
കോതമംഗലം: തട്ടേക്കാടുള്ള ജലാശയങ്ങള്‍ വറ്റിവരണ്ടതോടെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട പറക്കും കാട്ടു താറാവുകള്‍ കൂട്ടത്തോടെ
ഭൂതത്താന്‍കെട്ടിലെത്തി. തട്ടേക്കാടിന് നഷ്ടമാവുന്ന പക്ഷി വസന്തം ഇതോടെ ഭൂതത്താന്കെട്ടിന് സ്വന്തമാവുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തട്ടേക്കാട് പ്രദേശത്തെ ജലാശയങ്ങളില്‍ സര്‍വസാധാരണമായി കണ്ടുവരുന്നതാണ് കാട്ടുതാറാവുകള്‍. ചൂളയരണ്ട എന്ന വിളിപ്പേരുള്ള ഇവയുടെ ശാസ്ത്രീയ നാമം ലെസര്‍ വിസിലിങ് ഡെക്ക് എന്നാണ്. ഭൂതത്താന്‍കെട്ട് ഡാമിലെ വെള്ളം ഷട്ടര്‍ അടച്ച് ക്രമീകരിക്കാത്തതിനാലാണ് തട്ടേക്കാടുള്ള ജലാശയങ്ങള്‍ വറ്റിവരണ്ടത്. ആഴം കുറഞ്ഞ ജലാശയങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന പക്ഷികള്‍ ഇതോടെ തട്ടേക്കാടിനെ കൈയൊഴിയാന്‍ നിര്‍ബന്ധിതരായെന്നാണ് വിലയിരുത്തല്‍.
നൂറു കണക്കിന് കാട്ടുതാറാവുകളാണ് ഭൂതത്താന്‍കെട്ട് ഡാമിനു സമീപം അട്ടിക്കളത്തെ ജലാശയം കേന്ദ്രീകരിച്ച് തമ്പടിച്ചിരിക്കുന്നത്.
ഈ പക്ഷികള്‍ വെള്ളത്തില്‍ ഇര തേടുന്നതും കൂട്ടത്തോടെ ഉയര്‍ന്നു പറക്കുന്നതുമെല്ലാം ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുതുമയാര്‍ന്ന കാഴ്ചകളാണ്. ചില സമയങ്ങളില്‍ ആയിരക്കണക്കിന് പക്ഷികള്‍ ഇവിടെ തമ്പടിക്കാറുണ്ടെന്നും ഇത് കാണാന്‍ ധാരാളം പേര് എത്താറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.