2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശ്രീലങ്ക കടുത്ത ഭക്ഷ്യക്ഷാമത്തില്‍

 

കൊളംബോ: ശ്രീലങ്ക കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. അരി, പഞ്ചസാര, പാല്‍പൊടി തുടങ്ങിയ ദൈനംദിന ഉപയോഗത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ക്കായി ജനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കു മുമ്പില്‍ വരിനില്‍ക്കുകയാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഭക്ഷ്യക്ഷാമമുണ്ടെന്നത് സര്‍ക്കാര്‍ നിഷേധിച്ചു. പൂഴ്ത്തിവയ്പും പണപ്പെരുപ്പവും തടയുന്നതിന്റെ ഭാഗമായി അവശ്യവസ്തു വിതരണത്തിന് പ്രസിഡന്റ് ഗോതബായ രാജപക്‌സെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ വാദം. രാജ്യത്ത് ഒരാഴ്ചയായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ചസാര, ഉള്ളി, പയര്‍ വര്‍ഗങ്ങള്‍ എന്നിവയ്ക്ക് സമീപകാലത്ത് വന്‍ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ അരിവില ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. അതേസമയം വിദേശനാണ്യ ശേഖരം ശോഷിച്ചതോടെ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ഡബ്ല്യു.ഡി ലക്ഷ്മണ്‍ ഇന്ന് പടിയിറങ്ങും. വിദേശനാണ്യ ശേഖരം ശോഷിച്ചതോടെ വിദേശത്തുനിന്ന് ഭക്ഷ്യവസ്തുക്കളടക്കം ഇറക്കുമതി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ് രാജ്യം. ഇതേത്തുടര്‍ന്നാണ് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ രാജിവയ്ക്കുന്നത്. ജൂലൈയില്‍ വിദേശനാണ്യ ശേഖരം 280 കോടി ഡോളറായി കുറഞ്ഞിരുന്നു. 100 കോടി ഡോളറിന്റെ വിദേശകടം തിരിച്ചടച്ചതോടെയാണിത്.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ടൂറിസം മേഖലയിലൂടെയുള്ള വരുമാനം കുറഞ്ഞതാണ് രാജ്യത്തിന് തിരിച്ചടിയായത്. എസ് ആന്‍ഡ് പി റേറ്റിങ് കുറച്ചതും തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഈവര്‍ഷം ഐ.എം.എഫില്‍നിന്ന് 78.7 കോടി ഡോളറിന്റെ എസ്.ഡി.ആറും ബംഗ്ലാദേശ് കേന്ദ്ര ബാങ്കില്‍നിന്ന് 15 കോടി ഡോളറും സ്വീകരിച്ചിരുന്നു. എങ്കിലും വിദേശനാണ്യശേഖരം ഉയര്‍ത്താനായില്ല. നിലവില്‍ വരുമാനത്തിന്റെ 80 ശതമാനത്തിലധികം പലിശ തിരിച്ചടവിലേക്ക് മാറ്റിവയ്‌ക്കേണ്ട അവസ്ഥയാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനായി ചൈനയെ ആശ്രയിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. ചൈന ഇന്നലെ 50 കോടി ഡോളറിന്റെ വായ്പ ശ്രീലങ്കയ്ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച 100 കോടി ഡോളര്‍ വായ്പയുടെ രണ്ടാം ഗഡുവാണിത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.