ന്യൂഡല്‍ഹി: നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ വ്യാജതെളിവുകള്‍ ഉണ്ടാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചോയെന്ന് വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) സുപ്രിംകോടതിയെ സമീപിച്ചു.
ഹൈക്കോടതി തന്നെ റദ്ദാക്കിയ കേസിലെ തെളിവുകളും രേഖകളും വിചാരണക്കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഇ.ഡി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴിനല്‍കാന്‍ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തിയെന്ന പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രൈംബ്രാഞ്ച് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ഈ കേസുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വ്യാജതെളിവുണ്ടാക്കാന്‍ ശ്രമമുണ്ടായാല്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 340ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തേണ്ടതെന്ന് വ്യക്തമാക്കിയാണ് എഫ്.ഐ.ആറുകള്‍ ഹൈക്കോടതി റദ്ദാക്കിയത്.
ഹൈക്കോടതി റദ്ദാക്കിയ ക്രൈംബ്രാഞ്ച് കേസുകളിലെ തെളിവുകളും രേഖകളും വിചാരണക്കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ലെന്നാണ് സുപ്രിംകോടതിയില്‍ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വാദിക്കുന്നത്. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം തെറ്റാണെന്നും ഹരജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഇ.ഡിക്കെതിരേ പരിശോധന നടത്താന്‍ വിചാരണക്കോടതിക്ക് അനുമതി നല്‍കുന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments are closed for this post.