2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇന്ത്യ താലിബാനുമായി സൗഹൃദത്തിന്

നീക്കം താലിബാന്റെ പാക്-ചൈനീസ് അടുപ്പം മുന്നില്‍ക്കണ്ട്
ന്യൂഡല്‍ഹി: അഫ്ഗാനിലെ താലിബാനുമായി സൗഹൃദത്തിനൊരുങ്ങി ഇന്ത്യ. യു.എസ് സൈന്യം പൂര്‍ണമായും പിന്‍മാറുന്നതോടെ അഫ്ഗാനില്‍ താലിബാന്‍ വീണ്ടും ശക്തമാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നീക്കം.

ഈ വര്‍ഷം സെപ്തംബറോടെ സൈനിക പിന്‍മാറ്റം പൂര്‍ത്തിയാവുമെന്ന് യു.എസ് അറിയിച്ചിട്ടുണ്ട്. അഫ്ഗാനുമായി പാകിസ്താനും ചൈനയും അടുത്തകാലത്ത് കൂടുതല്‍ സൗഹൃദം സ്ഥാപിക്കുന്നതും ഈ നീക്കത്തിന് ഇന്ത്യയെ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. യു.എസ് അധിനിവേശ സൈന്യം പിന്മാറുമ്പോള്‍ അഫ്ഗാനില്‍ രൂപപ്പെടാനിടയുള്ള സവിശേഷ രാഷ്ട്രീയസാഹചര്യം മുന്നില്‍ക്കണ്ടാണ് ഇന്ത്യയുടെ നീക്കം. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ജെ.പി സിങിന്റെ കഴിഞ്ഞമാസത്തെ അഫ്ഗാന്‍, പാക്, ഇറാന്‍ സന്ദര്‍ശനം ഇതിന്റെ ഭാഗമായിരുന്നു.താലിബാന്റെ ജീവിച്ചിരിക്കുന്ന നേതാക്കളില്‍ പ്രമുഖനായ മുല്ല ബറദാറുമായി ദൂതര്‍ മുഖേന ഇന്ത്യ ആശയവിനിമയം നടത്തി.

അഫ്ഗാന്‍ ദേശീയതയിലൂന്നുന്ന താലിബാന്‍ നേതാക്കളുമായി മാത്രമാണ് ആശയവിനിമയത്തിനു ശ്രമമെന്നും പാകിസ്താനിലെ തഹ്‌രീകെ താലിബാനുമായി ബന്ധത്തിനില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഏതാനും മാസങ്ങളായി ഇതുസംബന്ധിച്ച ചര്‍ച്ച സജീവമാണെന്നും പ്രാരംഭ ആശയവിനിമയം നടന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ അഫ്ഗാനിലെ താലിബാനുമായി ഏറ്റവും അടുപ്പമുള്ള പാകിസ്താന്റെ സഹായത്തോടെ റഷ്യയും ചൈനയും ഇറാനും അടക്കമുള്ള രാജ്യങ്ങള്‍ മികച്ച ബന്ധം ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ മേഖലയിലെ വന്‍ശക്തിയായ ഇന്ത്യ അല്‍പം വൈകിയെന്നാണ് നയതന്ത്രവൃത്തങ്ങള്‍ പറയുന്നത്. അഫ്ഗാന്‍ പുനര്‍നിര്‍മാണത്തിന് ദക്ഷിണേഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സഹായം (രണ്ടുലക്ഷം കോടി) വാഗ്ദാനം ചെയ്തത് ഇന്ത്യയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.