
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പല അധികാരങ്ങളുമുണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. അതൊക്കെ മര്യാദയ്ക്ക് കൈകാര്യം ചെയ്യാന്‍ കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റുകളായ നരേന്ദ്രമോദിയും അമിത് ഷായുമൊന്നും സമ്മതിക്കില്ല. സംസ്ഥാനങ്ങളുടെ കൈവശമുള്ള വകുപ്പുകള്‍ പോലും അവര്‍ ഭരിച്ചുകളയും. ഒന്നു കണ്ണു തെറ്റിയാല്‍ മതി, വിപ്ലവ ഭരണമുള്ള കേരളത്തില്‍ പോലും അവര്‍ കടന്നുകയറി ഭരണം നിയന്ത്രിക്കും. അതിനവര്‍ക്കു കൂട്ടുനില്ക്കാന് കുറെ ഉദ്യോഗസ്ഥരുമുണ്ട്. അതിനൊക്കെ പുറമെ വര്‍ഗീയ ഫാസിസ്റ്റുകളുമായി അന്തര്‍ധാരയുള്ള ഇവിടുത്തെ പ്രതിപക്ഷവും. ഇവരൊക്കെ ഒത്തുചേര്‍ന്ന പ്രതിവിപ്ലവ കൂട്ടുകെട്ടിനെ നേരിട്ട് ഒരു വിപ്ലവഭരണം മുന്നോട്ടുകൊണ്ടുപോകുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് കപ്പലുണ്ടാക്കാനൊക്കെ സാമ്രാജ്യത്വ ശക്തിയായ അമേരിക്കയിലുള്ള കമ്പനിയുമായി ഈ സര്‍ക്കാര്‍ കരാറുണ്ടാക്കുമെന്ന് ആരെങ്കിലും കരുതിയോ? മോദിയും ഇവിടുത്തെ പ്രതിപക്ഷവും ചില ഉദ്യോഗസ്ഥരുമൊക്കെ ഗൂഢാലോചന നടത്തി ഒപ്പിച്ച പണിയാണത്. അല്ലാതെ ഇതിന്റെ രേഖകളൊക്കെ പ്രതിപക്ഷനേതാവിന് എങ്ങനെ കിട്ടുന്നു. സര്‍ക്കാര്‍ അതൊന്നും അറിഞ്ഞിട്ടില്ല. പിന്നെ കമ്പനിയുടെ ആളുകള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വന്നെന്നും മീന്‍പിടുത്ത മന്ത്രിയെ കണ്ടെന്നുമൊക്കെയാണ് ചിലര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലും മന്ത്രിമാരുടെ ഓഫിസിലുമൊക്കെ അങ്ങനെ പലരും വന്ന് ചായ കുടിച്ച് തമാശ പറഞ്ഞ് ഇരിക്കാറുണ്ട്. മന്ത്രിമാര്‍ക്കും വേണ്ടേ ഇത്തിരി നേരമ്പോക്ക്. അവിടെ അങ്ങനെ പലരും വരാറുണ്ടെന്ന് ഞങ്ങളുടെ മന്ത്രി തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന ഹര്‍ത്താലിനെ പിന്തുണച്ച് പ്രസ്താവനയിറക്കിയ ചിലര്‍ക്കെതിരേ പൊലിസ് സമന്‍സ് അയച്ചതു കണ്ടില്ലേ. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനൊപ്പമായിരുന്നു സംസ്ഥാന സര്‍ക്കാരും ഭരിക്കുന്ന മുന്നണിയുമെന്ന് ആര്‍ക്കാണറിയാത്തത്. ആ സമരത്തിന്റെ പേരില്‍ ആര്‍ക്കെതിരേയും കേസെടുക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞതുമാണ്. എന്നിട്ടും രഹസ്യമായി വന്ന് ഇവിടുത്തെ പൊലിസുകാരെക്കൊണ്ട് മോദി കേസെടുപ്പിച്ചു.
ഇവിടുത്തെ പൊലിസിനെക്കൊണ്ട് വേറെയും പലതും മോദിയും കൂട്ടരും ചെയ്യിച്ചു. ഈ സര്‍ക്കാരിനും ഭരണമുന്നണിക്കും യു.എ.പി.എ എന്നു കേള്‍ക്കുന്നതു തന്നെ അലര്‍ജിയാണെന്ന് എല്ലാവര്ക്കും അറിയുന്നതല്ലേ. എന്നിട്ടും ഒരുപാട് യു.എ.പി.എ കേസുകള്‍ സംസ്ഥാനത്തുണ്ടായി. ലഘുലേഖ കൈവശം വച്ചതിനും കവിതയെഴുതിയതിനുമൊക്കെ ചിലരുടെ പേരില്‍ ഇത്തരം കേസുകളെടുത്തു. ഈ നാട് ഭരിക്കുന്ന പ്രസ്ഥാനത്തില്‍ അംഗങ്ങളായിരുന്ന അലന്, താഹ എന്നീ ചെറുപ്പക്കാരെ മാവോയിസ്റ്റുകളായി മുദ്രയടിച്ച് അറസ്റ്റ് ചെയ്ത് യു.എ.പി.എ കേസെടുപ്പിച്ചു. അതുകൊണ്ടും അരിശം തീരാതെ ആ കേസ് സംസ്ഥാന സര്‍ക്കാര്‍ പോലുമറിയാതെ മോദിയുടെ എന്‍.ഐ.എ തോണ്ടിക്കൊണ്ടുപോയി.
പൊലിസിനെക്കൊണ്ട് നിരവധി ദലിതരെ ഉപദ്രവിപ്പിച്ചു. ഈ സര്‍ക്കാര്‍ എന്നും ദലിതര്ക്കൊപ്പമാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. എന്നിട്ടും ഇവിടുത്തെ പൊലിസിനെക്കൊണ്ട് ഇതുപോലുള്ള പാതകങ്ങള്‍ പലതും ചെയ്യിച്ചു.
അതുപോലെ മാവോയിസ്റ്റുകളെന്ന് പറഞ്ഞുനടക്കുന്നവരെ കൊല്ലുന്നതൊന്നും ഈ സര്‍ക്കാരിന്റെ നയമല്ല. അത് ഹിന്ദുത്വ വര്‍ഗീയ ഫാസിസ്റ്റുകളുടെ നയമാണെന്ന് അറിയാത്തവരാരുമുണ്ടാകില്ല. എന്നിട്ടും എട്ടു മാവോയിസ്റ്റുകളെയാണ് ഇവിടെ പൊലിസ് ഏറ്റുമുട്ടലെന്നു പറഞ്ഞ് കൊന്നുകളഞ്ഞത്. വിപ്ലവ ഭരണത്തിലെ പൊലിസുകാര്‍ ഇങ്ങനെ ചെയ്യുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു തെറ്റാണ്. ആഭിചാരക്രിയകളിലൂടെ പൊലിസിനെ മോദിയും അമിത് ഷായും ആവേശിച്ചാല്‍ അവര്‍ അങ്ങനെയൊക്കെ ചെയ്തുപോകുന്നതില്‍ തെറ്റു പറയാനാവില്ലല്ലോ.
ഇങ്ങനെ പറയുകയാണെങ്കില്‍ ഒരുപാടുണ്ട്. സസ്യേതര ഭക്ഷണം മ്ലേച്ഛമാണെന്നൊക്കെ ഇവിടുത്തെ വിപ്ലവകാരിയായ വിദ്യാഭ്യാസ മന്ത്രി സ്വന്തം ഇഷ്ടപ്രകാരം പറയുമോ? എന്നിട്ടും അങ്ങനെയുണ്ടായി. നാവില്‍ മോദി കയറിക്കൂടിയാല്‍ പിന്നെന്തു ചെയ്യും?
ഇതിന്റെയൊന്നും സത്യമറിയാതെ ഇവിടുത്തെ പ്രതിപക്ഷവും ബൂര്‍ഷ്വാ മാധ്യമങ്ങളും പലതും പറയും. അവരെയൊന്നും നമ്പരുത്. ഈ സര്‍ക്കാരിനെക്കുറിച്ച് അവര്‍ക്കൊന്നും ഒരു ചുക്കുമറിയില്ല.
റെഡി, കാമറാമാനും
തെങ്ങില്‍ കയറട്ടെ
പക്വതയാര്‍ജിച്ച ജനാധിപത്യ സമൂഹങ്ങളില്‍ രാഷ്ട്രീയകക്ഷികള്‍ അവരുടെ നയങ്ങള്‍ പറഞ്ഞാണ് വോട്ടുചോദിക്കുന്നത്. എന്നാല്‍ കാര്യമായ രാഷ്ട്രീയ സാക്ഷരത നേടാത്ത അര്‍ധജനാധിപത്യ സമൂഹങ്ങളില്‍ വോട്ടുപിടുത്തത്തിന് സാധാരണ പ്രചാരണ പരിപാടികള്‍ക്ക് പുറമെ ചില ട്രിക്കുകളും പ്രയോഗിക്കേണ്ടതുണ്ട്.
പണ്ടൊക്കെ തെരഞ്ഞെടുപ്പുകാലത്ത് വോട്ടിനു വേണ്ടി നടത്തുന്ന ട്രിക്കുകള്‍ ലളിതമായിരുന്നു. ദരിദ്രരുടെ കുടിലുകളില്‍ ചെന്ന് മണ്ണില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ വാരിയെടുത്ത് ഓമനിക്കുക, ചേച്ചീ എന്നു വിളിച്ച് അടുക്കളയിലേക്ക് ഓടിക്കയറുക, കിടപ്പുരോഗികളുടെ കട്ടിലില്‍ ചെന്നിരുന്ന് അവര്‍ക്കു ബോധമില്ലെങ്കിലും രോഗവിവരങ്ങള്‍ തിരക്കുക, പ്രായമുള്ളവരെ കണ്ടാല്‍ വല്ലാതെ ക്ഷീണിച്ചല്ലോ എന്നുപറഞ്ഞ് തലോടുക അങ്ങനെ പലതും. ഇതെല്ലാം കാണുമ്പോള്‍ ഈ സ്ഥാനാര്‍ഥി എത്ര ജനകീയനാണെന്ന് പ്രജകള്‍ മൂക്കത്തു വിരല്‍വയ്ക്കും. അവരില്‍ ചിലര്‍ വോട്ട് ചെയ്യും. അതായിരുന്നു അന്നത്തെ പതിവ്. അതു കുറെയൊക്കെ ഫലിക്കാറുമുണ്ടായിരുന്നു.
എന്നാല്‍ കാലം വല്ലാതെ മാറിപ്പോയല്ലോ. പഴയ തന്ത്രങ്ങളൊന്നും ഇപ്പോള്‍ അപ്പടി ഫലിക്കില്ല. ഇപ്പോള്‍ തന്ത്രങ്ങളുടെ ഇഫക്ട് അധികവും റിവേഴ്സ് ഗിയറിലാണ്. ഇക്കാലത്ത് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത് പഴയതുപോലെ പാര്‍ട്ടികളിലെ വളര്‍ന്നു മുതിര്‍ന്ന നേതാക്കളൊന്നുമല്ല. നല്ല പ്രതിഫലം വാങ്ങുന്ന പ്രൊഫഷണലുകളാണ്. മുതിര്‍ന്ന നേതാജിമാര്‍ മനസ്സില്‍ കാണുന്നതിലപ്പുറം അവര്‍ മരത്തില്‍ കാണും. അതു പ്രയോഗവല്‍ക്കരിക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിരവധിയുമാണ്. കഥയറിയാതെ അതില്‍ ചെന്നുവീഴുന്ന എതിരാളികളായിരിക്കും പല നേതാക്കള്‍ക്കും വലിയ സഹായങ്ങള്‍ ചെയ്യുക.
നെഗറ്റീവ് പബ്ലിസിറ്റിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സാധ്യതകളുള്ള കാലമാണിത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മൂര്ധന്യാവസ്ഥയിലെത്തിയൊരു ഘട്ടത്തില്‍ നരേന്ദ്രമോദി ഏതോ ഒരു ഗുഹയില്‍ പോയി ധ്യാനിക്കുന്നൊരു ചിത്രവും വിഡ്ഢിച്ചിരി നിറഞ്ഞ മുഖവുമായുള്ളൊരു ചിത്രവും പുറത്തുവന്നിരുന്നു. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ആ രണ്ടു ചിത്രങ്ങള്‍ക്കും പ്രതികരണമായി അതിന്റെ പത്തിരട്ടിയോളം പരിഹാസങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. പരിഹസിച്ചു തോല്‍പിച്ചുകളയാമെന്നു കരുതിയവരൊക്കെ മോദിക്ക് വലിയ സഹായം നല്‍കുകയായിരുന്നു സത്യത്തില്‍. നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ കനത്ത ഭൂരിപക്ഷവുമായാണ് എന്‍.ഡി.എ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നത്.
അന്ന് ആ ഓളത്തില്‍ ഗത്യന്തരമില്ലാതെയാണ് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ കേരളത്തിലെത്തിയത്. മറ്റുള്ളവരെ പരിഹസിച്ചു തളര്‍ത്താന്‍ മലയാളികള്‍ക്കുള്ള വലിയ ഉത്സാഹവും മറുപക്ഷത്ത് ഇടംവലം നോക്കാതെ ചാടിയിറങ്ങുന്ന പോരാളി ഷാജിമാരുടെ ബാഹുല്യവും കൃത്യമായി തിരിച്ചറിഞ്ഞ പ്രൊഫഷണല്‍ ഇലക്ഷന് മാനേജര്‍ അദ്ദേഹത്തിനു വേണ്ടി ആവിഷ്കരിച്ച പ്രചാരണതന്ത്രങ്ങള്‍ കൃത്യമായി ഫലിച്ചു. രാഹുല്‍ അപകടത്തില്‍ പരുക്കേറ്റയാളെ സഹായിക്കാന്‍ പ്രചാരണ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി, ആദിവാസിക്കുടിലുകളില്‍ പോയി ഭക്ഷണം കഴിച്ചു, ആള്‍ക്കൂട്ടത്തിനിടയില്‍ ചെന്ന് മണ്ടന്‍കളി എന്ന് പലര്‍ക്കും തോന്നുന്ന പലതും കളിച്ചു. മറുപക്ഷത്തെ ട്രോളര്‍മാര്‍ അങ്ങേയറ്റം വരെ കളിയാക്കി സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറച്ചു. ഒടുവില്‍ മര്യാദയ്ക്ക് അണികളെ കൊണ്ടുനടക്കാന്‍ പോലും പ്രാപ്തിയില്ലാത്ത കോണ്‍ഗ്രസ് നേതാക്കളുള്ളൊരു നാട്ടില്‍ നിന്ന് അവരെപ്പോലും ഞെട്ടിച്ച് 20ല്‍ 19 സീറ്റുമായാണ് അദ്ദേഹം ഡല്‍ഹിക്കു മടങ്ങിയത്.
ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും പിടിച്ചുനില്ക്കാന് കോണ്‍ഗ്രസുകാര്‍ പാടുപെടുന്നൊരു സന്ദര്‍ഭത്തിലാണ് രാഹുല്‍ ഇവിടെ വന്ന് ആവശ്യമായ പ്രചാരണ സംവിധാനങ്ങളുമായി അതീവ രഹസ്യമെന്ന മട്ടില്‍ കടല്‍ യാത്ര നടത്തി വലവലിച്ചും കടലില്‍ ചാടിയുമൊക്കെ അതിന്റെ ദൃശ്യങ്ങള്‍ അതിവേഗം പ്രചരിപ്പിച്ചത്. പ്രതീക്ഷിച്ചതുപോലെ തന്നെ മറുപക്ഷത്തു നിന്ന് പരിഹാസത്തിന്റെ മലവെള്ളപ്പാച്ചില്‍ തന്നെയുണ്ടായി. സംതൃപ്തിയോടെ അദ്ദേഹം മടങ്ങി.
വലിയ രാഷ്ട്രീയബോധമുള്ളവരെന്നു ധരിച്ചുവശായ രാഷ്ട്രീയ നിരക്ഷരര്‍ ധാരാളമുള്ളൊരു നാട്ടില്‍ ഇതൊക്കെ നന്നായി ഫലിച്ചേക്കും. അതുകൊണ്ട് വൈകാതെ അദ്ദേഹം ഇനിയും വരുമെന്നുറപ്പാണ്. ഇനി വന്ന് തെങ്ങിലോ കവുങ്ങിലോ ഒക്കെ കയറും. കഥയറിയാതെ ട്രോളര്‍മാര്‍ പരിഹസിക്കും. കണക്കിലധികവും അനാവശ്യത്തിനും ‘ബുദ്ധിയുള്ള’ ശത്രുക്കള്‍ കോണ്‍ഗ്രസിന് രക്ഷകരാകും.
അപ്പോള്‍ റെഡി, ഇനി നേതാവ് തെങ്ങില്‍ കയറട്ടെ. ഒപ്പം കാമറാമാനും തെങ്ങില്‍ കയറട്ടെ.