2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിസാമുദ്ദീന്‍ തബ്‌ലീഗ് മര്‍ക്കസ് തുറക്കല്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചില്ല; കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം

 

ന്യൂഡല്‍ഹി: കൊവിഡ് ഒന്നാം ലോക്ക്ഡൗണ്‍ കാലത്ത് അടച്ചുപൂട്ടിയ നിസാമുദ്ദീനിലെ തബ്‌ലീഗ് മര്‍ക്കസ് തുറക്കുന്നത് സംബന്ധിച്ച് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ അലംഭാവം കാട്ടിയ കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു.
സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ആവശ്യപ്പെട്ടത്. അത് നല്‍കിയിട്ടും സത്യവാങ്മൂലം സമര്‍പ്പിച്ചില്ല.
റമദാനില്‍ മര്‍ക്കസ് തുറക്കുന്നത് സംബന്ധിച്ച് സമര്‍പ്പിച്ച തല്‍സ്ഥിതി വിവര റിപ്പോര്‍ട്ടാണ് കേസില്‍ കേന്ദ്രം സ്വീകരിച്ച അവസാനത്തെ നടപടിയെന്നും ജസ്റ്റിസ് മുക്ത ഗുപ്ത കുറ്റപ്പെടുത്തി.
സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രജത് നായര്‍ ആവശ്യപ്പെട്ടു.
ഒരു അവസരം കൂടി നല്‍കാമെന്ന് ചൂണ്ടിക്കാട്ടി ഇത് അംഗീകരിച്ച കോടതി മറുപടി സമര്‍പ്പിക്കാന്‍ രണ്ടാഴ്ചയും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മൂന്നാഴ്ചയും സമയം നല്‍കി. കേസ് സെപ്റ്റംബര്‍ 13ന് വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചു. മര്‍ക്കസ് തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ചെയര്‍മാനാണ് ഹൈക്കോടതിയെ സമീപിച്ചത്. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള എല്ലാ മതസ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ നിസാമുദ്ദീന്‍ മര്‍ക്കസും അതിനുള്ളിലെ പള്ളിയും അടച്ചിട്ടിരിക്കുകയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.