2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കേരളം ; വിദ്യാഭ്യാസത്തിന് മൈനസ്, ആരോഗ്യം ഐ.സി.യുവിൽ

ഈയിടെയായി കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽനിന്ന് കേൾക്കുന്നത് അത്ര ശുഭകരമായ വാർത്തകളല്ല. വൈറൽ പനിയുടെ കുളിരിൽ ഐ.സി.യുവിൽ പ്രവേശിച്ചിരിക്കുകയാണ് ആരോഗ്യരംഗമെങ്കിൽ പ്രോഗ്രസ് കാർഡിൽ തുടർച്ചയായി മൈനസ് മാർക്കിലേക്ക് നീങ്ങുകയാണ് വിദ്യാഭ്യാസ രംഗവും. കഴിഞ്ഞ കാലങ്ങളിൽ ലോകത്തിനു മുമ്പിൽ മാതൃകയാകാൻ നമ്മുടെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്ക് കഴിഞ്ഞിരുന്നുവെന്നത് ഓരോ മലയാളിയുടെയും അഹങ്കാരമായിരുന്നു. കഴിവുറ്റ നേതാക്കളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും കൈകളിൽ സുരക്ഷിതമായിരുന്നു ആതുര,വിദ്യാഭ്യാസ മേഖലയുടെ യശസ്സിന് വിള്ളൽ വീഴുമോയെന്ന ആശങ്കയ്ക്ക് പ്രസക്തിയുണ്ട്.

സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ 8,136 അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതിനു മുമ്പ് ഈ വർഷം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ കണക്കും പുറത്തുവന്നു. മുൻ വർഷത്തേക്കാൾ കുറവായിരുന്നു വിദ്യാർഥികളുടെ എണ്ണം എന്നതിനാലാവാം സർക്കാരോ വിദ്യാഭ്യാസ വകുപ്പോ പൊതുവിദ്യാഭ്യാസ രംഗത്തെക്കുറിച്ചുള്ള മേനി പറച്ചിലിനൊന്നും മുതിർന്നില്ലെന്ന് മാത്രമല്ല, കണക്കുകൾ പുറത്തുവിടാനും അത്ര താൽപര്യമൊന്നും കാണിച്ചില്ല. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം ഒരു തമാശയാണെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രിയെ ഈ കണക്കുകളൊന്നും ആശങ്കപ്പെടുത്തില്ലെങ്കിലും കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ മൈനസ് മാർക്ക് വീഴുന്നുവെന്നത് യാഥാർഥ്യമാണ്. തിരുത്തലുകൾക്ക് ഇനിയും വൈകിയാൽ അത് ബാധിക്കുക ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെയായിരിക്കും.

വ്യാഴാഴ്ച പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ കണക്ക് സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു. 37,522 കുട്ടികളുടെ കുറവാണ് ഒന്നാം ക്ലാസിൽ ഉണ്ടായിരിക്കുന്നത്. ജനസംഖ്യാപരമായ കുറവാണെന്ന് സർക്കാരിന് വേണമെങ്കിൽ വാദിക്കാമെങ്കിലും സ്വകാര്വ – അൺ എയ്ഡഡ് സ്‌കൂളുകളിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കൃത്യമായി പുറത്തുവന്നാൽ മാത്രമേ ഇതിന്റെ യഥാർഥ ചിത്രം വ്യക്തമാകൂ. ഫിൻലൻഡിലെ വിദ്യാഭ്യാസ മാതൃകയൊക്കെ സ്വയം ഉൾക്കൊള്ളാൻ ശ്രമിച്ച വിദ്യാഭ്യാസ രീതിയാണ് നമുക്കുള്ളത്. എന്നാൽ സർക്കാർ സ്‌കൂളുകളിൽ 8,136 അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോൾ എങ്ങനെയാണ് സ്‌കൂളുകളിൽ ശരിയായ അധ്യയനം സാധ്യമാകുക. കഴിഞ്ഞ വർഷവും ഈ കുറവ് ഉണ്ടായിരുന്നുവെങ്കിലും പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ ഇത് പരിഹരിക്കാനുള്ള കാര്യമായ നടപടിയൊന്നും സർക്കാർ ചെയ്തില്ല. പകരം താൽക്കാലിക അധ്യാപകരെ നിയമിക്കാനായിരുന്നു ശ്രമം. പല ജില്ലകളിലും ആവശ്യത്തിന് താൽക്കാലിക അധ്യാപകരും ഇല്ലായിരുന്നു.

കൊവിഡ് വ്യാപന കാലത്ത് രക്ഷിതാക്കൾ സമീപത്തെ സർക്കാർ സ്‌കൂളുകളിൽ കുട്ടികളെ ചേർത്തതുകൊണ്ടായിരിക്കാം കഴിഞ്ഞ വർഷം ഒന്നാം ക്ലാസ് പ്രവേശനത്തിനെത്തിയ വിദ്യാർഥികളുടെ എണ്ണം കൂടിയത്. എന്നാൽ കൊവിഡ് ഭീതിയൊഴിഞ്ഞപ്പോൾ രക്ഷിതാക്കൾ സ്വകാര്യ സ്‌കൂളുകളിലേക്ക് തിരിച്ചുപോയെങ്കിൽ അത് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ പോരായ്മയായിട്ട് വിലയിരുത്തണം. പുതിയ കെട്ടിടങ്ങളോ കളിസ്ഥലമോ മാത്രം സർക്കാർ ഫണ്ട് കൊണ്ട് കെട്ടിയാൽ വിദ്യാഭ്യസ രംഗം മെച്ചപ്പെടില്ല. മികച്ച അധ്യയനമാണ് കുട്ടികൾക്ക് നൽകേണ്ടത്. അതിന് അധ്യാപകർ തന്നെയാണ് പ്രധാനം. എൽ.പി വിഭാഗത്തിൽ 3,215 ഉം യു.പി വിഭാഗത്തിൽ 1,518 ഉം ഹൈസ്‌കൂൾ വിഭാഗത്തിൽ 2,086 ഉം അധ്യാപക തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നതെന്ന് കണക്കിനെ നിസാരമായി കാണരുത്.
ഹയർ സെക്കൻഡറിയുടെ കണക്കെടുത്താലും സ്ഥിതി ആശാവഹമല്ല. ജൂനിയർ, സീനിയർ വിഭാഗത്തിൽ 1,175, വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 142 എന്നിങ്ങനെയാണ് ഒഴിവുള്ള അധ്യാപക തസ്തികകൾ. ഇത് സർക്കാർ സ്‌കൂളിലെ കണക്കാണെങ്കിൽ എയ്ഡഡ് മേഖലയിൽ 8,877 അധ്യാപക നിയമങ്ങളാണ് അംഗീകാരത്തിനായി കാത്തുകിടക്കുന്നത്. ഇതൊക്കെ കണക്കാക്കിയാൽ പൊതുവിദ്യാഭ്യാസ മേഖലയിൽ 16,000 ലേറെ അധ്യാപക തസ്തികകളിൽ കുറവോ അനിശ്ചിതത്വമോ ഉണ്ട്. പിന്നെ എങ്ങനെയാണ് നമ്മുടെ പൊതുവിദ്യാഭ്യാസം മെച്ചപ്പെടും.
ആരോഗ്യമേഖലയിലെ കണക്കുകളും ആശാവഹമല്ല. കൊവിഡ് ഭീതിക്കൊപ്പം പനി ഭീതിയിലും വകുപ്പ് കാര്യമായ പ്രവർത്തനങ്ങളൊന്നും നടത്തുന്നില്ലെന്ന പരാതിയുയർന്നിട്ടുണ്ട്. മഴക്കാല രോഗങ്ങൾക്കെതിരേ കാര്യമായ പ്രതിരോധം ഇക്കുറി ഉണ്ടായിട്ടില്ല. അതിന്റെ ഫലംകൂടിയാകാം പടർന്നു പിടിച്ച പനി. ഏതാണ്ട് ഒരു കോടിയിലേറെപേർ ഇപ്പോൾ പനിക്കിടക്കിലാണെന്നാണ് കണക്ക്. കാലവർഷം ആരംഭിച്ചതേയുള്ളൂ. ഇനിയെങ്കിലും വകുപ്പ് ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കേരളം പകർച്ചവ്യാധികളുടെ പിടിയിലമർന്നേക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.