോട്ടെടുപ്പിനാൽ സ്വാധീനിക്കാമെന്നത് ഇന്ത്യയുടെ ജനാധിപത്യത്തിന് സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകൾ പോലെ തന്നെ അപകടകരമാണ്.
ഇന്ത്യയിൽ പ്രീ-പോൾ സർവേകൾ നിരോധിക്കണമെന്ന് ചില പണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കളും ആഹ്വാനം ചെയ്തിരുന്നു. അത് കടുത്ത നടപടിയായിരിക്കാം. എന്നിരുന്നാലും, ചില മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും നിശ്ചയിച്ച് വ്യാജ അഭിപ്രായ സർവേകൾ കണ്ടെത്തുന്നതിന് വോട്ടർമാരെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിയും.

സർവേ രീതി, സാമ്പിൾ തെരഞ്ഞെടുക്കലിന്റെ സാങ്കേതികത, സാമ്പിൾ വലുപ്പം, കൃത്യമായ ചോദ്യാവലി എന്നിവ വെളിപ്പെടുത്താത്ത ഏതൊരു അഭിപ്രായ വോട്ടെടുപ്പും സംശയാസ്പദമായി കണക്കാക്കണം. ശക്തമായ ഒരു സർവേ അതിന്റെ മുഴുവൻ അസംസ്കൃത ഡാറ്റയും പൊതുജനത്തിന് ലഭ്യമാക്കും. ആളുകൾക്ക് വിശകലനത്തിനായി ഉപയോഗിക്കാനും സൂക്ഷിച്ചുവയ്ക്കാനും അത് സഹായകമാണ്. ഇന്ത്യൻ മാധ്യമങ്ങൾ ചിലത് ഒഴികെ മിക്ക പ്രീ-പോൾ സർവേകളിലും സർവേ രീതികളുടെ അടിസ്ഥാന വിശദാംശങ്ങൾ പോലും വെളിപ്പെടുത്തുന്നില്ല. മാത്രമല്ല, അവരുടെ ഡാറ്റ പ്രസിദ്ധീകരിക്കുകയുമില്ല.

ഒരു വലിയ സാമ്പിൾ വലുപ്പം ഒരു നല്ല സർവേയെ സൂചിപ്പിക്കുന്നു എന്ന അനുമാനത്തോടെ മിക്കയാളുകളും അവരുടെ സാമ്പിൾ വലുപ്പത്തെ അടിസ്ഥാനമാക്കി ഒരു സർവേയെ വിലയിരുത്തുന്നു. 160 ദശലക്ഷം വോട്ടർമാരുള്ള 2020 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രീ-പോൾ സർവേകളിൽ ശരാശരി 3,000 ആളുകളുടെ സാമ്പിൾ വലുപ്പമായിരുന്നു ഉണ്ടായിരുന്നത്. 250 ദശലക്ഷം ഇന്ത്യൻ കുടുംബങ്ങളിൽ 6,000 പേരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് മൂന്ന് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയുടെ പലിശ നിരക്ക് റിസർവ് ബാങ്ക് നിർണയിക്കുന്നത്. ഡൽഹിയിലെ 20 ദശലക്ഷം ജനസംഖ്യയിലെ 30,000 ആളുകളുടെ സീറോളജിക്കൽ സർവേയുടെ അടിസ്ഥാനത്തിലാണ് കൊവിഡിന്റെ ഹെർഡ് ഇമ്യൂണിറ്റി നിർണയിച്ചത്.സാമ്പിൾ വലുപ്പം എന്ന ആശയം വളരെ തെറ്റിദ്ധരിക്കപ്പെടുന്നു. സാമ്പിൾ തെരഞ്ഞെടുപ്പ് അതിന്റെ വലുപ്പത്തേക്കാൾ വളരെ പ്രധാനമാണ്. ഇന്ത്യയിലെ ഒരു സംസ്ഥാന തെരഞ്ഞെടുപ്പിൽ സർവേ നടത്തുകയാണെങ്കിൽ ശക്തമായ ഒരു സാമ്പിൾ രീതിശാസ്ത്രം പ്രകാരം ഓരോ അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും ആളുകളെ തെരഞ്ഞെടുക്കണം. ഒപ്പം ഐഡന്റിറ്റി, പ്രായം, ലിംഗഭേദം എന്നിവ അടിസ്ഥാനമാക്കി പ്രാതിനിധ്യം ഉറപ്പാക്കണം. മികച്ച പ്രാതിനിധ്യമുള്ള 2,000 പേരുടെ ഒരു സർവേ, ഏതാനും അസംബ്ലി മണ്ഡലങ്ങളിൽ നിന്നോ ഒരു പ്രത്യേക മതത്തിൽ നിന്നോ പ്രായ വിഭാഗത്തിൽ നിന്നോ തെരഞ്ഞെടുക്കപ്പെട്ട 20,000 പേരുടെ സർവേയേക്കാൾ വളരെ മികച്ചതാണ്. ഒരു ഏകദേശ ചട്ടം പോലെ, ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന, ബഹുകക്ഷി ജനാധിപത്യത്തിൽ ഒരു സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള വിശ്വസനീയമായ സർവേയ്ക്കായി എല്ലാ അസംബ്ലി മണ്ഡലങ്ങളിൽ നിന്നും ക്രമരഹിതമായി തെരഞ്ഞെടുക്കപ്പെട്ട 500-1000 ആളുകൾക്കിടയിൽ സർവേ നടത്തിയാൽ മാത്രമേ ന്യായമായ കൃത്യതയോടെ സീറ്റുകൾ പ്രവചിക്കാനാവൂ.

തെരഞ്ഞെടുപ്പിന് മുമ്പുള്ള (പ്രീ-പോൾ) സർവേകൾക്കായി വിശദമായ സർവേ രീതികളും അസംസ്കൃത ഡാറ്റയും വെളിപ്പെടുത്താനും ഏറ്റവും കുറഞ്ഞ സാമ്പിൾ മാനദണ്ഡങ്ങൾ നിർദേശിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന് നിബന്ധനകൾ വയ്ക്കാവുന്നതാണ്. ഈ മാനദണ്ഡങ്ങൾ വച്ച് നോക്കിയാൽ ഇന്ത്യൻ ടെലിവിഷൻ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന മിക്കവാറും എല്ലാ സർവേകളും സംശയാസ്പദമായിരിക്കും. ഒരു സർവേ ചില തെരഞ്ഞെടുപ്പുകളിൽ ശരിയാക്കുന്നത് അതിന്റെ വിശ്വാസ്യതയുടെയോ ദൃഢതയുടെയോ തെളിവല്ല. പൊട്ടിയ ക്ലോക്ക് ദിവസത്തിൽ രണ്ടുതവണ ശരിയായ സമയം കാണിക്കുന്നത് പോലെ മാത്രമാണ് അത്. എംപിരിക്കൽ സയൻസ് എന്നതിന് വിശാലമായ മേഖലയുണ്ട്. അതിൽ സർവേകൾ ഒരു ചെറിയ ഭാഗമാണ്. നൊബേൽ സമ്മാനങ്ങൾ നൽകിയിട്ടുള്ള ഒരു വൈജ്ഞാനിക മേഖലയാണ് അത്. എത് തട്ടിക്കൂട്ട് കാര്യങ്ങൾ ചെയ്യുന്നവർക്ക് എളുപ്പത്തിൽ പകർത്താൻ കഴിയുന്ന ഒന്നല്ല.

അഭിപ്രായ വോട്ടെടുപ്പുകൾ ആളുകളുടെ അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല, വിജയത്തിന്റെ പ്രഭാവലയം സൃഷ്ടിച്ചുകൊണ്ട് അവരെ സ്വാധീനിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ 30 ശതമാനം വോട്ടർമാരും അത്തരം സ്വാധീനത്തിന് വിധേയരാണെങ്കിൽ ഈ അപകടത്തെ നിയന്ത്രിക്കുകയും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ പരിശുദ്ധി സംരക്ഷിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

(കടപ്പാട്: ദി ഇന്ത്യൻ എക്സ്പ്രസ്)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.