2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കോടീശ്വരനിലേക്കുള്ള പാത

 

ആമസോണ്‍ എന്നത് ഒരു നദിയായിരുന്നു. ലോകനദികളില്‍ ഏറ്റവുമേറെ വെള്ളമൊഴുകുന്ന നദി. 6,575 മീറ്റര്‍ നീളമുള്ള മഹാനദി.ആമസോണ്‍ ഒരു വനമായിരുന്നു. ലോകത്തെ ഏറ്റവും വലിയ മഴക്കാട്.55 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പെരുങ്കാട്.
എന്നാല്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മാത്രമല്ല മുതിര്‍ന്നവര്‍ക്കുപോലും ഇപ്പോള്‍ ആമസോണ്‍ കാടല്ല, നദിയുമല്ല!!
ലോകത്തെ ഇ-കൊമേഴ്‌സ് ഭീമന്റെ പേരാണ് ഇന്ന് ആമസോണ്‍!
എങ്ങിനെയാണ് ജെഫ് ബെസോസ് ഈ കമ്പനി സ്ഥാപിക്കാനിടയായത്? കോടീശ്വരന്മാരുടെ കോടീശ്വരനായത്?
എങ്ങിനെയായിരുന്നു ആ യാത്ര?

തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിനു മുന്‍പില്‍ മറ്റെന്തൊക്കെ ഓപ്ഷനുകളാണുണ്ടായിരുന്നത്?
തന്റെ കോളജിലെ പ്രഭാഷണത്തില്‍ അദ്ദേഹം വിവരിക്കുന്നത് കാണുക.
ലോകത്ത് നടക്കുന്ന സംഭവങ്ങളെക്കുറിച്ചും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും സദാ ശ്രദ്ധാലുവായിരുന്നു ജെഫ് ബെസോസ് എന്ന ചെറുപ്പക്കാരന്‍. കഷ്ടിച്ച് മുപ്പത് വയസാണ് അന്നത്തെ പ്രായം.
ഒരു കാര്യം അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ലോകത്ത് ഇന്റര്‍നെറ്റിന്റെ ഉപയോഗം വന്‍ കുതിപ്പിലാണ്. 2,300 ശതമാനം വളര്‍ച്ചയാണ് ഓരോ വര്‍ഷവും കൈവരിക്കുന്നത്! അത്രവേഗം വികാസം പ്രാപിക്കുന്ന മറ്റൊരു മേഖലയുമില്ല. അങ്ങിനെയെങ്കില്‍ ആ സാഹചര്യം എന്തുകൊണ്ട് പ്രയോജനപ്പെടുത്തിക്കൂടാ?
അങ്ങിനെയായി ചിന്ത.

ഒരു ഓണ്‍ലൈന്‍ പുസ്തക സ്റ്റോര്‍ തുടങ്ങുക. ദശലക്ഷക്കണക്കിന് പുസ്തകങ്ങളുള്ള അതിഭീമന്‍ സ്റ്റോര്‍! ലോകമെങ്ങുമുള്ള പുസ്തകങ്ങള്‍ ഭൂഗോളത്തിന്റെ മറ്റേതുകോണിലുള്ളവര്‍ക്കും വില്‍ക്കാന്‍ കഴിയുന്ന സ്റ്റോര്‍! ഓണ്‍ലൈനിലല്ലാതെ മറ്റൊരു മാര്‍ഗത്തിലും അത്രയും വില്‍പന സാധ്യമേയല്ലല്ലോ. ജെഫിന്റെ തലയ്ക്കകത്ത് ആശയം തിളച്ചുമറിഞ്ഞു. ആ ചിന്ത അയാളെ ശരിക്കും ഹരം പിടിപ്പിച്ചു.
പക്ഷേ ഒരു പ്രശ്‌നമുണ്ട്. ഭേദപ്പെട്ട ശമ്പളം ലഭിക്കുന്ന നല്ലൊരു ജോലിയുണ്ട് പുള്ളിക്ക്. അത് ഉപേക്ഷിക്കേണ്ടിവരും. നാട്ടില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പലരും തുടങ്ങുന്നുണ്ട്. പലതും തകരുന്നുണ്ട്. ഇതിനും അങ്ങിനെ സംഭവിച്ചുകൂടെന്നൊന്നുമില്ല. ജോലി ഉപേക്ഷിക്കുന്നത് വലിയൊരു റിസ്‌കാണ്.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായ കാലമാണ്. ഭാര്യയോട് ആശയം പങ്കുവച്ചു. അവര്‍ പിന്തുണച്ചു. ന്യൂയോര്‍ക്കിലെ ഒരു ധനകാര്യ സ്ഥാപനത്തിലായിരുന്നു ജെഫിന് ജോലി. മേലുദ്യോഗസ്ഥന്‍ വളരെ മിടുക്കനായ വ്യക്തിയാണ്. ജെഫിന്റെ ആരാധനാപാത്രമാണ്.

‘നേരെ ചെന്ന് ബോസിനോട് കാര്യം പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ പുസ്തകങ്ങള്‍ വില്‍പന നടത്തുന്ന ഒരു കമ്പനി തുടങ്ങിയാലോ എന്നാലോചിക്കുകയാണ് ഞാന്‍. അങ്ങ് എന്തു പറയുന്നു?
അദ്ദേഹം ജെഫിനൊപ്പം സെന്‍ട്രല്‍ പാര്‍ക്കിലൂടെ കുറെ ദൂരം നടന്നു. പറഞ്ഞതത്രയും ശ്രദ്ധാപൂര്‍വം കേട്ടു. ആലോചിച്ചു. ഒടുവില്‍ അദ്ദഹം പറഞ്ഞു;
‘ജെഫ്, അതു വളരെ നല്ലൊരു ആശയമാണ്; നിലവില്‍ ജോലിയൊന്നും ഇല്ലാത്തയാള്‍ക്ക്, എ വെരിഗുഡ് ഐഡിയ!’
ഏതായാലും അന്തിമ തീരുമാനമെടുക്കും മുന്‍പ് 48 മണിക്കൂര്‍ നന്നായി ആലോചിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
‘അതില്‍ കാര്യമുണ്ടല്ലോ! ഞാനും ആലോചിച്ചു. സുരക്ഷിതമായൊരു ജോലി വലിച്ചെറിയുക. വിജയിക്കുമെന്നുറപ്പില്ലാത്തതിന്റെ പുറകെ പോവുക. തീരുമാനമെടുക്കല്‍ വളരെ വളരെ വിഷമകരം!’
ഏതായാലും അവസാനം ഞാന്‍ പുതിയ വഴി തിരഞ്ഞെടുക്കുകതന്നെ ചെയ്തു. ഓണ്‍ലൈന്‍ സാഹസത്തിന് ധൈര്യമായി ഇറങ്ങാം എന്നുറപ്പിച്ചു. വിജയിച്ചേക്കാം. ഒരു പക്ഷേ പരാജയപ്പെട്ടേക്കാം. അതു പ്രശ്‌നമായി തോന്നിയില്ല.

ബിസിനസ് തുടങ്ങി പരാജയപ്പെട്ടാലോ എന്ന ചിന്തയല്ല കാര്യമായി അലട്ടിയത്. മറിച്ച് ശ്രമിക്കുകയേ വേണ്ട എന്നൊരു തീരുമാനമെടുത്താലുള്ള ഭവിഷ്യത്തുകളാണ്.
വിജയിക്കുമായിരുന്ന ഒരു മേഖലയെ, വന്‍നേട്ടങ്ങളുണ്ടാക്കാമായിരുന്ന നല്ലൊരു മേഖലയെ കൈയൊഴിഞ്ഞുവെന്ന ചിന്ത ജീവിതം മുഴുവന്‍ തന്നെ വേട്ടയാടും!
അതായിരുന്നു ചിന്ത.

അങ്ങിനെ, സുരക്ഷിതപാതയല്ലെന്ന് അറിഞ്ഞിട്ടും അഭിനിവേശത്തെ പുണരാന്‍തന്നെ ജെഫ് ബെസോസ് തയാറായി.
പിന്നീട് പിറന്നത് ചരിത്രമാണ്, വിവരിക്കേണ്ടതില്ല.
കോളജിലെ തിങ്ങിനിറഞ്ഞ സദസിനോട് ജെഫ് ബെസോസ് പറയുന്നു;
‘ആ ചോയ്‌സ് തിരഞ്ഞെടുത്തതില്‍ ഞാന്‍ അഭിമാനിക്കുന്നു’
ലോകത്തെ അമ്പരപ്പിച്ച സമുജ്വലവിജയം കൈവരിച്ച ആ മനുഷ്യന്‍ തുടര്‍ന്നു ചോദിക്കുന്നത് ശ്രദ്ധിക്കുക.
നാളെ സ്വന്തം ജീവിതം തുടങ്ങുമ്പോള്‍, കഴിവുകളെ നിങ്ങള്‍ എങ്ങിനെ വിനിയോഗിക്കും?
എന്താവും നിങ്ങളുടെ തിരഞ്ഞെടുപ്പ്? അലസതയാണോ വഴികാട്ടി? അതോ മനസിന്റെ തീവ്രാഭിലാഷങ്ങളുടെ പുറകെ ധൈര്യപൂര്‍വം ഉത്സാഹപൂര്‍വം പോവുമോ?
നിങ്ങള്‍ നിങ്ങളായി, വ്യക്തിത്വമുള്ളവനായി ജീവിക്കുമോ? അതോ, എളുപ്പമുള്ള പാതയില്‍ ഒതുങ്ങിക്കൂടുമോ? സാഹസികതയുടെ വഴി തിരഞ്ഞെടുക്കാന്‍ സന്നദ്ധമാണോ?
നിങ്ങളുടെ സ്വന്തം ബോധ്യങ്ങളെ വിലമതിക്കുമോ? അതോ, മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ക്കാവുമോ അതിനേക്കാള്‍ പ്രാധാന്യം നല്‍കുക?
യാത്രയ്ക്ക് കാഠിന്യം കൂടുമ്പോള്‍ വഴിയില്‍ അവസാനിപ്പിക്കുമോ?
അതോ നിരന്തരശ്രമം തുടരുമോ? ……….
ഓര്‍ക്കുക; അവസാനം നാം നാമാകുന്നത്, നമ്മുടെ തീരുമാനങ്ങളിലൂടെ മാത്രമായിരിക്കും. അവയിലൂടെ മാത്രം!!
ജെഫ് ബെസോസ് എന്ന വിജയിച്ച മനുഷ്യന്‍ അവസാനിപ്പിക്കുന്നതിങ്ങനെ!
നിങ്ങള്‍ സ്വന്തം കഥ രചിക്കുക, മഹത്തരമായൊരു കഥ!!
‘In the end, we are our choices. Build yourself a great story’ Jeff Bezoz
അതില്‍ക്കൂടുതല്‍ എന്തു പറയാന്‍? ഒന്നുമില്ല…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.